തക്കാളിപ്പനി എങ്ങനെ പ്രതിരോധിക്കാം
text_fieldsസംസ്ഥാനത്ത് പലയിടങ്ങളിലും തക്കാളിപ്പനി വ്യാപിക്കുന്നു. കുട്ടികളിലാണ് ഇൗ രോഗം രൂക്ഷമാകുന്നത്.
എന്താണ് തക്കാളിപ്പനി
ഹാൻഡ്, ഫൂട്ട്, മൗത്ത് ഡിസീസ് എന്നറിയപ്പെടുന്ന സാധാരണ വൈറസ് രോഗമാണിത്. സാധാരണയായി അഞ്ചുവയസിന് താഴെയുള്ള കുട്ടികളിലാണ് രോഗം രൂക്ഷമാകുന്നത്. കൈകളിലും കാൽവെള്ളയിലും വായ്ക്കുള്ളിലുമെല്ലാം പിൻഭാഗത്തും ചുവന്നു പഴുത്ത കുമിളകൾ ഉണ്ടാകും. തക്കാളിപ്പോലെ പഴുത്ത കുരുക്കളായതിനാലാണ് ഇതിന് തക്കാളിപ്പനി എന്ന് പേര് വീണത്.
അതിവേഗം വ്യാപിക്കുന്ന അസുഖമാണിത്. രോഗ ബാധിതരുമായുള്ള അടുത്ത ബന്ധം രോഗ വ്യാപനം വേഗത്തിലാക്കുന്നു. വൃത്തിയാക്കാത്ത കൈകൾ, രോഗികളുടെ മലം, തുപ്പൽ, മറ്റ് സ്രവങ്ങൾ എന്നിവ വഴി രോഗം പകരും.
കുട്ടികളിൽ പനിയോടു കൂടിയാണ് രോഗം തുടങ്ങുന്നത്. വായ്ക്കുള്ളിൽ കുരുക്കൾ ഉണ്ടാകുന്നതിനാൽ ഭക്ഷണമോ വെള്ളമോ ഇറക്കാൻ പറ്റാതത സാഹചര്യത്തിൽ പനികൂടി വരുമ്പോൾ കുട്ടികൾക്ക് പെട്ടെന്ന് ക്ഷീണം പിടിക്കുകയും നിർജലീകരണം സംഭവിക്കുകയും ചെയ്യും.
സാധാരണയായി ഒരാഴ്ചക്കുള്ള ലക്ഷണങ്ങൾ കുറഞ്ഞ് രോഗം മാറും.
ലക്ഷണങ്ങൾ എന്തെല്ലാം
- മുകളിൽ വെള്ളം നിറഞ്ഞതുപോലെ ചെറിയ പോളകളായി ചുവന്ന കുമിളകൾ ദേഹത്ത് പൊന്തും.
- പനി, മസിൽ വേദന
- കുഞ്ഞുങ്ങൾ അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയോ സാധാരണയിൽ കൂടുതൽ ഉറങ്ങുകയോ ചെയ്യും
- ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് കാരണം വായിൽ നിന്ന് എപ്പോഴും തുപ്പലൊലിച്ചുകൊണ്ടിരിക്കും
- തണുത്ത പാനീയങ്ങൾ മാത്രം കുടിക്കാൻ ഇഷ്ടപ്പെടും
ചില കുഞ്ഞുങ്ങൾക്ക് വായിലോ തൊണ്ടയിലോ മാത്രം കുരുക്കൾ ഉണ്ടാകും. കുട്ടികൾ ഭക്ഷണം കഴിക്കാതിരിക്കുകയോ വെള്ളം കുടിക്കാതിരിക്കുകയാ ചെയ്യുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.
എന്തെല്ലാം ശ്രദ്ധിക്കണം:
- കുട്ടികളെ നന്നായി വെള്ളം കുടിപ്പിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം നൽകാൻ ശ്രദ്ധിക്കുക.
- ചൂടുള്ള വെള്ളം, സോഡ, അസഡിക് സ്വഭാവമുള്ള ഭക്ഷണങ്ങൾ( ലൈം ജ്യൂസ്, തക്കാളി സോസ്) തുടങ്ങിയവ ഒഴിവാക്കുക
- കുമിളകൾ ഉള്ള ഭാഗം വൃത്തിയായി സൂക്ഷിക്കുക. പൊതിഞ്ഞ് വെക്കാതിരിക്കുക.
- ഇളം ചൂട് വെള്ളം കൊണ്ട് കുളിപ്പിക്കാം. എണ്ണയും സോപ്പും ഉപയോഗിക്കേണ്ടതില്ല
- ശരീരം തുണികൊണ്ട് ഒപ്പി ഉണക്കുക
- കുമിളകൾ പൊട്ടിയിട്ടുണ്ടെങ്കിൽ ഡോക്ടർമാരുടെ നിർദേശ പ്രകാരം ഓയിൻമെന്റുകൾ ഉപയോഗിക്കാം
- കുട്ടികൾക്ക് നിർജലീകരണം സംഭവിക്കുക, വായ വരളുക, കണ്ണുകൾ കുഴിയുക, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻ ഡോക്ടറുടെ സഹായം തേടണം
എങ്ങനെ പ്രതിരോധിക്കാം
- രോഗമുള്ള കുട്ടികളെ മറ്റു കുഞ്ഞുങ്ങളിൽ നിന്ന് മാറ്റി നിർത്തുക
- രോഗികളുമായി അടുത്ത സമ്പർക്കം പുലർത്താതിരിക്കുക
- രോഗികളെ പരിചരിക്കുന്നവർ ഉൾപ്പെടെ വീട്ടിലെ എല്ലാവരും കൈകൾ കഴുകുകയും ശുചിത്വം പാലിക്കുകയും ചെയ്യുക.
- മല വിസർജനങ്ങൾക്ക് ശേഷവും ഡയപ്പറുകൾ മാറ്റിയ ശേഷവും കൈകൾ സോപ്പിട്ട് കഴുകുക
- ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പും കഴിക്കുന്നതിന് മുമ്പും കൈകൾ വൃത്തിയാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.