പ്രമേഹരോഗികളും കാലിലെ വ്രണങ്ങളും
text_fieldsലോകത്താകമാനമുള്ള 463 മില്യൺ ഡയബറ്റിസ് രോഗികളിൽ 77 മില്യൺ രോഗികൾ ഇന്ത്യയിലാണുള്ളത്, ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഡയബറ്റിസ് രോഗികൾ ഉള്ളതും ഇന്ത്യയിലാണെന്നതും ആശങ്കജനകമാണ്. ഡയബറ്റിസ് മൂലമുള്ള പാദരോഗങ്ങൾ രാജ്യത്തെ ചികിത്സ സമ്പ്രദായത്തിനും ഡോക്ടർമാർക്കും ഒരുപോലെ വെല്ലുവിളി ഉയർത്തുകയാണ്.
ഡയബറ്റിസ് രോഗികളിൽ പാദരോഗങ്ങൾ വരാനുള്ള സാധ്യത 20 ശതമാനവും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടി വരുന്നതിനുള്ള സാധ്യത 30 ശതമാനവും കൂടുതലാണ്. ഡയബറ്റിസ് ചികിത്സക്കായി വിനിയോഗിക്കുന്ന മൊത്തം ചെലവിന്റെ 20 ശതമാനവും അനുബന്ധ പാദരോഗങ്ങൾ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇന്ത്യയിൽ ഡയബറ്റിസ് മൂലമുള്ള പാദരോഗങ്ങൾ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഈയിടെയായി വർധിച്ചുവരുകയാണ്. ഇന്ത്യയിൽ നടക്കുന്ന അംഗഛേദന ശസ്ത്രക്രിയകളിൽ ഭൂരിഭാഗത്തിനും കാരണം ഡയബറ്റിസ് മൂലം കാലുകളിൽ ഉണ്ടാകുന്ന വ്രണങ്ങളാണ്.
കാലുകളിൽ ഉണ്ടാകുന്ന മരവിപ്പ്, കാലുകളിലേക്കുള്ള രക്തചംക്രമണത്തിലെ കുറവ് തുടങ്ങിയവയാണ് ഡയബറ്റിസ് മൂലമുള്ള കാലുകളുടെ അംഗഛേദനത്തിന് പ്രധാന കാരണങ്ങളായി പറയപ്പെടുന്നത്. പ്രതിവർഷം ഒരു ലക്ഷം രോഗികളിൽ കാലുകളുടെ അംഗഛേദന ശസ്ത്രക്രിയ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗികളിൽ പാദ സംരക്ഷണ അവബോധം വർധിപ്പിക്കുന്നതിലൂടെയും കൃത്യമായ ചികിത്സ ലഭ്യമാക്കുന്നതിലൂടെയും കാലുകളിൽ വ്രണങ്ങൾ രൂപപ്പെടുന്ന അവസ്ഥയും തുടർന്നുള്ള ഗുരുതര ഘട്ടങ്ങളും ഒഴിവാക്കാൻ സാധിക്കും.
ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ:
- എല്ലാ ദിവസവും രണ്ടു നേരവും കാലുകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം
- വരണ്ട ചർമമാണെങ്കിൽ ഈർപ്പം നിലനിർത്തുന്ന ക്രീമുകൾ ഇടക്ക് ഉപയോഗിക്കണം
- കാലിലെ നഖങ്ങൾ ശ്രദ്ധയോടെ വെട്ടിയൊതുക്കണം
- വിരലുകൾക്കിടയിലും നഖത്തിലും അണുബാധയുണ്ടാകാതെ ശ്രദ്ധിക്കുക
- മുഴകൾ, നീര്, പൊള്ളൽ, ചുവന്ന പാടുകൾ, തഴമ്പ് എന്നിവ പ്രത്യേകം ശ്രദ്ധിക്കണം
- ശരിയായ അളവിലുള്ള പാദരക്ഷകൾ ഉപയോഗിക്കണം
- ശൈത്യകാലത്ത് കാലുകളിൽ കോട്ടൺ സോക്സ് ഉപയോഗിക്കണം
- എണ്ണ പുരട്ടുന്നത് ഒഴിവാക്കുക
- മുറിവുള്ള കാൽകുത്തി അധികം നടക്കാതിരിക്കുക
- ചെറിയ മുറിവുകൾ സംഭവിച്ചാൽ തീർച്ചയായും ഉണങ്ങുന്നതുവരെ പ്രത്യേക ശ്രദ്ധ നൽകണം
ചികിത്സ തേടാൻ മടിവേണ്ട
പ്രമേഹം നിയന്ത്രണത്തിൽ കൊണ്ടുവരുകയാണ് ഏറ്റവും മികച്ച വഴി. അതിന് കഴിഞ്ഞില്ലെങ്കിൽ കൃത്യസമയത്ത് ശരീരത്തിലെ മാറ്റങ്ങൾ തിരിച്ചറിയുകയും ആവശ്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യണം. പ്രാരംഭഘട്ടത്തിൽതന്നെ ചികിത്സ നൽകിയാൽ മാത്രമേ പൂർണ ഫലം ലഭിക്കുകയുള്ളൂ. കൃത്യമായ ചികിത്സയും പരിചരണവുംകൊണ്ട് ഒരു പരിധി വരെ ഗുരുതരാവസ്ഥ ഒഴിവാക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.