ആശുപത്രി മാലിന്യങ്ങളിലുള്ളത് മാരക രോഗങ്ങൾക്കിടയാക്കുന്ന രാസവസ്തുക്കൾ
text_fieldsആരോഗ്യ പരിരക്ഷാ മികവിൽ കേരളത്തെ യൂറോപ്യൻ നിലവാരത്തോടാണ് താരതമ്യം ചെയ്യാറുള്ളത്. കേന്ദ്ര സർക്കാറിനു കീഴിലെ നിതി ആയോഗ് പുറത്തിറക്കിയ ആരോഗ്യസൂചികയിലും കേരളം ഒന്നാമതാണ്. എന്നാൽ, ആരോഗ്യപരിരക്ഷാ കേന്ദ്രങ്ങൾ പുറംതള്ളുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിൽ കേരളം വൻ പരാജയമാണ്. ‘ആരോഗ്യ കേരള’ത്തിനുമേൽ വിഷമായി പടരുന്ന ബയോ മെഡിക്കൽ വേസ്റ്റ് (ബി.എം.ഡബ്ല്യു) സൃഷ്ടിക്കുന്ന ഭീകരാവസ്ഥയെക്കുറിച്ച് സാധാരണക്കാർക്ക് മാത്രമല്ല, അധികൃതർക്ക് പോലും കാര്യമായ ധാരണയില്ല.
ആശുപത്രികളിൽനിന്നും ലാബുകളിൽനിന്നും ശേഖരിക്കുന്നവയിൽ ദിവസങ്ങളോളം പഴക്കമുള്ള, മനുഷ്യമാംസം അടക്കമുള്ള ആശുപത്രിമാലിന്യങ്ങളുമുണ്ട്. ആശുപത്രി പരിസരങ്ങളിൽ കുന്നുകൂട്ടിയും കത്തിച്ചും കളയുന്ന മാലിന്യത്തിൽ അർബുദമടക്കം മാരക രോഗങ്ങൾക്കിടയാക്കുന്ന അത്യപകടകരമായ രാസവസ്തുക്കളാണ് അടങ്ങിയിട്ടുള്ളത്. നഗരമാലിന്യം സംസ്കരിക്കാൻ എന്ന പേരിൽ സ്ഥാപിച്ച പ്ലാന്റുകൾക്ക് മുന്നിലെ മാലിന്യമലകളിലും അവിടങ്ങളിൽ ഇടക്കിടെ കത്തിയാളുന്ന തീയിലും ഭയപ്പെടുത്തുന്ന അളവിൽ ആശുപത്രിമാലിന്യങ്ങളുണ്ട്.
തിരുവനന്തപുരത്തെ മുട്ടത്തറ മാലിന്യസംസ്‌കരണ പ്ലാന്റില്‍ മനുഷ്യന്റെ കാലുകള്‍ കണ്ടെത്തിയത് അടുത്തിടെയാണ്. ഓപറേഷൻ തിയറ്ററിൽനിന്ന് മുറിച്ചുമാറ്റിയതാണെന്നായിരുന്നു നിഗമനം. പ്ലാന്റുകളിൽ കൂട്ടിയിട്ട മാലിന്യത്തിൽനിന്ന് ചാപിള്ളകളുടേതടക്കം ശരീരഭാഗങ്ങൾ കണ്ടെത്തിയ നിരവധി സംഭവങ്ങൾ നാം അറിഞ്ഞിട്ടുള്ളതാണ്.
അശ്രദ്ധയോടെ കൈകാര്യംചെയ്താൽ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്ന ആശുപത്രിമാലിന്യം ഉറവിടത്തിൽതന്നെ തരംതിരിച്ച് ഉടൻതന്നെ നിർവീര്യമാക്കി നിർമാർജനം ചെയ്യുകയാണ് വേണ്ടതെന്ന് നിയമം നിഷ്കർഷിക്കുന്ന ഒരു നാട്ടിലാണിതൊക്കെ നടക്കുന്നത്! നിർവീര്യമാക്കാനുള്ള മാലിന്യം ഒരുകാരണവശാലും 48 മണിക്കൂറിലധികം സൂക്ഷിക്കരുതെന്നും 75 കിലോമീറ്റർ ദൂരപരിധിക്കപ്പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ലെന്നുമുള്ള കർശന വ്യവസ്ഥകൾ കാറ്റിൽപറത്തിയാണ് കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കും അതിർത്തികൾ കടന്നും മാലിന്യവണ്ടികൾ ആൾത്തിരക്കിലൂടെ പായുന്നത്.
പാതയോരങ്ങളിലും ജലാശയങ്ങളിലും തള്ളുന്ന മാലിന്യക്കൂമ്പാരങ്ങളിലും വലിയതോതിൽ ആശുപത്രി അവശിഷ്ടങ്ങളുണ്ട്. ക്ലിനിക്കുകളിൽനിന്നും ലാബുകളിൽനിന്നുമുള്ള ഖര-ദ്രവ മാലിന്യങ്ങൾ കലർന്ന വെള്ളം മലയാളി കുടിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. കേരളത്തിലെ കുടിവെള്ളത്തിലടക്കം അപകടകരമായ തോതിൽ കോളിഫോം, ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കാണപ്പെടുന്നുണ്ട്. ഇവിടെയുള്ള ജലാശയങ്ങളിൽ ആന്റിബയോട്ടിക്കുകളുടെ ക്രമാതീതമായ സാന്നിധ്യമുള്ളതായി സി.ഡബ്ല്യു.ആർ.ഡി.എം നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഒറ്റദിനം 550 ടൺ മാലിന്യം, മൂന്നിലൊന്നും കേരളത്തിൽ!
2018ലെ അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (അസോചം) റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ആശുപത്രിമാലിന്യങ്ങളുടെ അളവ് 550 ടൺ ആയിരുന്നു. 2022ഓടെ 775.5 ടൺ ആയി ഇത് ഉയരുമെന്നാണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടും മുമ്പുണ്ടായിരുന്ന അനുമാനം. രാജ്യത്ത് പുറന്തള്ളുന്ന ആശുപത്രിമാലിന്യത്തിന്റെ മൂന്നിലൊന്ന് ആശുപത്രികളാൽ ‘സമ്പന്നമാക്കപ്പെട്ട’ ഈ കൊച്ചു കേരളത്തിലാണെന്ന് ‘അസോചം’ വ്യക്തമാക്കുന്നു.
സർക്കാർ സ്ഥാപനമായ ‘ഹരിത കേരള മിഷന്റെ’ വെബ്സൈറ്റിൽ പറയുന്നതിങ്ങനെയാണ്: ഇന്ത്യയില്‍ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതലുള്ളത് (27 ശതമാനം) കേരളത്തിലാണ്. സംസ്ഥാനത്തെ ആശുപത്രികളിലെ മൊത്തം കിടക്കകളുടെ എണ്ണം 1,13,530 ആണ്. അതിൽ 43,273 എണ്ണം സർക്കാർ മേഖലയിലും 2740 എണ്ണം സഹകരണ മേഖലയിലും 67,517 എണ്ണം സ്വകാര്യ മേഖലയിലുമാണ് (സി.പി.സി.ബി, 2011). ഓരോ കിടക്കയിലും ഓരോ ദിവസവും ഏകദേശം 1.5 കി.ഗ്രാം മുതൽ രണ്ടു കി.ഗ്രാം വരെ ഖരമാലിന്യങ്ങളും 4.50 ലിറ്റർ ദ്രവമാലിന്യങ്ങളും ഉൽപാദിപ്പിക്കപ്പെടുന്നുവെന്ന് കണക്കാക്കപ്പെടുന്നു.
ഖരമാലിന്യത്തിൽ 85 ശതമാനം അപകടകരമല്ലാത്തവയും, 10 ശതമാനം രോഗവ്യാപനസാധ്യതയുള്ളതും അഞ്ചു ശതമാനം വിഷാംശം ഉള്ളവയുമാണ്. അതനുസരിച്ച് സംസ്ഥാനത്തെ ആശുപത്രികളിൽ പ്രതിവര്‍ഷം ഏകദേശം 83,000 ടണ്‍ മാലിന്യങ്ങള്‍ ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ പ്രതിവര്‍ഷം ഏകദേശം 12,500 ടണ്‍ രോഗവ്യാപനസാധ്യതയുള്ളതോ വിഷാംശമുള്ളതോ ആയ ബയോമെഡിക്കൽ മാലിന്യമാണ്.
സംസ്ഥാനത്ത് പുറന്തള്ളുന്ന ആശുപത്രിമാലിന്യത്തിന്റെ ഏതാണ്ട് 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനു കീഴിലെ ഇമേജ് എന്ന സ്ഥാപനമാണ്. ഇപ്പോൾ ഒന്നരയാഴ്ച തീ ആളിക്കത്തിയ ബ്രഹ്മപുരത്തെ പ്ലാന്റിൽ ആശുപത്രി മാലിന്യങ്ങൾ സംസ്കരിക്കുന്നില്ല എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, വിവിധ ആശുപത്രികളിൽ നിന്നുള്ള മാലിന്യങ്ങൾ ഇവിടെക്കൊണ്ടുവന്ന് തള്ളാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.