അവഗണിക്കരുത്, ശബ്‌ദത്തിലെ മാറ്റം
text_fieldsജീവിതകാലത്ത് നാമെല്ലാവരും അനുഭവിച്ചേക്കാവുന്ന ഒന്നാണ് ഒച്ചയടപ്പ് അഥവാ ശബ്‌ദത്തിലെ കരകരപ്പ്. ശ്വാസനാളത്തിെൻറ മുകൾഭാഗത്തുണ്ടാകുന്ന അണുബാധയാണ് സാധാരണഗതിയിൽ ഇതിന് കാരണമാകുന്നത്. അണുബാധ സ്വനതന്തുക്കളിലേക്ക് (Vocal Cords) ഇറങ്ങുകയും അത് സ്വനതന്തുക്കളിൽ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. അക്യൂട്ട് ലാറിഞ്ചൈറ്റിസ് എന്നാണ് ഇത് അറിയപ്പെടുന്നത്.
രോഗം ബാധിച്ച വ്യക്തി 'എെൻറ ശബ്‌ദം നഷ്‌ടപ്പെട്ടു, ശബ്‌ദം പരുഷമായി തോന്നുന്നു' എന്ന് പറയാറുണ്ട്. ആവി പിടിക്കുന്നതുപോലുള്ള നടപടികളിലൂടെ ഇത് സാധാരണയായി രണ്ടാഴ്ചക്കുള്ളിൽ സുഖമാകുന്നതാണ്. ചിലപ്പോൾ ആൻറിബയോട്ടിക് ചികിത്സ വേണ്ടി വരാം.
നമ്മൾ കോവിഡ് മഹാമാരിയുടെ മധ്യത്തിലാണ്. ശ്വാസകോശ അണുബാധ, തൊണ്ടവേദന എന്നീ ലക്ഷണങ്ങളോടെയാണ് കോവിഡ് സാധാരണയായി ആരംഭിക്കുന്നത്. സ്വനതന്തുക്കളിൽ വീക്കമുണ്ടായി ശബ്‌ദത്തിൽ മാറ്റമുണ്ടാകുന്നതും കോവിഡിെൻറ ലക്ഷണമാകാം. കോവിഡ് ബാധിക്കുേമ്പാൾ ശബ്‌ദത്തിലെ മാറ്റം അപൂർവമാണെങ്കിലും, കോവിഡ് മുക്തരായ ആളുകളിൽ ശബ്‌ദത്തിലെ കരകരപ്പ് കാണപ്പെടാറുണ്ട്. കോവിഡ് ബാധിതനായ സമയത്ത് കഠിനമായി ചുമക്കുന്നതിെൻറ ഫലമായി സ്വനതന്തുക്കളിൽ വീക്കമുണ്ടാകുന്നാണ് ഇതിന് കാരണം. കോവിഡ് മുക്തി നേടിയശേഷം 2-3 ആഴ്ചകൾ ഇത് തുടരും.
കൂടുതൽ ശബ്‌ദം ഉപയോഗിക്കേണ്ട ചില തൊഴിൽ മേഖലകളുണ്ട്. കോവിഡ് കാലത്ത് ശബ്‌ദം കൂടുതൽ ഉപയോഗിക്കേണ്ടി വരുന്നവരാണ് അധ്യാപകർ. ഓൺലൈൻ ക്ലാസുകൾ നിയന്ത്രിക്കുമ്പോൾ അധ്യാപകർക്ക് ശബ്‌ദം കൂടുതലായി ഉപയോഗിക്കേണ്ടി വരുന്നു. തുടർച്ചയായ ശബ്‌ദ ദുരുപയോഗവും ശബ്ദത്തിനുണ്ടാക്കുന്ന ആയാസവും സ്വനതന്തുക്കളിലുണ്ടാക്കുന്ന വീക്കത്തെ വോക്കൽ കോർഡ് നോഡ്യൂൾസ് എന്ന് വിളിക്കുന്നു.
പുകവലിക്കാരിൽ ശ്വാസകോശത്തിലെ മ്യൂക്കോസ എന്ന ഭാഗത്തുണ്ടാകുന്ന തകരാർ സ്വനതന്തുക്കളിൽ വീക്കത്തിന് കാരണമാകുന്നു. ശബ്‌ദത്തിലെ മാറ്റം മൂന്ന് ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പുകവലിക്കാർ സ്വനതന്തുക്കളുടെ എൻഡോസ്കോപ്പിക് പരിശോധന നടത്തണം. സ്വനതന്തുക്കൾക്ക് തകരാറുണ്ടാക്കുന്ന ഏറ്റവും പ്രധാന ഘടകമാണ് പുകവലി.
ആസിഡ് റിഫ്ലക്സ് ലക്ഷണങ്ങളുള്ളവരിലും ശബ്‌ദത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. ആമാശയ ആസിഡ് നമ്മുടെ സ്വനതന്തുക്കളിലുണ്ടാക്കുന്ന നിരന്തരമായ സമ്മർദ്ദമാണ് ഇതിന് കാരണം.
ചില സന്ദർഭങ്ങളിൽ ശബ്‌ദത്തിലെ മാറ്റം പക്ഷാഘാതം, പാർക്കിൻസൺസ്, മൈസ്തീനിയ ഗ്രാവിസ് തുടങ്ങിയ നാഡീസംബന്ധമായ തകരാറുകളുടെ ലക്ഷണങ്ങളായിരിക്കാം.
ചിലപ്പോൾ തൈറോയ്ഡ് ശസ്ത്രക്രിയയിലെ സങ്കീർണത കാരണവും ശബ്‌ദത്തിൽ മാറ്റമുണ്ടാകും. സ്വനതന്തുവിൽനിന്നുള്ള നാഡിയിൽ ഹാനി സംഭവിക്കുന്നതാണ് ഇതിന് കാരണമാകുന്നത്.
ശബ്‌ദത്തിലെ മാറ്റത്തെക്കുറിച്ച് നിങ്ങൾ എപ്പോഴാണ് ആശങ്കപ്പെടേണ്ടത്?
1. മൂന്ന് ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ഏത് ശബ്‌ദ മാറ്റവും
2. പുകവലിക്കാരനാണെങ്കിൽ
3. മദ്യപാനിയാണെങ്കിൽ
4. നാഡീസംബന്ധമായ ലക്ഷണങ്ങളോടെയുള്ള ഏത് ശബ്‌ദ മാറ്റവും
5. ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ശബ്ദമാറ്റം
6. ഭാരനഷ്ടം
ഈ അവസ്ഥകളിൽ ഭൂരിഭാഗവും 10-15 മിനിറ്റ് എടുക്കുന്ന സ്വനതന്തുക്കളുടെ എൻഡോസ്കോപ്പിക് പരിശോധനയിലും ക്ലിനിക്കൽ പരിശോധനയിലും കണ്ടെത്താം.
നിങ്ങളുടെ ശബ്‌ദത്തിൽ സ്ഥിരമായ മാറ്റമുണ്ടെങ്കിൽ പരിശോധിക്കാൻ മടിക്കരുത്. അതുവഴി നേരത്തെ രോഗനിർണയം നടത്താനും ഉചിതമായ ചികിത്സ ആരംഭിക്കാനും കഴിയും.
ഡോ. വിവേക് അബ്രഹാം ചാലി
(ഇ.എൻ.ടി സ്പെഷലിസ്റ്റ്, ആസ്റ്റർ ക്ലിനിക്, ബഹ്റൈൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.