ഡെങ്കിപ്പനി ദശാബ്ദത്തിലെ ഉയർന്ന നിരക്കിൽ
text_fieldsപാലക്കാട്: ജീവൻ കവർന്നെടുക്കുന്ന നിശ്ശബ്ദ കൊലയാളിയായി ഡെങ്കിപ്പനി മാറുന്നു. രാജ്യത്ത് ഡെങ്കിപ്പനി ബാധിക്കുന്നവരുടെയും ബാധിച്ച് മരിക്കുന്നവരുടെയും എണ്ണം കൂടിവരികയാണ്. നാഷനൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാം (എൻ.വി.ബി.ഡി.സി.പി) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവും കൂടുതൽ ഡെങ്കി രോഗബാധിതരുണ്ടായതും മരിച്ചതും 2017ലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ദക്ഷിണേന്ത്യൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണത്തിൽ കൂടുതൽ വർധനയുണ്ടാകുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി രാജ്യത്താകമാനം ശരാശരി 1,39,160 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 2016ൽ 1,29,166 പേർക്ക് സ്ഥിരീകരിച്ചപ്പോൾ 2017ൽ 1,88,401 ആയി ഉയർന്നു.
ഇക്കാലയളവിൽ മരിച്ചവരുടെ എണ്ണത്തിലും വർധനയുണ്ടായി. 2016ൽ 245 പേർ ഡെങ്കി ബാധിച്ച് മരിച്ചപ്പോൾ 2017ൽ അത് 325 ആയി. 2017ൽ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമാണ് കൂടുതൽ പേർ മരിച്ചത് (65 വീതം). ബംഗാളിൽ 46 പേർ മരിച്ചു. പട്ടികയിൽ കേരളത്തിന് നാലാം സ്ഥാനമാണ് (37).
കേരളത്തിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടായത്. 2016ൽ 7439 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തപ്പോൾ 2017ൽ അത് 19,994 ആയി കുതിച്ചുയർന്നു. ഇൗ വർഷം ജൂൺ വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിച്ചതും മരിച്ചതും കേരളത്തിലാണ്. ഇതുവരെ 1738 പേർക്ക് ഇത് റിപ്പോർട്ട് ചെയ്യുകയും 12 മരണങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു. കാസർകോട് മാത്രം ഈ വർഷം ഇതുവരെ 328 പേർക്ക് ഡെങ്കി ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.