‘സുരക്ഷിത’ മദ്യപാനം എന്നൊന്നില്ല!
text_fieldsഹൂസ്റ്റൺ: ദിനേന ഒന്നോ രണ്ടോ ഗ്ലാസ് വൈനോ ബിയറോ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാെണന്ന വാദം നിലവിലുണ്ട്. എന്നാൽ, ഇത് ശരിയല്ല. മദ്യത്തിന് ഗുണം എന്നൊന്നില്ലെന്നും കാൻസർ ഉൾെപ്പടെ ദോഷഫലങ്ങൾക്കു മാത്രമാണ് അത് കാരണമാകുന്നതെന്നും മദ്യത്തിെൻറ ഉപയോഗത്തെപ്പറ്റി ബൃഹത്തായി പഠിച്ച് തയാറാക്കിയ റിപ്പോർട്ട് പറയുന്നു. ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം 2016ൽ മാത്രം മദ്യ ഉപഭോഗത്താൽ 28 ലക്ഷം ആളുകൾ മരിച്ചു.
മദ്യം 15നും 49 വയസ്സിനുമിടയിൽ പ്രായമുള്ള ആളുകൾക്കിടയിൽ അകാലചരമം, വൈകല്യങ്ങൾ എന്നിവക്ക് കാരണമാകുന്നതായും ആരോഗ്യം ക്ഷയിപ്പിക്കുകയും ചെയ്യുന്നു. പുരുഷന്മാരിൽ കൂടുതലായി ആയുർദൈർഘ്യം കുറയാനും കാരണമാകുന്നു. മദ്യപാനത്തിെൻറ അളവ് കുറക്കുന്നതു കൊണ്ട് ഒരു കാര്യവുമില്ലെന്നും മദ്യവർജനം മാത്രമാണ് ഏറ്റവും സുരക്ഷിതമായ രീതിയെന്നും പഠനം പറയുന്നു.
1990നും 2016നുമിടയിൽ 195 രാജ്യത്തെ ജനങ്ങളുടെ മദ്യ ഉപയോഗവും അതിെൻറ ഫലങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതിനായി മറ്റ് 649 പഠനങ്ങളിലെ വിവരങ്ങൾ ഉപയോഗിച്ചിരുന്നു. മരണകാരണങ്ങളിൽ മദ്യപാനം ഏഴാം സ്ഥാനത്താണ്. 50 വയസ്സിന്മുകളിൽ പ്രായമുള്ളവർക്കിടയിൽ അർബുദം ബാധിക്കാൻ പ്രധാന കാരണക്കാരൻ മദ്യപാനമാണ്; പ്രത്യേകിച്ച് സ്ത്രീകളിൽ. യു.കെയിൽ 13സ്തനാർബുദ കേസുകളിലൊന്നിന് കാരണം മദ്യപാനമാണ്. യുവാക്കളിൽ മദ്യപാനം മൂലം ഉണ്ടാകുന്ന ക്ഷയരോഗം (1.4 ശതമാനം), വാഹനാപകടം (1.2 ശതമാനം), സ്വയം പീഡകൾ എന്നിവ മൂലവും ധാരാളം ആളുകൾ മരിക്കുന്നു.
ലോകത്ത് 240 കോടിയാളുകൾ മദ്യപിക്കുന്നുണ്ട്. ഡെന്മാർക്കിലാണ് ഏറ്റവും കൂടുതൽ മദ്യപരുള്ളത് (95.3 % സ്ത്രീകളും 97.1% പുരുഷന്മാരും). ഏറ്റവും കുറവ് പുരുഷ മദ്യപാനികൾ പാകിസ്താനിലും (0.8%) സ്ത്രീകൾ ബംഗ്ലാദേശിലുമാണ് (03 %).
മദ്യനിയന്ത്രണ നയങ്ങൾ ഉൗർജിതമാക്കുക, നികുതി വർധിപ്പിക്കുക, ലഭ്യത കുറക്കുക, വിൽപന സമയം കുറക്കുക, പരസ്യങ്ങൾ ഒഴിവാക്കുക എന്നീ മാർഗങ്ങളിലൂടെ മദ്യഉപയോഗം കുറക്കുന്നത് ആരോഗ്യ നശീകരണം തടയുന്നതിനുള്ള സുപ്രധാന നടപടിയാകുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രഫസർ ഇമ്മാനുവേല ഗകീദു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.