ഹോമിയോപ്പതി; പ്രതീക്ഷയുടെ തിരിനാളം
text_fieldsഏപ്രിൽ 10, ലോക ഹോമിയോപ്പതി ദിനം. ഹോമിയോപ്പതിയുടെ സ്ഥാപകനായ ഡോ. സാമുവൽ ഹനിമാന്റെ 267ാമത് ജന്മദിനം. ജർമൻ ഭിഷഗ്വരനായ അദ്ദേഹം ഹോമിയോപ്പതിയെ ഈ ലോകത്തിന് സമ്മാനിച്ചിട്ട് ഏകദേശം 226 വർഷങ്ങൾ പിന്നിടുന്നു. ഈ ചുരുങ്ങിയ കാലങ്ങൾകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും ജനസമ്മതിയുള്ള സമാന്തര ചികിത്സാരീതിയായി ഹോമിയോപ്പതി വളർന്നു. 2017ലെ കണക്കുകൾ പ്രകാരം ലോകത്ത് 200 ദശലക്ഷം ആളുകൾ തുടർച്ചയായി ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നു. ലോകത്തിൽ 80ഓളം രാജ്യങ്ങളിൽ ഹോമിയോപ്പതി ഉപയോഗത്തിലുണ്ട്. 42 ഓളം രാജ്യങ്ങളിൽ നിയമാനുസൃതമായി ഒരു സ്വതന്ത്ര ചികിത്സാരീതിയായി ഹോമിയോപ്പതിയെ സ്വീകരിച്ചിരിക്കുന്നു. 28ഓളം രാജ്യങ്ങളിൽ ഇതിനെ ഒരു സമാന്തര ചികിത്സാരീതിയായി ഉപയോഗിക്കുന്നു. ലോകത്തിൽ ഏറ്റവും വേഗതയിൽ വളരുന്ന ചികിത്സാരീതിയും ഹോമിയോപ്പതിതന്നെ.
ഹോമിയോപ്പതിയുടെ ഫലപ്രാപ്തി കഴിഞ്ഞ രണ്ടര നൂറ്റാണ്ടായി ലോകം അനുഭവിക്കുന്നു. 1830ലെ കോളറ മുതൽ 1918ലെ സ്പാനിഷ് ഫ്ലൂവരെ ലോകത്തെ അതീവ ദുരന്തത്തിലാഴ്ത്തിയ പകർച്ചവ്യാധികൾക്ക് മുന്നിൽ സാമ്പ്രദായിക അലോപ്പതി ചികിത്സാരീതി പകച്ചുനിന്നപ്പോൾ രക്ഷക്കെത്തിയത് ഹോമിയോപ്പതിയായിരുന്നു. 1974ൽ ബ്രസീലിൽ കുട്ടികൾക്കിടയിൽ മസ്തിഷ്കജ്വരം പടർന്നുപിടിച്ചപ്പോൾ അത് തടഞ്ഞുനിർത്തിയത് ഹോമിയോപ്പതി പ്രതിരോധമരുന്നുകളായിരുന്നു. എന്തിനേറെ 1990 മുതൽ ഇന്ത്യയിൽ ജപ്പാൻ ജ്വരം പടർന്നുപിടിച്ചപ്പോൾ വാക്സിനുകൾക്ക് ഫലപ്രാപ്തിയില്ലാതായപ്പോൾ കേന്ദ്ര ഗവൺമെൻറ് ഹോമിയോപ്പതി മരുന്നുകൾ പ്രത്യേക ഇടവേളകളിൽ 1990 മുതൽ വിതരണം ആരംഭിക്കുകയും ശേഷം അസുഖ-മരണ നിരക്കുകൾ കാര്യമായി കുറക്കാൻ സാധിക്കുകയും ചെയ്തു. പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള അനേകം മരുന്നുകൾ ഹോമിയോപ്പതിയിൽ ലഭ്യമാണ്.
ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്നയാളാണ് സാമുവൽ ഹനിമാൻ. മെഡിക്കൽ ബിരുദം പൂർത്തിയാക്കി, രോഗീപരിശോധന ആരംഭിച്ച അദ്ദേഹം അന്നത്തെ ചികിത്സാരീതികളിൽ പൂർണ അതൃപ്തനും ചികിത്സമൂലം രോഗികൾ നേരിടുന്ന ശാരീരിക-മാനസിക ബുദ്ധിമുട്ടുകളിൽ അസ്വസ്ഥനുമായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം മെഡിക്കൽ പ്രാക്ടീസ് ഉപേക്ഷിക്കുകയും ഒരു ബദൽ ചികിത്സാരീതിയെപ്പറ്റിയുള്ള അന്വേഷണങ്ങളിൽ വ്യാപൃതനാവുകയും ചെയ്തു. അക്കാലത്തെ പ്രമുഖമായ 'കല്ലൻസ് മറ്റീരിയ മെഡിക്ക' തർജമ ചെയ്യുന്നതിനിടയിൽ, മലേറിയക്ക് കൊടുക്കുന്ന സിൻകോണ എന്ന ഔഷധത്തെപ്പറ്റിയുള്ള ചില പ്രതിപാദ്യങ്ങളിൽ സംശയം തോന്നിയ അദ്ദേഹം സിൻകോണയുടെ ഔഷധഗുണങ്ങൾ പഠിക്കുന്നതിനായി, അതിന്റെ തൊലിയരച്ച് കഴിച്ചുനോക്കുകയും ചെയ്തു.
സിൻകോണ കഴിച്ചതിനുശേഷം അദ്ദേഹത്തിൽ മലേറിയ പനിപോലെയുള്ള ലക്ഷണങ്ങൾ പ്രകടമായി. ശേഷം മറ്റുപലർക്കും ഇതേ ലക്ഷണങ്ങൾ കണ്ടു. 'രോഗലക്ഷണങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള വസ്തുക്കൾക്ക് സമാന ലക്ഷണങ്ങളുള്ള രോഗങ്ങളെ ശമിപ്പിക്കാനും കഴിയും എന്ന 'സിമിലിയ സിമിലിബസ് കറൻഡർ' എന്ന ഹോമിയോപ്പതിയുട അടിസ്ഥാന തത്ത്വത്തിലേക്ക് അദ്ദേഹം എത്തിച്ചേർന്നു. വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസും ശേഷം വന്ന പാരാസെൽസുമെല്ലാം സിമിലിയ സിദ്ധാന്തത്തെ പറ്റി സൂചനകൾ നൽകിയവരായിരുന്നു. ഡോ. സാമുവൽ ഹനിമാന്റെ സിൻകോണ പരീക്ഷണം ആരോഗ്യമേഖലയിലെ ഒരു പുതുയുഗപ്പിറവിയിലേക്ക് നയിക്കുകയും 'ഹോമിയോപ്പതി' എന്ന പുതിയ വൈദ്യശാസ്ത്ര ശാഖയുടെ ജനനത്തിന് കാരണമാവുകയും ചെയ്തു. 1843 ജൂലൈയിൽ മരണപ്പെടുന്നതുവരെ അദ്ദേഹം ഹോമിയോപ്പതിയിലെ പരീക്ഷണ-നിരീക്ഷണങ്ങളിൽ വ്യാപൃതനായി. സിൻകോണക്കുശേഷം ഇന്ന് 2022ൽ എത്തിനിൽക്കുമ്പോൾ 8000ലധികം ഹോമിയോപ്പതി മരുന്നുകൾ പ്രൂവ് ചെയ്യപ്പെട്ടിട്ടുണ്ട്. അവയിൽ 2000ത്തോളം മരുന്നുകൾ സ്ഥിരമായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ഡോ. ഹനിമാനിലൂടെ ഹോമിയോപ്പതി ആദ്യം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്കും പിന്നീട് ഏഷ്യയിലേക്കും ശേഷം, ലോകം മുഴുവനും വ്യാപിച്ചു. ഹോമിയോപ്പതിയുടെ ആരംഭം മുതൽതന്നെ അത് ഇന്ത്യയിൽ പ്രചാരം നേടി. ഹോമിയോപ്പതിയുടെ വളർത്തമ്മ ജർമനിയാണെങ്കിലും ഹോമിയോപ്പതിയുടെ പോറ്റമ്മ ഇന്ത്യയാണ്. ലോകത്ത് സർവനാശം വിതച്ച പകർച്ചവ്യാധികളിൽനിന്നും ജനങ്ങളെ രക്ഷിക്കാൻ വ്യാപകമായി ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കപ്പെട്ടു.
ഹോമിയോപ്പതി മരുന്നുകൾ താരതമ്യേന പാർശ്വഫലങ്ങൾ കുറഞ്ഞവയാണ്. കുട്ടികളിലെന്നപോലെതന്നെ ഏതുപ്രായക്കാർക്കും ഫലപ്രദവുമാണ്. ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ ഉദ്ദീപിപ്പിച്ചുകൊണ്ട്, അതിന് സമാന്തരമായാണ് ഹോമിയോപ്പതി മരുന്നുകൾ പ്രവർത്തിക്കുന്നത്. ചുരുക്കംചില എമർജൻസി അസുഖങ്ങളൊഴികെ മഹാഭൂരിപക്ഷം അസുഖങ്ങളും ഹോമിയോപ്പതിയിലൂടെ ചികിത്സിച്ചുഭേദമാക്കാൻ സാധിക്കും. അലർജി, ഓട്ടോ ഇമ്യൂൺ രോഗങ്ങൾ, ലിവർ സിറോസിസ്, എക്സിമ, സോറിയാസിസ്, വന്ധ്യത തുടങ്ങി ഒട്ടനേകം രോഗങ്ങൾക്ക് ഹോമിയോപ്പതി ഫലപ്രദമാണ്. ഹോമിയോപ്പതിയും ആയുർവേദവും പോലുള്ള സമാന്തരചികിത്സകളെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തതാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. പാശ്വഫലങ്ങൾ കുറവുള്ള പ്രകൃതിദത്തമായ ഇത്തരം ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.