കോവിഡ്: വേണ്ട, ആവശ്യത്തിലേറെ ഉത്കണ്ഠ
text_fieldsആഗോളതലത്തിൽ തന്നെ 'കോവിഡ്-19' എന്ന മഹാമാരി മനുഷ്യരാശിക്ക് ഭീഷണിയാവുകയും അത് പൊടുന്നനെ നമ്മുടെ ജീവിതത്തെ പിടിച്ചുകുലുക്കുകയും ചെയ്ത സാഹചര്യത്തിൽ സമൂഹത്തിൽ ഭീതിയും ആശങ്കയും ഉത്കണ്ഠയും ഉയരുന്നത് തികച്ചും സ്വാഭാവികമാണ്. എന്നാൽ, ഇത്തരം മനുഷ്യസഹജമായ വികാരങ്ങളും ചിന്തകളും അതിരുകടക്കുേമ്പാൾ അത് ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കും. കോവിഡ് ഇതര രോഗങ്ങൾ സമൂഹത്തിൽ താരതമ്യേന കുറഞ്ഞുവെങ്കിലും മഹാമാരിയും ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധികൾ മാനസിക പ്രശ്നങ്ങളുടെ തോതിൽ വലിയ വർധനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള പ്രശ്നങ്ങളാണ് ഇന്ന് വ്യക്തികൾ അഭിമുഖീകരിക്കുന്നത്.
നീണ്ടുപോകുന്ന ലോക്ഡൗൺ നൽകുന്ന ഏകാന്തത, തൊഴിൽപരമായ പ്രതിസന്ധി, സാമ്പത്തിക അരക്ഷിതാവസ്ഥ, ചുറ്റിലും ഉയരുന്ന ആശങ്കജനകമായ വാർത്തകൾ, ജീവിതം എന്നാണ് പഴയനിലയിലാവുക എന്നകാര്യത്തിലുള്ള അനിശ്ചിതാവസ്ഥ തുടങ്ങിയ നിരവധി ഘടകങ്ങളാണ് ഒരാളെ മാനസികമായി തളർത്തുന്നത്. നിലവിൽ മാനസികപ്രശ്നങ്ങൾക്ക് ചികിത്സയെടുക്കുന്നവരിൽ ഇത് രോഗം സങ്കീർണമാക്കാനും സാധ്യതയുണ്ട്. കൂടാതെ, സമൂഹത്തിലെ മനോബലം കുറഞ്ഞ ഒരു വിഭാഗം വ്യക്തികൾ കടുത്ത മാനസിക സമ്മർദവും ഭാവിയെക്കുറിച്ചുള്ള ആശങ്കയും താങ്ങാനാവാതെ വൈദ്യസഹായം തേടുന്നുമുണ്ട്. മറ്റു ചിലരാവട്ടെ ഡോക്ടർമാരെ സമീപിക്കാൻപോലും ഭയന്ന് പുറത്തിറങ്ങാതെ കഠിനമായ സംഘർഷങ്ങൾ സഹിച്ചുകൊണ്ട് കഴിയുന്നു.
സമൂഹമാധ്യമങ്ങളുടെ കുത്തൊഴുക്കിൽ വേണ്ടതും വേണ്ടാത്തതും ശാസ്ത്രീയവും അശാസ്ത്രീയവുമായ വാർത്തകളും സംഭവങ്ങളുമാണ് വ്യക്തികളുടെ കൈകളിലേക്ക് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്. ഇതിലെ ശരിയും തെറ്റും തിരിച്ചറിയാനാവാതെ പലരും വ്യാജവാർത്തകളിലെ ഇല്ലാക്കഥകളെ ഭയന്ന് അനാവശ്യമായി തളർന്നുപോകുന്നു. ഉത്തരവാദപ്പെട്ട പത്രങ്ങൾ, ചാനലുകൾ എന്നിവപോലും പലപ്പോഴും ഭീതിയുണർത്തുന്ന വാർത്തകളും ചിത്രങ്ങളും പൊതുസമൂഹത്തിനു മുന്നിലേക്ക് എത്തിച്ചുനൽകുന്നു. ഒരുപക്ഷേ, വാർത്താപ്രാധാന്യമുള്ള സംഭവങ്ങളാണെങ്കിൽപോലും അത് വായനക്കാരിലും പ്രേക്ഷകരിലും ഉൾപ്പെട്ട ദുർബലമനസ്കരായ വ്യക്തികളെ ഒട്ടൊന്നുമല്ല പ്രതികൂലമായി ബാധിക്കുന്നത്.
സദാസമയവും തനിക്കോ വീട്ടിലുള്ളവർക്കോ കോവിഡ് വരും എന്ന ഭീതിയും ഉത്കണ്ഠയും, കോവിഡ് ഭീതിമൂലം ഉറക്കത്തിൽ ഞെട്ടിയുണരുക, പിന്നീട് ഉറങ്ങാൻ കഴിയാതിരിക്കുക, വീടിന് മുറ്റത്തേക്കുപോലും ഇറങ്ങാൻ ഭയക്കുക, സമീപത്തുള്ള ആരെങ്കിലും തുമ്മുകയോ ചുമയ്ക്കുകയോ ചെയ്താൽ ഞെട്ടിവിറക്കുക, പുറത്തുനിന്നുള്ള വസ്തുക്കളെ അതിരുകവിഞ്ഞ് ഭയപ്പെടുകയും കൊറിയറായി എത്തുന്ന വസ്തുക്കളെ ദിവസങ്ങളോളം സ്പർശിക്കാതെ വീടിന് പുറത്ത് സൂക്ഷിക്കുകയും ചെയ്യുക, വീട്ടിൽ ആർക്കും രോഗമൊന്നും ഇല്ലെങ്കിൽപോലും വീട്ടിനകത്തുപോലും മാസ്ക് ധരിക്കുക, മുറിയിൽ നിന്ന് പുറത്തിറങ്ങിയാൽപോലും കൈകൾ സാനിറ്റൈസ് ചെയ്യുക, വാങ്ങിക്കൊണ്ടുവരുന്ന പച്ചക്കറികൾപോലും അണുവിമുക്തമാക്കാൻ ശ്രമിക്കുക തുടങ്ങി അസ്വാഭാവികം എന്നു തോന്നിക്കുന്ന നിരവധി സ്വഭാവവിശേഷങ്ങളുമായാണ് പലരും ജീവിതം തള്ളിനീക്കുന്നത്.
ഇതിനുപുറമെയാണ് നിലവിൽ ചികിത്സയിലുള്ള പല രോഗികളും പണമില്ലാത്തതിനാലും യാത്രചെയ്യാൻ കഴിയാത്തതിനാലും തുടർച്ചയായി കഴിക്കേണ്ട മരുന്നുകൾ കഴിക്കാതിരിക്കുന്നത്. സ്വാഭാവികമായും ഇക്കൂട്ടരിൽ അസുഖത്തിെൻറ തീവ്രത വർധിക്കാനാണ് സാധ്യത.
ഉത്കണ്ഠ രോഗാവസ്ഥയാകുന്നത്
ചെറിയ ഉത്കണ്ഠ വ്യക്തികളുടെ സുഗമമായ ജീവിതത്തിന് നല്ലതാണ്. അപകടങ്ങളോടും രോഗങ്ങളോടും അനിഷ്ടസംഭവങ്ങളോടുമുള്ള ഇത്തരം മിതമായ ഉത്കണ്ഠയുള്ളതുകൊണ്ടാണ് വ്യക്തികൾക്ക് അത്തരം അവസ്ഥകളെ അപകടങ്ങളില്ലാതെ അതിജീവിക്കാൻ കഴിയുന്നത്. പരീക്ഷയെക്കുറിച്ച് ഉത്കണ്ഠയുള്ളതുകൊണ്ടാണ് വിദ്യാർഥികൾ നന്നായി പഠിക്കുന്നത്. വാഹനമിടിക്കുമോ എന്ന ഉത്കണ്ഠ മൂലമാണ് റോഡ് മുറിച്ചുകടക്കുേമ്പാൾ നാം ഇരുവശവും നോക്കി ശ്രദ്ധിച്ച് നടക്കുന്നത്. എന്നാൽ, ഈ ഉത്കണ്ഠ അതിരുകവിഞ്ഞ് വ്യക്തിത്വത്തെ പ്രതികൂലമായി ബാധിച്ചുതുടങ്ങിയാൽ അത് ചികിത്സിച്ച് മാറ്റേണ്ട രോഗാവസ്ഥയാണെന്നു പറയേണ്ടിവരും.
പലരിലും പലരീതികളിലാണ് ഉത്കണ്ഠയുടെ ലക്ഷണങ്ങൾ ഏറിയും കുറഞ്ഞും പ്രത്യക്ഷപ്പെടുക. ചിലർക്ക് എന്തുകാര്യം ചെയ്യാനും പരിഭ്രമം ആയിരിക്കും. മറ്റുചിലർക്ക് അനാവശ്യചിന്തകൾ മൂലം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടാവും. പൊതുവിൽ ഉത്കണ്ഠ അധികരിക്കുേമ്പാൾ വ്യക്തിയുടെ ഹൃദയമിടിപ്പ് വർധിക്കുക, വയറ്റിൽ കാളുക, ശരീരം തളരുക, അമിതമായി വിയർക്കുക, തനിക്ക് എന്തോ അപകടം സംഭവിക്കാൻ പോകുന്നു എന്ന ശക്തമായ തോന്നൽ അനുഭവപ്പെടുക തുടങ്ങി പലതരം ലക്ഷണങ്ങളും പ്രകടമാകും. ഈ സമയം ശ്വാസതടസ്സം, നെഞ്ച്വേദന തുടങ്ങി ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങളും ഉണ്ടാവാറുണ്ട്. മറ്റുചിലരാവെട്ട ഇനിയുള്ള ജീവിതം എക്കാലത്തും ദുസ്സഹമായിത്തീരും എന്ന് ഭയന്ന് ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചുതുടങ്ങുന്നു.
കാലം സൃഷ്ടിക്കുന്ന ഉത്കണ്ഠകൾ
കോവിഡ് കാലം നീണ്ടുനിൽക്കുകയും തുടർച്ചയായി ലോക്ഡൗണുകൾ അഭിമുഖീകരിക്കേണ്ടിവരുകയും ചെയ്യുന്ന പുതിയ സാഹചര്യത്തിൽ ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. പൊതുവിൽ മനുഷ്യരിൽ ചെറിയ ശതമാനം മരണഭയം ഉണ്ടായിരിക്കും. പ്രായംകൂടുംതോറും അതിെൻറ തോത് കൂടിവരുമെങ്കിലും സമീപകാലത്ത് പലരിലും മരണത്തെക്കുറിച്ച് അമിതമായ ഉത്കണ്ഠയാണ് കണ്ടുവരുന്നത്.
വിദേശങ്ങളിൽ ജോലിയെടുക്കുന്നവരിലും നാട്ടിലുള്ള അവരുടെ ബന്ധുക്കളിലും ഉത്കണ്ഠ ഉയർന്നുനിൽക്കുന്ന ഒരു കാലം കൂടിയാണിത്. വിദേശത്തുള്ളവർക്ക് രോഗം വരുമോ? രോഗം വന്നാൽ നല്ല ചികിത്സ ലഭിക്കുമോ? അവരെ ശുശ്രൂഷിക്കാൻ ആരെങ്കിലും ഉണ്ടാവുമോ? എന്നു തുടങ്ങിയ കാര്യങ്ങൾ ആലോചിച്ച് വീട്ടുകാർ ഉത്കണ്ഠപ്പെടുേമ്പാൾ നാട്ടിലെ വാർത്തകൾ വായിച്ച് പ്രവാസികൾ മനസ്സുകൊണ്ട് ഉരുകുകയാണ്. ബന്ധുക്കൾക്ക് എന്തെങ്കിലും സംഭവിക്കുമോ? പെട്ടെന്ന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നാൽ എന്തുചെയ്യും? നാട്ടിലേക്ക് വിമാനം കിട്ടുമോ... തുടങ്ങിയ ഉത്കണ്ഠകളാണ് അവരെ വേട്ടയാടുന്നത്. മക്കളുടെ പഠനം, ഭാവി, വിവാഹം, കൃഷി, ബിസിനസ് എന്നിവയുടെ കര്യത്തിലും എല്ലാവരിലും പതിവില്ലാത്ത ഉത്കണ്ഠതന്നെ.
ശുഭാപ്തിവിശ്വാസം കൊണ്ട് നേരിടാം
എല്ലാത്തരം ഉത്കണ്ഠ രോഗങ്ങൾക്കും നിലവിൽ വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. എങ്കിൽകൂടിയും ഉത്കണ്ഠ അധികരിക്കാതിരിക്കാൻ സ്വയം ശ്രമിക്കാവുന്നതാണ്. അതിനായി ആദ്യം ചെയ്യേണ്ടത് മനസ്സിൽ ശുഭാപ്തി നിറയ്ക്കുക എന്നതാണ്. 1000 പേർക്ക് കോവിഡ് വന്നു എന്ന് കേൾക്കുേമ്പാൾ കോവിഡ് ബാധിക്കാത്ത കോടിക്കണക്കിന് ആളുകൾ നമ്മുടെ നാട്ടിലുണ്ടെന്ന് തിരിച്ചറിയാൻ ശ്രമിക്കണം. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും വിദഗ്ധരും മെച്ചപ്പെട്ട മരുന്നുകൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് എന്ന യാഥാർഥ്യം ഉൾക്കൊള്ളണം.
ശാസ്ത്രീയമായി മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സ്പർശനമുണ്ടായാൽ കൈകളും ശരീരഭാഗങ്ങളും അണുവിമുക്തമാക്കുകയും ചെയ്താൽ ഈ രോഗത്തിന് വ്യക്തികളെ പിടികൂടാൻ കഴിയില്ലെന്ന് തെളിയിക്കപ്പെട്ട വസ്തുതയാണ്. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ രീതികൾ അവലംബിക്കുകയും വിദഗ്ധരുടെ മാത്രം ഉപദേശങ്ങൾ പിന്തുടരുകയും ചെയ്യുക. സമൂഹമാധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തകളിൽ നിന്ന് അകന്നുനിൽക്കുകയുംവേണം. പ്രതിരോധശക്തി വർധിപ്പിക്കാനെന്നപേരിൽ പ്രചരിക്കുന്ന വ്യാജമരുന്നുകളുടെ പിറകെ പോകാതെ ഡോക്ടർമാരുടെ നിർദേശങ്ങൾ മാത്രം അനുസരിക്കുക.
പ്രതിരോധശേഷി നമുക്ക് സൃഷ്ടിക്കാം
പോഷകങ്ങൾ അടങ്ങിയ സന്തുലിതമായ ആഹാരം, വ്യായാമം, ആവശ്യത്തിന് ഉറക്കം, മാനസികമായ ഉല്ലാസം, യോഗ, പ്രാർഥന തുടങ്ങിയ കാര്യങ്ങളെല്ലാം ശരീരത്തിെൻറ പ്രതിരോധശേഷി വർധിപ്പിക്കും. അതോടൊപ്പം മദ്യപാനം, പുകവലി, മറ്റു ലഹരി ഉപയോഗങ്ങൾ, ഫാസ്റ്റ് ഫുഡ്, കോളകൾ തുടങ്ങിയവ ഒഴിവാക്കുകയും വേണം. നിലവിൽ ലഭ്യമായിരിക്കുന്ന വാക്സിനുകൾ മികച്ച ഫലംതരുന്നവയായതിനാൽ കഴിയുന്നത്ര വേഗത്തിൽ പ്രതിരോധ കുത്തിവെപ്പുകൾക്ക് വിധേയമാകുകയും വേണം.
(ലേഖകൻ കോഴിക്കോട്ടെ പ്രമുഖ മാനസികാരോഗ്യ വിദഗ്ധനും മനോരോഗ സംബന്ധമായ നിരവധി കൃതികളുടെ കർത്താവുമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.