മങ്കി പോക്സ് : ലക്ഷണങ്ങളെന്തെല്ലാം, പകരുന്നതെങ്ങനെ?
text_fieldsഇന്ത്യയിലെ ആദ്യ മങ്കിപോക്സ് സ്ഥിരീകരിച്ചത് മലയാളിക്കാണ്. വിദേശത്തു നിന്ന് കേരളത്തിൽ മടങ്ങിയെത്തിയ ആൾക്ക് ജൂലൈ 14നാണ് രോഗം സ്ഥിരീകരിച്ചത്.
എന്താണ് മങ്കി പോക്സ്
വസൂരി പരത്തുന്ന വൈറസ് കുടുംബത്തിൽപ്പെട്ടതാണ് മങ്കിപോക്സ് വൈറസും. സാധാരണഗതിയിൽ രോഗം ഗുരുതരമാകാറില്ല. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. രോഗബാധിതരായ മൃഗങ്ങളുമായി അടുത്ത് സംബർക്കത്തിലേർപ്പെടുമ്പോഴാണ് മനുഷ്യരിലേക്ക് വൈറസ് പകരുന്നത്. രോഗബാധിതരായ മനുഷ്യരുമായി അടുത്ത ബന്ധം പുലർത്തുന്നവർക്കും രോഗം പകരാം.
ലക്ഷണങ്ങൾ
- പനി
- തലവേദന
- പേശീവേദനകൾ
- പുറം വേദന
- ക്ഷീണം
- നീർവീഴ്ച
- ശരീരത്തിലും മുഖത്തും തടിപ്പുകൾ തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങൾ.
മങ്കി പോക്സ് ചിക്കൻപോക്സോ മീസൽസോ മറ്റോ ആയി തെറ്റിദ്ധരിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
ലക്ഷണങ്ങൾ പ്രകടമാകുന്നതെപ്പോൾ
വൈറസ് ബാധിച്ച് 7-14 ദിവസത്തിനുള്ളിൽ രോഗബാധയുണ്ടാകും. രണ്ടു മുതൽ നാല് ആഴ്ചവരെ രോഗം നീണ്ടു നിൽക്കാം. രോഗബാധമൂലമുണ്ടാകുന്ന ചൊറിച്ചിൽ മാറുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പാണ് രോഗം പകരുക.
രോഗതീവ്രത എങ്ങനെ
രോഗത്തിന് നാല്ഘട്ടമാണുള്ളത്. 0-5 ദിവസം വരെ ആദ്യഘട്ടം ഇൻവാഷൻ പിരീഡ് ആണ്. ചെറിയ പനി, തലവേദന, ലിംഫ്നോഡുകളിലെ വീക്കം എന്നിവ ഈഘട്ടത്തിൽ അനുഭവപ്പെടും.
ലിംഫ് നോഡുകളുടെ വീക്കമാണ് മങ്കിപോക്സിന്റെ പ്രധാന ലക്ഷണം. ഇതേപോലുള്ള മറ്റ് രോഗങ്ങളിൽ ലിംഫ്നോഡ് വീങ്ങാറില്ല.
രണ്ടു ദിവസത്തെ പനിക്ക് ശേഷം തൊലിയിൽ കുമിളകളും വ്രണവും കാണാം. 95 ശതമാനം കേസിലും വ്രണങ്ങൾ മുഖത്താണ് കൂടുതലായി ഉണ്ടാകുക. 75 ശതമാനം കേസുകളിൽ കൈവെള്ളയിലും കാൽപാദത്തിലും കാണാം. 70 ശതമാനം കേസുകളിൽ വായിലെ മസ്കസ് പാളിയെ ബാധിക്കും. കണ്ണിന്റെ കോർണിയ, ജനനേന്ദ്രിയങ്ങൾ എന്നിവടെയും ബാധിക്കാം.
ത്വക്കിലുണ്ടാകുന്ന വ്രണങ്ങൾ രണ്ടു മുതൽ നാല് ആഴ്ചവരെ നീണ്ടു നിൽക്കും. മുറിവുകൾ വേദനാജനകമായിരിക്കും. കുമിളകളിൽ ആദ്യം തെളിഞ്ഞ നീരും പിന്നീട് പഴുപ്പും നിറയും. ഒടുവിൽ പൊറ്റകെട്ടുകയോ തൊലിവന്ന് മൂടുകയോ ചെയ്യും.
രോഗികളെ ഐസോലേറ്റ് ചെയ്യാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. കണ്ണുകളിൽ വേദന, കാഴ്ച മങ്ങുക, ശ്വാസതടസം നേരിടുക, മൂത്രത്തിന്റെ അളവിൽ കുറവുണ്ടാവുക എന്നീലക്ഷണങ്ങൾ രോഗിക്കുണ്ടോ എന്ന കാര്യം നിരീക്ഷിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നു.
ചികിത്സ
ഇതുവരെ പ്രത്യേക ചികിത്സയൊന്നും കണ്ടെത്തിയിട്ടില്ല. ലക്ഷണങ്ങൾക്കനുസൃതമായ ചികിത്സ നൽകാനാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്. രോഗബാധിതർ സമ്പർക്ക വിലക്കിൽ തുടരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.