ഗർഭാശയ മുഴകൾ: അറിയണം ഇക്കാര്യങ്ങൾ
text_fieldsഗർഭപാത്രത്തിന്റെ പേശികളിൽ രൂപംകൊള്ളുന്ന മുഴകളാണ് ഫൈബ്രോയ്ഡുകൾ അല്ലെങ്കിൽ ഗർഭാശയ മുഴകൾ എന്നറിയപ്പെടുന്നത്. സ്ത്രീകളിൽ ആശങ്കക്ക് വഴിവെക്കുന്നതുകൂടിയാണ് ഈ അവസ്ഥ. ഫൈബ്രോയ്ഡുകൾ പലവിധത്തിൽ കാണപ്പെടുന്നതിനാൽ ഏതെല്ലാമാണ് അപകടകരമെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്.
സാധാരണ 15നും 55നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഫൈബ്രോയ്ഡുകൾക്ക് സാധ്യതയുള്ളത്. ഇതിൽതന്നെ 35നും 45നും ഇടയിലുള്ള സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. ഈസ്ട്രജൻ, പ്രോജസ്റ്ററോൺ ഹോർമോണുകൾ ശരീരത്തിൽ അമിതമാകുന്നതാണ് ഫൈബ്രോയ്ഡുകൾ രൂപപ്പെടുന്നതിനുള്ള പ്രധാന കാരണം.
യഥാർഥത്തിൽ ഗർഭാശയത്തിന്റെ ഭാഗമായുള്ള മൃദുപേശികളാണ് ഫൈബ്രോയ്ഡുകളായി രൂപപ്പെടാറുള്ളത്. അതേസമയം, ഗർഭാശയത്തിൽ കണ്ടുവരുന്ന എല്ലാ തരം ഫൈബ്രോയ്ഡുകളും അപകടകാരികളല്ല, ചിലത് മാത്രമാണ് ശാരീരിക അസ്വസ്ഥതകൾക്കും ഗർഭധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്കും നയിക്കാറുള്ളത്.
ലക്ഷണങ്ങൾ
രോഗാവസ്ഥ അനുഭവിക്കുന്ന 60–70 ശതമാനം പേരിലും ലക്ഷണങ്ങൾ അനുഭവപ്പെടുന്നില്ല. എന്നാൽ, ചിലരിൽ വ്യത്യസ്ത തരത്തിലുള്ള ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. ആർത്തവ സമയത്തെ അസാധാരണമായ വയറുവേദന, അമിതമായ രക്തസ്രാവം തുടങ്ങിയവ ലക്ഷണങ്ങളിൽ ചിലതാണ്. ഫൈബ്രോയ്ഡുകളുടെ വലുപ്പം കൂടുന്തോറും സമീപ ഭാഗങ്ങളിൽ സമ്മർദം ചെലുത്തുക വഴി ഇടക്കിടെ മൂത്രമൊഴിക്കൽ, മലബന്ധം തുടങ്ങിയവയെല്ലാം അനുഭവപ്പെട്ടേക്കാം. ചിലരിൽ ഗ്യാസ്ട്രിക് പ്രശ്നങ്ങളും ഇതിന്റെ ഭാഗമായി അനുഭവപ്പെടാറുണ്ട്. പ്രധാനമായും മൂന്നു തരത്തിലാണ് ഫൈബ്രോയ്ഡുകൾ കാണപ്പെടാറുള്ളത്.
സബ്സെറോസെൽ ഫൈബ്രോയ്ഡുകൾ
ഗർഭാശയത്തിന് പുറത്ത് വളരുന്ന മുഴകൾ. അകാരണമായി വയറുവീർക്കുന്ന പോലെ അനുഭവപ്പെടുക. തുടർച്ചയായ ഏമ്പക്കം, ഇടക്കിടെ മൂത്രമൊഴിക്കാൻ തോന്നൽ, മലവിസർജനം കൃത്യമായി നടക്കാതിരിക്കുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.
ഇൻട്രാമ്യൂറൽ ഫൈബ്രോയ്ഡുകൾ
ഗർഭാശയത്തിൽ ഒട്ടിക്കിടക്കുന്ന ഫൈബ്രോയ്ഡുകളാണിത്. ആർത്തവ ദിവസങ്ങൾക്ക് മുമ്പുതന്നെ കാലിൽ നീര്, വേദന തുടങ്ങിയവയും അനുബന്ധ അസ്വസ്ഥതകളും ഇതിന്റെ ലക്ഷണമാകാം.
സബ് മ്യൂക്കോസൽ ഫൈബ്രോയ്ഡുകൾ
ഏറ്റവും കൂടുതൽ ലക്ഷണങ്ങൾ പ്രകടമാകുന്നത് ഈ വിഭാഗത്തിലാണ്. രോഗികൾക്ക് ഏറെ പ്രയാസം അനുഭവപ്പെടുന്നതും സബ് മ്യൂക്കോസൽ ഫൈബ്രോയ്ഡുകൾ രൂപപ്പെടുമ്പോഴാണ്. ചെറിയ വളർച്ച പോലും ശ്രദ്ധിക്കേണ്ടതാണ്.
ഗർഭാശയ ഭിത്തിയിലും ഗർഭാശയത്തിന് പുറത്തും ഫൈബ്രോയ്ഡുകൾ വളരാറുണ്ട്. പുറമേ വളരുന്നവ ഒരു പരിധി വരെ നിരുപദ്രവകാരികളാണ്. അമിതമായി വളരുന്ന സാഹചര്യത്തിൽ മാത്രമാണ് ഇത് പ്രയാസങ്ങൾ സൃഷ്ടിക്കുന്നത്. ഗർഭധാരണം, പ്രസവം എന്നിവ സുഗമമാക്കുന്നതിന് ഇവ തടസ്സമാകാറില്ല. മിക്ക സ്ത്രീകളിലും ഗർഭാശയ മുഴകൾ രൂപപ്പെടാൻ സാധ്യതയുണ്ടെങ്കിലും പലരിലും അപകടകരമാകാത്ത വിധത്തിലാണ് കൂടുതലും. ഗർഭാശയ ഭിത്തിക്ക് പുറമേ കണ്ടുവരുന്ന ഇൻട്രാമ്യൂറൽ വിഭാഗത്തിലുള്ള ഫൈബ്രോയ്ഡുകളാണ് കൂടുതലായി കണ്ടുവരുന്നത്.
സബ് മ്യൂക്കോസൽ ഫൈബ്രോയ്ഡുകൾ ഗുരുതരമാകുന്നവരിൽ വന്ധ്യതക്കോ തുടർച്ചയായി അബോർഷൻ സംഭവിക്കുന്നതിനോ സാധ്യത കൂടുതലാണ്. മാസം തികയാതെയുള്ള പ്രസവത്തിനും ഇത് വഴിവെക്കും. ഗർഭകാലത്തിന്റെ ആദ്യ മൂന്നു മാസങ്ങളിൽ ഫൈബ്രോയ്ഡുകൾ കൂടുതലായി വളരുന്നത് സ്വാഭാവികമാണ്. ശരീരത്തിൽ ഈസ്ട്രജൻ അളവ് വർധിക്കുന്നതാണ് ഇതിനു പിന്നിൽ. എന്നാൽ, ഗർഭകാലത്ത് ഗർഭാശയത്തിനുള്ളിൽ കണ്ടുവരുന്ന ഫൈബ്രോയ്ഡുകൾ പ്രസവശേഷം വലുപ്പം കുറയുകയും അപകടസാധ്യത ഇല്ലാതാവുകയും ചെയ്യും.
അമിത വണ്ണമുള്ളവരിലും നേരത്തെ ആർത്തവം സംഭവിച്ചവരിലും ഫൈബ്രോയ്ഡുകൾ രൂപപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ പാരമ്പര്യ ഘടകങ്ങളും ജീവിതശൈലീ രോഗങ്ങളും ഇതിനു കാരണമാകാറുണ്ട്. എന്നാൽ, നന്നായി വ്യായാമം ചെയ്യുന്ന സ്ത്രീകളിൽ ഫൈബ്രോയ്ഡുകൾ രൂപപ്പെടുന്നത് വളരെ കുറവാണ്.
കൃത്യമായ ഇടവേളകളിൽ സ്കാനിങ് നടത്തിയും മരുന്നുകൾ കഴിച്ചുകൊണ്ടും ഫൈബ്രോയ്ഡുകൾ അപകടാവസ്ഥയിലേക്ക് നീങ്ങാതെ നിയന്ത്രിക്കാൻ സാധിക്കും. എന്നാൽ, ഇത്തരത്തിൽ ശ്രദ്ധ നൽകിയില്ലെങ്കിൽ അവസ്ഥ ഗുരുതരമാകുന്നതിന് വഴിവെച്ചേക്കാം. വിവിധ രീതിയിലുള്ള സർജറികളിലൂടെ ഫൈബ്രോയ്ഡുകൾ നീക്കം ചെയ്യാൻ സാധിക്കും. മിക്ക കേസുകളിലും മുഴകൾ മാത്രമായി നീക്കം ചെയ്യാൻ സാധിക്കാറുണ്ട്. എന്നാൽ, മുഴകളുടെ എണ്ണം, വലുപ്പം എന്നിവ അപകടകരമായ അവസ്ഥയിലാണെങ്കിൽ ഗർഭപാത്രം പൂർണമായും നീക്കം ചെയ്യേണ്ടതായി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.