ആസ്റ്റര്‍ മെഡ്സിറ്റി നാടിന് സമര്‍പ്പിച്ചു
text_fieldsകൊച്ചി: കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റി മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍കലാം നാടിന് സമര്‍പ്പിച്ചു. രാജ്യത്ത് എല്ലാവര്‍ക്കും ചെലവ് കുറഞ്ഞ മികച്ച ചികിത്സ എന്നതാണ് ലക്ഷ്യമാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. രോഗീ സൗഹൃദ മുഖമാണ് ആശുപത്രികള്‍ക്കു വേണ്ടത്. മികച്ച പരിചരണവും സൗഹൃദപൂര്‍വം ഇടപെടുന്ന ജീവനക്കാരുമാണ് രോഗികള്‍ക്ക് ആശ്വാസം പകരുകയെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷതവഹിച്ചു.
സാധാരണക്കാരായ രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. കോക്ളിയര്‍ ഇംപ്ളാന്‍റ് സൗജന്യമായി നല്‍കുന്ന പദ്ധതിയും സൗജന്യമായി ജനറിക് മെഡിസിന്‍ നല്‍കുന്ന പദ്ധതിയുമെല്ലാം നടപ്പാക്കിയത് ഇതിന്‍െറ ഭാഗമാണ്.
ഹിമോഫീലിയ രോഗികള്‍ക്ക് ആയുഷ്കാലം മുഴുവന്‍ സൗജന്യമായി മരുന്ന് നല്‍കുന്ന പദ്ധതിക്കും ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആസ്റ്റര്‍ മെഡ്സിറ്റി ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.എസ്. ശിവകുമാര്‍, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, വി.കെ. ഇബ്രാഹീംകുഞ്ഞ്, എം.പിമാരായ കെ.വി. തോമസ്, പി.വി. അബ്ദുല്‍ വഹാബ്, ഹൈബി ഈഡന്‍ എം.എല്‍.എ, ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹാജി ഈസ മൈതൂര്‍, മാലദ്വീപ് ആരോഗ്യമന്ത്രി ഹുസൈന്‍ റഷീദ്, അബൂദബി ആരോഗ്യ സഹമന്ത്രി നസ്സാര്‍ ഖലീഫ അല്‍ ബുദ്ദൂര്‍, ശ്രീലങ്കന്‍ ആരോഗ്യ മന്ത്രി ഡോ. നമ്പുക്കര ഹെലമ്പാഗെ രജിത ഹരിശ്ചന്ദ്ര, സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ്, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, കര്‍ണാടക ആരോഗ്യമന്ത്രി യു.ടി. ഖാദര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആസ്റ്റര്‍ മെഡ്സിറ്റി കാമ്പസില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള മൂവായിരത്തോളം പ്രമുഖര്‍ പങ്കെടുത്തു.
ഡോ. ആസാദ് മൂപ്പന്‍െറ നേതൃത്വത്തില്‍ ആയിരത്തിലേറെ ആസ്റ്റര്‍ കുടുംബാംഗങ്ങള്‍ അവയവദാന പ്രതിജ്ഞയെടുത്തു. ഇതോടൊപ്പം ചേരാനല്ലൂര്‍ വില്ളേജിലെ 2500 ബി.പി.എല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയും ചടങ്ങില്‍ പ്രഖ്യാപിച്ചു.
പ്രദേശത്തെ 10,000 പേര്‍ക്ക് ഇതിന്‍െറ പ്രയോജനം ലഭിക്കും. മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയും എട്ട് വ്യത്യസ്ത മികവിന്‍െറ കേന്ദ്രങ്ങളും ചേര്‍ന്നതാണ് ആസ്റ്റര്‍ മെഡ്സിറ്റിയുടെ ആദ്യഘട്ടത്തിലുള്ളത്.
കാര്‍ഡിയോ സയന്‍സസ്, ന്യൂറോസയന്‍സസ്, നെഫ്രോളജി ആന്‍ഡ് യൂറോളജി എന്നിങ്ങനെ മൂന്ന് പ്രധാന സെന്‍റര്‍ ഓഫ് എക്സലന്‍സിന്‍െറ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ഓങ്കോളജി, ഓര്‍ത്തോപീഡിക്സ് ആന്‍ഡ് റ്യൂമറ്റോളജി, ഗ്യാസ്ട്രോഎന്‍ററോളജി ആന്‍ഡ് ഹെപ്പറ്റോളജി, വിമന്‍സ് ഹെല്‍ത്ത്, ചൈല്‍ഡ് ആന്‍ഡ് അഡോളസന്‍റ് ഹെല്‍ത്ത് എന്നിവയാണ് ആസ്റ്ററിലെ മറ്റ് മികവിന്‍െറ കേന്ദ്രങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.