ആരോഗ്യമേഖല നിരൂപണവിധേയമാകേണ്ട തെരഞ്ഞെടുപ്പ്
text_fieldsലോകതലത്തിൽ ആരോഗ്യമേഖല ഇത്രയധികം ശ്രദ്ധനേടിയ ഘട്ടം സമീപകാലത്തുണ്ടായിട്ടില്ല. കോവിഡ് കാലത്തെ ട്രംപിെൻറ തെറ്റായ ആരോഗ്യനയങ്ങൾ അമേരിക്കൻ തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിച്ചു. നിയമസഭ തെരഞ്ഞെടുപ്പിലേക്കു പോകുന്ന കേരളത്തിലും കഴിഞ്ഞ അഞ്ചു വർഷത്തെ ആരോഗ്യമേഖലയുടെ മൊത്തം പ്രവർത്തനങ്ങളോടൊപ്പം നിപ-കോവിഡ് കാലത്തെ സർക്കാർ നടപടികൾകൂടി ചർച്ചചെയ്യപ്പെടേണ്ടതാണ്.
നിപയും കോവിഡും
ഏറ്റവും മാതൃകാപരമായാണ് ആരോഗ്യവകുപ്പ് നിപയെ നിയന്ത്രണവിധേയമാക്കിയത്. വ്യാപനശേഷിയിലും രോഗതീവ്രതയിലും തീർത്തും വ്യത്യസ്തമായ കോവിഡിെൻറ നിയന്ത്രണത്തിന് നിപക്കെതിരെ സ്വീകരിച്ച അതേ നടപടികൾ പകർത്താൻ ശ്രമിച്ചത് ആരോഗ്യമേഖല ജോലിഭാരത്താൽ തളർന്നുപോകാതിരിക്കാനും മരണനിരക്ക് ഒരു പരിധിവിട്ട് കൂടാതിരിക്കാനും സഹായിച്ചു. പക്ഷേ, അമിത നിയന്ത്രണങ്ങൾ ചൈനക്കുശേഷം ലോകത്താദ്യമായി കോവിഡെത്തിയ ഇടമായിട്ടും ഇപ്പോഴും രോഗതീവ്രതയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമായി കേരളം തുടരാൻ കാരണമായി. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും മാസ്ക്കും സാമൂഹിക അകലവുമില്ലാതെ സാധാരണ ജീവിതം തിരിച്ചുപിടിച്ചപ്പോൾ ഇലക്ഷൻ കാലത്തെ അയവില്ലായിരുന്നുവെങ്കിൽ കേരളം ഇപ്പോഴും വലിയ സാമൂഹിക-സാമ്പത്തിക നഷ്ടങ്ങൾ നിലനിർത്തി കോവിഡ് ബന്ധനത്തിൽ തുടരുമായിരുന്നു.
അവാർഡുകൾക്കും അവകാശവാദങ്ങൾക്കുമപ്പുറം
ഈ സർക്കാർ അധികാരമേൽക്കുംമുേമ്പ സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷക്കായി ഗ്രാമതല ആസൂത്രണം എന്ന കാഴ്ചപ്പാടിൽ, 'ആർദ്ര'ത്തെക്കുറിച്ച ചർച്ച ആരംഭിച്ചിരുന്നു. അഞ്ചു വർഷംകൊണ്ട് സംസ്ഥാനം നേടേണ്ട പൊതുജനാരോഗ്യ നേട്ടങ്ങളെ ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച സുസ്ഥിര വികസനലക്ഷ്യങ്ങളുമായി താദാത്മ്യപ്പെടുത്തി ഹ്രസ്വകാല, ദീർഘകാല ആരോഗ്യസൂചികാനേട്ടങ്ങൾ പട്ടികപ്പെടുത്തുകയായിരുന്നു ആദ്യം ചെയ്തത്. ഇതിനായി അവലംബിച്ച ആരോഗ്യ സ്ഥിതിവിവരക്കണക്കുകൾ പലതും ദുർലഭവും ദുർബലവുമായിരുന്നു.
ആരോഗ്യമേഖലയിലെ വിവരശേഖരണം, ശാസ്ത്രീയ വിശകലനം, പഞ്ചായത്ത്-സംസ്ഥാനതല താരതമ്യം, പ്രശ്നങ്ങളുടെ പ്രാധാന്യക്രമം, കേന്ദ്ര-സംസ്ഥാന ഫണ്ടുകളെ പഞ്ചായത്ത്, ഉദാരമതികൾ, എൻ.ജി.ഒകൾ എന്നിവയുടെ ഫണ്ടുകളുമായി ഫലപ്രദമായി സംയോജിപ്പിച്ച് പദ്ധതി തയാറാക്കാനുള്ള സമഗ്രപരിശീലനം എന്നിവയിൽ തെരഞ്ഞെടുത്തവർക്ക് ജില്ലയിൽ കാര്യക്ഷമമായ പരിശീലനം നൽകിയിരുന്നു. വിവിധ കാറ്റഗറി ജീവനക്കാർക്ക് പരിശീലനം പൂർത്തിയാക്കാൻ ആദ്യത്തെ ഒന്നൊന്നര കൊല്ലംതന്നെയെടുത്തു. എന്നാൽ, താഴേത്തട്ടിൽ ഇവ എത്തിയപ്പോഴേക്കും മല എലിയെ പ്രസവിച്ചപോലെയായി.
സൂനാമിക്കുശേഷം കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് പ്രത്യക്ഷപ്പെട്ട ഡെങ്കിപ്പനി ഒന്നര പതിറ്റാണ്ടായി മരണതാണ്ഡവമാടുകയാണ്. പ്ലാസ്റ്റിക് ഉൾെപ്പടെ ഖരമാലിന്യം പല മടങ്ങ് വർധിച്ചിട്ടും ആഹാരമാലിന്യങ്ങൾ കുമിഞ്ഞുകൂടി എലിപ്പനി കൂടിയിട്ടും നാമിപ്പോഴും പ്ലാസ്റ്റിക് പാത്രകടലാസുകൾ മാത്രം നിരോധിച്ച് ഫ്ലക്സ് ആഘോഷത്തിലാണ്. എലിപ്പനി, ഡെങ്കിപ്പനി, മലേറിയ, മന്ത്, ജപ്പാൻജ്വരം, വയറിളക്കരോഗങ്ങൾ, ടൈഫസ്പനികൾ, എച്ച്1 എൻ1, കുരങ്ങുപനി, ടി.ബി, കുഷ്ഠം തുടങ്ങിയ പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ ഉപകാരമാകുമായിരുന്ന 'ഹരിതകേരള മിഷൻ' പ്രവർത്തനങ്ങൾ അത്തരത്തിൽ സോദ്ദേശ്യപൂർവം ഏകോപിപ്പിക്കാൻ ഇരുമിഷനുകൾക്കും സാധ്യമായില്ല.
ഏട്ടിലപ്പടി പയറ്റിലിപ്പടി
ഭാവികേരളത്തിെൻറ പ്രാഥമികാരോഗ്യ ആസൂത്രണം സംബന്ധിച്ച മാർഗരേഖകളുടെയും കൈപ്പുസ്തകങ്ങളുടെയും ഒരു സമാഹാരം സംഭാവന ചെയ്തതും പരിശീലനപരിപാടികൾ ആസൂത്രണംചെയ്തതും ഒരു മുതൽക്കൂട്ടുതന്നെ. ഈ സമഗ്ര ആരോഗ്യ മാർഗരേഖകളെ അമ്പേ പരാജയപ്പെടുത്തുന്ന സങ്കുചിത രാഷ്ട്രീയതാൽപര്യങ്ങളും അഴിമതിയും ഫലത്തിൽ 'ആർദ്ര' ലക്ഷ്യങ്ങളെ അട്ടിമറിച്ചു.
രോഗചികിത്സയിലും ഗവേഷണങ്ങളിലും മികവിെൻറ കേന്ദ്രങ്ങളാകേണ്ട മെഡിക്കൽ കോളജുകളുടെ അവസ്ഥ ദയനീയമായി തുടരുകയാണ്. കൂടുതൽ അധ്യാപകരെ ആവശ്യമുള്ള Curriculum Based Medical Education (CBME) എന്ന നവീനപഠനരീതിക്ക് ദേശീയതലത്തിൽ തുടക്കമായിട്ട് രണ്ടു വർഷത്തോളമായി. അതേസമയം, ആദ്യമേ അധ്യാപകക്ഷാമമുണ്ടായിരുന്ന നമ്മുടെ മെഡിക്കൽ കോളജുകളിലെ മിക്ക ഡിപ്പാർട്മെൻറുകളിലും എട്ടും ഒമ്പതും വർഷങ്ങളായി പുതുനിയമനത്തിനുള്ള പി.എസ്.സി പരീക്ഷപോലും നടത്തിയിട്ട്. അധ്യാപകക്ഷാമം കാലങ്ങളായി തുടരുന്ന ഈ സാഹചര്യത്തിനു പുറമെയാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ഒാരോ ജില്ലയിലും പുതിയ മെഡിക്കൽ കോളജുകൾ തുടങ്ങിയത്. അപൂർവം ചില മെഡിക്കൽ കോളജുകളിലെ വളരെ കുറഞ്ഞ ഡിപ്പാർട്മെൻറുകളൊഴികെ എല്ലായിടങ്ങളും അത്യാധുനിക ചികിത്സസംവിധാനങ്ങളുടെ കാര്യത്തിൽ സർക്കാർ മെഡിക്കൽ കോളജുകൾ തൊട്ടടുത്ത സ്വകാര്യ സ്പെഷാലിറ്റി ആശുപത്രികളേക്കാൾ എത്രയോ പിറകിലാണ്.
ഇതിനു മുകളിലാണ് കോവിഡ് കാലത്ത് മറ്റെല്ലാ ചികിത്സകളും വൈദ്യവിദ്യാഭ്യാസവും മുടക്കി മെഡിക്കൽ കോളജുകളെ കേവല കോവിഡ്കേന്ദ്രങ്ങൾ മാത്രമാക്കി മാറ്റിയത്. ഭൂരിഭാഗം കോവിഡ്കേസുകളും താഴെതട്ടിലുള്ള ആശുപത്രികളിൽ ചികിത്സിക്കാമായിരുന്നു എന്നിരിക്കെ ബിരുദബിരുദാനന്തര പഠനങ്ങളടക്കം മെഡിക്കൽ വിദ്യാഭ്യാസം പൂർണമായി തടസ്സപ്പെടുന്ന അവസ്ഥയുണ്ടായത് നിർഭാഗ്യകരമാണ്.
നിതി ആയോഗിെൻറ ഏറ്റവും പുതിയ റാങ്കിങ്ങിലും കേരളം ഒന്നാം സ്ഥാനത്താണ്. 23 മേഖലകളിൽ ഊന്നിയ ആരോഗ്യസൂചികകൾ പരിഗണിക്കപ്പെട്ട ഈ റാങ്കിങ്ങിൽ പലതിലും കേരളം മുൻപന്തിയിൽ നിൽക്കുമ്പോൾതന്നെ ചില മേഖലകളിലെങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണ്. ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂർ സേവനം ലഭ്യമാകുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ കണക്കിൽ ഏറ്റവും പിറകിലാണ് കേരളം.
ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഛത്തിസ്ഗഢിൽ 111 സ്ഥാപനങ്ങൾ ഇത്തരത്തിൽ പ്രവർത്തിക്കുമ്പോൾ കേരളത്തിൽ ഇതിെൻറ എണ്ണം പൂജ്യമാണ്. അതുപോലെതന്നെ സേവനങ്ങളുടെ ലഭ്യതയും മാനവവിഭവശേഷിയും മരുന്നുകളുടെ ലഭ്യതയുമെല്ലാം കണക്കിലെടുത്ത് കമ്യൂണിറ്റി ഹെൽത്ത് സെൻററുകൾക്ക് േഗ്രഡ് നൽകി സൂചിക നോക്കുമ്പോൾ നാലിലധികം പോയൻറ് നേടിയ സ്ഥാപനങ്ങളിൽ കേരളം വെറും 0.4 ശതമാനം മാത്രമാണ്.
കേരളം മുന്നിൽ നിൽക്കുന്ന പല സൂചികകളും പൂർണമായും ആരോഗ്യവകുപ്പുമായി മാത്രം ബന്ധപ്പെട്ടതല്ല. വിദ്യാഭ്യാസം, ശുചിത്വം, സ്ത്രീസാക്ഷരത തുടങ്ങി ആരോഗ്യാനുബന്ധ മേഖലകളിൽ നാം കാലങ്ങളായി ആർജിച്ചെടുത്ത നേട്ടങ്ങളുടെ ഫലംകൂടിയാണ്. ആരോഗ്യമേഖലയുമായി നേരിട്ട് ബന്ധപ്പെട്ട സൗകര്യങ്ങൾ, ഡേറ്റ ശേഖരണം എന്നീ മേഖലകളിൽ പലപ്പോഴും നമ്മുടെ പ്രവർത്തനങ്ങൾ അപര്യാപ്തമാണെന്ന് ഇൗ കണക്കുകൾ വിളിച്ചോതുന്നു.
തെറ്റായ ജീവിതശൈലിയുടെ ഭാഗമായുണ്ടാകുന്ന ടൈപ് രണ്ട് പ്രമേഹത്തിൽ ഇന്ത്യയിൽ ഒന്നാമതാണ് കേരളം. പതിനായിരങ്ങളാണ് വൃക്കരോഗം ബാധിച്ച് ഡയാലിസിസിലൂടെ ജീവിതം തള്ളിനീക്കുന്നത്. ഹൃദ്രോഗങ്ങൾമൂലം പ്രവർത്തനക്ഷമത നഷ്ടപ്പെട്ടവരും അത്രതന്നെ വരും. പ്രമേഹസങ്കീർണതകൾ, അർബുദം, കിഡ്നി, ശ്വാസകോശരോഗങ്ങൾ എന്നിവ മൂലമുള്ള മരണനിരക്ക് കേരളത്തിൽ ദേശീയ ശരാശരിയേക്കാൾ എത്രയോ മുകളിലാണ്. ഈ രോഗങ്ങളെ നേരിടാൻ നമ്മുടെ ആരോഗ്യസംവിധാനത്തിന് ആകെയുള്ളത് രക്താതിസമ്മർദത്തിനും പ്രമേഹത്തിനുമുള്ള മരുന്നുകൾ വിതരണം ചെയ്യുന്ന പരിപാടി മാത്രമാണ്. സമൂഹത്തെ ശരിയായ ജീവിതശൈലി പഠിപ്പിക്കാനുള്ള പരിപാടികൾ ഇനിയും ആവിഷ്കരിക്കേണ്ടിയിരിക്കുന്നു.
ഫണ്ടിങ്ങിൽനിന്ന് സർക്കാർ പിൻവാങ്ങുന്നു
സർക്കാർ തലത്തിൽ സൗജന്യം ഇപ്പോൾ ഒ.പി ചികിത്സക്കു മാത്രമാണ്. നല്ലൊരു ഭാഗം കിടത്തിച്ചികിത്സക്കും സർജറികൾക്കും സ്വകാര്യ ഇൻഷുറൻസ് സംവിധാനങ്ങളിലൂടെ പണം കണ്ടെത്തുന്നു. ഈ കമ്പനികൾ മിക്കവയും രജിസ്ട്രേഷൻ തുടങ്ങുന്നത് നീട്ടിക്കൊണ്ടുപോവുക, രജിട്രേഷൻ നേരേത്ത വെട്ടിച്ചുരുക്കുക തുടങ്ങിയ പരിപാടികളിലൂടെ കെടുകാര്യസ്ഥത തെളിയിച്ചുകഴിഞ്ഞു. ഇങ്ങനെ സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ മുന്നിൽ നിർത്തി സർക്കാർ ആരോഗ്യഫണ്ടിങ്ങിൽനിന്ന് ക്രമേണ പിറകോട്ടു പോകുന്നതിനേക്കാൾ അഭികാമ്യം സമ്പൂർണമായും സർക്കാർ നിയന്ത്രണത്തിലുള്ള കാനഡയുടെയും ബ്രിട്ടെൻറയും ആരോഗ്യമാതൃകകൾ പിന്തുടരലാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.