പ്രമേഹവും ഇൻസുലിൻ കുത്തിവെപ്പും
text_fields
1921ൽ കനേഡിയൻ ശാസ്ത്രജ്ഞൻ ഫ്രഡറിക് ബാൻഡിങ് ഇൻസുലിൻ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു പ്രമേഹരോഗികളുടെ അവസ്ഥ! രോഗികളിൽ പ്രത്യേകിച്ചും കുട്ടികൾ ശരീരം ശോഷിച്ച് മരണം സംഭവിക്കുക പതിവായിരുന്നു. ഇൻസുലിന്റെ വരവോടെ പ്രമേഹരോഗ ചികിത്സയിൽ അത്ഭുതാവഹമായ മുന്നേറ്റമുണ്ടായി. അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ആണ് ലോക പ്രമേഹദിനമായി ആചരിക്കുന്നത്. ആധുനിക ചികിത്സയിലൂടെ സാധാരണ ജീവിതം നയിക്കാൻ പ്രമേഹരോഗികൾക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. 'ശരിയായ രീതിയിൽ പ്രമേഹത്തെ കുറിച്ചുള്ള അറിവ് നാളേക്കുള്ള സംരക്ഷണം' (Diabetes Education to Protect Tomorrow) എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. ഇൻസുലിൻ ഉപയോഗത്തെക്കുറിച്ചും കുത്തിവെപ്പുകളെക്കുറിച്ചുള്ള അറിവും പ്രധാനമാണ്.
രക്തത്തിൽ പഞ്ചസാരയുടെ അളവ് സാധാരണനിലയിൽനിന്നും വർധിക്കുന്ന അവസ്ഥയാണ് പ്രമേഹം. വയറിനകത്തെ പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ ഹോർമോണാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർചിന്റെ കണക്കു പ്രകാരം ഇന്ത്യയിൽ 7.3 കോടി പ്രമേഹരോഗികളാണുള്ളത്. പ്രമേഹരോഗികളിൽ 25 ശതമാനം പേർക്കും ഇൻസുലിൻ നിർദേശിക്കാറുണ്ട്. ഇൻസുലിന്റെ ഉൽപാദനക്കുറവോ പ്രവർത്തനക്കുറവോ പ്രമേഹത്തിന് കാരണമാകുന്നു. സാധാരണയായി ഇൻസുലിൻ കുത്തിവെപ്പ് നൽകുന്നത് ടൈപ് 1 പ്രമേഹരോഗികൾ (ശരീരത്തിൽ ഇൻസുലിൻ ഉൽപാദിപ്പിക്കുന്നില്ല), ടൈപ് 2 പ്രമേഹരോഗികൾ, ഗർഭകാല പ്രമേഹം, പ്രമേഹരോഗിയായ മുലയൂട്ടുന്ന അമ്മമാർ, ശസ്ത്രക്രിയ പോലുള്ള അവശ്യഘട്ടങ്ങളിലും ഉപയോഗിക്കാറുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇൻസുലിൻ ശരിയായ രീതിയിൽ കുത്തിവെക്കുന്നത് പ്രമേഹരോഗ നിയന്ത്രണത്തിന്റെ പ്രധാന ഘടകമാണ്. ഇൻസുലിൻ കുത്തിവെക്കുന്ന സ്ഥലം, സമയം, മരുന്നു സൂക്ഷിക്കുന്ന സ്ഥലം, താപനില എന്നിവ ശ്രദ്ധിക്കണം.
പലതരത്തിൽ പ്രവർത്തിക്കുന്ന ഇൻസുലിൻ ഇപ്പോൾ ലഭ്യമാണ്. ഹ്രസ്വനേരത്തേക്ക് മാത്രം പ്രവർത്തിക്കുന്നവ, ഉദാഹരണമായി novorapid, humalog, fiasp (ultra short acting), ദീർഘനേരത്തേക്ക് പ്രവർത്തിക്കുന്നവ (glargine ,levemir, lantus), ഇന്റർമീഡിയേറ്റായി പ്രവർത്തിക്കുന്നവ (NPH).
മൂന്നുരീതിയിലാണ് സാധാരണയായി ഇൻസുലിൻ കുത്തിവെക്കാറുള്ളത്. കുപ്പിമരുന്നും (vial) സിറിഞ്ചും രീതി, പെൻ ഇൻസുലിൻ രീതി, ഇൻസുലിൻ പമ്പ് രീതി. ഇൻസുലിൻ കുപ്പിമരുന്നാണ് ഉപയോഗിക്കുന്നതെങ്കിൽ ഇൻസുലിന്റെ വീര്യത്തിന് അനുസൃതമായ സിറിഞ്ച് തന്നെ തിരഞ്ഞെടുക്കുക. ഉദാഹരണമായി 40IU (ഇന്റർനാഷനൽ യൂനിറ്റ്) ഇൻസുലിന് 40IU സിറിഞ്ചും 100IU ഇൻസുലിന് 100IU സിറിഞ്ചും ഉപയോഗിക്കുക.
ഇൻസുലിൻ കുത്തിവെക്കുന്ന രീതി
കുപ്പിമരുന്ന് (vial) തെളിമയില്ലാത്ത കലങ്ങിയ ഇൻസുലിനാണ് ഉപയോഗിക്കുന്നതെങ്കിൽ (കഞ്ഞിവെള്ളം പോലെയുള്ള ) 2-3 പ്രാവശ്യം കൈവെള്ളയിൽ കുപ്പി ഉരുട്ടുക. കുപ്പി കുലുക്കരുത്. ഡോക്ടർ നിർദേശിച്ച ഇൻസുലിൻ അളവിനു സമാനമായി സിറിഞ്ചിൽ വായു വലിച്ചെടുക്കുക. കുപ്പിയിൽ സാവധാനം സിറിഞ്ചിലുള്ള വായു കുത്തിവെക്കുക. കുപ്പി തലകീഴായ് പിടിച്ച് വേണ്ടുവോളം ഇൻസുലിൻ വലിച്ചെടുക്കുക. സിറിഞ്ചിൽ സാവധാനം തട്ടി വായുകുമിളകൾ ഇല്ലാതാക്കുക. അധികമുള്ള ഇൻസുലിൻ തിരികെ കുപ്പിയിലേക്ക് തന്നെ മാറ്റിയിട്ട് സൂചി പുറത്തേക്കെടുക്കുക. കുത്തിവെക്കേണ്ട ഭാഗം ചർമം ഉയർത്തി പ്പിടിച്ച് സൂചി നേരെ (90 ഡിഗ്രി) ത്വക്കിനടിയിലേക്ക് കുത്തിവെക്കുക. കുത്തിവെച്ച ഭാഗം തിരുമ്മേണ്ട ആവശ്യമില്ല. പെൻ ഇൻസുലിൻ രീതി എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതും ഇൻസുലിൻ അളവിലുള്ള പിഴവുകൾ കുറക്കാവുന്നതുമാണ്. ഡിസ്പോസിബിൾ തരത്തിലുള്ളതും സ്ഥിരമായി ഉപയോഗിക്കാവുന്നതുമായ പെൻ ഇൻസുലിൻ ലഭ്യമാണ്. ഇൻസുലിൻ പമ്പ് എന്നത് 24 മണിക്കൂറും ഇൻസുലിൻ ശരീരത്തിലേക്ക് പമ്പ് ചെയ്തുകൊണ്ടിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാര യുടെ നില കൂടിപ്പോകാതെയും വളരെ കുറഞ്ഞുപോകാതെയും നിലനിർത്തുന്നു.
കുത്തിവെക്കേണ്ടത് എവിടെ? എപ്പോൾ?
സ്ഥിരമായി ഒരേ സ്ഥലത്തു തന്നെ കുത്തിവെക്കുന്നത് ത്വക്കിനടിയിലുള്ള കോശങ്ങൾക്ക് ക്ഷതം ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ കുത്തിവെക്കുന്ന സ്ഥലം കൂടെക്കൂടെ മാറ്റേണ്ടതുണ്ട്. തുടയുടെ പുറംഭാഗം, വയറിനു പൊക്കിളിനു ചുറ്റും, കൈയുടെ മുകൾ ഭാഗത്ത്, നിതംബത്തിൽ എന്നിവിടങ്ങളിലാണ് ഇൻസുലിൻ കുത്തിവെക്കേണ്ടത്. രോഗി സ്വയം കുത്തിവെക്കുകയാണെങ്കിൽ പൊക്കിളിന് ചുറ്റുമോ, തുടയുടെ പുറംഭാഗത്തോ കുത്തിവെക്കാം. സൂചി ദിവസവും മാറ്റണം.
ഓരോ ഇൻസുലിനും അതിന്റെ പ്രവർത്തന വീര്യത്തിനനുസരിച്ച് സമയത്തിൽ വ്യത്യാസങ്ങളുണ്ട്. സാധാരണ ഉപയോഗിക്കാറുള്ള (30/70) തരത്തിലുള്ള ഇൻസുലിനുകൾ ഭക്ഷണത്തിന് അര മണിക്കൂർ മുമ്പും, അനലോഗ് (humalog) തരത്തിലുള്ള ഷോർട് ആക്ടിങ് ഇൻസുലിനുകൾ ഭക്ഷണത്തിന് തൊട്ടു മുമ്പോ ഭക്ഷണം കഴിച്ച ഉടനെയോ കുത്തിവെക്കണം. ദീർഘനേരം പ്രവർത്തന ദൈർഘ്യമുള്ള ഇൻസുലിൻ (ഗ്ലാരിജിൻ) ദിവസവും ഒരേസമയത്തു തന്നെ കുത്തിവെക്കാൻ ശ്രമിക്കുക. ഇത് ഭക്ഷണത്തിന് മുമ്പോ ശേഷമോ ആയാലും കുഴപ്പമില്ല.
സാധാരണ ഇൻസുലിൻ കുത്തിവെക്കുന്ന രോഗികളിൽ കാണുന്ന പ്രയാസങ്ങൾ കുത്തിവെക്കുമ്പോൾ ശക്തമായ വേദന അനുഭവപ്പെടുക, രക്തം വരുക, തടിപ്പ് ഉണ്ടാവുക, നിറവ്യത്യാസം കാണുക എന്നിവയൊക്കെയാണ്.
പരിഹാര മാർഗങ്ങൾ
•ഇൻസുലിൻ സൂക്ഷിക്കുന്നത് റഫ്രിജറേറ്ററിൽ ആണെങ്കിൽ കുത്തിവെക്കുന്നതിന് 15-20 മിനിറ്റു മുമ്പ് പുറത്തെടുത്തുവെക്കുക.
•സൂചി ദിവസവും മാറ്റുക.
•ഒരേ സ്ഥലത്തുതന്നെ കുത്തിവെക്കാതിരിക്കുക. ഒരേ സ്ഥലത്ത് സ്ഥിരമായി കുത്തിവെക്കുമ്പോൾ ചർമത്തിൽ തടിപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ ഇൻസുലിൻ ശരിയായ രീതിയിൽ ശരീരത്തിൽ ആഗിരണം ചെയ്യുന്നത് കുറയും.
•ഇൻസുലിൻ കുത്തിവെക്കേണ്ടത് ത്വക്കിന് തൊട്ടുതാഴെയുള്ള പാളിയിലേക്കാണ് (subcutaneous layer ).
•സൂചിയുടെ വലുപ്പത്തിലുള്ള വ്യത്യാസവും സ്ഥിരമായി ഒരേ സൂചി ഉപയോഗിക്കുന്നതും വേദന ഉണ്ടാക്കാനിടയുണ്ട്. പല വലുപ്പത്തിലുള്ള സൂചികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
ഇൻസുലിൻ സൂക്ഷിക്കേണ്ട വിധം
തുറന്നിട്ടില്ലാത്ത ഇൻസുലിൻ റഫ്രിജറേറ്ററിൽ 2-8 ഡിഗ്രി സെൽഷ്യസ് ഊഷ്മാവിൽ സൂക്ഷിക്കാം. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇൻസുലിൻ അന്തരീക്ഷ ഊഷ്മാവിൽ 30 ഡിഗ്രി സെൽഷ്യസിൽ താഴെ നാല് ആഴ്ചവരെ സൂക്ഷിക്കാം. ഫ്രീസറിലും സൂര്യപ്രകാശം നേരിട്ട് കിട്ടുന്ന പ്രതലത്തിലും ചൂടുള്ള പ്രതലത്തിലും സൂക്ഷിക്കരുത്. ഫ്രീസറിൽ സൂക്ഷിച്ചതാണെങ്കിൽ അത് കളയണം. കൂടുതൽ ദൂരം യാത്രചെയ്യേണ്ട വേളയിൽ ട്രാൻസ്‌പോർട്ട് ഇൻസുലിൻ ബാഗുകൾ (insulin pouch) ഇന്ന് ലഭ്യമാണ് അതിൽ കൊണ്ടുപോകാം.
ആരംഭത്തിൽ തന്നെ പ്രമേഹം കണ്ടെത്തി വിദഗ്ധ ചികിത്സ തേടുകയും പ്രമേഹം നിയന്ത്രണ വിധേയമാക്കുകയും ആരോഗ്യപരമായ ജീവിതശൈലി നിലനിർത്തുകയും ചെയ്യുകയാണെങ്കിൽ നിശ്ചയമായും ആരോഗ്യപരമായ ജീവിതം സാധ്യമാകും.
പി.എം. റാഫിദ
സീനിയർ ഡയറ്റീഷ്യൻ ആൻഡ് ഡയബറ്റിക് എജുക്കേറ്റർ, ഇഖ്റ ഇന്റർനാഷനൽ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്റർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.