Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightജീവരക്ഷക്ക് സമയം...

ജീവരക്ഷക്ക് സമയം നിര്‍ണായകം; പാഴാക്കരുത് ആ സുവർണ നിമിഷങ്ങള്‍

text_fields
bookmark_border
International Stroke Day
cancel

ന്ന് അന്താരാഷ്ട്ര പക്ഷാഘാത ദിനമാണ്. ചെറുപ്പക്കാരിലടക്കം സ്ട്രോക് വർധിച്ചുവരുന്ന അവസ്ഥയാണ്. ഒരാള്‍ക്ക് പക്ഷാഘാതം വന്നതിന് ശേഷമുള്ള ഓരോ മിനിറ്റിലും നശിക്കുന്നത് തലച്ചോറിലെ 20 ലക്ഷത്തോളം കോശങ്ങളാണ്. ഓരോ മിനിറ്റ് കൂടുന്തോറും ലക്ഷക്കണക്കിന് കോശങ്ങള്‍ എന്നന്നേക്കുമായി നശിക്കുന്നുവെന്നതിനാല്‍ പക്ഷാഘാതം സംഭവിച്ച രോഗിയുടെ ജീവന്‍രക്ഷയും സമയവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. അസുഖലക്ഷണങ്ങള്‍ കണ്ടുതുടങ്ങി ഒന്നര മണിക്കൂറിനുള്ളില്‍ രോഗിയെ പക്ഷാഘാത ചികിത്സാസൗകര്യമുള്ള ഒരു ആശുപത്രിയില്‍ എത്തിക്കുകയെന്നതാണ് ഏറെ നിര്‍ണായകം. അതുകൊണ്ടുതന്നെ ഈ ഒന്നര മണിക്കൂര്‍ ഗോള്‍ഡന്‍ ഹവര്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ഒരു മിനുറ്റില്‍ 20 ലക്ഷം കോശങ്ങള്‍ നശിപ്പിക്കപ്പെടുന്നു എന്നത്, ഒരാള്‍ക്ക് മൂന്നര വര്‍ഷം പ്രായംകൂടുമ്പോള്‍ ഉണ്ടാകുന്ന കോശനഷ്ടത്തിന് സമാനമാണെന്ന് കോഴിക്കോട് മേയ്ത്ര ആശുപത്രിയിലെ ഇന്റര്‍വെന്‍ഷനല്‍ ന്യൂറോളജിസ്റ്റും സ്‌ട്രോക് സ്‌പെഷ്യലിസ്റ്റുമായ സീനിയര്‍ കണ്‍സല്‍ടന്റ് ഡോ. ദീപ് പിള്ള ചൂണ്ടിക്കാട്ടുന്നു. രോഗിയെ എത്രയും പെട്ടന്ന് ഏറ്റവും മികച്ച ചികിത്സ കിട്ടുന്ന ആശുപത്രിയില്‍ എത്തിക്കുകയെന്നത് പ്രധാനമാണ്. സ്‌ട്രോക്കിന് വിദഗ്ധ ചികിത്സ ലഭിക്കാനിടയില്ലാത്ത ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോയി സമയം നഷ്ടപ്പെടുത്തുന്നതിനേക്കാള്‍ ഉചിതം ശരിയായ ചികിത്സാസൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് പരമാവധി വേഗം എത്തിക്കുകയെന്നതാണ്. അഡ്വാന്‍സ്ഡ് സ്‌ട്രോക്ക് കെയര്‍ സെന്ററില്‍ എത്തിക്കാനായാല്‍ അത്രയും നന്നായിരിക്കും.

എന്താണ് സ്‌ട്രോക്ക്?

തലച്ചോറിന്റെ ഏതെങ്കിലും ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം നിലക്കുന്നതിനെ തുടര്‍ന്നുള്ള ആഘാതമാണ് സ്‌ട്രോക്ക്. രക്തധമനികളല്‍ രക്തം കട്ടപിടിക്കുന്നതുമൂലമോ, ധമനികള്‍ പൊടുന്നനെ തകരുന്നതു മൂലമോ ഇത് സംഭവിക്കാം. ആഘാതത്തെ തുടര്‍ന്ന് തലച്ചോറിന്റെ ഏതെങ്കിലും ഒരു ഭാഗം നശിച്ചുപോവുകയും തന്‍മൂലം ആ പ്രസ്തുതഭാഗവുമായി ബന്ധിച്ചുകിടക്കുന്ന മുഖത്തിന്റെ വശവും കൈകാലുകളും ശരീരഭാഗം തന്നെയും തളര്‍ന്നുപോവുകയോ മരവിക്കുകയോ ചെയ്‌തേക്കാം. യഥാസമയം വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. പെട്ടന്നുണ്ടാകുന്ന ക്ഷീണം, കടുത്ത തലവേദന, കാഴ്ചയിലുള്ള പ്രശ്‌നങ്ങള്‍, സംസാരിക്കാന്‍ കഴിയാതെയാവുക തുടങ്ങിയവയും സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണ്.

രക്തയോട്ടം തടസ്സപ്പെടുന്നതുമൂലമുള്ള സ്‌ട്രോക്ക് ആണ് ഇസ്‌കീമിക് സ്‌ട്രോക് (Ischemic stroke). രക്തത്തിലൂടെ ഓക്‌സിജനും പോഷകങ്ങളും ലഭിക്കുന്നത് നിലയ്ക്കുന്നതോടെയാണ് തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നത്. 90 ശതമാനം സ്‌ട്രോക്കും ഇത്തരത്തില്‍ സംഭവിക്കുന്നതാണ്. തലച്ചോറില്‍ പൊടുന്നനെ ഉണ്ടാകുന്ന രക്തവാര്‍ച്ചയെ തുടര്‍ന്നുള്ള ആഘാതമാണ് ഹെമറേജിക് സ്‌ട്രോക്ക് (Hemorrhagic stroke). ഇത്തരത്തിലുള്ള രക്തവാര്‍ച്ച കോശങ്ങള്‍ക്ക് മേലുള്ള സമ്മര്‍ദ്ദമേറ്റുകയും അവ നശിക്കുകയും ചെയ്യും.

സമയവും ചികിത്സയും

തലച്ചോറിനെ ബാധിക്കുന്നതായതിനാല്‍ തന്നെ ഏറെ ഗുരുതരമായ അവസ്ഥാവിശേഷമാണിത്. എന്നാല്‍, എത്രയും വേഗം ശരിയായ ചികിത്സാസൗകര്യങ്ങളും വിദഗ്ധ ഡോക്ടമാരും ഉള്ള ആശുപത്രിയില്‍ ഏത്തിക്കാനായാല്‍ രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകും. രക്തക്കുഴലുകളിലെ തടസ്സം നീക്കി രക്തയോട്ടം സുഖമമാക്കുകയെന്നതാണ് പ്രധാന ചികിത്സാവിധി.

ആദ്യത്തെ മൂന്ന് മുതല്‍ നാലര മണിക്കൂര്‍ വരെ ഇന്‍ട്രാവെനസ് ത്രോംബോളിസിസ് (I.V. thrombolysis) സംവിധാനത്തിലൂടെ രക്തക്കുഴലിലുള്ള തടസ്സങ്ങള്‍ നീക്കാനുള്ള സാവകാശമുണ്ട്. ഐ.വി സംവിധാനത്തിലൂടെ മരുന്ന് കയറ്റി കട്ടപിടിച്ച രക്തം അലിയിക്കുന്ന രീതിയാണിത്. മേജര്‍ സ്‌ട്രോക്ക് ആണ് വന്നതെങ്കില്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള മെക്കാനിക്കല്‍ ത്രോംബെക്ടമി (mechanical thrombectomy) വഴി തടസ്സങ്ങള്‍ നീക്കേണ്ടി വരും. ആദ്യത്തെ ആറ് മണിക്കൂറിനുള്ളില്‍ ഈയൊരു പ്രക്രിയയ്ക്ക് അവസരമുണ്ട്. ചിലര്‍ക്ക് 24 മണിക്കൂര്‍ വരെ സാവകാശം കിട്ടുമെന്നും ഡോ. ദീപ് പിള്ള ചൂണ്ടിക്കാട്ടുന്നു.

ഉറക്കത്തിലാണ് സ്‌ട്രോക് വരുന്നതെങ്കില്‍, എപ്പോള്‍ തുടങ്ങിയെന്നത് വ്യക്തമാകില്ല. ഇത്തരം സാഹചര്യത്തില്‍ എം.ആര്‍.ഐ. പരിശോധനയിലൂടെ സമയം മനസ്സിലാക്കാനാകും. സി.ടി. സ്‌കാന്‍, ത്രോംബക്ടമി, ത്രോംബോളിസിസ് തുടങ്ങിയ സംവിധാനങ്ങളുള്ള ആശുപത്രിയില്‍ എത്തിക്കണം.

ചിലര്‍ക്ക് സ്‌ട്രോക് വരുമ്പോള്‍ തുടക്കത്തില്‍ മുഖത്തെ കോട്ടം മാത്രമായിരിക്കും ലക്ഷണമായി കാണുക. ഇത് ചിലപ്പോള്‍ ബെല്‍സ് പാള്‍സി ആയിരിക്കാനും സാധ്യതയുണ്ട്. എന്നാല്‍, സ്‌ട്രോക്കിന്റെ ലക്ഷണമാണോ അല്ലയോ എന്ന് ഉറപ്പുവരുത്താനാകില്ല എന്നതിനാല്‍, സ്‌ട്രോക് എന്ന മുന്‍വിധിയോടെ തന്നെ രോഗിയെ എ്ത്രയും പെട്ടന്ന് മതിയായ ചികിത്സാ സൗകര്യമുള്ള ആശുപത്രിയില്‍ എത്തിക്കണമെന്നും ഡോ. ദീപ് പിള്ള ചൂണ്ടിക്കാട്ടുന്നു.

ഒക്ടോബര്‍ 29 ലോക സ്‌ട്രോക് ദിനം

സ്‌ട്രോക് എന്ന രോഗത്തെ കുറിച്ചും ചികിത്സാരീതിയെ കുറിച്ചും പ്രതിരോധത്തെ കുറിച്ചുമൊക്കെ ബോധവത്കരിക്കുന്നതിനായാണ് ആഗോളതലത്തില്‍ ഒക്ടോബര്‍ 29 ലോക സ്‌ട്രോക് ദിനമായി ആചരിക്കുന്നത്. വേള്‍ഡ് സ്‌ട്രോക് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ 2006ല്‍ ആണ് ലോക സ്‌ട്രോക് ദിനാചരണത്തിന് തുടക്കമായത്. 2010 സംഘടന സ്‌ട്രോകിനെ പൊതുജനാരോഗ്യ അത്യാഹിതങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ചു.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ദീപ് പി. പിള്ള, മെയ്ത്ര ഹോസ്പിറ്റൽ കോഴിക്കോട്

(Senior Consultant - Stroke and Interventional Neurology, Centre For Neurosciences Meitra Hospital)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health TipsHealth NewsInternational Stroke Day
News Summary - October 29 is International Stroke Day
Next Story