ആർത്തി വേണ്ട, ആന്റിബയോട്ടിക്കിനോട്
text_fieldsആന്റിബയോട്ടിക്കിന്റെ അമിത ഉപയോഗമാണ് ആരോഗ്യ കേരളം സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. നിസ്സാര രോഗങ്ങൾക്ക് വ്യാപകമായി ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് പൊതുജനാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ സൃഷ്ടിച്ച ഭീഷണി ചെറുതല്ല. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ടതും കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മാത്രം വിൽക്കേണ്ടതുമായ ആന്റിബയോട്ടിക്കുകൾ മെഡിക്കൽ സ്റ്റോറിലെത്തി പേരുപറഞ്ഞാൽ കിട്ടും എന്നതായിരുന്നു അവസ്ഥ. ഫാർമസികളും ചില ഡോക്ടർമാരും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടും ആന്റിബയോട്ടിക് ‘വിറ്റഴിക്കൽ മേള’ക്ക് കളമൊരുക്കി. പെട്ടെന്ന് രോഗം മാറ്റാനുള്ള കുറുക്കുവഴിയായി ചില ഡോക്ടർമാരും രോഗികളും ആന്റിബയോട്ടിക്കിനെ കണ്ടു.
രോഗത്തിന് കാരണക്കാരായ ബാക്ടീരിയകളെ ഇല്ലാതാക്കുകയോ അവയുടെ വർധന ഫലപ്രദമായി തടയുകയോ ആണ് ആന്റി ബയോട്ടിക്കുകൾ ചെയ്യുന്നത്. എന്നാൽ, അനാവശ്യമായും അമിതമായും ഉപയോഗിച്ച് തുടങ്ങിയതോടെ രോഗാണുക്കൾ അവയെ പ്രതിരോധിക്കാൻ ശക്തിയാർജിക്കുകയും പിന്നീട് അനിവാര്യമായ ഘട്ടത്തിൽ പോലും ആന്റിബയോട്ടിക് ഫലിക്കാതാവുകയും ചെയ്യുന്ന ഗുരുതര സ്ഥിതിവിശേഷമാണ് ഉടലെടുത്തത്.ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് (എ.എം.ആർ) എന്നറിയപ്പെടുന്ന,രോഗാണുക്കൾ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷി കൈവരിക്കുന്ന ഈ അവസ്ഥ മൂലം 2050ഓടെ ലോകത്ത് പ്രതിവർഷം ഒരു കോടി ആളുകൾ മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ)യുടെ കണക്ക്.
തോന്നുംപോലെ കഴിച്ചാൽ തേടിയെത്തും രോഗം
അനാവശ്യമായും ഡോക്ടറുടെ മാർഗനിർദേശം സ്വീകരിക്കാതെയും സ്വയം തീരുമാനിക്കുന്ന അളവിലും സമയത്തും ആന്റിബയോട്ടിക് കഴിക്കുന്നതിലൂടെ ഇവയെ അതിജീവിക്കാനുള്ള ശേഷി ബാക്ടീരിയകൾ കൈവരിക്കുന്നു. ഇതോടെ ആന്റി ബയോട്ടിക്കിന്റെ ആദ്യ കോഴ്സിൽത്തന്നെ പൂർണമായും മാറിയിരുന്ന രോഗങ്ങൾ പോലും ഭേദമാകാൻ ആഴ്ചകൾ എടുക്കുന്ന അവസ്ഥയായി. മാറിയ രോഗം രണ്ടാഴ്ചക്കകം മടങ്ങിയെത്തി. ഡോക്ടർ കുറിച്ച് നൽകുന്നതിന് വിപരീതമായി കൂടിയ അളവിൽ കഴിക്കുന്നതും ഇടക്കുവെച്ച് നിർത്തുന്നതും സമയക്രമം പാലിക്കാത്തതുമെല്ലാം അപകടം ക്ഷണിച്ചുവരുത്തും. ഇവിടെ തകിടം മറിയുന്നത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം അപ്പാടെയാണ്.
നേരിട്ടുള്ള ഉപയോഗം കുറച്ചാലും ആന്റിബയോട്ടിക് അടങ്ങിയ മരുന്നും ഭക്ഷ്യവസ്തുക്കളും താറാവും കോഴിയും മത്സ്യവും കന്നുകാലിയും പോലുള്ള വളർത്ത് ജീവികൾക്ക് നൽകുന്നതിലൂടെ മനുഷ്യനിലെത്തുന്നുണ്ട്. ഉൽപാദനം കൂട്ടാൻ കാർഷിക മേഖലയിലും വിവിധതരം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നു. ചെറിയൊരു രോഗം വരുമ്പോൾ അതിന്റെ കാരണം ബാക്ടീരിയ ആണോ വൈറസ് ആണോ എന്നുപോലും തിരിച്ചറിയാതെ അസിത്രോമൈസിനും അമോക്സിലിനും സിപ്രോഫ്ലൊക്സാസിനും അമോക്സിക്ലാവും പോലുള്ള ആന്റിബയോട്ടിക്കുകൾ മരുന്നുകടകളിൽ നിന്ന് നേരിട്ടുവാങ്ങി കഴിക്കുന്നവർ നിരവധിയാണ്.
അമിതമായും അസമയത്തും ഡോക്ടറുടെ നിർദേശമില്ലാതെയും ആൻറി ബയോട്ടിക് ഉൾപ്പെടെ മരുന്നുകൾ ഉപയോഗിക്കുന്നത് അവ വീണ്ടും പ്രയോജനപ്പെടാത്ത സാഹചര്യവും അതിനേക്കാൾ വീര്യമുള്ളത് ഉപയോഗിക്കാൻ രോഗിയെ നിർബന്ധിതമാക്കുന്ന അവസ്ഥയും സൃഷ്ടിക്കുമെന്ന് എറണാകുളം ജില്ല ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഷർമദ് ഖാൻ പറയുന്നു.
കേരളം ഉണരുന്നു
രോഗാണുക്കൾ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന അപകടകരമായ അവസ്ഥക്കെതിരെ കേരള ആന്റിമൈക്രോബയൽ റസിസ്റ്റൻസ് സ്ട്രാറ്റജി പ്ലാൻ (കർസാപ്) എന്ന കർമപദ്ധതിയുമായി 2018ൽ ആദ്യമായി രംഗത്തുവന്നത് കേരളമാണ്. ഇ–കോളൈ, എന്ററോ കോക്കസ്, അസിനിറ്റോ ബാക്ടർ, സ്റ്റെഫലോ കോക്കസ്, സ്യൂഡൊമൊണാസ്, ക്ലബ്സിയല എന്നീ ബാക്ടീരിയകൾ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷി കൈവരിച്ചവയായി ആരോഗ്യ വകുപ്പിന്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു.ആന്റി ബയോട്ടിക്കിന്റെ അനാവശ്യ ഉപയോഗം തടയാൻ ആരോഗ്യ വകുപ്പ് ഉണർന്ന് പ്രവർത്തിച്ചതിന്റെ ഫലമായി സംസ്ഥാനത്ത് ഇവയുടെ വിൽപനയിൽ മുന്നൂറ് കോടിയോളം രൂപയുടെ കുറവു വന്നതായി ത്വരിത സർവേയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ഡ്രഗ്സ് കൺട്രോളർ ഡോ. കെ. സുജിത്കുമാർ പറഞ്ഞു.
കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക് വിൽക്കുന്നത് കർശനമായി നിരോധിക്കുകയും പൊതുജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തു.‘കർസാപി’ന്റെ തുടർച്ചയായി ആന്റിബയോട്ടിക്കുകളുടെ അനധികൃത വിൽപനയും അമിത ഉപയോഗവും തടയാൻ സംസ്ഥാന ആരോഗ്യവകുപ്പ് രൂപം നൽകിയ പദ്ധതിയാണ് ‘അമൃത്’(ആന്റിമൈക്രോബയൽ റസിസ്റ്റൻസ് ഇന്റർവെൻഷൻ ഫോർ ടോട്ടൽ ഹെൽത്ത്). ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം പൂർണമായി നിർത്തുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ വിഭാഗം നേരിട്ടും പൊതുജന പങ്കാളിത്തത്തോടെയും പരിശോധനകളും ബോധവത്കരണവും നടത്തുന്നുണ്ട്.ആന്റിബയോട്ടിക് വിൽപനയുടെ വിവരങ്ങൾ സൂക്ഷിക്കണമെന്നും ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വിൽക്കുന്നതല്ലെന്ന ബോർഡ് പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്. നിർദേശം ലംഘിച്ച 55 റീട്ടെയിൽ മരുന്ന് സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും 300ഓളം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയുമുണ്ടായി. ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാൻ പ്രത്യേക നീലക്കവറിൽ നൽകണം എന്നതായിരുന്നു മറ്റൊരു നിർദേശം.
മരുന്ന് എങ്ങനെ കഴിക്കണമെന്നതിനുപുറമെ ബോധവത്കരണ സന്ദേശങ്ങളും ഈ കവറിൽ ഉൾപ്പെടുത്തി.
(തുടരും)
എ.എം.ആര് രാജ്യത്തിന് മാതൃക
ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അമിതവുമായ ഉപയോഗം മനുഷ്യരാശിയുടെ നിലനിൽപിന് ഉയര്‍ത്തുന്ന ഭീഷണി വലുതാണ്. ഡോക്ടറുടെ പ്രിസ്ക്രിപ്ഷന് ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ വില്ക്കാന് പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഫലമായി കേരളത്തില്‍ ഇവയുടെ ഉപയോഗം 20 മുതല്‍ 30 ശതമാനം വരെ കുറഞ്ഞു.
എല്ലാ ആശുപത്രികളെയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും.ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം സൃഷ്ടിക്കുന്ന ആന്റിമൈക്രോബയല്‍ റസിസ്റ്റന്സിനെതിരെ (രോഗാണുക്കള്‍ മരുന്നിന് മേലെ ആര്‍ജിക്കുന്ന പ്രതിരോധം) അവബോധം സൃഷ്ടിക്കാൻ ജനകീയ ബോധവത്കരണത്തിനും കേരളം തുടക്കമിട്ടു. സാധാരണക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ആശാ വര്‍ക്കര്‍മാര്‍ വീടുവീടാന്തരം എത്തി ജനങ്ങളെ നേരിട്ടുകണ്ട് ആശയ വിനിമയം നടത്തുന്നു. ഇതിലൂടെ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്.
വീണ ജോര്‍ജ് (ആരോഗ്യ, വനിത, ശിശു വികസന മന്ത്രി)
ഫാർമസികൾക്ക് അക്രഡിറ്റേഷൻ കൊണ്ടുവരും
ആന്റിമൈക്രോബയൽ റസിസ്റ്റൻസ് സ്ട്രാറ്റജി പ്ലാനിന്റെ ഭാഗമായി ആദ്യം മെഡിക്കൽ സ്റ്റോർ ഉടമകൾക്കും ഫാർമസിസ്റ്റുകൾക്കും ബോധവത്കരണം നടത്തുകയും രണ്ടാം ഘട്ടത്തിൽ ‘ഓപറേഷൻ അമൃതും’ മൂന്നാം ഘട്ടത്തിൽ നീലക്കവർ കൊണ്ടുവരുകയും ചെയ്തു. എല്ലാ വീട്ടിലും സന്ദേശം എത്തിക്കുകയാണ് ലക്ഷ്യം. നിരന്തര വിലയിരുത്തലിലൂടെ മരുന്ന് ഷോപ്പുകൾക്ക് അക്രഡിറ്റേഷൻ നൽകുകയാണ് നാലാം ഘട്ടം. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നവയെ മാതൃക ഫാർമസികളായി തിരഞ്ഞെടുക്കും. ഇവയുടെ ഉടമകൾക്കും ഫാർമസിസ്റ്റുകൾക്കും പ്രത്യേക പരിശീലനം നൽകും.
ഡോ. കെ. സുജിത്കുമാർ (സംസ്ഥാന ഡ്രഗ്സ് കൺട്രോളർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.