കേരളത്തിലെ ഗവേഷണങ്ങളില്‍ അമേരിക്കന്‍ ഡോക്ടര്‍മാർ സഹകരിക്കും: ശൈലജ ടീച്ചര്‍
text_fieldsതിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖലയില്‍ നടക്കുന്ന വിവിധ ഗവേഷണങ്ങളുമായി സഹകരിക്കാന്‍ അമേരിക്കന്‍ ഡോക്ടര്‍മാര്‍ സന്നദ്ധത അറിയിച്ചതായി സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വിദഗ്ധ ഡോക്ടര്‍മാരുമായി മന്ത്രി നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വയനാട് ജില്ലയിലെ മാനന്തവാടിയില്‍ വിദേശ രാജ്യങ്ങളുടെ സഹകരണത്തോടെ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായി തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയിലെ സിഡ്‌നി കാര്‍മല്‍ ക്യാന്‍സര്‍ സെൻററിലെ മുതിര്‍ന്ന ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചയ്ക്കിടെ മന്ത്രി പറഞ്ഞു. ഗവേഷണത്തിനാവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതോടൊപ്പം വിവിധ പകര്‍ച്ചവ്യാധി പ്രതിരോധത്തിനുള്ള മരുന്നുകൾ കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സിഡ്‌നി കാര്‍മല്‍ കാന്‍സര്‍ സെൻററിന് കേരളത്തിെൻറ ഗവേഷണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ ആഗ്രഹമുണ്ടെന്ന് പ്രഫ. എം.വി. പിള്ള പറഞ്ഞു. വൈകാതെ കേരളത്തില്‍ ഒരു ശിൽപശാല സംഘടിപ്പിക്കുകയും സിഡ്‌നി കാര്‍മല്‍ കാൻസര്‍ സെൻറര്‍ പ്രഫസര്‍ ഗ്രേസ് യാവോ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ഇതുസംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് കൂടുതല്‍ ബൃഹത്തായ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയില്‍ ആദിവാസികളെ ബാധിച്ചിട്ടുള്ള സിക്കിള്‍സെല്‍ അനീമിയ എന്ന രോഗത്തെക്കുറിച്ചുള്ള ചര്‍ച്ചയിലും മന്ത്രി പങ്കെടുത്തു.
കേരളത്തിലെ ആദിവാസി സമൂഹങ്ങളില്‍ കണ്ടുവരുന്ന അരിവാള്‍ രോഗം എന്നറിയപ്പെടുന്ന സിക്കിള്‍സെല്‍ അനീമിയയുടെ ചികിത്സയ്ക്ക് ഒരു പ്രത്യേക പാക്കേജ് ഉണ്ടാക്കുന്നതിനും പദ്ധതിയുടെ ഭാഗമായി പാവപ്പെട്ടവര്‍ക്ക് സഹായം എത്തിക്കുന്നതിനും ആരോഗ്യവകുപ്പ് ശ്രമിക്കുന്നുണ്ട്. സിക്കിള്‍സെല്‍ അനീമിയ സംബന്ധിച്ച് പഠനത്തിന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് വിവിധങ്ങളായ ഗവേഷണങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സാധിച്ചു. പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് ഇവിടെ നടന്നതെന്നും വിശദമായ ചര്‍ച്ചയ്ക്ക് ശേഷം പ്രത്യേക പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി മാനന്തവാടിയില്‍ ആരോഗ്യവകുപ്പിന് ലഭ്യമായ സ്ഥലത്ത് ഒരു ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.