ക്ഷയരോഗവും മാനസികാരോഗ്യവും; വേണം കരുതലേറെ...
text_fields
ക്ഷയം എന്ന രോഗാവസ്ഥയെ ഇപ്പോഴും ഭീതിയോടെയാണ് ജനം നോക്കിക്കാണുന്നത്. കോവിഡ് പോലുള്ള പുതിയ പല രോഗങ്ങളുടെയും വരവ് ഭീതി വർധിക്കാൻ ഇടയായിട്ടുണ്ട്. ക്ഷയരോഗം ബാധിക്കുന്നവരെ അകറ്റി നിർത്തുന്ന മനോഭാവത്തിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും സമൂഹത്തിന് ഈ രോഗത്തോടുള്ള ‘അവജ്ഞയും ഭയവും’ മാറിയിട്ടില്ല.
ക്ഷയരോഗമുള്ള വിവരം പുറത്തു പറയാത്തവരും വീട്ടിൽ ആർക്കെങ്കിലും ഇതുണ്ടെങ്കിൽ മറച്ചുപിടിക്കുന്നവരും ഇപ്പോഴും ധാരാളമുണ്ട്. ഡബ്യൂ. എച്ച്.ഒ ആഗോള റിപ്പോർട്ട് പ്രകാരം 2021ൽ 21.4 ലക്ഷം ക്ഷയ രോഗികൾ ആയിരുന്നു രാജ്യത്തുണ്ടായിരുന്നത്, 2020നെക്കാൾ കൂടുതലാണിത്. നിർഭാഗ്യവശാൽ ആളുകൾ വളരേയെറെ അപമാനത്തോടെ കാണുന്ന രോഗംകൂടിയാണ് ക്ഷയം. അതുപോലെ തന്നെയാണ് മാനസികാരോഗ്യ പ്രശ്നങ്ങളും.
ആത്മഹത്യ സംഭവങ്ങൾ രാജ്യത്ത് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നത് ജനങ്ങളുടെ മാനസികാരോഗ്യം വഷളായതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആഗോളതലത്തിൽ വിഷാദത്തിന്‍റെ കണക്കെടുത്താൽ 300 ദശ ലക്ഷം ആളുകളിൽ ഈ അവസ്ഥ ഉണ്ടെന്നതാണ്. കേരളത്തിലും സ്ഥിതി കുറവല്ല.
ക്ഷയ രോഗത്തിലും മാനസിക രോഗത്തിലും പൊതുവായി കണ്ടുവരുന്ന ഘടകങ്ങൾ ആണ് എച്ച്.ഐ.വി പോസിറ്റീവ്, മദ്യം/ മയക്കുമരുന്ന് ഉപയോഗം എന്നിവ. മാനസികാരോഗ്യ പ്രശ്നമുള്ളവരിൽ ക്ഷയരോഗം കൂടുതലായി കാണപ്പെടാൻ സാധ്യതയുണ്ട് എന്നും പഠനങ്ങൾ ചുണ്ടിക്കാണിക്കുന്നു. വിഷാദം, ഉത്കണഠ, സൊമറ്റോഫോം, സ്‌കിസോഫ്രീനിയ എന്നിവ ബാധിച്ച വ്യക്തികൾക്ക് ക്ഷയം വരാനുള്ള സാധ്യത കൂടുതലാണ്.
സമ്പൂർണ്ണ ക്ഷയരോഗ നിർമാർജനത്തിന്‍റെ ഭാഗമായി കേരളത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. എങ്കിലും ഇതിനൊപ്പം തന്നെ മാനസികാരോഗ്യം നിലനിർത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട്. എറണാകുളം ജില്ലയിൽ മാത്രം ക്ഷയ രോഗമുള്ളവരിൽ വിഷാദ രോഗത്തിന്‍റെ വ്യാപനം 16.1 ശതമാനമാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് സൂചിപ്പിക്കുന്നത് ക്ഷയരോഗ ബാധിതരിൽ കൃത്യമായ മാനസികാരോഗ്യ പ്രശ്നങ്ങൾ സ്ക്രീനിങ് ചെയ്യേണ്ടതിന്‍റെ ആവശ്യകഥയാണ്. മാനസികാരോഗ്യ പ്രശ്നങ്ങൾ ക്ഷയരോഗത്തിനൊപ്പം ഉണ്ടായാൽ ചികിത്സയേയും ബാധിച്ചേക്കാം.
സമൂഹത്തിൽ നിങ്ങൾ ഒറ്റപ്പെടേണ്ടതില്ല
മാനസികാരോഗ്യത്തിന്റെ പ്രസക്തി വർധിച്ചുവരുന്ന കാലമാണിത്. വൈറസിനെ നിയന്ത്രണത്തിലാക്കാനും പരിഹാരങ്ങൾ കണ്ടെത്താനും ശ്രമിക്കുന്നതിനിടയിൽ ഉത്കണ്ഠ, ഭയം, ഒറ്റപ്പെടൽ, സാമൂഹിക അകലം, നിയന്ത്രണങ്ങൾ, അനിശ്ചിതത്വം, വൈകാരിക ക്ലേശങ്ങൾ, എന്നിവ വ്യാപകമായി കഴിഞ്ഞിരിക്കുന്നു. ടിബി ബാധിതനായ ഒരു വ്യക്തി സമൂഹത്തിൽ ഒറ്റപ്പെടലിന്റെയും അവഹേളനത്തിന്റെയും വേദന അനുഭവിക്കുന്ന സംഭവങ്ങൾ നിരവധിയുണ്ട്.
ജോലിക്കാരിൽ തങ്ങളുടെ ജോലി സ്ഥലങ്ങളിൽ ഒറ്റപ്പെടുമെന്നോ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുമെന്നോ സമൂഹം അവഗണിക്കുമോ എന്ന ഭയം അവരെ അലട്ടുന്നു. സ്ത്രീകളിൽ വിവാഹജീവിതത്തെ ബാധിക്കുമെന്ന് ഭയപ്പെടുന്നുണ്ട്. അതോടൊപ്പം സമൂഹം ‘മാനസിക രോഗികൾ’ എന്ന് മുദ്രകുത്തപ്പെടുമോ എന്ന ഭയവും അകറ്റിനിർത്തപ്പെടുമോ എന്ന ഭയവും ജീവിതെ അസ്വസ്ഥമാക്കും. ഇക്കാരണങ്ങളെല്ലാം ശരിയായ സമയത്ത് രോഗികൾക്ക് സഹായം ലഭിക്കുന്നത് പോലും തടയപ്പെടുന്നു. ഇത്തരം വിഷയങ്ങളിൽ ശാസ്ത്രീയവും കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകേണ്ടത് പ്രധാനമാണ്.
ക്ലിനിക്കിൽ എത്തിച്ചേരുന്ന വ്യക്തികളിൽ ചിലരുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ പലപ്പോഴും അവഗണിക്കപ്പെടുകയോ തള്ളിക്കളയുകയോ ചെയ്യുന്ന സംഭവങ്ങളും നിരവധിയാണ്. പരിശീലനം ലഭിച്ച ആളുകളുടെ അഭാവമാണ് ഇതിന് കാരണം.
രോഗിയുടെ പ്രയാസം തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സയും നിർദ്ദേശവും നൽകേണ്ടതുണ്ട്. അതിനായി നിലവിലുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. ആശാ പ്രവർത്തകരെയും ക്ഷയരോഗത്തെ അതിജീവിച്ചവരെയും ഉൾപ്പെടുത്തുകയും അവരെ മാനസികാരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾക്കായി പ്രാപ്‌തരാക്കുകയും ചെയ്യുന്നത് ഏറെ സഹായകരമാവും.
കോവിഡാനന്തരം ശക്തിപ്പെടുത്തിയ മാനസികാരോഗ്യ പിന്തുണാ സംവിധാനങ്ങൾക്ക് ഈ വിഷയത്തിൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ കഴിയും. പരിശീലനം ലഭിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളെ പ്രോഗ്രാമിൽ ഉൾപ്പെടുത്തുന്നതും ഏറെ സഹായകരമാവും. മികച്ച പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലെ നിസ്സംഗ മനോഭാവം ഇക്കാര്യത്തിൽ അധികൃതർ ഒഴിവാക്കേണ്ടതുണ്ട്.
ആലപ്പുഴ ജില്ലയിലെ സർക്കാർ മേഖലയിലെ ആശുപത്രികളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ കുറവും അവരുടെ നിയമനങ്ങളിൽ അലംഭാവവും ഉണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. മറ്റു ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. സ്വകാര്യ ക്ലിനിക്കുകളെ സമീപിക്കാനുള്ള ബദൽ മാർഗ്ഗം ചെലവേറിയ സാഹചര്യത്തിൽ ഇക്കാര്യത്തിലും അധികൃതരുടെ കാര്യക്ഷമമായ ഇടപെടലുണ്ടാവേണ്ടതുണ്ട്. മാത്രമല്ല, ക്ഷയരോഗത്തിന് പ്രത്യേക ആരോഗ്യ കേന്ദ്രങ്ങൾ ഇല്ലാത്തതും തിരിച്ചടിയാണ്.
കരുതൽ വേണം വയോജനങ്ങളിലും കുട്ടികളിലും
കോവിഡ് മഹാമാരി ജനജീവിതത്തെയാകെ മാറ്റിമറിച്ച കഴിഞ്ഞ രണ്ടു വർഷത്തിനുശേഷം ലോകജനതയുടെ മാനസികാരോഗ്യം മൊത്തത്തിൽ പ്രശ്നസങ്കീർണമായിട്ടുണ്ട് എന്നാണ് ലോകത്തിന്റെ പല ഭാഗത്തുനിന്നും വരുന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഉറക്കക്കുറവ്, മനോജന്യ ശാരീരിക രോഗങ്ങൾ, മദ്യാസക്തിയും ലഹരിവസ്തുക്കളുടെ ഉപയോഗവും എന്നിവകൂടി വരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തികവും സാമൂഹ്യവുമായ പ്രശ്നങ്ങൾ എല്ലാ വിഭാഗങ്ങളുടെയും മാനസികാരോഗ്യത്തെ ബാധിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിച്ചത് കുട്ടികളും വയോജനങ്ങളുമാണ്. ക്ഷയരോഗികളായ ഈ വിഭാഗത്തിന്‍റെ ക്ഷേമത്തിലും ഗൗരവതരമായ ഇടപെലുണ്ടാവേണ്ടതുണ്ട്. ചികിത്സയുടെ കാര്യത്തിൽ പ്രായമുള്ളവരോട് അവഗനയും അരുത്.
സാധ്യമാണ് പരിഹാര നടപടികൾ
-താഴേക്കിടയിലുള്ളവരുമായുള്ള സമൂഹത്തിന്‍റെ കാര്യക്ഷമമായ ഇടപെടലും ബോധവൽക്കരണത്തിന് സഹായകരമാവും. സാമൂഹികമായി സ്വാധീനമുള്ള വ്യക്തികളെ അതിനായി അണിനിരത്താം.
-കുടിയേറ്റ തൊഴിലാളികളെ നിർബന്ധമായും സ്‌ക്രീനിംഗ് ചെയ്യണം. അതിനായി സമൂഹത്തിന്‍റേയും തദ്ദേശ സ്ഥാപനങ്ങളുടേയും ഇടപെടൽ കൂടുതൽ ശക്തിപകരും.
- സ്‌കൂൾ തലങ്ങളിൽ നടത്തുന്ന പരിശോധനയിൽ സ്റ്റുഡന്റ് കേഡറ്റുകൾ, എൻസിസി എന്നിവയെ ഉപയോഗപ്പെടുത്തുന്നത് ലക്ഷ്യം കൈവരിക്കാൻ സഹായിക്കും. സ്‌കൂളുകൾ ഉൾപ്പെടെ വിവിധ സാമൂഹിക തലങ്ങളിൽ ബോധവൽക്കരണ പരിപാടികൾ നടത്തേണ്ടതും അത്യാവശ്യമാണ്.
-രോഗികളോടുള്ള മനോഭാവത്തിൽ പോലും ലിംഗപരമായ അസമത്വം നിലനിൽക്കുന്നുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് കൂടുതൽ ബാധിക്കുന്നത്. ഇത്തരം വിഷയങ്ങളിൽ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകേണ്ടത് പ്രധാനമാണ്.
-ദാരിദ്ര്യവും, മോശമായ മാനസികാരോഗ്യ സാഹചര്യവും ഇല്ലാതാക്കാനുള്ള കാര്യക്ഷമമായ ഇടപെടൽ ക്ഷയരോഗം കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. മാനസികാരോഗ്യത്തിനും ക്ഷയരോഗത്തിനും തുല്യ പരിചരണം നൽകുന്ന സംയോജിത പ്രോഗ്രാമുകളുടെ ആവശ്യകത ഇത് ഉയർത്തിക്കാട്ടുന്നു. കൂടാതെ മാനസിക രോഗങ്ങളെയും അവയുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങളേയും കൈകാര്യം ചെയ്യുന്നതു വഴി ആഗോളതലത്തിൽ ഈ മേഖലയിൽ മാറ്റങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്നും കണ്ടെത്തിയിരുന്നു.
-വർക്ക്ഷോപ്പുകൾ, കൗൺസിലിംഗ്, ബോധവത്കരണ ക്ലാസ്സ് തുടങ്ങിയവ വഴി വിവിധ മേഖലകളിൽ ബന്ധപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകരെ ബോധവത്കരിക്കുന്നതും ടിബി മുക്ത ശ്രമങ്ങൾക്ക് ശക്തി പകരും. ഇത് രോഗികളും ആരോഗ്യ പ്രവർത്തകരും തമ്മിൽ പരസ്പര ബന്ധം ഊട്ടിയുറപ്പിക്കാനും സഹായിക്കും.
-മാനസികാരോഗ്യത്തിനും ക്ഷയരോഗത്തിനുമുള്ള സേവനങ്ങളെ സമന്വയിപ്പിക്കുന്ന സമീപനം ക്ഷയരോഗ ബാധിതർക്ക് വേഗത്തിലുള്ള രോഗ നിർണയത്തിനും മെച്ചപ്പെട്ട മാനസികാരോഗ്യ പിന്തുണ നൽകുവാനും സഹായിക്കും. ക്ഷയവും മാനസികാരോഗ്യവും ബന്ധപ്പെട്ടിരിക്കുന്നതിനാൽ നിർബന്ധിത ബൈഡയറക്ഷനൽ സ്ക്രീനിങ്ങിന്‍റെ ആവശ്യകഥയെ സൂചിപ്പിക്കുന്നു. ഉയർന്ന നിലവാരമുള്ള മാനസികാരോഗ്യ സേവനങ്ങളുമായി ക്ഷയരോഗത്തെ സംയോജിപ്പിക്കുന്നത് മൊത്തത്തിലുള്ള ക്ഷയരോഗ പരിചരണത്തേയും സമ്പൂർണ ക്ഷയരോഗ നിർമാർജനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനും സഹായിക്കും
-മാനസികാരോഗ്യം നിലനിർത്തുന്ന വ്യക്തികളിൽ രോഗപ്രതിരോധശേഷി മെച്ചപ്പെടുന്നതായി നിരവധി സമീപകാല പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. മാനസിക അനാരോഗ്യമുള്ള വ്യക്തികൾക്ക് രോഗപ്രതിരോധശക്തി കുറയുന്നതുമൂലം ജീവിതശൈലീജന്യരോഗങ്ങളും അണുബാധകളുംവരെ വഷളാകുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ ശാരീരിക ആരോഗ്യം നിലനിർത്താനുംകൂടി മാനസികാരോഗ്യം പ്രധാനപ്പെട്ട ഘടകമാകുന്നുവെന്നത് നാം മനസ്സിലാക്കേണ്ടതുണ്ട്.
-മാനസികാരോഗ്യ ചികിത്സയെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണകൾ തിരുത്തുകയെന്നതും പ്രധാനപ്പെട്ട സാമൂഹ്യ ഉത്തരവാദിത്വമാണ്. മാനസികാരോഗ്യ പ്രശ്നങ്ങൾ തലച്ചോറിന്റെ പ്രവർത്തനവൈകല്യങ്ങൾ ആണെന്നതും അവ മറ്റേത് ശാരീരിക ആരോഗ്യപ്രശ്നത്തെയുംപോലെ ചികിത്സിച്ച് നിയന്ത്രണവിധേയമാക്കാൻ കഴിയുന്നതാണെന്നും പൊതുജനങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ട്.
കടപ്പാട്:
● Dr Arun B Nair
(Professor, Department of Psychiatry, Medical
College, Thiruvananthapuram),
●Dr Soji Anna Philip
(Consultant-Clinical Psychologist -Kochi)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.