Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightആരോഗ്യകരമായ ഭക്ഷണത്തെ...

ആരോഗ്യകരമായ ഭക്ഷണത്തെ കുറിച്ച് ആശങ്കാകുലരാണോ, നിങ്ങൾക്ക് ഈറ്റിങ് ഡിസോർഡർ ആകാം

text_fields
bookmark_border
eating disorder
cancel

ക്രമരഹിതമായ ഭക്ഷണ രീതികൾ പലപ്പോഴും സങ്കീർണമായ മാനസിക പ്രശ്നങ്ങളെയാണ് വെളിവാക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണരീതികളിൽ അമിതമായി ഭക്ഷണം കഴിക്കുന്നത്, ആവശ്യത്തിലും വളരെ കുറച്ച് ഭക്ഷണം കഴിക്കുന്നത്, ശരീരഭാരത്തെ കുറിച്ചും ബോഡി ഷേപ്പിനെ കുറിച്ചുള്ള വേവലാതി എന്നിവ ഉൾപ്പെടുന്നു. ആർക്കും ഈറ്റിങ് ഡിസോർഡർ അഥവാ ക്രമരഹിതമായ ഭക്ഷണ പ്രശ്നങ്ങൾ ഉണ്ടാകാം. കൂടുതലായും കൗമാരക്കാരിലാണ് കണ്ടുവരുന്നത്. രോഗം ഗുരുതരമായാൽ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുകയും ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കുകയും ചെയ്യും. സഹോദരങ്ങൾക്കോ മാതാപിതാക്കൾക്കോ ഈറ്റിങ് ഡിസോർഡർ ഉണ്ടെങ്കിൽ നമുക്കും ഇതേ പ്രശ്നമുണ്ടാകാൻ സാധ്യത കൂടുതലാണ്.

ന്യൂറോട്ടിസിസം, പെര്‍ഫെക്ഷനിസം, ഇംപള്‍സിവിറ്റി എന്നീ വിക്തിത്വ സവിശേഷതയുള്ളവർക്കും ഈറ്റിങ് ഡിസോർഡർ ഉണ്ടാകാൻ സാധ്യതയുണ്ട്. നമ്മുടെ ശരീരത്തിലുള്ള സെറോടോണിന്‍, ഡോപാമൈന്‍ എന്നീ രാസവസ്തുക്കളുടെ അളവും ഇതിന് ഘടകങ്ങളാകാം. ചികിത്സയിലൂടെ രോഗം പരിഹരിക്കാവുന്നതാണ്.

ഏറ്റവും സാധാരണമായി കാണുന്നത് ആറ് തരത്തിലുള്ള ഈറ്റിങ് ഡിസോർഡറുകളാണ്.

1. അനോറെക്‌സിയ നെര്‍വോസ

അനോറെക്‌സിയ നെര്‍വോസയാണ് ഏറ്റവും മരണസാധ്യതയുള്ള ഈറ്റിങ് ഡിസോർഡർ. ഇത് സാധാരണയായി കൗമാരത്തിലാണ് കാണുന്നത്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളെ ബാധിക്കുകയും ചെയ്യുന്നു.

ഇത്തരക്കാൻ തങ്ങളെ അമിതഭാരമുള്ളവരായി കാണുന്നു. പട്ടിണി കിടന്ന് ഭാരം കുറക്കുകയും അത് വഴി അവരുടെ ഉയരത്തിനും പ്രായത്തിനുമനുസരിച്ച ഭാരം ഇല്ലാത്ത അവസ്ഥയിലാവുകയും ചെയ്യുന്നു. കലോറി കുറഞ്ഞ ഭക്ഷണങ്ങൾ അതും വളരെ കുറച്ച് മാത്രമായി കഴിക്കും.

അനോറെക്‌സിയ നെര്‍വോസയുടെ സാധാരണ ലക്ഷണങ്ങള്‍:

  • വളരെ നിയന്ത്രിത ഭക്ഷണ രീതികള്‍
  • ഭാരം കൂടുമോ എന്ന തീവ്രമായ ഭയം അല്ലെങ്കില്‍ ഭാരം കുറവാണെങ്കിലും ശരീരഭാരം വർധിക്കുന്നത് ഒഴിവാക്കാന്‍ നിരന്തരമായ ഇടപെടൽ
  • ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനുള്ള മനസ്സില്ലായ്മ
  • അമിതശരീരഭാരം ഉണ്ട് എന്ന തോന്നൽ
  • ഭാരം കുറവാണെന്നത് നിഷേധിക്കുക

രോഗം അധികരിച്ചാല്‍ മരണത്തിനിടയാകും.

2. ബുളിമിയ നെര്‍വോസ

ബുളിമിയ നെര്‍വോസ മറ്റൊരു അറിയപ്പെടുന്ന ഈറ്റിങ് ഡിസോർഡറാണ്. ബുളിമിയ ഉള്ള ആളുകള്‍ ഒരു നിശ്ചിത കാലയളവില്‍ അസാധാരണമാംവിധം കൂടിയ അളവില്‍ ഭക്ഷണം കഴിക്കുന്നു. ഭക്ഷണം കഴിക്കുന്നത് നിര്‍ത്താനോ കഴിക്കുന്നത് നിയന്ത്രിക്കാനോ കഴിയില്ല.

ഏത് തരത്തിലുള്ള ഭക്ഷണത്തിലും ഇങ്ങനെ സംഭവിക്കാം. എന്നാല്‍ സാധാരണയായി വ്യക്തികൾ താത്പര്യമില്ലാതെ ഒഴിവാക്കുന്ന ഭക്ഷണങ്ങളാണ് ബുളിമിയ ഉള്ളവർ അമിത അളവിൽ കഴിക്കുന്നത്.

എന്നാൽ പിന്നീട് വയറിന്റെ അസ്വസ്ഥത ഒഴിവാക്കാൻ വയർ ശുദ്ധീകരിക്കാന്‍ ശ്രമിക്കുന്നു. ഛര്‍ദ്ദിക്കാൻ ശ്രമിക്കുക, ഉപവാസം, പോഷകങ്ങള്‍, അമിതമായ വ്യായാമം എന്നിവ നടപ്പാക്കുന്നു.

എന്നിരുന്നാലും, ബുളിമിയ ഉള്ള വ്യക്തികള്‍ താരതമ്യേന സാധാരണ ഭാരം നിലനിര്‍ത്തുന്നു.

ബുളിമിയ നെര്‍വോസയുടെ ലക്ഷണങ്ങള്‍:

  • ആവർത്തിച്ച് നിയന്ത്രണമില്ലാതെ അമിതമായി ഭക്ഷണം കഴിക്കുക.
  • ശരീരഭാരം വര്‍ദ്ധിക്കുന്നത് തടയാന്‍ അനുചിതമായ നടപടികൾ സ്വീകരിക്കുക.
  • ശരീരത്തിന്റെ ആകൃതിയും സാധാരണ ഭാരവും ഉണ്ടായിരുന്നിട്ടും ശരീരഭാരം കൂടുമോ എന്ന ഭയം.
  • ബുളിമിയയുടെ പാര്‍ശ്വഫലങ്ങളില്‍ തൊണ്ടവേദന, വീര്‍ത്ത ഉമിനീര്‍ ഗ്രന്ഥികള്‍, പല്ലിന്റെ ഇനാമല്‍, ദന്തക്ഷയം, ആസിഡ് റിഫ്‌ലക്‌സ്, കുടലിലെ പ്രശ്നങ്ങൾ, കടുത്ത നിര്‍ജ്ജലീകരണം, ഹോര്‍മോണ്‍ തകരാറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
  • ഗുരുതരാവസ്ഥയിൽ, സോഡിയം, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയവയുടെ അളവിൽ അസന്തുലിതാവസ്ഥ ഉണ്ടാകും. ഇത് ഹൃദയാഘാതത്തിനു കാരണമാകാം.

3. ബിഞ്ച് ഈറ്റിങ് ഡിസോർഡർ (അമിത ഭക്ഷണം )

ഈറ്റിങ് ഡിസോർഡറിന്റെ ഏറ്റവും പ്രബലമായ രൂപവും കൗമാരക്കാര്‍ക്കിടയില്‍ ഏറ്റവും സാധാരണമായതുമായ വിട്ടുമാറാത്ത രോഗങ്ങളില്‍ ഒന്നാണിത്. സാധാരണയായി കൗമാരത്തിലും പ്രായപൂര്‍ത്തിയായതിന്റെ തുടക്കത്തിലും ആണ് ഈ പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

ഇവരിൽ വിഷബാധ, അണുബാധകള്‍, കുടലിലെ പരിക്കുകള്‍, പോഷകാഹാരക്കുറവ് എന്നിവക്കുള്ള സാധ്യത കൂടുതലാണ്.

4. പിക്ക

ഭക്ഷ്യവസ്തുക്കളല്ലാത്തവയും പോഷകമൂല്യം ഇല്ലാത്തതുമായവ കഴിക്കുന്ന പ്രശ്നമാണ് പിക്ക. പിക്ക ഉള്ള വ്യക്തികള്‍ ഐസ്, അഴുക്ക്, മണ്ണ്, ചോക്ക്, സോപ്പ്, പേപ്പര്‍, മുടി, തുണി, കമ്പിളി, ഉരുളന്‍ കല്ലുകള്‍, അലക്കു സോപ്പ് തുടങ്ങിയ ഭക്ഷ്യേതര പദാര്‍ത്ഥങ്ങള്‍ കഴിക്കാൻ ആഗ്രഹിക്കുന്നു. മുതിര്‍ന്നവരിലും കുട്ടികളിലും കൗമാരക്കാരിലും പിക്ക ഉണ്ടാകാം.

ബുദ്ധി വൈകല്യങ്ങള്‍, ഓട്ടിസം, സ്‌പെക്ട്രം ഡിസോര്‍ഡര്‍ പോലുള്ള വളര്‍ച്ചാ പ്രശ്നങ്ങള്‍, സ്‌കീസോഫ്രീനിയ പോലുള്ള മാനസികാരോഗ്യ ​പ്രശ്നങ്ങൾ എന്നിവയുള്‍പ്പെടെയുള്ള വ്യക്തികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.

പിക്ക ഉള്ള വ്യക്തികള്‍ക്ക് വിഷബാധ, അണുബാധകള്‍, കുടലിലെ പരിക്കുകള്‍, പോഷകാഹാരക്കുറവ് എന്നിവക്കുള്ള സാധ്യത കൂടുതലാണ്.

5. റുമിനേഷന്‍ ഡിസോര്‍ഡര്‍

റുമിനേഷന്‍ ഡിസോര്‍ഡര്‍ എന്നത് പുതുതായി തിരിച്ചറിഞ്ഞ മറ്റൊരു ഈറ്റിങ് ഡിസോർഡറാണ്. ആദ്യം വിഴുങ്ങിയ ഭക്ഷണം വീണ്ടും വായിലേക്ക് ​കൊണ്ടുവന്ന് വീണ്ടും വീണ്ടും ചവച്ചരച്ച് വിഴുങ്ങുകയോ തുപ്പുകയോ ചെയ്യുന്ന അവസ്ഥയാണിത്. ഭക്ഷണത്തിനു ശേഷമുള്ള ആദ്യത്തെ 30 മിനിറ്റിനുള്ളില്‍ ഇത് സംഭവിക്കുന്നു

ശൈശവാവസ്ഥയിലോ കുട്ടിക്കാലത്തോ പ്രായപൂര്‍ത്തിയാകുമ്പോഴോ ഈ രോഗം ആരംഭിക്കാം. ശിശുക്കളില്‍, ഇത് മൂന്നു മുതല്‍ 12 മാസം വരെ പ്രായമാകുമ്പോള്‍ വികസിക്കുകയും പലപ്പോഴും സ്വയം അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഈ അവസ്ഥയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് പരിഹരിക്കാന്‍ സാധാരണയായി തെറാപ്പി ആവശ്യമാണ്.

രോഗം പരിഹരിച്ചില്ലെങ്കില്‍, ശിശുക്കളില്‍ ശരീരഭാരം കുറയുന്നതിനും ഗുരുതരമായ പോഷകാഹാരക്കുറവിനും കാരണമായേക്കാം.

ഈ തകരാറുള്ള മുതിര്‍ന്നവര്‍, പ്രത്യേകിച്ച് പൊതുസ്ഥലങ്ങളില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് പരിമിതപ്പെടുത്തിയേക്കാം. ഇത് അവരെ ശരീരഭാരം കുറക്കാനും ഭാരക്കുറവ് വരുത്താനും ഇടയാക്കിയേക്കാം.

6. ഭക്ഷണം ഒഴിവാക്കല്‍/നിയന്ത്രിതമായ ഭക്ഷണം കഴിക്കല്‍

നിയന്ത്രിതമായ ഭക്ഷണം കഴിക്കല്‍ ഡിസോര്‍ഡര്‍ എന്ന വൈകല്യമുള്ള വ്യക്തികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള താല്‍പ്പര്യക്കുറവ് അല്ലെങ്കില്‍ ചില ഗന്ധങ്ങള്‍, രുചികള്‍, നിറങ്ങള്‍, ടെക്‌സ്ചറുകള്‍ അല്ലെങ്കില്‍ താപനില എന്നിവയോടുള്ള വെറുപ്പ് കാരണം ഭക്ഷണം കഴിക്കുന്നതില്‍ അസ്വസ്ഥത അനുഭവപ്പെടുന്നു.

സാധാരണ ലക്ഷണങ്ങള്‍:

  • ആവശ്യത്തിന് കലോറിയോ പോഷകങ്ങളോ കഴിക്കുന്നത് ഒഴിവാക്കുക അല്ലെങ്കില്‍ നിയന്ത്രിക്കുക,
  • മറ്റുള്ളവർക്കൊപ്പം ഭക്ഷണം കഴിക്കുന്നത് പോലെയുള്ള സാധാരണ സാമൂഹിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഭക്ഷണ ശീലങ്ങള്‍,
  • പ്രായത്തിനും ഉയരത്തിനും അനുസരിച്ചുള്ള ശരീരഭാരം ഇല്ലാത്ത അവസ്ഥ,

പോഷകങ്ങളുടെ അപര്യാപ്തത അല്ലെങ്കില്‍ സപ്ലിമെന്റുകള്‍ അല്ലെങ്കില്‍ ട്യൂബ് ഫീഡിംഗിനെ ആശ്രയിക്കല്‍, പിഞ്ചുകുഞ്ഞുങ്ങളില്‍ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയോ പ്രായമായവരില്‍ കുറഞ്ഞ ഭക്ഷണം കഴിക്കുകയോ പോലുള്ള സാധാരണ സ്വഭാവങ്ങള്‍ക്കപ്പുറമാണ് ഇത്.

മറ്റ് ഈറ്റിങ് ഡിസോർഡറുകൾ

മേല്‍പ്പറഞ്ഞ ആറ് ഡിസോർഡറുകൾക്ക് പുറമേ, കൂടുതല്‍ അറിയപ്പെടുന്നതോ അല്ലാത്തതോ ആയ മറ്റ് പ്രശ്നങ്ങളും നിലവിലുണ്ട്.

നൈറ്റ് ഈറ്റിംഗ് സിൻഡ്രോം:

ഈ സിന്‍ഡ്രോം ഉള്ള വ്യക്തികള്‍ രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കാറുണ്ട് -പലപ്പോഴും ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നതിന് ശേഷം.

ഓർത്തോ റെക്സിയ

ഈറ്റിങ് ഡിസോർഡറിന് സമാനമായ ലക്ഷണങ്ങളുള്ളതും എന്നാല്‍ മുമ്പുപറഞ്ഞ തകരാറുകളിൽ ഉൾപ്പെടാത്തവയുമായ അവസ്ഥയാണിത്.

ഈ രോഗമുള്ള വ്യക്തികള്‍ അവരുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ ആരോഗ്യകരമായ ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവര്‍ ചേരുവകളുടെ ലിസ്റ്റുകളും പോഷകാഹാര ലേബലുകളും നിര്‍ബന്ധിതമായി പരിശോധിക്കുകയും സോഷ്യല്‍ മീഡിയയിലെ 'ആരോഗ്യകരമായ ജീവിതശൈലി' അക്കൗണ്ടുകള്‍ പിന്തുടരുകയും ചെയ്യും.

ഈ അവസ്ഥയുള്ള ഒരാള്‍, അനാരോഗ്യകരാമാണെന്ന് ഭയന്ന് മുഴുവന്‍ ഭക്ഷണങ്ങളും ഒഴിവാക്കിയേക്കാം. ഇത് പോഷകാഹാരക്കുറവ്, ഭാരക്കുറവ്, വീടിന് പുറത്ത് ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, വൈകാരിക ക്ലേശം എന്നിവയിലേക്ക് നയിച്ചേക്കാം.

ഓര്‍ത്തോറെക്‌സിയ ഉള്ള വ്യക്തികള്‍ ശരീരഭാരം കുറക്കുന്നതില്‍ അപൂര്‍വ്വമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവരുടെ സംതൃപ്തി ഭക്ഷണ നിയമങ്ങള്‍ എത്ര നന്നായി അനുസരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു

നിങ്ങള്‍ക്ക് ഭക്ഷണ ക്രമക്കേട് ഉണ്ടെങ്കില്‍, രോഗാവസ്ഥ തിരിച്ചറിഞ്ഞ് എത്രയും വേഗം ചികിത്സ തേടുന്നത് സുഖം പ്രാപിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

എല്ലാവര്‍ക്കും ഒരേസമയം എല്ലാ ലക്ഷണങ്ങളും ഉണ്ടാകണമെന്നില്ല, എന്നാല്‍ ചില പെരുമാറ്റങ്ങള്‍ പ്രശ്‌നത്തെ സൂചിപ്പിക്കാം.

  • ശരീരഭാരം കുറക്കല്‍, ഭക്ഷണക്രമം, ഭക്ഷണ നിയന്ത്രണങ്ങള്‍ എന്നിവ പ്രാഥമിക ആശങ്കകളായി മാറുന്നുവെന്ന് സൂചിപ്പിക്കുന്ന പെരുമാറ്റങ്ങളും മനോഭാവങ്ങളും
  • ഭാരം, ഭക്ഷണം, കലോറി, കൊഴുപ്പ്, ഗ്രാം, ഭക്ഷണക്രമം എന്നിവയില്‍ ശ്രദ്ധ ചെലുത്തുക
  • ചില ഭക്ഷണങ്ങള്‍ കഴിക്കാനുള്ള വിസമ്മതം
  • ഭക്ഷണം ഒഴിവാക്കുകയോ ചെറിയ അളവു മാത്രം കഴിക്കുകയോ ചെയ്യുക
  • ഫാഷന്‍ ഡയറ്റുകള്‍
  • ശരീരത്തിന്റെ വലിപ്പം, ആകൃതി, രൂപം എന്നിവയെക്കുറിച്ചുള്ള അങ്ങേയറ്റത്തെ ഉത്കണ്ഠ
  • കാഴ്ചയിലെ പിഴവുകള്‍ക്കായി കണ്ണാടിയില്‍ ഇടക്കിടെ പരിശോധിക്കുക
  • മാനസികാവസ്ഥയുടെ മാറ്റം എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കില്‍ മനശാസ്ത്ര വിദഗ്ധരുടെ സഹായം തേടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eating Disorder
News Summary - Worried about healthy eating, you may have an eating disorder
Next Story