മണ്ണിനും ദ്രോഹം മനുഷ്യനും ദോഷം
text_fieldsമരുന്നിന്റെ അമിത ഉപയോഗവും ദുരുപയോഗവും കൂടുതൽ രോഗാതുരമായ സമൂഹത്തിലേക്കാകും നയിക്കുക. മനുഷ്യ ആരോഗ്യത്തെ മാത്രമല്ല, പ്രകൃതിയെയും നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകളെയുമെല്ലാം അത് ബാധിക്കുന്നു.
ആവശ്യമില്ലാതെയും ഡോക്ടർമാർ നിർദേശിക്കാതെയും വാങ്ങിക്കൂട്ടിയ മരുന്നുകൾ കൊണ്ട് ഓരോ വീടും മിനി ഫാർമസികളായി മാറുന്നതിന്റെ അപകടം ഇനിയും കാണാതിരുന്നുകൂടാ. പുതിയ കാലത്തെ മലയാളി വീടുകളിലെ ഏറ്റവും വലിയ പാഴ്വസ്തു മരുന്ന് സ്ട്രിപ്പുകളാണ്. അവ അലക്ഷ്യമായി പറമ്പിലേക്ക് വലിച്ചെറിയുമ്പോൾ ആ മണ്ണും ജലാശയങ്ങളും വിഷമാകുന്നു.
ശേഖരിച്ചത് 18,000 കിലോ സ്ട്രിപ്
കേരളത്തിലെ വീടുകളിൽ നിന്ന് ഹരിതകർമസേന വഴി 2023-24ൽ 8,171 കിലോയും 2024-25 ഒക്ടോബർ വരെ 18,013 കിലോയും മരുന്ന് സ്ട്രിപ്പുകൾ ശേഖരിച്ചതായി ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ് കുമാർ പറയുന്നു. ഹരിതകർമസേനക്ക് കൈമാറാതെ വീടിന്റെ പരിസരങ്ങളിൽ ഉപേക്ഷിച്ചവ ഇതിന്റെ എത്രയോ ഇരട്ടിവരും. മരുന്നുകൾ പ്രകൃതിക്ക് വരുത്തുന്ന ദൂഷ്യങ്ങൾ മുന്നിൽക്കണ്ട് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം മുമ്പ് ആവിഷ്കരിച്ചതാണ് പ്രൗഡ് (പ്രോഗ്രാം ഫോർ റിമൂവൽ ഓഫ് അൺയൂസ്ഡ് ഡ്രഗ്സ്) പദ്ധതി.
ഇതിനായി സംസ്ഥാന സർക്കാർ മൂന്ന് കോടിയും നാഷനൽ ഹെൽത്ത് മിഷൻ രണ്ട് കോടിയും നൽകി. ഉപയോഗിക്കാതെ വീട്ടിൽ ബാക്കിവരുന്ന മരുന്നുകൾ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച പെട്ടികളിൽ നിക്ഷേപിക്കുകയും ഇവ പിന്നീട് ബയോ വേസ്റ്റ് മാനേജ്മെന്റ് ഏജൻസികൾ വഴി സംസ്കരിക്കുകയും ചെയ്യുന്നതായിരുന്നു പദ്ധതി. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി പിന്നീട് കാര്യമായി മുന്നോട്ടുപോയില്ല.
ലഹരിയായും മരുന്ന്
വിവിധതരം ചികിത്സകൾക്ക് കരുതലോടെ ഉപയോഗിക്കേണ്ട പല മരുന്നുകളും ലഹരിക്കായും മറ്റും ദുരുപയോഗം ചെയ്യപ്പെടുന്നു. ഇത്തരം മരുന്നുകൾ ലഹരി വിഭാഗത്തിൽ ഉൾപ്പെടുത്തി വിജ്ഞാപനം ചെയ്യുന്നത് പരിഗണിക്കണമെന്ന് മുമ്പ് ഹൈകോടതി നിർദേശിച്ചിരുന്നു. സർക്കാർ ആശുപത്രികളിൽ നിന്ന് സംഘടിപ്പിക്കുന്ന ചീട്ടുകളിൽ ഇവയുടെ പേര് എഴുതിച്ചേർത്ത് മെഡിക്കൽ സ്റ്റോറിൽനിന്ന് വാങ്ങുന്നതായി ചിലയിടങ്ങളിൽ അടുത്തിടെ കണ്ടെത്തിയിരുന്നു.
ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം വിൽക്കേണ്ട, അർബുദത്തിനും മനോരോഗങ്ങൾക്കും ഉപയോഗിക്കുന്ന മരുന്നുകളും ഉറക്കഗുളികകളും ചില വേദനാ സംഹാരികളും ലഹരിക്കായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. ലഹരിക്കടിപ്പെട്ട യുവാക്കളിൽ 30 ശതമാനവും അമിതമായി അലോപ്പതി മരുന്ന് ഉപയോഗിക്കുന്നതായും പഠനങ്ങൾ പറയുന്നു.
ഇത്തരം മരുന്ന് വിൽപനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ചില മെഡിക്കൽ സ്റ്റോറുകൾ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.ആശുപത്രികളിൽനിന്ന് ഇവ ആവശ്യക്കാർക്ക് രഹസ്യമായി കൈമാറുന്നവരുമുണ്ട്. നാർക്കോട്ടിക് വിഭാഗം മരുന്നുകളുടെ വിൽപനക്ക് മെഡിക്കൽ സ്റ്റോറുകൾക്കുമേൽ കൊണ്ടുവന്ന കർശന നിയന്ത്രണം ആശാവഹമായ നീക്കമാണ്.
ഡോക്ടർ തീരുമാനിക്കട്ടെ
പേര് അറിയാം എന്നതുകൊണ്ടോ കൈയിൽ പണം ഉള്ളതുകൊണ്ടോ തോന്നുന്നതുപോലെ വാങ്ങി ഉപയോഗിക്കേണ്ട ഒന്നല്ല മരുന്ന് എന്ന തിരിച്ചറിവാണ് ഏറ്റവും പ്രധാനം. അലോപ്പതിയായാലും ആയുർവേദമായാലും ഹോമിയോപ്പതിയായാലും ഏത് കഴിക്കണമെന്ന് രോഗി സ്വയം തീരുമാനിക്കരുത്. അതിന് യോഗ്യതയുള്ള ഡോക്ടർമാരിൽ നിന്ന് കൃത്യമായ ഉപദേശം തേടുകതന്നെ വേണം.
സ്വന്തം ഇഷ്ടപ്രകാരം മരുന്ന് അളവ് കൂട്ടുന്നതും കുറക്കുന്നതും അപകടമാണ്. ചില രോഗങ്ങളെ ചെറുക്കാൻ ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷിയുണ്ട്. എന്നാൽ, അതിന് രോഗി സമയം അനുവദിക്കണം. വൈറ്റമിൻ ഗുളികകൾ പോലും ആവശ്യമില്ലാതെ കഴിക്കരുതെന്നും കുറിപ്പടിയില്ലാതെ മരുന്ന് കൊടുക്കുന്നത് കർശനമായി തടയണമെന്നുമാണ് ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിപിൻ ഗോപാൽ പറയുന്നത്.
പാരസെറ്റാമോളും വേദനാസംഹാരികളും അമിതമായി ഉപയോഗിക്കുന്നത് ഗുരുതര പാർശ്വഫലങ്ങളുണ്ടാക്കും. പ്രമേഹം പോലെ ജീവിതശൈലി രോഗങ്ങളുള്ളവർ അനാവശ്യമായി മരുന്ന് കഴിക്കുന്നത് കരൾ, വൃക്ക രോഗങ്ങളും അസിഡിറ്റിയും അൾസറുമെല്ലാം ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡയാലിസിസ് രോഗികൾ കൂടുന്നു
സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം വർധിക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. അതിലൊന്ന് മരുന്നുകളുടെ അമിത ഉപയോഗമാണ്. 2020ൽ 43,720 രോഗികളാണ് ഡയാലിസിസിന് വിധേയരായത്. 2021ൽ ഇത് 91759ഉം 2022ൽ 1,30,633ഉം 2023ൽ 1,93,281ഉം ആയി. ഇതിലേറെ രോഗികൾ വെയ്റ്റിങ് ലിസ്റ്റിലുമുണ്ട്. സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് കീഴിൽ മാത്രം 105 ഡയാലിസിസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. കൂടുതൽ കേന്ദ്രങ്ങൾ തുറക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
അത്യാവശ്യമാണെങ്കിൽ മാത്രം മരുന്ന് ഉപയോഗിക്കുകയും അല്ലാത്തപ്പോൾ രോഗകാരണങ്ങളെ ഒഴിവാക്കി നല്ല ശീലങ്ങൾക്ക് പ്രാധാന്യം നൽകുകയുമാണ് വേണ്ടതെന്ന് എറണാകുളം ജില്ല ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഷർമദ് ഖാൻ പറയുന്നു. അടിയന്തര സാഹചര്യത്തിലൊഴികെ ഏറ്റവും വീര്യം കുറഞ്ഞ മരുന്നുകൾ മാത്രമേ ഉപയോഗിക്കാവൂ.
‘പ്രമേഹവും രക്താദിസമ്മർദവും തൈറോയ്ഡും വൃക്കരോഗവുമൊക്കെയുള്ളവർ ഡോക്ടറെ കാണാതെ മരുന്ന് വാങ്ങിക്കഴിക്കുന്നത് വളരെ ദോഷം ചെയ്യും. ഇങ്ങനെ വാങ്ങുന്നത് രോഗത്തിനല്ല, രോഗ ലക്ഷണത്തിനാണ്. ലക്ഷണം പലതും കൊണ്ടാകും. വേദനാ സംഹാരികളാണ് പ്രധാന വില്ലൻ. ചിലർക്ക് ഗുരുതര അലർജി പ്രശ്നങ്ങളും കരൾ വീക്കവും കണ്ടുവരുന്നു. മരുന്ന് എങ്ങനെയും കഴിക്കാം എന്ന ചിന്ത നല്ലതല്ല-കരൾ രോഗ വിദഗ്ധൻ ഡോ. അബി ഫിലിപ്പിന്റെ വാക്കുകൾ.
ആവശ്യത്തിൽ കൂടുതൽ മരുന്ന് കേരളത്തിൽ വിൽക്കുന്നുണ്ടെന്നും രോഗത്തെക്കുറിച്ച അമിത ഉത്കണ്ഠയാണ് അനാവശ്യ ചികിത്സ തേടാൻ പലരെയും പ്രേരിപ്പിക്കുന്നതെന്നുമാണ് മുൻ ഡ്രഗ്സ് കൺട്രോളർ ഡോ. രവി എസ്. മേനോൻ പറയുന്നത്.
ആരോഗ്യരംഗത്ത് ലോകത്തിന് മാതൃകയായാണ് കേരളം ഉയർത്തിക്കാട്ടപ്പെടുന്നത്. എന്നാൽ, മരുന്നിൽ മലയാളിയുടെ സാക്ഷരത ഉയരരേണ്ടതുണ്ട്. രോഗത്തിന് കൃത്യമായ ചികിത്സ തേടണം. അതിന് ആശ്രയിക്കേണ്ടത് വാട്സ്ആപ് യൂനിവേഴ്സിറ്റികളെയല്ല, യോഗ്യതയുള്ള ഡോക്ടർമാരെയാണ്.
(അവസാനിച്ചു)
വേണ്ട, സ്വയം ചികിത്സ
സ്വയം ചികിത്സ ഒരിക്കലും പാടില്ല. എന്തിനും സ്പെഷലിസ്റ്റുകളെ കാണുന്ന ശീലം മാറണം. ഫാമിലി ഡോക്ടർ എന്ന സങ്കൽപമാണ് ഉണ്ടാകേണ്ടത്. പഴയ കുറിപ്പടി വെച്ച് മരുന്ന് വാങ്ങുക, പഴയ മരുന്നിന്റെ ബാക്കി കഴിക്കുക, അമിതമായി ഉപയോഗിക്കുക എന്നീ പ്രവണതകളൊന്നും നന്നല്ല. ആന്റിബയോട്ടിക് അമിത ഉപയോഗം നിർബന്ധമായും തടയണം. ആന്റിബയോട്ടിക് എഴുതുന്നതിൽ ഡോക്ടർമാർക്ക് പരിശീലനവും ബോധവത്കരണവും നൽകാൻ ഐ.എം.എ ശ്രദ്ധിക്കുന്നുണ്ട്.
ഗുണനിലവാരമുള്ള മരുന്ന് മാത്രമേ സർക്കാർ സംവിധാനങ്ങളിലൂടെ നൽകൂ എന്നൊരു നയം ഉണ്ടാകണം. നൂറ് രൂപക്ക് ആയിരം പേർക്ക് മരുന്ന് നൽകുകയല്ല, പത്ത് പേർക്ക് ഗുണനിലവാരമുള്ള മരുന്ന് നൽകുകയാണ് വേണ്ടത്.
ഡോ. സുൾഫി നൂഹു (ഐ.എം.എ സംസ്ഥാന പ്രസിഡന്റ്)
മരുന്നിന്റെ മനഃശാസ്ത്രം
ആരോഗ്യ കാര്യങ്ങളെ കുറിച്ച് വായിച്ചറിവുകളും ഗൂഗ്ൾ അറിവുകളും വിഡിയോ അറിവുകളും മലയാളിക്ക് കൂടുതലാണ്. ഇതിന് ഗുണവും ദോഷവുമുണ്ട്. പ്രതിരോധ കുത്തിവെപ്പുകളുടെ കാര്യത്തിലും രോഗങ്ങൾ നേരത്തേ തിരിച്ചറിയുന്നതിലും ഈ അറിവ് ഗുണം ചെയ്യും. എന്നാൽ, വിദഗ്ധരുമായി ചർച്ച ചെയ്ത് പക്വമായ തീരുമാനത്തിലെത്തുന്നതിനുപകരം പലരും മുറി വൈദ്യന്മാരുടെ കുപ്പായമണിയുന്നു.
ഈ കൂട്ടരാണ് സ്വയം രോഗം നിർണയിച്ച്, സ്വയം നിശ്ചയിക്കുന്ന മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങി കഴിക്കുന്നത്. സ്വയം തോന്നലിന്റെ അടിസ്ഥാനത്തിൽ ചില പരിശോധനകളൊക്കെ ചെയ്യാൻ ഡോക്ടർമാരെ ഇക്കൂട്ടർ നിർബന്ധിക്കുകയും ചെയ്യും. അറിവുകൾ ആരോഗ്യ സാക്ഷരതയെയാണ് രൂപപ്പെടുത്തേണ്ടത്. അല്ലാതെ സ്വയം ചികിത്സിക്കാൻ പ്രേരിപ്പിക്കുന്ന മുറിവൈദ്യനെയല്ല. ഡോക്ടറുടെ കുറിപ്പടിയില്ലാതെ കൗണ്ടറിൽ നിന്ന് മരുന്ന് വാങ്ങാൻ വരുന്നവരെ തിരുത്താൻ പല മെഡിക്കൽ സ്റ്റോറുകളും മുതിരാറുമില്ല. ഈ പ്രവണത കേരളത്തിൽ കൂടിവരുകയാണ്.
ഡോ. സി.ജെ. ജോൺ (സീനിയർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ്, എറണാകുളം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.