തക്കാളിപ്പനിയിൽ ആശങ്കയുമായി മെഡിക്കൽ വിദഗ്ധർ
text_fieldsലണ്ടൻ: ഇന്ത്യയിൽ കണ്ടുവരുന്ന തക്കാളിപ്പനിയെ കുറിച്ച് ജാഗ്രത മുന്നറിയിപ്പുമായി ഡോക്ടർമാരുടെ വിദഗ്ധ സംഘം. കാലിലും കൈയിലും വായിലും കുമിളകൾ രൂപപ്പെടുന്ന തരത്തിലുള്ള രോഗമാണിത്. കേരളത്തിലും ഒഡീഷയിലുമാണ് തക്കാളിപ്പനി കണ്ടെത്തിയത്. ആദ്യമായി കേരളത്തിലെ കൊല്ലം ജില്ലയിലാണ് രോഗം റിപ്പോർട്ട് ചെയ്തതെന്ന് ലാൻസറ്റ് റെസ്പിറേറ്ററി ജേണൽ പറയുന്നു. ഇതുവരെ 82 കുട്ടികൾക്ക് രോഗം ബാധിച്ചു. രോഗം ബാധിച്ച കുട്ടികളിൽ ഭൂരിഭാഗവും അഞ്ചുവയസിൽ താഴെയുള്ളവരാണെന്നും റിപ്പോർട്ടിലുണ്ട്.
വൈറസ് മൂലമാണ് തക്കാളിപ്പനിയും ഉണ്ടാകുന്നത്. മുതിർന്നവരിൽ ഈ രോഗം അപൂർവമാണ്. വൈറസിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളാണ് ഇതിനു കാരണമെന്നും ലാൻസറ്റ് വിലയിരുത്തി.
രോഗിയുടെ ശരീരത്തിൽ ചുവന്നതും വേദനാജനകവുമായ കുമിളകൾ പ്രത്യക്ഷപ്പെടുകയും ക്രമേണ തക്കാളിയുടെ വലിപ്പത്തിലേക്ക് വളരുകയും ചെയ്യുന്നതിനാലാണ് അണുബാധയ്ക്ക് 'തക്കാളി പനി' എന്ന് പേര് നൽകിയിരിക്കുന്നത്. കടുത്ത പനി, ശരീരവേദന, സന്ധികളുടെ നീർവീക്കം, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ഏതാണ്ട് ചിക്കുൻഗുനിയക്ക് സമാനം. ചില രോഗികൾ ഓക്കാനം, ഛർദ്ദി, വയറിളക്കം, പനി, നിർജലീകരണം, വീർത്ത സന്ധികൾ, ശരീരവേദന എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അഞ്ചൽ, ആര്യങ്കാവ്, നെടുവത്തൂർ എന്നിവയാണ് കേരളത്തിലെ മറ്റ് രോഗബാധിത പ്രദേശങ്ങളെന്നും പഠനം വിശദീകരിക്കുന്നു. രോഗം കാരണംഅയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കർണാടകയിലും ജാഗ്രതാ നിർദേശം നൽകിയതായും അതിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.