കോവിഡ് ഭേദമായാലും കുഞ്ഞുങ്ങളെ ശ്രദ്ധിക്കണം
text_fieldsകോവിഡ് ഭീഷണി നിലനിൽക്കുന്ന മനുഷ്യരാശിക്ക് മുകളിൽ കൂനിന്മേൽ കുരു എന്നപോലെ പ്രത്യക്ഷപ്പെടുന്ന ആരോഗ്യപ്രശ്നങ്ങൾ കടുത്ത ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. പോസ്റ്റ് കോവിഡ് സിൻഡ്രം (Post-COVID Syndrome) എന്ന് പൊതുവിൽ വിളിക്കുന്ന രോഗങ്ങളാണ് കോവിഡ്-19 ബാധിച്ച് സുഖപ്പെടുന്ന ചിലരിൽ ആഴ്ചകൾക്കകം പ്രത്യക്ഷപ്പെടുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം (multisystem inflammatory syndrome) അഥവാ ശരീരത്തിലെ വിവിധ അവയവങ്ങളിൽ നീർക്കെട്ട് ഉണ്ടാവുന്ന അവസ്ഥ. തുടക്കത്തിൽ രോഗനിർണയം നടത്തി വിദഗ്ധ ചികിത്സ നൽകിയില്ലെങ്കിൽ മാരകമായിത്തീരാവുന്ന ഒരു രോഗമാണിത്. കൂടുതലും കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്.
നേരത്തേ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ 'കാവസാക്കി' എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ഈ രോഗം ഇപ്പോൾ കോവിഡ്ബാധയോടനുബന്ധിച്ച് വീണ്ടും വ്യാപകമാവുകയാണ്. അവികസിത രാജ്യങ്ങളിൽ ഏതാനും മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് ആരോഗ്യപ്രവർത്തകർ ഇക്കാര്യം ഗൗരവമായെടുത്തത്. ഇതിനുപിന്നാലെ ലോകത്ത് നിരവധി രാഷ്ട്രങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്തു. തുടർന്ന് ലോകാരോഗ്യ സംഘടന ഇതിനെ 'മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം ഇൻ ചിൽഡ്രൻ'(MIS-C) എന്ന് നാമകരണം ചെയ്ത് ചികിത്സ സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്.
രോഗലക്ഷണങ്ങൾ
കോവിഡ്‌മുക്തരായ കുട്ടികളിൽ അഞ്ചുദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി, കണ്ണിനുള്ളിൽ ചുവപ്പുനിറം, ശരീരത്തിൽ ചുവന്ന പാടുകൾ, വയറുവേദന, കൈകാലുകളിൽ നീർക്കെട്ട്, ഛർദി, വയറിളക്കം, കടുത്ത ക്ഷീണം എന്നീ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയും പെട്ടെന്ന് ഒരു ശിശുരോഗ വിദഗ്ധെൻറ സഹായം തേടേണ്ടതാണ്. മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം ബാധിച്ച ചില കുട്ടികളിൽ ശ്വാസംമുട്ടൽ, ബോധക്ഷയം, ചുണ്ടിലും മുഖത്തും നീലനിറം എന്നീ ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തുടക്കത്തിൽതന്നെ കൃത്യമായ ചികിത്സ ലഭിച്ചിട്ടില്ലെങ്കിൽ രോഗചികിത്സ സങ്കീർണമാവാൻ സാധ്യതയുണ്ട്. സാധാരണയായി അഞ്ചുവയസ്സുവരെയുള്ള കുട്ടികളിൽ വിരളമായി മാത്രം കണ്ടുവന്നിരുന്ന ഈ രോഗം കോവിഡിനുശേഷം 12 വയസ്സുവരെയുള്ള കുട്ടികളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളെവരെ ബാധിക്കുന്നതിനാൽ ചികിത്സ വൈകുന്നതിനനുസരിച്ച് രോഗി അതിഗുരുതരാവസ്ഥയിലാവുന്നു.
കുട്ടികളിൽ കോവിഡ് ലക്ഷണങ്ങൾ കുറവ്
നമ്മുടെ നാട്ടിൽ മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളെ കുറഞ്ഞതോതിൽ മാത്രമാണ് കോവിഡ്-19 ബാധിച്ചിട്ടുള്ളത്. അതുതന്നെ താരതമ്യേന ലഘുവായ ലക്ഷണങ്ങളോടെയാണ് പല കുഞ്ഞുങ്ങളിലും ഈ രോഗം വന്നുപോയത്. ലക്ഷണങ്ങൾ പുറത്തുകാണിക്കാത്തതിനാൽ രോഗബാധയുണ്ടായ കുട്ടികളിൽ പലരെയും രോഗികളായി കരുതുകയും ചെയ്തിട്ടില്ല. കോവിഡ് പരിശോധനക്ക് കുട്ടികളെ കൊണ്ടുവരാത്തത് ഇതെല്ലാം മൂലമാണ്.
ഈ സാഹചര്യത്തിൽ മുകളിൽ സൂചിപ്പിച്ച ലക്ഷണങ്ങളിൽ ചിലത് കുഞ്ഞുങ്ങളിൽ പ്രത്യക്ഷപ്പെട്ടാലും മുതിർന്നവർ അതിനെ ഗൗരവമായി കാണാനിടയില്ല. ഈ സാഹചര്യത്തിലാണ് രോഗത്തെക്കുറിച്ച് വ്യാപകമായ ബോധവത്കരണം ആവശ്യമായി വരുന്നത്. കേരളത്തിലെ വിവിധ നഗരങ്ങളിൽ ഇതിനകം ഇത്തരം നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞിട്ടുണ്ട്. രോഗം പിടിപെടുന്ന കുഞ്ഞുങ്ങളിൽ എല്ലായ്പോഴും മുകളിൽ സൂചിപ്പിച്ച എല്ലാ ലക്ഷണങ്ങളും ഉണ്ടാവണമെന്ന് നിർബന്ധമില്ല. കുട്ടികളുടെ ശാരീരികാവസ്ഥയനുസരിച്ച് ഏതെങ്കിലും ചില ലക്ഷണങ്ങൾ മാത്രമായിരിക്കും പ്രത്യക്ഷപ്പെടുക.
ആന്തരികാവയവങ്ങളെ ബാധിക്കുന്നു
ഈ രോഗം പിടിപെട്ടുകഴിഞ്ഞാൽ ഹൃദയപേശികളിലേക്കുള്ള രക്തക്കുഴലുകളിൽ നീർക്കെട്ടുണ്ടാവുകയും ആവശ്യത്തിന് രക്തം ലഭിക്കാതെ ഹൃദയത്തിെൻറ പ്രവർത്തനം താറുമാറാവുകയും ചെയ്യുന്നു. ഇതുപോലെത്തന്നെ ബന്ധപ്പെട്ട രക്തധമനികളിലെ നീർക്കെട്ട് മൂലം വൃക്കകളുടെയും മറ്റു ആന്തരികാവയവങ്ങളുടെയും പ്രവർത്തനം തകരാറിലാവുന്നു. ഈ അവസ്ഥകളെല്ലാം ശരീരത്തിെൻറ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുകയും രോഗിയുടെ ജീവൻതന്നെ അപകടത്തിലാവുകയും ചെയ്യുന്നു.
ലക്ഷണങ്ങൾ കണ്ടയുടൻ വിദഗ്ധ ചികിത്സ ലഭ്യമാക്കിയാൽ വലിയ പ്രയാസങ്ങളില്ലാതെ രോഗം മാറ്റിയെടുക്കാൻ കഴിയുന്ന മരുന്നുകളും മറ്റു സംവിധാനങ്ങളും ഇന്ന് നിലവിലുള്ളതിനാൽ ഭയത്തിന് പകരം ഈ രോഗത്തിനും ജാഗ്രതയാണ് അത്യാവശ്യം.
രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ
കോവിഡ്-19 വന്ന് സുഖപ്പെട്ട കുട്ടികളിലോ കോവിഡ് ബാധയുണ്ടായ വീടുകളിലെ കുട്ടികളിലോ കോവിഡ് രോഗിയുമായി സമ്പർക്കം സംശയിക്കുന്ന കുട്ടികൾക്കോ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കണ്ടെത്തിയാൽ വീട്ടിലിരിക്കുന്ന മരുന്നുകൾ നൽകി പരീക്ഷണങ്ങൾക്ക് മുതിരാതെ ഉടൻ ഡോക്ടറെ സമീപിക്കുകയും കോവിഡ്രോഗബാധയുണ്ടായ വീടുകളിലെ കുട്ടികളാണെങ്കിൽ അക്കാര്യം ആദ്യംതന്നെ പ്രത്യേകമായി ഡോക്ടറുടെ ശ്രദ്ധിയിൽപ്പെടുത്തുകയും വേണം. രോഗം വിവിധ ആന്തരികാവയവങ്ങളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ആധുനിക സൗകര്യങ്ങളുള്ള ചികിത്സാ കേന്ദ്രങ്ങളെയാണ് ഈ അവസരത്തിൽ ആശ്രയിക്കേണ്ടത്.
(ലേഖകൻ കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ശിശുരോഗ വിഭാഗം സീനിയർ കൺസൾട്ടൻറാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.