അർബുദ, ക്ഷയരോഗ മരുന്നുകളുടെ വില കുറയും
text_fieldsകോഴിക്കോട്: അർബുദം, ക്ഷയം, മലമ്പനി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുസംയുക്തങ്ങളുടെ വില കുറച്ചു. 21 മരുന്നുകളുെട വില പുതുക്കി നിശ്ചയിച്ച ദേശീയ മരുന്നു വില നിയന്ത്രണ സമിതി, 18 മരുന്നുകളെ വിലനിയന്ത്രണത്തിൽപ്പെടുത്തി. ഇതോടെ 821 മരുന്നു സംയുക്തങ്ങൾക്ക് മരുന്നു വില നിയന്ത്രണ സമിതിയുെട കടിഞ്ഞാണായി. ക്ഷയരോഗ മരുന്നായ റിഫാബുട്ടിൻ 150 എം.ജി ക്യാപ്സൂളിന് 35.99 ആണ് പുതിയ വില. ചരക്കു സേവന നികുതിക്ക് (ജി.എസ്.ടി) പുറമെയുള്ള വിലയാണിത്. നിലവിൽ റിബുട്ടിൻ എന്ന പേരിൽ ലുപിൻ കമ്പനി വിൽക്കുന്ന ഇതേ ക്യാപ്സൂളിന് 60 രൂപയോളം വിലയുണ്ട്. മൈഗ്രേയ്ൻ രോഗികൾക്ക് ഏറെ ആശ്വാസമേകുന്ന സുമാട്രിപ്റ്റാൻ എന്ന ജനറിക് നാമത്തിലുള്ള ടാബ്ലറ്റ് 25 എം.ജിക്ക് 30.21 രൂപയും 50 എം.ജിക്ക് 46.76 രൂപയുമായി നിശ്ചയിച്ചു. യഥാക്രമം 32ഉം 55ഉം രൂപയാണ് ഇൗ മരുന്നിെൻറ വിപണി വില. ഹെപ്പറ്റൈറ്റിസ് ബി ഇമ്യൂണോഗ്ലോബുലിൻ പ്രതിേരാധ കുത്തിവെപ്പ് മരുന്ന് വില 4998 രൂപയായി കുറച്ചു.
വിപണി വിലയേക്കാൾ 20 ശതമാനം കുറവാണിത്. വിറ്റാമിൻ എ ദ്രാവകം, മലമ്പനി ചികിത്സക്ക് ഉപയോഗിക്കുന്ന ആർടിസുനേറ്റ് തുടങ്ങിയവയെയും വിലനിയന്ത്രണത്തിലുൾപ്പെടുത്തി. പേവിഷ ബാധക്കെതിരെ ഏറ്റവും ഫലപ്രദെമന്ന് നിർമാതാക്കൾ അവകാശപ്പെട്ട റാബിഷീൽഡ് ആൻറിബോഡി കുത്തിെവപ്പ് മരുന്നിനും വിലനിയന്ത്രണം ബാധകമാക്കി. ഒരു പാക്കറ്റിന് 8055 രൂപയാണ് പുതുക്കിയ വില. പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യ എന്ന സ്വകാര്യസ്ഥാപനമാണ് ഇൗ മരുന്നിെൻറ ഉൽപാദകർ. ഇതേ മരുന്നിെൻറ ഡോസ് കൂടിയ പാക്കറ്റിന് 20,139 രൂപയാണ് ഇനി മുതലുള്ള നിരക്ക്. കഴിഞ്ഞ വർഷമാണ് രാജ്യത്ത് ഇൗ മരുന്ന് വിപണിയിലെത്തിയത്.
അർബുദ രോഗികൾക്ക് കീമോതെറപ്പി ചികിത്സയുമായി ബന്ധപ്പെട്ട് നൽകുന്ന ആൻറിബയോട്ടിക് കുത്തിവെപ്പ് മരുന്നായ ആക്ടിനോമൈസിൻ ഡി 0.5 എം.ജി പൗഡർ ഇനി മുതൽ പാക്കറ്റിന് 287.76 രൂപക്ക് ലഭിക്കും. ദേശീയ മരുന്നു വില നിയന്ത്രണ സമിതി കഴിഞ്ഞ വർഷം 568 രൂപയായി നിശ്ചയിച്ച മരുന്നാണിത്.
അർബുദ ചികിത്സയിലെ മറ്റൊരു മരുന്നായ ഇഫോസ്ഫാമിഡ് പൗഡറിന് 328 രൂപയായി വില വീണ്ടും കുറച്ചു. 370 ആണ് നിലവിലെ വില. അഞ്ചാം പനിക്കെതിരായ കുത്തിവെപ്പ് മരുന്നിന് 0.5 എം.എല്ലിന് 46 രൂപയായും വില പരിമിതപ്പെടുത്തി. ടെറ്റനസിെൻറയും ഡിഫ്തീരിയയുടെയും പ്രതിേരാധ കുത്തിവെപ്പ് മരുന്നുകളുടെ വിലയും വീണ്ടും കുറച്ചിട്ടുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.