നൽകാം ഹൃദയത്തിന് ഹൃദ്യമായ പരിചരണം
text_fieldsമനുഷ്യരാശിയെ മുഴുവൻ ദുരിതത്തിലാഴ്ത്തി കൊറോണ വൈറസ് അഥവാ കോവിഡ് 19 രോഗബാധിതർ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വേളയിൽ നാം അതീവ ശ്രദ്ധാലുക്കളായി ഇരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ഓരോ മനുഷ്യനും അതിനായി പരിശ്രമിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ഒരു ഹൃദയ ദിനം കൂടി കടന്നുവന്നിരിക്കുന്നു. വരാനിരിക്കുന്ന രോഗത്തെക്കുറിച്ച് ഓരോരുത്തരും അത്യധികം ജാഗരൂകരാണ് എന്നതിൽ സംശയമില്ല. ശ്രദ്ധ വളരെ നല്ലതാണ്. സാമൂഹിക അകലം ഒരിക്കലും ഹൃദയത്തോടുള്ള അകലം ആവരുത് എന്നു മാത്രം.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചപ്പിക്കുന്നത് ഇന്ന് ലോകത്ത് പ്രതിവർഷം മരിക്കുന്നവരിൽ 31% (1.7 മില്യൺ) ആളുകളും ഹൃദ്രോഗികളാണ്. മഹാമാരിയുടെ മറവിൽ പല ഹൃദ്രോഗികൾക്കും ചികിത്സ ലഭിക്കുന്നില്ല എന്നത് അത്യധികം വേദനാജനകമാണ്.
ഹൃദയാഘാതം സംഭവിച്ച ഒരു രോഗിക്ക് ആദ്യത്തെ 1 മണിക്കൂർ ഗോൾഡൻ ഹവർ ആണ്. ആ നിശ്ചിത സമയത്ത് രോഗിക്ക് കിട്ടേണ്ട ചികിത്സക്ക് ഒരു ജീവൻെറ വിലയുണ്ട്. ചികിത്സ വൈകിയാൽ മരണം വരെ സംഭവിച്ചേക്കാവുന്ന ഇത്തരം രോഗികൾക്ക് വേണ്ട പരിഗണന ഈ കോവിഡ് കാലത്തും നാം നൽകേണ്ടതുണ്ട്. പണ്ട് കൃത്യമായി നടത്തവും വ്യായാമവും ശീലമാക്കിയ പലരും ഇന്ന് കോവിഡ് ഭീതിയിൽ വീട്ടിലിരിപ്പാണ്. വ്യായാമം ചെയ്യാൻ നാം പരിശീലന കേന്ദ്രങ്ങളെയോ, ബോഡി ബിൽഡിങ് െസൻററുകളെയോ ആശ്രയിക്കേണ്ടതില്ല. വീട്ടിലിരുന്ന് തന്നെ നമുക്ക് വ്യായാമം ശീലമാക്കാം.
വീട്ടിൽ വെറുതെ ഇരിപ്പാണെന്ന് വെച്ച് ഭക്ഷണം വാരിവലിച്ചു കഴിക്കാതിരിക്കുക. കിട്ടുന്നതെന്തും വലിച്ചുവാരിക്കഴിക്കുന്ന പ്രകൃതക്കാരാണ് നമ്മള്‍. എന്തു കഴിക്കണമെന്നതിനെപ്പറ്റിയും എങ്ങനെ കഴിക്കണമെന്നതിനെപ്പറ്റിയും ചില പ്രകൃതി നിയമങ്ങളുണ്ട്. പ്രകൃതി നമുക്കു വേണ്ടി ഒരുക്കുന്ന ആഹാരമാണോ നാം കഴിക്കുന്നത്? വായ്ക്ക് രുചിയുണ്ടെന്ന് തോന്നുന്നതെന്തും മൂക്കറ്റം കഴിക്കുന്ന നിലപാട് മാറ്റേണ്ടിയിരിക്കുന്നു. ഓരോ ജീവിക്കും അനുയോജ്യമായ ആഹാരം പ്രകൃതി ഒരുക്കുന്നുണ്ട്.
മാംസ്യം, അന്നജം, കൊഴുപ്പ്, ധാതുലവണങ്ങള്‍, ജീവകങ്ങള്‍ എന്നീ ഘടകങ്ങള്‍ നിശ്ചിത അനുപാതത്തില്‍ അടങ്ങുന്ന സമീകൃത ആഹാരമാണ് കഴിക്കേണ്ടത്. ഈ അനുപാതത്തിൻെറ അളവു തെറ്റിയാല്‍ നമ്മുടെ ശരീരത്തിന് അത് ഭീഷണിയാകും. ആവശ്യത്തിലധികം ആഹരിക്കുമ്പോള്‍ അമിത കൊളെസ്ട്രോളും, പ്രമേഹവും, പൊണ്ണത്തടിയും അനുബന്ധരോഗങ്ങളും ഉണ്ടാകുന്നു. ഭക്ഷണം കഴിക്കുന്നതിൽ മിതത്വം പാലിക്കുക എന്നത് എപ്പോഴും വളരെ മുഖ്യമാണ്.
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കുന്നതാണ് ഹൃദയത്തിനും നമുക്കും നല്ലത്. ജീവിതത്തിലെ വിജയങ്ങളിൽ അതിയായി സന്തോഷിക്കുകയും, പ്രയാസങ്ങളിൽ തകർന്നു പോകുന്ന പ്രകൃതക്കാരുമാണ് നമ്മളിൽ പലരും. കോവിഡ് കാലം സാമ്പത്തികമായും മാനസികമായും നമ്മെ തളർത്തുമ്പോൾ പുകവലി, മദ്യപാനം തുടങ്ങിയവയിൽ പരിഹാരം കണ്ടെത്താതിരിക്കുക. അതും നമ്മുടെ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും. ആരോഗ്യമുള്ള നാളെയ്ക്കായി മാനസിക സംഘർഷങ്ങളെ നിയന്ത്രണ വിധേയമാക്കുക.
കണ്ടെയിൻമെൻറ്, ക്വാറൻറീൻ എന്നീ വാക്കുകൾ നിത്യ ജീവിതത്തിൻെറ ഭാഗമായി മാറിയപ്പോൾ എന്നും നമ്മുടെ ജീവിതത്തിൻെറ ഭാഗമായ ഹൃദയത്തെ നാം വിസ്മരിച്ചു കൂടാ. ഒന്നോർക്കുക, കോവിഡ് ബാധിതരിൽ ഹൈ റിസ്ക് ഗണത്തിൽ പെടുന്നവരാണ് ഹൃദ്രോഗികൾ. അതായത് ഹൃദ്രോഗികൾ മറ്റുള്ളവരെക്കാൾ ശ്രദ്ധിക്കണം. ആശുപത്രികൾ രോഗശമനത്തിൻെറ ക്രേന്ദമായി കണ്ട പലരും ഇന്ന് ഭീതിയോടെയും രോഗസംക്രമണ കേന്ദ്രമെന്ന നിലയിലുമാണ് ആശുപത്രികളെ കണ്ടുവരുന്നത്. ആ ഭീതി ഒരിക്കലും ഹൃദ്രോഗികളിൽ ഉണ്ടാക്കാതിരിക്കുക. ഇന്നത്തെ സാഹചര്യത്തിൽ ഹൃദ്രോഗങ്ങളോടുള്ള നമ്മുടെ അവഗണന വലിയ ദോഷം ചെയ്യും.
പലർക്കും ഇന്നും ഹൃദ്രോഗങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് ഇതിനുകാരണം. അത് നമ്മുടെ ഉറ്റവരുടെ ജീവൻ വരെ നഷ്ടപ്പെടുത്തിയേക്കാം. നെഞ്ചിലുണ്ടാവുന്ന ചെറിയ അസ്വസ്ഥതകളെ, ഇന്നലെ കഴിച്ച ആഹാരം കൊണ്ടുണ്ടായ ഗ്യാസ്ട്രൈറ്റിസ് ആയോ, ചെറുതല്ലേ കുഴപ്പമില്ലാ, ഈ സമയത്ത് ആശുപത്രിയിൽ പോവുന്നതാണ് മണ്ടത്തരം എന്നൊക്കെ വിചാരിച്ചു സ്വയം ചികിത്സിക്കാൻ നിൽക്കരുത്. ആ ചെറിയ വേദന നാളെ നിങ്ങളെ അപകടകരമായ അവസ്ഥയിൽ എത്തിച്ചേക്കാം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദഗ്ധ പരിശോധന നടത്തേണ്ടതും ഹൃദയം ആരോഗ്യപൂർണമാണെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. ഹൃദയത്തിന് ഹൃദ്യമായ പരിചരണം ആവശ്യമാണ്. നമ്മുടെ ആരോഗ്യം നമുക്കെന്ന പോലെ നമ്മെ സ്നേഹിക്കുന്നവർക്കും പ്രാധാന്യമുള്ളതാണ്. ആയതിനാൽ ഹൃദയത്തെ അവഗണിക്കാതെ, ഹൃദയ പരിപാലനം ഈ കോവിഡ് കാലത്തും നമുക്ക് പ്രാവർത്തികമാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.