Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sleepy
cancel
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightഉറക്കമില്ലായ്മ മുതൽ...

ഉറക്കമില്ലായ്മ മുതൽ ഉറക്കത്തിനിടയിൽ മരണം വരെ; ഉറക്കത്തെ നിസാരമായി കാണല്ലേ...!

text_fields
bookmark_border

മരണത്തെ ഭയക്കാത്തവർ ചുരുക്കമാണ്. ശാന്തമായി ഉറങ്ങുന്നതിനിടെ മരണത്തിലേക്ക് വഴുതിവീഴുകയും പിന്നീടൊരിക്കലും ഉണരാതിരിക്കുകയും ചെയ്യുകയെന്ന അവസ്ഥ അതിലേറെ ഭീകരവുമാണ്. ഇത്തരത്തിലുള്ള മരണങ്ങൾ അപൂർവങ്ങളിൽ അപൂർവമാണെങ്കിലും ഈ വർഷം ഇതുവരെ കേരളത്തിൽ പലയിടത്തും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ് ഉറക്കത്തിനിടയിലെ മരണം.

വിശ്രമത്തിനും ഊർജം വീണ്ടെടുക്കുന്നതിനും ഉറക്കം അനിവാര്യമാണെന്ന് നമുക്കറിയാം. ഭക്ഷണവും വെള്ളവും ശരീരത്തിന് എത്രയും ആവശ്യമാണോ അത്രയും പ്രാധാന്യത്തോടെ തന്നെ കാണേണ്ട ഒന്നാണ് ഉറക്കവും. എന്നാൽ പലപ്പോഴും സൗകര്യപൂർവം ഉറക്കത്തെ മാറ്റിനിർത്തുന്നവരാണ് നമ്മിൽ പലരും. അനാരോഗ്യകരമായ ജോലിഭാരവും മാനസികസമ്മർദ്ദവും മുതൽ മൊബൈൽ ഫോണിന്റെയും ലഹരിയുടെയും ഉപയോഗം വരെ കാരണങ്ങൾ പലതാണ്. രാത്രിമുഴുവൻ ഉറക്കമിളച്ചിരുന്ന് വെബ് സീരീസുകൾ “ബിഞ്ച് വാച്ച്” (ദൈർഖ്യമേറിയ പരമ്പരകൾ ഒറ്റയിരിപ്പിനു കണ്ടുതീർക്കുന്ന രീതി) ചെയ്യുന്നവരും രാത്രികാലഷിഫ്റ്റുകളിൽ നിരന്തരം ജോലി ചെയ്യുന്നവരും പല ആരോഗ്യപ്രശ്നങ്ങളും വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്. ഉറക്കമില്ലായ്മ ഒരാഘോഷമായി കാണാതെ, നമ്മുടെ നല്ല ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒന്നായി അതിനെ പരിഗണിക്കേണ്ടതുണ്ട്.

എന്തുകൊണ്ട് ഉറക്കത്തിൽ മരണം സംഭവിക്കുന്നു?

കൃത്യസമയത്ത് തിരിച്ചറിയപ്പെടാതെപ്പോകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഉറക്കത്തിൽ നിന്ന് മരണത്തിലേക്ക് തള്ളിയിടുന്നത്. ബാഹ്യമായ പല കാരണങ്ങൾ കൊണ്ടും ഉറക്കത്തിനിടെ മരണം സംഭവിക്കാം. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. ലോകത്ത് ഏറ്റവുമധികം ആളുകൾ ഉറക്കത്തിനിടെ മരിക്കുന്നത് ഹൃദ്രോഗം കാരണമാണ്. പണ്ടുകാലത്ത് അമ്പതോ അറുപതോ വയസ് കഴിഞ്ഞവരിലാണ് ഹൃദ്രോഗങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ 35-45 വയസിലൊക്കെ ഹൃദ്രോഗികളായി മാറുന്നവരുടെ എണ്ണം കൂടിവരികയാണ്. പുറമെ പൂർണആരോഗ്യത്തോടെ കാണപ്പെടുന്നവർ പോലും ഉള്ളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൊണ്ടുനടക്കുന്നവരാകാം. പ്രമേഹം, രക്താതിസമ്മർദ്ദം, ഉയർന്ന കൊളസ്‌ട്രോൾ, വ്യായാമമില്ലായ്മ, അമിതമായ ശരീരഭാരം, കൂർക്കംവലി എന്നിവയുള്ളവർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പുകവലി, അമിതമദ്യപാനം, തെറ്റായ ഭക്ഷണരീതികൾ എന്നിവയും ഹൃദയത്തിന് ഹാനികരമാണ്. പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വളരെ വൈകിയാണ് പുറത്തറിയുന്നത്. ചിലപ്പോൾ ലക്ഷണങ്ങളൊന്നുമില്ലാത്ത “സൈലന്റ് അറ്റാക്ക്” ആയും ഹൃദയസ്തംഭനമുണ്ടാകാം.

ഉറക്കത്തിനിടെയുണ്ടാകുന്ന ശ്വാസസംബന്ധമായ പ്രശ്നങ്ങളാണ് മറ്റൊരു പ്രധാന കാരണം. ഉറക്കത്തിനിടെ ശ്വാസമെടുക്കാനുള്ള സിഗ്നലുകൾ വേണ്ടവിധം നല്കാൻ തലച്ചോറിന് കഴിയാതാവുന്ന സ്ലീപ് അപ്നിയ, ആസ്ത്മ അറ്റാക്ക് എന്നിവയൊക്കെ മരണത്തിന് കാരണമാകാം. ഉറക്കത്തിനിടെ തൊണ്ടയിലോ ശ്വാസനാളിയിലോ എന്തെങ്കിലും കുരുങ്ങിയാലും മരണം സംഭവിക്കാം. അമിതമായി ലഹരിഉപയോഗിച്ച ശേഷം ഉറങ്ങുന്നവർക്ക് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മരിച്ചുപോകുന്ന അവസ്ഥ ലോകത്ത് പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹെറോയിൻ പോലെയുള്ള ശക്തിയേറിയ സൈക്കോആക്റ്റീവ് ലഹരിവസ്തുക്കൾ ഉപയോഗിച്ച ശേഷം കിടന്നുറങ്ങുന്നവരിലാണ് ദൗർഭാഗ്യകരമായ ഈ അവസ്ഥ കണ്ടുവരാറുള്ളത്. ലഹരിയിൽ ലയിച്ചുറങ്ങുമ്പോൾ കൃത്യമായ നിർദേശങ്ങൾ ശരീരത്തിന് നല്കാൻ തലച്ചോറിന് കഴിയാതെ വരാം. ഇതാണ് മരണത്തിലേക്ക് നയിക്കുന്നത്.

കുട്ടികളുടെ ഉറക്കത്തിന് വേണം കൂടുതൽ ശ്രദ്ധ

നവജാതശിശുക്കൾക്ക് മുലപ്പാലോ ഭക്ഷണമോ നൽകുമ്പോൾ അമ്മമാർ വളരെ ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾക്ക് കിടത്തി പാൽ കൊടുക്കരുത്. ഉറങ്ങുമ്പോൾ കുട്ടികൾ കഴിച്ച ഭക്ഷണം തൊണ്ടയിലേക്ക് തികട്ടി വരാനും മരണം സംഭവിക്കാനും ഇടയുണ്ട്. ഉറക്കത്തിനിടെയുണ്ടാകുന്ന അപസ്മാരമാണ് മറ്റൊരു വില്ലൻ. കണ്ടെത്താൻ വൈകിപ്പോകുന്ന ഹൃദ്രോഗങ്ങളും കുട്ടികളിൽ മരണത്തിനിടയാക്കുന്നു. ജനിച്ച് ആദ്യത്തെ ഒരു വർഷത്തിനുള്ളിൽ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഉറക്കത്തിൽ നവജാതശിശുക്കൾ മരിക്കുന്ന സംഭവങ്ങൾ സാധാരണമാണ്. സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം അഥവാ എസ്.ഐ.ഡി.എസ് എന്നറിയപ്പെടുന്ന ഈ അവസ്ഥയുടെ കൃത്യമായ കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഇന്ത്യയുൾപ്പെടുന്ന തെക്കുകിഴക്കൻ ഏഷ്യയിലെ ചെറുപ്പക്കാരിൽ കണ്ടുവരുന്ന മറ്റൊരവസ്ഥയാണ് സഡൻ അണെക്സ്പ്ലൈൻഡ് നോക്ടെണൽ ഡെത്ത് സിൻഡ്രോം അഥവാ എസ്.യു.എൻ.ഡി.എസ്. ഇതൊരു പാരമ്പര്യരോഗമായിട്ടാണ് കണക്കാക്കുന്നത്. ബ്ലൂ കോളർ ജോലി ചെയ്യുന്ന, പുകവലിക്കാത്ത, ആരോഗ്യമുള്ള ചെറുപ്പക്കാരിലാണ് എസ്.യു.എൻ.ഡി.എസ്. കൂടുതൽ റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളത്.

അവഗണിക്കരുത്, ഈ മുന്നറിയിപ്പുകൾ.

ഇനിപ്പറയാൻ പോകുന്ന ലക്ഷണങ്ങളെല്ലാം നിങ്ങൾ ഉറക്കത്തിൽ മരണപ്പെട്ടേക്കാം എന്നതിന്റെ സൂചനയായി കണ്ട് പേടിക്കേണ്ടതില്ല. എന്നാൽ തുടർച്ചയായി ഇവ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ കാണുന്നതാണ് അഭികാമ്യം.

നെഞ്ചുവേദന (പ്രത്യേകിച്ച് രാത്രിയിൽ), കിടക്കുമ്പോൾ ശ്വാസംമുട്ട്, നന്നായി ഉറങ്ങിയാലും അകാരണമായ ക്ഷീണം തോന്നുക, ഇടയ്ക്കിടെ ശ്വാസമെടുപ്പ് തടസപ്പെടുന്ന രീതിയിലുള്ള കൂർക്കംവലി, അടിക്കടിയുണ്ടാകുന്ന ബോധക്ഷയം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ കാണണം. കുടുംബത്തിൽ അടുത്തബന്ധുക്കൾ ആരെങ്കിലും ഉറക്കത്തിൽ അപ്രതീക്ഷിതമായി മരിച്ചിട്ടുണ്ടെങ്കിലും സൂക്ഷിക്കണം.

ഉറക്കംകെടുത്തുന്ന വൈകല്യങ്ങൾ

ദിവസവും 7 മുതൽ 8 മണിക്കൂർ വരെയുള്ള സുഖകരമായ നിദ്ര ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്. നന്നായി ഉറങ്ങിയില്ലെങ്കിൽ ഹൃദയാഘാതം, മസ്തിഷ്കാഘാതം, ടൈപ്പ്-2 പ്രമേഹം എന്നിവയുടെ സാധ്യത കൂട്ടുമെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. നമ്മൾ ഉറങ്ങുമ്പോഴാണ് ശരീരത്തിന്റെ വളർച്ചയ്ക്കും കോശങ്ങളുടെ പുനരുദ്ധാരണത്തിനും രോഗപ്രതിരോധശേഷിക്കും ആവശ്യമായ പല പ്രവർത്തനങ്ങളും ശരീരത്തിൽ നടക്കുന്നത്. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ഉറക്കം പ്രധാനപങ്കുവഹിക്കുന്നു. എന്നാൽ ഉറക്കവുമായി ബന്ധപ്പെട്ട തകരാറുകളും വൈകല്യങ്ങളും കാരണം ബുദ്ധിമുട്ടുന്ന ധാരളം ആളുകളുണ്ട്.

ഇൻസോംനിയയാണ് അതിൽ ഏറ്റവും കൂടുതലാളുകളിൽ കണ്ടുവരുന്ന അവസ്ഥ. ഈ രോഗമുള്ളവർക്ക് ഉറങ്ങാൻ ഏറെ ബുദ്ധിമുട്ടാണ്. ഉറങ്ങിയാലും ഇടയ്ക്ക് ഉണരുകയും ചെയ്യും. പകൽസമയം മുഴുവൻ ഉറക്കം തൂങ്ങുക, പെട്ടെന്ന് ദേഷ്യം വരിക, ജോലിയിലും പഠനത്തിലും ശ്രദ്ധ നഷ്ടപ്പെടുക, എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. മാനസികസമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ ഇൻസോംനിയക്ക് കാരണമാകാം. രാത്രികാല ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർക്കും നിരന്തരം ഉറക്കമിളച്ച് സമയം കൊല്ലുന്നവർക്കും ഭാവിയിൽ ഇൻസോംനിയ ഉണ്ടാകാൻ സാധ്യതയുണ്ട്. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയും റിലാക്സേഷൻ ടെക്നിക്കുകളുമാണ് ഇൻസോംനിയ ചികിൽസിക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത്.

ഗുരുതരസ്വഭാവമുള്ള മറ്റൊരു നിദ്രാവൈകല്യമാണ് ആപ്നിയ. ഉറക്കത്തിനിടെ ശ്വാസോഛ്വാസം ഇടയ്ക്കിടെ നിന്നുപോകുന്ന അവസ്ഥയാണിത്. ഏതാനും സെക്കൻഡുകൾ മുതൽ മിനിറ്റുകൾ വരെ ഇങ്ങനെ ശ്വാസമെടുപ്പ് നിലച്ചേക്കാം. ഒരു മണിക്കൂറിനുള്ളിൽ പല തവണ അതാവർത്തിക്കുകയും ചെയ്യാം. ശ്വാസമെടുക്കാനുള്ള വെപ്രാളത്തോടെ രോഗി ഉണർന്നെഴുന്നേൽക്കാം. ഉച്ചത്തിലുള്ള കൂർക്കംവലി, പകൽസമയത്തെ അമിതക്ഷീണം, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പുരുഷന്മാരിലാണ് ഈ രോഗം കൂടുതൽ കാണപ്പെടുന്നത്. പ്രായമേറുന്തോറും രോഗസാധ്യത കൂടുന്നു. സ്ലീപ് ആപ്നിയ കണ്ടുപിടിക്കാൻ രോഗിയുടെ ഉറക്കം ഒരു സ്ലീപ് ക്ലിനിക്കിൽ നിരീക്ഷിക്കേണ്ടതുണ്ട്. സി-പാപ് അഥവാ കണ്ടിന്യുവസ് പോസിറ്റീവ് എയർവേ പ്രെഷർ എന്ന മെഷീൻ ഉപയോഗിച്ചാണ് ഈ രോഗത്തെ നിയന്ത്രിക്കുന്നത്. ശ്വാസനാളി അടഞ്ഞുപോകാതിരിക്കാൻ വായുപ്രവഹിപ്പിക്കുന്ന ഒരു ഉപകരണമാണിത്. ഉറങ്ങുമ്പോൾ ഒരു മാസ്ക് പോലെ അത് ധരിക്കണം. തൊണ്ടയിലെ പേശികൾക്ക് ശക്തി ക്ഷയിക്കുമ്പോഴാണ് കൂർക്കംവലിയും ഉറക്കത്തിൽ ശ്വാസംമുട്ടും ഉണ്ടാകുന്നത്. ഉറങ്ങുമ്പോൾ ഈ പേശികൾ അടഞ്ഞുപോകാതെ തുറന്നുപിടിക്കാൻ സി-പാപ് സഹായിക്കുന്നു. ഇപ്പോൾ ചില രോഗികളിൽ ശസ്ത്രക്രിയകളിലൂടെയും സ്ലീപ് ആപ്നിയ പരിഹരിക്കാൻ സാധിക്കും. ചികിൽസിച്ചില്ലെങ്കിൽ രക്തസമ്മർദ്ദം കൂടാനും ഹൃദ്രോഗമുണ്ടാകാനും മസ്തിഷ്കാഘാതത്തിനും ആപ്നിയ കാരണമാകാറുണ്ട്. ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാം.

കാലുകളിൽ അസ്വസ്ഥതയുണ്ടാക്കുന്ന ചില തോന്നലുകൾ ഉളവാക്കുന്ന റസ്റ്റ്ലെസ് ലെഗ്‌സ് സിൻഡ്രോം അഥവാ ആർ.എൽ.എസ് ആണ് മറ്റൊരു നിദ്രാവൈകല്യം. ഉറങ്ങാൻ അനുവദിക്കാത്ത വിധം കാലുകളിൽ ചൊറിച്ചിൽ, തരിപ്പ്, വേദന എന്നിവ തോന്നാം. ഇവ കാരണം കാലുകൾ ചലിപ്പിക്കാനുള്ള പ്രവണത തോന്നുന്നു. ഉറങ്ങുന്നതിന് മുൻപ് കാലുകൾ മസാജ് ചെയ്യുന്നതും ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ അല്പസമയം എഴുന്നേറ്റ് നടക്കുന്നതും താത്കാലിക ആശ്വാസം നൽകും. പക്ഷെ ഈ രോഗം പൂർണമായും ചികിൽസിച്ച് മാറ്റാൻ കഴിയില്ല. രോഗം മൂർച്ഛിച്ചാൽ മരുന്നുകൾ കഴിക്കേണ്ടി വരും.

ഉറക്കവും ഉണർവും ശരിയായി ക്രോഡീകരിച്ച തലച്ചോറിന് കഴിയാത്ത അവസ്ഥയാണ് നാർകോലെപ്‌സി. ഒരു മുന്നറിയിപ്പ് പോലുമില്ലാതെ പട്ടാപ്പകൽ പോലും രോഗി പെട്ടെന്ന് ഉറങ്ങിപ്പോകുന്ന ഗുരുതരമായ രോഗമാണിത്. പാരമ്പര്യവും ജനിതകകാരണങ്ങളും ഈ രോഗത്തിനിടയാക്കുന്നു എന്നാണ് നിഗമനം. ഇല്ലാത്ത കാര്യങ്ങൾ കാണുക, ഓർമപ്രശ്നങ്ങൾ, തലവേദന എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. ചില മരുന്നുകൾ ലക്ഷണങ്ങൾ കുറയ്ക്കുമെങ്കിലും ഈ രോഗാവസ്ഥ പൂർണമായും മാറ്റാനാവില്ല.

ഇത്തരം നിദ്രാവൈകല്യങ്ങൾ നമ്മുടെ ജീവിതത്തിന്റെയും ജോലിയുടെയും നിലവാരത്തെ ബാധിക്കുക മാത്രമല്ല ചെയ്യുന്നത് - ഡ്രൈവ് ചെയ്യുമ്പോഴും മറ്റും അപകടങ്ങൾക്ക് ഇടയാക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ട് ഉറക്കത്തെ നിസാരമായി കാണാനാകില്ല. ചില പൊതുവായ കാര്യങ്ങൾ ജീവിതശൈലിയിൽ ഉൾപ്പെടുത്തിയാൽ ഇത്തരം രോഗങ്ങളെ അകറ്റിനിർത്താനും ഫലപ്രദമായി നിയന്ത്രിക്കാനും കഴിയും.

  • എല്ലാദിവസവും കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ഒരു ചിട്ടയുണ്ടാക്കുക.
  • ഉറങ്ങാനുള്ള സമയമാകുമ്പോൾ ശരീരത്തെ പതിയെ ശാന്തമാക്കാം. വ്യായാമം, മൊബൈൽ ഉപയോഗം, ടിവി കാണൽ എന്നിവ ഒഴിവാക്കാം.
  • ഉറങ്ങുന്ന മുറി മറ്റ് ശല്യങ്ങൾ ഇല്ലാത്തതും നിശബ്ദവും ഉരുണ്ടതും തണുത്തതുമാക്കാം.
  • ഉറങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് ഭക്ഷണം കഴിച്ച് അവസാനിപ്പിക്കാം.
  • ഉറങ്ങുന്നതിന് മുൻപ് സിഗരറ്റും മദ്യവും വേണ്ട.
  • ഉച്ചയ്ക്ക് ശേഷം കോഫിയും കഫെയിൻ അടങ്ങിയ ഭക്ഷണപാനീയങ്ങളും ഒഴിവാക്കാം.
  • വ്യായാമം ശീലമാക്കാം. എന്നാൽ ഉറങ്ങുന്നതിന് തൊട്ടുമുൻപ് വ്യായാമം ചെയ്യരുത്.
  • ആരോഗ്യകരമായ ശരീരഭാരം കാത്തുസൂക്ഷിക്കാം.

ഉറക്കത്തിന്റെ കാര്യത്തിൽ അവഗണന പാടില്ല. ജീവിതത്തിൽ ഉറക്കത്തിനും കൃത്യമായ ചിട്ടയും നല്ല ശീലങ്ങളും പാലിക്കണം. എല്ലാ ദിവസവും ഒരേസമയത്ത്, മാറ്റ് ശല്യങ്ങളൊന്നുമില്ലാതെ തുടർച്ചയായി 7-8 മണിക്കൂർ ഉറക്കം പതിവാക്കാം. പതിവായി വ്യായാമം ചെയ്യാം. സമീകൃതാഹാരശീലങ്ങൾ സ്വായത്തമാക്കാം. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കണം. മാനസിക സമ്മർദ്ദം കുറയ്ക്കണം. ഇതെല്ലാം നല്ല ഉറക്കം നൽകുന്നതിനൊപ്പം മൊത്തത്തിലുള്ള ജീവിതനിലവാരവും ഉയർത്താൻ സഹായിക്കും.നിങ്ങളുടെ സുഖകരമായ ഉറക്കത്തിന് വേണ്ടി നടത്തുന്ന ഏതൊരു നിക്ഷേപവും ഒരിക്കലും പാഴാകുന്നതല്ല. പുകവലിയും മദ്യപാനവും പൂർണമായും ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്. ജീവിതശൈലിയിൽ ഇത്തരം ആരോഗ്യകരമായ മാറ്റങ്ങൾ കൊണ്ടുവന്നാൽ തന്നെ നിങ്ങളുടെ ഉറക്കം കൂടുതൽ സുഖകരമായി അനുഭവപ്പെട്ടുതുടങ്ങും. എന്നിട്ടും പരിഹാരം കിട്ടുന്നില്ലെങ്കിൽ ഇപ്പോൾ ധാരാളം സ്ലീപ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ലളിതമായ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം അളക്കാൻ ഡോക്ടർമാർക്ക് കഴിയും. ഫലപ്രദമായ ഡെന്റൽ, ഇ.എൻ.ടി ശസ്ത്രക്രിയകളും ഇപ്പോൾ ലഭ്യമാണ്.

വിവരങ്ങൾക്ക് കടപ്പാട് - ഡോ. അമിത് ശ്രീധരൻ

ഡയറക്ടർ: ക്രിട്ടിക്കൽ കെയർ മെഡിസിൻ.

പൾമണറി, സ്ലീപ് മെഡിസിൻ സ്പെഷ്യലിസ്റ്റ്.

ആസ്റ്റർ മിംസ്, കണ്ണൂർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sleepsleepingInsomniaSIDS
News Summary - From Insomnia to a death in sleep: The Seriousness of Sleep Deprivation!
Next Story