കുട്ടിക്കളിയല്ല, കുട്ടികളിലെ പ്രമേഹം
text_fieldsപ്രായമായവരിൽ മാത്രം കണ്ടുവരുന്ന ഒരു അസുഖമാണ് പ്രമേഹം എന്നാണ് ധാരണയെങ്കിൽ തെറ്റി. കുട്ടികൾക്കുൾപ്പെടെ ഏതു പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന രോഗമാണിത്. കുട്ടികളിലെ പ്രമേഹം അപൂർവമാണെങ്കിലും കണ്ടെത്തിയാൽ ഏറെ ശ്രദ്ധയും ജീവിതകാലം മുഴുവൻ ചികിത്സയും വേണ്ടിവരും.
ടൈപ്പ്-1, ടൈപ്പ്-2 എന്നിങ്ങനെ രണ്ടു തരം പ്രമേഹമാണുള്ളത്. പ്രായമായവരിൽ കാണുന്ന പ്രമേഹം ടൈപ്പ്-2 വിഭാഗത്തിൽപെടുന്നു. കുട്ടികളിലെ പ്രമേഹം ടൈപ്പ്-1 ആണ്. പാൻക്രിയാസിൽനിന്ന് ഇൻസുലിൻ ഉൽപാദനം തീരെ ഇല്ലാത്ത അവസ്ഥയാണ് ടൈപ്പ്-1. മരുന്ന് കഴിച്ച് നിയന്ത്രിക്കാൻ കഴിയാത്തതിനാൽ ഈ പ്രമേഹം ബാധിച്ചാൽ ജീവിതകാലം മുഴുവൻ ഇൻസുലിൻ എടുക്കേണ്ടിവരും.
ജീവിതശൈലീരോഗമല്ല
ഗർഭാവസ്ഥയിൽ അമ്മയിൽനിന്നോ ജനിതകപരമായോ ടൈപ്പ്-1 പ്രമേഹം കുട്ടികൾക്ക് പകരില്ല. ജീവിതശൈലീരോഗവുമല്ല. വൈറൽ ഇൻഫക്ഷൻ (അണുബാധ) മൂലമാണ് രോഗം ബാധിക്കുന്നത്. മൊത്തം പ്രമേഹരോഗികളിൽ ഒന്നര ശതമാനത്തിൽ താഴെ മാത്രമാണ് ടൈപ്പ്-1 പ്രമേഹം ബാധിച്ചവരുള്ളത്. അഞ്ചിനും 15 വയസ്സിനും ഇടയിലാണ് പൊതുവെ രോഗബാധ കണ്ടെത്തുന്നത്.
എന്നാൽ, ജീവിതരീതികളിലെയും ഭക്ഷണക്രമീകരണങ്ങളിലെയും മാറ്റംമൂലം അമിതവണ്ണമുൾപ്പെടെ ഉള്ളതിനാൽ കഴിഞ്ഞ പത്തു വർഷത്തിനിടെ കുട്ടികളിലും ടൈപ്പ്-2 പ്രമേഹം കണ്ടുവരുന്നതായി ഡോക്ടർമാർ പറയുന്നു. 15-25 വയസ്സുവരെയുള്ളവർക്കും പ്രമേഹം കണ്ടെത്തുന്നുണ്ട്. ജനിതകപരമായും ബാധിക്കാവുന്ന അസുഖമാണ് ടൈപ്പ്-2 പ്രമേഹം.
എങ്ങനെ കണ്ടെത്താം?
അമിത ദാഹം, വിശപ്പില്ലായ്മ, ധാരാളം ഭക്ഷണം കഴിച്ചാലും ഭാരക്കുറവ്, കാഴ്ചമങ്ങൽ, നിർജലീകരണം, രക്തത്തിലും മൂത്രത്തിലും ഗ്ലൂക്കോസിന്റെ അളവ് കൂടുതൽ, ഇടക്കിടെ ധാരാളം മൂത്രം പോകുക, മസിലുകൾ പെട്ടെന്ന് തളരുക, ക്ഷീണം എന്നിവയാണ് ടൈപ്പ്-1 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ. ഇത്തരക്കാരിൽ ശരീരംതന്നെ ആന്റിബോഡി നിർമിക്കും. ഗാഡ് ആന്റിബോഡി എന്നാണ് ഇതിനെ പറയുക. ഇവയുടെ അളവ് കൂടുതലാണെങ്കിലും ടൈപ്പ്-1 ആയിരിക്കും.
രോഗബാധിതരായാൽ ഗുളികകൾ കഴിച്ച് നിയന്ത്രിക്കാനാവില്ല. നിശ്ചിത ഡോസിൽ രണ്ടു നേരം ഇൻസുലിൻ കുത്തിവെപ്പ് എടുക്കണം. ഇത് ഭാരിച്ച ചികിത്സാചെലവിനും കാരണമാകും. എപ്പോൾ വേണമെങ്കിലും ഷുഗർ താഴാൻ സാധ്യതയുള്ളതിനാൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണം. നിയന്ത്രിക്കാനായില്ലെങ്കിൽ കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ കിഡ്നി തകരാറും കാഴ്ചയെ ബാധിക്കാനും സാധ്യതയുണ്ട്. വളരെയധികം ശ്രദ്ധിക്കേണ്ട അസുഖമാണ് കുട്ടികളിലെ പ്രമേഹം.
ഭക്ഷണരീതി
മധുരം പൂർണമായി ഒഴിവാക്കുക. പഴവർഗങ്ങൾ ജ്യൂസ് ആയി കഴിക്കാതിരിക്കുക, ചോറ്, ചപ്പാത്തി എന്നിവയുടെ അളവ് കുറക്കുക, പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക, പാക്ക്ഡ് ജ്യൂസ് കഴിക്കരുത്, സാധാരണ കുട്ടികൾ കഴിക്കുന്ന തരത്തിലുള്ള ഐസ്ക്രീം ഉൾപ്പെടെയുള്ള മധുരപലഹാരങ്ങൾ, ചോക്ലറ്റുകൾ എന്നിവ ഒഴിവാക്കുക. ചെറുപയർ, ഡ്രൈ ഫ്രൂട്ട്സ്, മത്സ്യം, മാംസം എന്നിവയെല്ലാം കഴിക്കാം.
ചികിത്സക്കായി ‘മിഠായി’ പദ്ധതി
കുട്ടികളിലെ പ്രമേഹം നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതിനായി 2018ൽ സർക്കാർ ആരംഭിച്ച പദ്ധതിയാണ് ‘മിഠായി’. ടൈപ്പ്-1 പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും സമഗ്ര ആരോഗ്യപരിരക്ഷ നൽകുന്നതാണ് പദ്ധതി. സാമൂഹ്യനീതി വകുപ്പ്, വനിത-ശിശു വികസന വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്താകെ 1821 കുട്ടികൾക്കാണ് പദ്ധതി വഴി ചികിത്സ നൽകുന്നത്.
ടൈപ്പ്-1 പ്രമേഹം ബാധിച്ച 18 വയസ്സുവരെയുള്ള കുട്ടികൾക്ക് ഇൻസുലിൻ പരിചരണം, തുടർച്ചയായ ഗ്ലൂക്കോസ് മോണിറ്റർ എന്നീ ആധുനിക ചികിത്സയും കൗൺസലിങ്, മാതാപിതാക്കൾക്കുള്ള പരിശീലനം, മറ്റു സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ എന്നിവയടക്കം ആറു ഘട്ടങ്ങൾ ഉൾപ്പെടുന്ന ബൃഹദ് പദ്ധതിയാണ് ‘മിഠായി’. സംസ്ഥാനത്ത് കോഴിക്കോട്, തൃശൂർ, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ പ്രത്യേകം സജ്ജമാക്കിയ സെന്ററുകൾ വഴിയാണ് പദ്ധതിയുടെ സേവനം നൽകുന്നത്.
ഇതുകൂടാതെ സേവനം ലഭ്യമല്ലാത്ത ഒമ്പതു ജില്ലകളിൽ സാറ്റലൈറ്റ് സെന്ററുകൾ വഴി മിഠായി പദ്ധതി നടപ്പാക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെയാണ് സാറ്റലൈറ്റ് സെന്ററുകളുടെ പ്രവർത്തനം. സർക്കാർ കുട്ടികൾക്കായി സൗജന്യമായി നടപ്പാക്കുന്ന ഈ പദ്ധതി രാജ്യത്തുതന്നെ ആദ്യമാണ്.
======
വിവരങ്ങൾക്ക് കടപ്പാട്: ഡോ. എൻ.എം. അരുൺ, ഡയബറ്റീഷ്യൻ, ക്വാളിറ്റി ക്ലിനിക്, പാലക്കാട്(ഐ.എം.എ പാലക്കാട് ജില്ല ചെയർപേഴ്സൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.