‘‘നഴ്സുമാർക്ക് അർഹമായ പരിഗണന നൽകാനുള്ള ചിന്താബോധം മലയാളിക്ക് ഉണ്ടാവട്ടെ’’
text_fieldsലോകം നഴ്സസ് ദിനത്തിൽ ഫ്ലോറൻസ് നൈറ്റിങ്ഗലിനെ കുറിച്ചും ഇന്ത്യയിലെ നഴ്സുമാർ നേരിടുന്ന പ്രയാസങ്ങളും പങ്കുവെക്കുകയാണ് മലപ്പുറം എം.എസ്.പി ആശുപത്രി നഴ്സിങ് ഓഫിസറായ റൂബി സജ്ന ടി.
അൽപ നേരെത്തേക്ക് ആളിക്കത്തി ഉരുകിത്തീർന്ന ഒരു മെഴുകുതിരി ആയിരുന്നില്ല അത്... ഇന്നും ലോകത്തിന്റെ നെറുകയിൽ അമർന്ന് കത്തുന്ന ഒരു അഗ്നിപർവ്വതം തന്നെയാണത്...
'ഫ്ലോറൻസ് നൈറ്റിങ്ഗൽ'
ആ പേരിന് ഒരു പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ല. ലോകത്ത് നടന്നിട്ടുള്ള മഹായുദ്ധങ്ങളുടെ പേരിൽ അറിയപ്പെടുന്ന നിരവധി മഹാൻമാരെയും പോരാളികളെയും നമുക്ക് പരിചയമുണ്ടങ്കിലും ഒരു പോരാളിയുടെ പേരിൽ ഓർമിക്കപ്പെടുന്ന ഒരു യുദ്ധം ലോകത്ത് നടന്നിട്ടുണ്ടങ്കിൽ അത് 1853ലെ ക്രീമിയൻ യുദ്ധം മാത്രമാണ്. അന്നത്തെ സേനാപതികളെയും യുദ്ധതന്ത്രജ്ഞൻമാരെയും ലോകം മറന്നു തുടങ്ങിയിട്ടുണ്ടെങ്കിലും കരുണയുടെ ഉറവവറ്റാത്ത മനസുകൾ ഇന്നും ഹൃദയത്തിൽ കൊത്തിവെച്ചിട്ടുള്ള ഒരു പേരുണ്ട്. അതാണ് ഫ്ലോറൻസ് നൈറ്റിങ്ഗേൾ...
18-ാം നൂറ്റാണ്ടിന്റെ മധ്യാഹ്നത്തിൽ ലോകം കീഴടക്കാൻ ആർത്തി പൂണ്ട സാമ്രാജത്വ ശക്തികളായ റഷ്യയും ബ്രിട്ടനും തമ്മിലുള്ള മനുഷത്വരഹിതവും ക്രൂരവുമായ യുദ്ധമുഖത്തേക്ക് താൻ പരിശീലനം നൽകി പ്രാപ്തരാക്കിയ 38 നഴ്സുമാരൊടൊപ്പം കടന്നുവന്നു. മിസൈലുകൾക്കും ടാങ്കുകൾക്കുമിടയിൽ മരണത്തോട് മല്ലിടിച്ച് കിടന്ന ആയിരകണക്കിന് ജവാൻമാരെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയും പ്രാകൃതവും മലിനവുമായ അന്തരീഷത്തിൽ പകർച്ചവ്യാധികൾ മൂലം കഷ്ടത അനുഭവിക്കുന്ന ജവാൻമാരെ ഭയമേതുമില്ലാതെ പരിചരിച്ചും ലോകത്തിന് മുന്നിൽ മാതൃകയായി മാറിയ ധീരപോരാളി ഫ്ലോറൻസ് നൈറ്റിങ്ഗലിന്റെ ജന്മദിനമായ ഇന്ന് ലോകം നഴ്സസ് ദിനമായി ആചരിക്കുകയാണ്...
ഞാനടക്കമുള്ള നഴ്സിങ് സമൂഹത്തിന് തീക്ഷ്ണമായ സ്വാനുഭവത്തിന്റെ തീച്ചൂളകൾ ചൂണ്ടിക്കാട്ടി പ്രതിജ്ഞാബദ്ധമായ പാഠഭാഗങ്ങൾ പകർന്ന് തന്ന്, വിശക്കുന്നവന്റെ മുന്നിൽ ഭക്ഷണമായും വേദനിക്കുന്നവന്റെ മുന്നിൽ മരുന്നായും ഞങ്ങളെ പ്രതിഷ്ടിച്ച ആ ധീരപോരാളിയുടെ ഓർമ ദിനത്തിൽ ഏവർക്കും ഹൃദയത്തിൽ ചാലിച്ച നഴ്സസ് ദിനാശംസകൾ നേരുന്നു.
നഴ്സിങ് എന്നത് കേവലം ഒരു തൊഴിൽ മാത്രമാണെന്ന് ചിന്തിക്കുന്ന ഒരു സമൂഹമാണ് ഇന്നു നമുക്ക് ചുറ്റുമുള്ളത്. അതുകൊണ്ടുതന്നെ നഴ്സിങ് സമൂഹം ഒരോ മനുഷ്യനു വേണ്ടിയും ചെയ്യുന്ന ആത്മാർഥവും ജീവകാരുണ്യപരവുമായ സേവന പ്രവർത്തനങ്ങൾക്ക് ആവശ്യമായ അംഗീകാരം നൽകാൻ നമ്മുടെ പൊതുസമൂഹം തയാറാകുന്നില്ല എന്ന യാഥാർഥ്യം ഈ പുണ്യ ദിനത്തിലെങ്കിലും നമ്മൾ ചിന്താ വിധേയമാക്കേണ്ടതാണ്.
അടുത്ത കാലയളവിൽ നമ്മുടെ ആരോഗ്യ മേഖലയിലുണ്ടായ രണ്ടു വലിയ വെല്ലുവിളികൾ മാത്രമെടുത്തു പരിശോധിച്ചാൽ നമുക്ക് മനസിലാക്കാനാകും ഓരോ നഴ്സുമാരും സമൂഹത്തിന് നൽകുന്ന വിലമതിക്കാനാവാത്ത സേവനത്തിന്റെ വ്യാപ്തി എന്തെന്ന്.
ലോകം വിറങ്ങലിച്ചു നിന്ന കോവിഡ് മഹാമാരിക്കാലത്തും മലയാളിയുടെ മനസിനെ മരണഭീതിയുടെ മകുടിയിലെത്തിച്ച നിപ്പ കാലയളവിലും സ്വന്തം ജീവൻ പോലും പണയപ്പെടുത്തിക്കൊണ്ട് നമ്മുടെ നഴ്സുമാർ നടത്തിയ ധീരവും സൂക്ഷ്മത നിറഞ്ഞതുമായ സേവനങ്ങളെ ചെറുതായി കാണാൻ കഴിയുന്നതല്ല. അതൊരു വലിയ പോരാട്ടം തന്നെയായിരുന്നു. പലരും മരണത്തിന് കീഴടങ്ങിയപ്പോഴും പൊതുജനാരോഗ്യ സംരക്ഷണത്തിനായി വീണിടത്തു നിന്നും ഉയർത്തെഴുന്നേറ്റ് സന്ധിയില്ലാത്ത പോരാട്ടങ്ങൾ നയിച്ച് ചരിത്രം സൃഷ്ടിച്ച ഒരു സമൂഹം ഇന്നും പലയിടത്തും അവഗണനയുടെ കയ്പ്പുനീർ കുടിച്ചാണ് കഴിഞ്ഞുകൂടുന്നത്.
ഒട്ടുമിക്ക ലോകരാജ്യങ്ങളും നഴ്സിങ് സേവനങ്ങളെ പവിത്രവും അനുഗ്രഹീതവുമായ സേവനമായി കണ്ടു അവർക്ക് അർഹിക്കുന്ന പ്രതിഫലം നൽകി ആദരിക്കുമ്പോഴും ഇന്ത്യയിലെ പല മേഖലകളിലും നഴ്സുമാർ സമാനതകളില്ലാത്ത യാതനകളാണ് അനുഭവിക്കുന്നത്. ഇതര സംസ്ഥാനങ്ങളിലുംസ്വകാര്യ കഴുത്തറുപ്പൻ ആശുപത്രികളിലും വിശ്രമമില്ലാതെ സേവനമനുഷ്ഠിക്കുന്ന നൈറ്റിങ്ഗലിന്റെ പിൻമുറക്കാർ തൊഴിൽപരമായ പീഡനങ്ങൾ ഏറെ അനുഭവിക്കേണ്ടി വരുന്നു എന്നത് വേദനാജനകമായ വസ്തുതയാണ്.
അതുകൊണ്ടുതന്നെ പഠനം പൂർത്തിയാക്കുന്ന പുതുതലമുറ നഴ്സുമാരുടെ അത്യാധുനിക സേവന പ്രാഗത്ഭ്യം ഇന്ന് നമ്മുടെ രാജ്യത്തിന് ലഭിക്കാതെ പോകുന്നുണ്ട്. നാലുവർഷത്തെ കഠിനമായ പ്രയത്നത്തിലൂടെ നേടിയെടുക്കുന്ന വിലമതിക്കാനാവാത്ത സേവന പ്രാഗത്ഭ്യം വിദേശ രാജ്യങ്ങളിലേക്ക് ടിക്കറ്റെടുക്കാനായി ക്യൂ നിൽക്കുന്ന ഈ കാലഘട്ടത്തിലെങ്കിലും നഴ്സിങ് മേഖലക്ക് അർഹമായ പരിഗണന കൊടുക്കുവാൻ നമ്മുടെ സമൂഹത്തിനും സംവിധാനത്തിനും കഴിയുന്നുണ്ടോ എന്നത് നാം സൂക്ഷ്മമായി പരിശോധിക്കുമ്പോഴാണ് നമ്മളിലേക്ക് കടന്നുവന്ന 2023ലെ നഴ്സസ് ദിനം വിഭാവനം ചെയ്യുന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി എന്തെന്ന് നമുക്ക് മനസിലാക്കാൻ കഴിയുന്നത്.
"ഔർ നഴ്സസ്-ഔർ ഫ്യൂച്ചർ" എന്ന മുദ്രാവാക്യം ലോകം ഏറ്റുവിളിക്കുമ്പോൾ അതിന്‍റെ പ്രസക്തി ഉൾക്കൊണ്ട് സമൂഹത്തിന് അർഹമായ ആദരവും പരിഗണനയും നൽകുന്ന ചിന്താബോധം ഇനിയെങ്കിലും ഓരോ മലയാളികളുടെ മനസിലും ഉണ്ടാവട്ടെ എന്ന് മനംനിറയെ ആശിച്ചുകൊണ്ട്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.