Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightകുട്ടിമനസ്സിന് വേണം...

കുട്ടിമനസ്സിന് വേണം കരുതലിന്‍റെ 'കൂട്ട്'

text_fields
bookmark_border
കുട്ടിമനസ്സിന് വേണം കരുതലിന്‍റെ കൂട്ട്
cancel

കോട്ടയം: കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന ആത്മഹത്യ രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞമാസം ദിവസങ്ങളുടെ ഇടവേളകളിലാണ് മൂന്ന് കുട്ടികൾ ജില്ലയിൽ ജീവനൊടുക്കിയത്. മാതാപിതാക്കളുടെ വഴക്കിൽ മനംനൊന്താണ് പാമ്പാടിയിൽ 12 വയസ്സുകാരനും കഞ്ഞിക്കുഴിയിൽ 15 വയസ്സുകാരിയും തൊട്ടടുത്ത ദിവസങ്ങളുടെ വ്യത്യാസത്തിൽ ജീവനൊടുക്കിയത്. ഈ മരണങ്ങൾക്ക് പിന്നാലെയായിരുന്നു തലയോലപ്പറമ്പിൽ 18കാരി വിഷക്കായ് കഴിച്ച് ആത്മഹത്യ ചെയ്തത്.

ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഓരോ 40 സെക്കൻഡിലും ഒരു ആത്മഹത്യ വീതം സംഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കേരള പൊലീസിന്‍റെ കണക്കുപ്രകാരം കേരളത്തിൽ ഒരുവർഷം 300ലധികം കുട്ടികൾ ആത്മഹത്യ ചെയ്യുന്നതായി പറയപ്പെടുന്നു. കുട്ടികൾക്കിടയിലെ ആത്മഹത്യ വർധിക്കാൻ തുടങ്ങിയത് കോവിഡ് കാലഘട്ടത്തിന്‍റെ സാഹചര്യത്തിലാണ്. ആത്മഹത്യാപ്രവണത മുതിർന്നവർ ശ്രദ്ധിക്കാതെ പോകുന്നതാണ് ഇവ വർധിക്കാൻ കാരണം. മുൻകാലങ്ങളിൽ ആത്മഹത്യയെ കണ്ടിരുന്നത് കുറ്റകരമായിട്ടായിരുന്നെങ്കിൽ ഇപ്പോൾ അത് 'സഹായത്തിനായുള്ള കരച്ചിൽ' ആയാണ് കരുതുന്നതെന്ന് മനോരോഗ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കുട്ടികളിൽ ഉണ്ടാകുന്ന ചില നിസ്സഹായ അവസ്ഥയിൽനിന്നോ ചിന്തകളിൽനിന്നോ രക്ഷപ്പെടാനായി അവർ ആത്മഹത്യ എന്ന മാർഗം സ്വീകരിക്കുന്നു. വിഷാദം, ലഹരിവസ്തുക്കളുടെ ഉപയോഗം, പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാനാവാത്ത അവസ്ഥ, മാതാപിതാക്കളുടെ പ്രതീക്ഷകളും കുട്ടികൾക്ക് അതിനൊത്ത് ഉയരാൻ സാധിക്കുന്നില്ല എന്ന ചിന്തകളും അപകർഷബോധവും മാതാപിതാക്കളിൽനിന്നുള്ള ചെറിയ ശകാരങ്ങൾ, കുടുംബപ്രശ്നങ്ങൾ, മദ്യപാനപ്രശ്നങ്ങൾ, മാതാപിതാക്കളുടെ കരുതലും പരിഗണനയും ലഭിക്കാത്ത സാഹചര്യത്തിൽ വളരുന്ന കുട്ടികൾ, നിസ്സാരകാര്യങ്ങളിൽ ക്രൂര ശിക്ഷകൾ അനുഭവിക്കേണ്ടി വരുക, അമിതസ്വാതന്ത്ര്യം അനുഭവിക്കുന്ന കുട്ടികൾ, സാമൂഹികസമ്പർക്കം പുലർത്താത്ത കുട്ടികൾ, ഫോണുകളുടെയും സമൂഹ മാധ്യമങ്ങളുടെയും അമിത ഉപയോഗം, ചൂഷണങ്ങൾ നേരിടേണ്ടിവന്ന കുട്ടികൾ തുടങ്ങിയ കാരണങ്ങളാൽ ആത്മഹത്യപ്രവണത ഉണ്ടാവാറുണ്ട്. ഫോണുകളുടെ അമിത ഉപയോഗം കുട്ടികളിൽ വിഷാദരോഗം പോലുള്ള മാനസികപ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

കുട്ടികൾക്കായി ശ്രദ്ധിക്കാം

ക്വാളിറ്റി ടൈം പങ്കിടാം

കുട്ടികളുമായി ദിവസവും അരമണിക്കൂറെങ്കിലും ഗുണപ്രദമായി സമയം ചെലവഴിക്കുകയും അതൊരു ശീലമാക്കുകയും ചെയ്യേണ്ട സമയമാണ് ക്വാളിറ്റി ടൈം. ഈ സമയങ്ങളിൽ പൂർണമായും അവരുമായി സമയം പങ്കിട്ടാൽ കുട്ടികളുമായുള്ള ആത്മബന്ധം വളർത്താൻ സാധിക്കും. അവരുമായി വിനോദങ്ങളിൽ ഏർപ്പെടുക, യാത്ര ചെയ്യുക, സർഗശേഷികൾ പ്രോത്സാഹിപ്പിക്കുക, ദൈനംദിന കാര്യങ്ങൾ പങ്കിടുക എന്നിവയിലൂടെ അവരെ അടുത്തറിയാൻ സാധിക്കും. അവരെ വഴക്കുപറയാനോ കുറ്റപ്പെടുത്താനോ തിരുത്താനോ ഈ സമയം വിനിയോഗിക്കാതിരിക്കുക.

വാശിയെ പ്രോത്സാഹിപ്പിക്കരുതേ

കുട്ടികൾക്ക് അമിതസ്വാതന്ത്ര്യം നന്നല്ല. അവരുടെ അനാവശ്യ വാശികളെ പ്രോത്സാഹിപ്പിക്കാതിരിക്കുക, ആവശ്യപ്പെടുന്നത് അർഹിക്കുന്നതല്ലെങ്കിൽ അവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുക. പൂർണസ്വാതന്ത്ര്യം നൽകുന്ന മാതാപിതാക്കൾ ചെറിയ കാര്യങ്ങൾ സാധിച്ചുകൊടുത്തില്ലെങ്കിൽ അവരിൽ വാശി വർധിക്കും. ഇതുമൂലം അമിത ദേഷ്യവും എന്തും ചെയ്യാവുന്ന അവസ്ഥയിലേക്കും കുട്ടികൾ നിർബന്ധിതരാകുന്നു. ഭാവിയിൽ അത് ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കപ്പെടാം. അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളിലും 'യെസ്' പറയാതെ അത്യാവശ്യം കാര്യങ്ങളിൽ കർശനമാവാം. 'നോ' കേട്ടുശീലിക്കാൻ അവരെ പ്രാപ്തരാക്കുക.

സൂക്ഷിക്കാം, ഫോൺ എന്ന വില്ലനെ

ഓൺലൈൻ ക്ലാസിന്‍റെ വരവോടെ കുട്ടികളിൽ എപ്പോഴും ഫോൺ സജീവ സാന്നിധ്യമാണ്. ഗെയിമുകളും അശ്ലീല ചിത്രങ്ങളും സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗവും മറ്റും മാതാപിതാക്കളുടെ കണ്ണുവെട്ടിച്ചുള്ള ഉപയോഗം കൂടുതലാണ്. ചില സാഹചര്യങ്ങളിൽ ബ്ലൂവെയ്ൽ പോലുള്ള ഗെയിമുകൾ ഉപയോഗിച്ച് നിരവധി കുട്ടികളുടെ ജീവൻ നഷ്ടമായിട്ടുണ്ട്. സ്വഭാവമാറ്റം, സർഗശേഷികൾ കുറയുക, ഉറക്കക്കുറവ്, സമൂഹത്തിൽ ഇടപെടാനും പഠനത്തോടും ഭക്ഷണത്തോടും വിരക്തി തുടങ്ങിയവ ഫോൺ അഡിക്ടുകളായ കുട്ടികളുടെ ലക്ഷണങ്ങളാണ്. ഫോൺ ഉപയോഗം നിയന്ത്രിക്കുക, കുട്ടികളുടെ പ്രവൃത്തികൾ ശ്രദ്ധിക്കുക, ആരോടെല്ലാമാണ് ബന്ധപ്പെടുന്നതെന്ന് മനസ്സിലാക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ ഫോൺ നിയന്ത്രണം നിയന്ത്രിക്കാം.

തിരുത്താം, ശരിയായ സമയത്ത്

കുട്ടികളുമായി നല്ല ബന്ധം സൃഷ്ടിക്കുകയും അവരുടെ തെറ്റുകൾ തുറന്നുപറയാനുള്ള അവസരം നൽകുകയും തുറന്ന് സംസാരിക്കുമ്പോൾ അവർക്കുള്ള കഠിനശിക്ഷ നൽകാതെ ശരിയായ നിർദേശങ്ങളും തിരുത്തലുകളും നൽകാൻ ശ്രദ്ധിക്കുക.

'ബ്രെയിൻ ബേസ്ഡ് പാരന്‍റിങ്' മുഖ്യം

  • കുട്ടികളുടെ വളർച്ചയനുസരിച്ച് മാതാപിതാക്കൾ അവരുടെ പാരന്‍റിങ്ങിൽ മാറ്റം വരുത്തേണ്ടതുണ്ട്. തീരെ ചെറിയ കുട്ടികളോട് പെരുമാറുന്നതുപോലെ ഒരു കൗമാരക്കാരനോട് പെരുമാറാതിരിക്കുക.
  • പ്രായം അനുസരിച്ച് അവരോടുള്ള പെരുമാറ്റത്തിൽ അല്ലെങ്കിൽ ഇടപെടലുകളിൽ വ്യത്യാസം വരുത്തിയില്ലെങ്കിൽ ഭാവിയിൽ അവരുമായി അഭിപ്രായവൈരുധ്യത്തിന് സാധ്യതയേറെയാണ്. കുട്ടികളോടുള്ള വൈകാരിക മറുപടികൾ ഒഴിവാക്കുക.
  • 'ബാല്യകാല അനുഭവങ്ങൾ കുട്ടികളുടെ വ്യക്തിത്വ വളർച്ചയെ ഒരുപാട് സ്വാധീനിക്കും. ചെറിയ പ്രായത്തിലുണ്ടായ മോശമായ അനുഭവങ്ങൾ മാനസികാവസ്ഥയെ ബാധിക്കാനിടയുണ്ട്.
  • ചൂഷണം പോലുള്ള അനുഭവങ്ങൾ, നിരന്തര മാനസിക സമ്മർദം തുടങ്ങിയവ വിഷാദത്തിലേക്ക് അവരെ തള്ളിവിടാനുള്ള സാധ്യതയേറെയാണ്'.

-ര​മ്യ എ​ലി​സ​ബ​ത്ത്​ കു​ര്യ​ൻ

(ക​ൺ​സ​ൾ​ട്ട​ന്‍റ്​ ആ​ൻ​ഡ്​ ഡ​യ​റ​ക്ട​ർ, ഹെ​ൽ​ത്തി മൈ​ൻ​ഡ്​​സ്, പാ​ലാ)

മാനസികാഘാതം ഊഹിക്കാവുന്നതിലും അപ്പുറം

പരസ്പരം കലഹിക്കുന്ന മാതാപിതാക്കൾക്കൊപ്പം ജീവിക്കുന്ന കുട്ടികൾക്കുണ്ടാകുന്ന മാനസികാഘാതം നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് ഇത്തരം കുട്ടികളിൽ കുറവായിരിക്കും.

മിക്കവരും അന്തർമുഖരായാവും വളരുക. മക്കൾക്ക് മുന്നിൽ ഏറ്റുമുട്ടുന്നതിലും നല്ലത് പിരിഞ്ഞുതാമസിക്കുന്നതും മാതാവോ പിതാവോ കുട്ടികളെ ഒപ്പംനിർത്തി സംരക്ഷിക്കുന്നതുമായിരിക്കും.

കുടുംബകോടതികളിൽ വിവാഹമോചനം തേടി എത്തുന്നവരിൽ ബഹുഭൂരിപക്ഷത്തിന്‍റെയും ചെറുപ്പകാലം മാതാപിതാക്കൾ തമ്മിലെ വഴക്കിനിടയിൽ പൊലിഞ്ഞുപോയതായാണ് കണ്ടുവരുന്നത്.

കഠിന മാനസിക സംഘർഷത്തിനിടെ വളരേണ്ടിവരുന്നവരിൽ ഒരു വിഭാഗത്തിൽ സാമൂഹികവിരുദ്ധ മനോഭാവം ഉണ്ടാകാറുണ്ട്. ഇക്കാര്യങ്ങൾ മാതാപിതാക്കൾ കണക്കിലെടുക്കാത്തതിന്‍റെ ദുരന്തവും അനുഭവിക്കേണ്ടിവരുന്നതും കുട്ടികളാണ്.

-അ​ഡ്വ. സി.​ആ​ർ. സി​ന്ധു​മോ​ൾ ഏ​റ്റു​മാ​നൂ​ർ

തയാറാക്കിയത്​: ആഷിക്​ എം. അസീസ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Children Health
News Summary - The child's mind needs a 'companion' of care
Next Story