ചേർത്തു നിർത്താം ആ കുഞ്ഞുങ്ങളെയും
text_fieldsശിശുദിനത്തെ കുറിച്ച് എല്ലാവർക്കും അറിയാം. എന്നാൽ world prematurity dayയെ കുറിച്ച് കേട്ടിട്ടുണ്ടോ? ലോകമൊട്ടുക്ക് നവംബർ 17ന് world prematurity day ആചരിക്കുന്നുണ്ട്. സമയം തികയാതെ (37 ആഴ്ചകൾക്ക് മുമ്പ്) ജനിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും, സാമൂഹിക പിന്തുണയുമായി ആ കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നതിനുമാണ് ഈ ദിവസം പ്രയോജനപ്പെടുത്തുന്നത്.
പ്രീമെച്വർ ജനനം എന്താണ്?
പ്രസവത്തിന് പറഞ്ഞ തിയതിയേക്കാൾ മൂന്ന് ആഴ്ച മുമ്പ് അതയായത് 37 ആഴ്ചകൾക്ക് മുമ്പ് ജനിക്കുന്ന കുഞ്ഞുങ്ങളാണ് മസം തികയതാതെ ജനിക്കുന്ന കുഞ്ഞുങ്ങൾ. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ പരിചരിക്കുന്നത് അത്ര എളുപ്പമുള്ളകാര്യമല്ല. ഇത്തരം കുഞ്ഞുങ്ങളുടെ ആന്തരികാവയവങ്ങൾ ഉൾപ്പെട വേണ്ടത്ര വളർച്ച എത്തിയിരിക്കില്ല. അതിനാൽ അവരുടെ എല്ലാ കര്യത്തിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.
പ്രതിവർഷം 15 ദശലക്ഷം കുഞ്ഞുങ്ങൾ മാസം തികയാതെ ജനിക്കുന്നുവെന്നാണ് കണക്കുകൾ. അതിൽ 10 ശതമാനത്തിലധികം കുഞ്ഞുങ്ങളും അധികം വൈകാതെ മരണപ്പെടാറുമാണ്. ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ മാസം തികയാതെ ജനിക്കുന്നതും അതു മൂലം മരണപ്പെടുന്നതും ഇന്ത്യയിലാണ്. കേരളത്തിലെ ആരോഗ്യസൂചികകൾ വികസ്വര രാജ്യങ്ങളുമായി കിടപിടിക്കുന്നതാണെങ്കിലും ഇവിടെയും ചിലയിടങ്ങളിൽ നേരത്തേ ജനിക്കുന്ന ഭാരം കുറഞ്ഞ കുഞ്ഞുങ്ങളെ പരിചരിക്കാൻ വേണ്ട സൗകര്യങ്ങൾ സുസജ്ജമല്ല.
പ്രീമെച്വർ ജനനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശ്വാസകോശം പൂർണമായി വികസിക്കാത്തതിനാൽ തികയാതെ ജനിച്ച കുഞ്ഞുങ്ങളുടെ പ്രധാന പ്രശ്നം ശ്വസനം തന്നെയാണ്. ഇത്തരം കുഞ്ഞുങ്ങളെ ജനിച്ച ഉടനെ നവജാതശിശു പരിചരണ കേന്ദ്രത്തിലാക്കണം( ന്യൂബോൺ ഇന്റൻസീവ് കെയർ യൂണിറ്റ് ). ജനിച്ച് എത്രയും പെട്ടെന്ന് തന്നെ കുട്ടികളെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ച് വേണ്ട ചികിത്സകൾ നൽകിയാൽ ജീവൻ രക്ഷിക്കാൻ സാധിക്കും.
പാലൂട്ടേണ്ടതിന്റെ ആവശ്യകത
കുട്ടികൾക്ക് ശരീരഭാരം കൂടി കുറവാണെങ്കിൽ അപകട സാധ്യത കൂടുതലാണ്. മുലപ്പാൽ കുട്ടികളെ ആരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സഹായിക്കും. എന്നാൽ മാസം തികയാതെ ജനിച്ച കുട്ടികൾക്ക് പലപ്പോഴും പാൽ വലിച്ചു കുടിക്കാൻ സാധിക്കില്ല. ഈ അവസരത്തിൽ ട്യൂബ് ഫീഡിങ് ചെയ്യാം. ട്യൂബ് ഫീഡിങ് എങ്ങനെ വേണം എത്രത്തോളമാകാം എന്നതിനെ കുറിച്ചെല്ലാം ഡോക്ടർമാരുടെ നിർദേശം സ്വീകരിക്കണം.
മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുമ്പോൾ മാത്രമേ അവരെ ആശുപത്രിയിൽ നിന്ന് ഡിസ് ചാർജ് ചെയ്യുകയുള്ളു. വീട്ടിലെത്തിയാലും കുഞ്ഞുങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകണ്ടേതുണ്ട്.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുമ്പോൾ ഡോക്ടർമാർ നൽകുന്ന നിർദേശങ്ങളെല്ലാം കൃത്യമായി പാലിക്കുക. കുട്ടികളെ പരിപാലിക്കുന്നത് സംബന്ധിച്ച് പരിശീലനവും നേടണം.
മുലയൂട്ടൽ കുഞ്ഞുങ്ങൾ അത്യാവശ്യമാണ്. മാസം തികഞ്ഞും തികയാതെയും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിലൂടെ ന്യൂമോണിയ, ആസ്തമ, വയറിളക്കം, കാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ കുറക്കാനും കുഞ്ഞിെൻറ മാനസികവും ശാരീരികവുമായ വളർച്ചക്ക് പിൻബലമേകാനും സഹായിക്കുന്നു.
കുട്ടികളുടെ വളർച്ചക്കും വികാസത്തിനും ആവശ്യമായ പോഷകങ്ങളുടെ കലവറയാണ് മുലപ്പാൽ. ഫോർമുല മിൽക്കിനേക്കാൾ പെട്ടെന്ന് ദഹിക്കുന്നതാണ് മുലപ്പാൽ. എത്രസമയം കുട്ടികളെ പാലൂട്ടണം, എങ്ങനെ പാലൂട്ടണം എന്നതെല്ലാം വിദഗ്ധരോട് ചോദിച്ച് മനസിലാക്കുക. അമിതമായി പാലൂട്ടാതിരിക്കാനും ശ്രദ്ധിക്കണം.
കംഗാരൂ കെയർ
കുട്ടികൾക്ക് ആരോഗ്യകരമായ ഭാരമുണ്ടാകാനും മറ്റും ഹൃദയമിടിപ്പ് കൃമീകരിക്കപ്പെടാനും ശ്വസനം ശരിയാകാനുമെല്ലാം കംഗാരൂ കെയർ സഹായിക്കും. കുഞ്ഞുങ്ങളെ നാപ്പി ധരിപ്പിച്ച ശേഷം നെഞ്ചോട് ചേർത്ത് കിടത്തുക. ഇത് കുഞ്ഞുങ്ങളുമായുള്ള ബോണ്ട് ശക്തമാക്കാൻ സഹായിക്കും. എന്നാൽ രക്ഷിതാക്കാൾ ഉറങ്ങിപ്പോകരുത്. കുഞ്ഞുങ്ങളുടെ മൂക്ക് അടഞ്ഞുപോകുന്നതരത്തിൽ പിടിക്കാതെ തല ചെരിച്ച് ചേർത്ത് കിടത്തുക. അപകട സാധയത ഇല്ലാതെയിരിക്കാൻ ശ്രദ്ധ നൽകണം.
കുഞ്ഞുങ്ങൾ ശരിയായി ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. കുഞ്ഞുങ്ങളെ കിടത്തുന്ന റൂമിൽ ഉഷ്മാവ് ക്രമീകരിക്കുക. കുട്ടികളുടെ ശരീരോഷ്മാവ് ഇടക്കിടെ പരിോധിച്ച് അവ സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തുക. നനഞ്ഞ തുണികൾ കൃത്യമായി മാറ്റുക. കുഞ്ഞുങ്ങളെ തണുപ്പ് തട്ടാതെ പൊതിഞ്ഞ് സൂക്ഷിക്കുക.
സന്ദർശകരെ നിയന്ത്രിക്കാം
കുഞ്ഞ് ജനിച്ചെന്നറിഞ്ഞാൽ പിന്നെ സന്ദർശകരുടെ വരവാണ്. ആശുപത്രി തൊട്ട് സന്ദർശകർ തിക്കിത്തിരക്കും. കുഞ്ഞുങ്ങളുടെ നല്ല ആരോഗ്യത്തിന് സന്ദർശകരെ ഒഴിവാക്കുന്നതാണ് നല്ലത്. പുറത്തു നിന്ന് വരുന്നവർ കൊണ്ടുവരുന്ന രോഗങ്ങളെല്ലാം ചെറിയ കുഞ്ഞുങ്ങൾക്ക് പ്രതിരോധിക്കാനാകില്ല. കുഞ്ഞൊന്ന് വലുതായ ശേഷം മാത്രം സന്ദർശകരെ അനുവദിക്കുക. കുഞ്ഞിനെ എടുക്കുന്നതിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക. വീട്ടിലെ അന്തരീക്ഷം വൃത്തിയായി സൂക്ഷിക്കണം.
പ്രശ്നങ്ങളും അസുഖങ്ങളും നേരത്തെ തന്നെ തിരിച്ചറിയുകയും പെട്ടെന്ന് ഡോക്റുടെ സഹായം തേടുകയും വേണം.
കഴിഞ്ഞ 50 വർഷത്തിനിടയിൽ നവജാതശിശു പരിചരണ രംഗത്തുണ്ടായ വളർച്ച വളരെയധികം അദ്ഭുതപ്പെടുത്തുന്നതാണ്. ഒരു കിലോയിൽ താഴെ ഭാരത്തോടു കൂടി ജനിക്കുന്ന 90 ശതമാനം കുട്ടികളും 1960കളിൽ മരിക്കുകയാണുണ്ടായിരുന്നത്. അമേരിക്കൻ പ്രസിഡൻറ് ജോൺ എഫ്. കെന്നഡിയുടെ മകൻ 1963ൽ അതിപ്രശസ്തമായ ബോസ്റ്റൺ ആശുപത്രിയിൽ പിറന്ന് രണ്ടു ദിവസത്തിനുള്ളിൽ മരിക്കുമ്പോൾ രണ്ടു കിലോയിൽ കൂടുതൽ ഭാരം ഉണ്ടായിരുന്നു. കുഞ്ഞിന് ആവശ്യമായ വെൻറിലേറ്ററോ ശ്വാസകോശ വളർച്ചക്ക് സഹായിക്കുന്ന മരുന്നുകളോ അന്നുണ്ടായിരുന്നില്ല. എന്നാൽ, ഇന്ന് കേരളത്തിലെ മിക്ക നഗരങ്ങളിലും ഇത്തരം സൗകര്യങ്ങൾ സുലഭമാണ്.
സമയത്തിനു മുേമ്പ ജനിക്കുന്ന കുഞ്ഞുങ്ങൾക്കു പ്രത്യേകിച്ച് (എട്ടു മാസം തികയാതെ) ജനിക്കുന്നവർക്ക് ചില പ്രയാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കാഴ്ച, കേൾവി എന്നിവക്ക് ബുദ്ധിമുട്ടും വളർച്ചക്ക് കാലതാമസവും വരാം. എന്നാൽ, എല്ലാ കുഞ്ഞുങ്ങളും അങ്ങനെയാകണമെന്നില്ല. ലോകം കണ്ട ഏറ്റവും മികച്ച പ്രതിഭകളായ ഐസക് ന്യൂട്ടൻ, ആൽബർട്ട് ഐൻസ്റ്റൈൻ, മാർക്ക് ട്വയിൻ, പാബ്ലോ പിക്കാസോ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിൽ തുടങ്ങി ഒട്ടനവധി വ്യക്തിത്വങ്ങൾ അങ്ങനെ ജനിച്ചവരാണ്.
സമയത്തിനു മുമ്പ് ജനിച്ച കുഞ്ഞുങ്ങളോട് കൂടുതൽ സംസാരിച്ചും, അവരെ പാട്ടുകൾ പാടി കേൾപ്പിച്ചും, വ്യത്യസ്ത ശബ്ദങ്ങൾ കേൾപ്പിച്ചും, വിവിധ നിറങ്ങൾ കാണിച്ചും വളർച്ചയുടെ ഓരോ ഘട്ടത്തിലും കരുത്തു പകരണം. വളർച്ചക്ക് കാലതാമസം വന്നാൽ അത് നേരത്തേ കണ്ടെത്തി അവരെ ചികിത്സിക്കണം.നേരത്തേ ജനിക്കുന്നത് എല്ലായ്പോഴും തടയാൻ കഴിയണമെന്നില്ല. എന്നാൽ, ശരിയായ ഗർഭകാല പരിചരണത്തിലൂടെയും പ്രമേഹം, രക്തസ്രാവം തുടങ്ങിയവ നിയന്ത്രിക്കുന്നതിലൂടെയും ഒരളവു വരെ സാധിക്കും.
തുടർ ചികിത്സകൾ ഒഴിവാക്കരുത്. പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിലും മടി കാണിക്കരുത്. കുട്ടികളുടെ വളർച്ച നിരന്തരം നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ വിദഗ്ധ സഹായം തേടുകയും വേണം. എല്ലാ കുഞ്ഞുങ്ങൾക്കും ഇത് ആവശ്യമാണെങ്കിലും സമയം തികയാതെ ജനിച്ച കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
(വിവരങ്ങൾക്ക് കടപ്പാട് ഡോ. സക്കീർ വി.ടി, ഡോ. റാണി ബഷീർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.