മൂത്രവിസർജനത്തിന് നിയന്ത്രണം നഷ്ടമായാൽ
text_fieldsവയോധികരെ പരിപാലിക്കുക എന്നത് ഏറ്റവും ഉത്തരവാദിത്തത്തോടെയും അതിലേറെ സ്നേഹത്തോടെയും നിർവഹിക്കേണ്ട പ്രവൃത്തിയാണ്. വീടുകളിലെ പ്രായമേറിയവർ അവസാനകാലങ്ങളിൽ കിടപ്പിലാവുേമ്പാൾ ഇൗ ഉത്തരവാദിത്തം ഇരട്ടിക്കുന്നു. അതേസമയം, കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്നവർ ഏറ്റവും കൂടുതലായി നേരിടുന്ന പ്രശ്നമാണ് രോഗികളുടെ മലമൂത്ര വിസർജനം. ഇതിൽ മൂത്രവിസർജനം ദിവസത്തിൽ ഒന്നിലധികം തവണ ആവർത്തിക്കുന്നതിനാൽ പരിചരണത്തിെൻറ കാര്യത്തിൽ കഠിനമായ വെല്ലുവിളിതന്നെയാണ്. പ്രത്യേകിച്ച് അനിയന്ത്രിതമായി മൂത്രം പോകുന്ന പ്രശ്നമുള്ളവരെ പരിചരിക്കുേമ്പാൾ.
അവയവങ്ങളുടെ പ്രവര്‍ത്തനശേഷി കുറയുേമ്പാൾ
പ്രായമേറുന്നതിനനുസരിച്ച് ശരീരത്തിലെ അവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനക്ഷമതക്ക് 15 മുതല്‍ 30 ശതമാനം വരെ കുറവ് വരുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇതിെൻറ ഭാഗമായിട്ടാണ് പലപ്പോഴും അനിയന്ത്രിതമായുണ്ടാകുന്ന മൂത്രംപോക്ക് (urinary incontinence) കാണപ്പെടുന്നത്. ഇൗ പ്രശ്നം ശുചിത്വപരമായ വിഷയത്തേക്കാളുപരി രോഗിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നുകൂടിയാണ്. പ്രായം കൂടുന്തോറും വ്യക്തികളുടെ രോഗപ്രതിരോധശേഷി കുറയുന്നതിനാൽ എളുപ്പത്തിൽ അണുബാധക്കുള്ള സാധ്യത കൂടുന്നു. ഇത്തരം അണുബാധ സമയോചിതമായി ചികിത്സിച്ചില്ലെങ്കിൽ മാരകമായിത്തീരാനുള്ള സാധ്യതയുണ്ട്. ഇൗ സാഹചര്യത്തിലാണ് ഇതിനെ നിയന്ത്രിക്കേണ്ടതിെൻറ ആവശ്യം ഉയർന്നുവരുന്നത്. വസ്ത്രങ്ങൾ മൂത്രംകൊണ്ട് നനയുക, രൂക്ഷമായ ദുര്‍ഗന്ധം, ഇത് സൃഷ്ടിക്കുന്ന മാനസികവ്യഥ എന്നിവയെല്ലാം അനിയന്ത്രിതമായ മൂത്രവിസർജനത്തിെൻറ പ്രശ്നങ്ങളാണ്.
കാരണങ്ങൾ ഒന്നിലധികം
ഇൗ പ്രശ്നത്തിന് നിരവധി കാരണങ്ങളുള്ളതിനാൽ അതിനനുസരിച്ച് ചികിത്സയും വ്യത്യസ്തമായിരിക്കും. ഇതില്‍ ഒന്നിൽ കൂടുതൽ കാരണങ്ങളും ഒരു വ്യക്തിയിൽതന്നെ കണ്ടുവരാറുണ്ട്. പൊതുവിൽ അണുബാധ നിയന്ത്രിച്ചും നാഡികളുടെ പ്രവര്‍ത്തനങ്ങൾ മെച്ചപ്പെടുത്തിയും മൂത്രാശയത്തിലെയും അടിവയറ്റിലെയും പേശികളെ ബലപ്പെടുത്തിയുമാണ് ഏറെയും ചികിത്സരീതികളുള്ളത്.
പേശികളുടെ പാളികൾ ചേർത്തിട്ടാണ് മൂത്രാശയമുള്ളത്. മൂത്രം ഒഴുകിയെത്തുന്നതിനനുസരിച്ച് വികസിക്കാനും ഒഴിയുന്നതിനനുസരിച്ച് ചുരുങ്ങാനും കഴിയുന്ന രീതിയിലാണ് മൂത്രസഞ്ചിയുടെ ഘടന. ശരീരത്തിലെ വിവിധ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ഫലമായി രക്തതിൽ കലരുന്ന രാസവസ്തുക്കളും ലവണങ്ങളും ശുചീകരിക്കുന്നത് വൃക്കകളാണ്. ഇത്തരത്തിൽ വൃക്കകളിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ വെള്ളത്തില്‍ ലയിച്ചാണ് മൂത്രമായി മാറുന്നത്. വൃക്കകളില്‍നിന്ന് മൂത്രം മൂത്രസഞ്ചിയിൽ ശേഖരിക്കപ്പെടുന്നു. മൂത്രസഞ്ചി നിറയുമ്പോള്‍ അനുബന്ധ നാഡികളില്‍ മര്‍ദമുണ്ടാകുന്നതോടെ മൂത്രമൊഴിനുള്ള തോന്നൽ സൃഷ്ടിക്കപ്പെടുന്നു. എന്നാൽ, സാഹചര്യം അനുകൂലമല്ലെങ്കിൽ ശുചിമുറിയോ മറ്റ് മാർഗങ്ങളോ ലഭ്യമാകുന്നതുവരെ മൂത്രം പിടിച്ചുനിര്‍ത്താന്‍ ആരോഗ്യമുള്ള വ്യക്തികൾക്ക് സ്വാഭാവികമായി കഴിയാറുണ്ട്. ആഗ്രഹത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന നാഡികളായതിനാലാണ് ഇതിന് കഴിയുന്നത്. എന്നാൽ, പ്രായമേറുന്നതോടെയും മറ്റു രോഗങ്ങളുടെ ഭാഗമായും മരുന്നുകളുടെ പാർശ്വഫലങ്ങൾ മൂലവും ഇൗ നാഡികൾ ശരിയായി പ്രവർത്തിക്കാതെ വരുകയും മൂത്രം പിടിച്ചുനിർത്താനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതോടെ മൂത്രവിസർജനം രോഗി അറിയാതെയും അറിഞ്ഞുകൊണ്ടും നിയന്ത്രണമില്ലാതെ നടക്കുന്നു.
സ്ത്രീകളിൽ കൂടുതൽ
പലതരത്തിലുള്ള കാരണങ്ങൾ മൂലം അടിവയറ്റിലെ പേശികള്‍ അയയാറുണ്ട്. ഇങ്ങനെ പേശികളുടെ അയവ് കാരണം മൂത്രസഞ്ചിയും മൂത്രനാളിയും താഴേക്ക് ഇറങ്ങുന്നു. തുടർന്ന് തുമ്മുക, ചുമക്കുക, ഭാരം ഉയർത്തുക തുടങ്ങിയ സമയത്ത് നിയന്ത്രണമില്ലാതെ മൂത്രം പുറത്തേക്ക് വരുന്നു. സ്ത്രീകളിലാണ് ഇൗ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്. പൊണ്ണത്തടി, ഹോര്‍മോണ്‍ തകരാറുകള്‍, നിരന്തരം സംഭവിക്കുന്ന പ്രസവങ്ങള്‍ മൂലം ഗര്‍ഭാശയം താഴേക്കിറങ്ങുക തുടങ്ങിയ കാരണങ്ങള്‍ മൂലമാണിത്. അതേസമയം, പുരുഷന്മാരില്‍ പുരുഷഗ്രന്ഥിയുടെ (prostate gland) വീക്കം, അണുബാധ എന്നിവയാണ് പ്രധാനകാരണമായി കണ്ടുവരുന്നത്.
മറ്റു ചില രോഗങ്ങളുടെ പാർശ്വഫലങ്ങളായും ഇൗ പ്രശ്നം കണ്ടുവരാറുണ്ട്. പക്ഷാഘാതം, വിറവാതം, മറവിരോഗം, പ്രമേഹം എന്നീ രോഗങ്ങൾ ഉള്ളവരില്‍ അവരുടെ നാഡീവ്യവസ്ഥയുടെ പ്രവർത്തനം തകരാറിലാവുകയും മൂത്രമൊഴിക്കണമെന്ന തോന്നലുണ്ടാവുന്ന നിമിഷത്തിൽതന്നെ മൂത്രമൊഴിച്ചുപോവുകയും ചെയ്യുന്നു. മൂത്രസഞ്ചിയില്‍ പെെട്ടന്ന് സംഭവിക്കുന്ന സങ്കോചമാണ് ഇവിടെ വില്ലനാവുന്നത്. മൂത്രത്തിൽ രോഗാണുബാധയുള്ളവരിലും മൂത്രത്തിൽ കല്ലുള്ളവരിലും ഇൗ പ്രശ്നം കാണാറുണ്ട്.
ചില രോഗങ്ങൾമൂലം ശരീരത്തിെൻറ ചനലശേഷി കുറഞ്ഞവരിലും ഓര്‍മക്കുറവ്, മാനസികപ്രശ്നങ്ങൾ തുടങ്ങിയവയുള്ളവരിലും മൂത്രം പിടിച്ചുവെക്കാൻ കഴിയാതെ വരാറുണ്ട്.
മൂത്രസഞ്ചിയുടെ ശേഷി കുറയുന്നതും ഇൗ പ്രശ്നത്തിന് കാരണമാവാറുണ്ട്. ഇത്തരത്തിൽ മൂത്രസഞ്ചിയുടെ ശേഷി നഷ്ടമാവുേമ്പാൾ ഇടക്കിടെ മൂത്രസഞ്ചി നിറഞ്ഞ് അറിയാതെ മൂത്രം പുറത്തേക്കൊഴുകുന്നു.
നിലവിൽ ഇൗ പ്രശ്നങ്ങളെല്ലാം തുടക്കത്തിൽ ചികിത്സിച്ചാൽ മാറ്റിയെടുക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന ചികിത്സ ഇപ്പോൾ ലഭ്യമാണ്. അതുകൊണ്ടുതന്നെ മൂത്രാശയ സംബന്ധമായ ചെറിയ പ്രശ്നങ്ങൾക്കുപോലും തുടക്കത്തിലേ ചികിത്സ തേടണം. മരുന്നുകൾക്ക് പുറമെ ചിലതരം വ്യായാമങ്ങൾ ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യുന്നതും ഫലം ചെയ്യാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.