ഇന്ത്യയിൽ രോഗികളെ പരിശോധിക്കാനെടുക്കുന്ന സമയം കേവലം രണ്ട് മിനുട്ട്
text_fieldsലണ്ടൻ: ഇന്ത്യൻ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത് ശരാശരി രണ്ട് മിനുട്ട് മാത്രമാണെന്ന് പഠന റിപ്പോർട്ട്. ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ ലോകവ്യാപകമായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. 2015ലും ഇന്ത്യയിലെ പരിശോധന സമയം ശരാശരി രണ്ട് മിനുട്ടായിരുന്നു.
വ്യത്യസ്ത രാജ്യങ്ങളിലെ ഡോക്ടർമാരുടെ പരിശോധനാ സമയങ്ങളെ ആസ്പദമാക്കിയായിരുന്നു പഠനം. ബംഗ്ലാദേശിൽ 48 സെക്കന്‍റാണ് പരിശോധനാ സമയമെങ്കിൽ സ്വീഡനിൽ ഇത് 22.5 മിനുട്ടാണ്. 2016 ൽ 1.79 മിനുട്ടാണ് പാകിസ്താനിൽ രോഗികളെ പരിശോധിക്കാൻ എടുത്ത ശരാശരി സമയം എന്നും പഠനത്തിൽ പറയുന്നു.
കുറഞ്ഞ ദൈർഘ്യത്തിലുള്ള പരിശോധനകൾ രോഗികളുടെ ആരോഗ്യത്തെ തന്നെ ബാധിക്കുന്നതായും ഡോക്ടർമാർക്ക് തന്നെ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പഠനത്തിൽ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. രോഗികളുടെ ആരോഗ്യ പരിപാലനം സംബന്ധിച്ച് 67 രാജ്യങ്ങളിലെ 28.5 ദശലക്ഷം പരിശോധനകളെ ഉൾപ്പെടുത്തി തയ്യാറാക്കിയ 178 പഠനങ്ങൾ ഗവേഷകർ പരിശോധിച്ചു.
എന്നാൽ ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ പുറത്തുവിട്ട വിവരങ്ങൾ ഇന്ത്യയിലെ മുഴുവൻ ഡോക്ടർമാരെയും പറ്റിയുള്ളതല്ലെന്നും സർക്കാർ ആശുപത്രികളിൽ രോഗികളുടെ എണ്ണം കൂടുന്നതിനാൽ ഒരു പക്ഷെ ഇത് സത്യമായിരിക്കാം എന്നും ഡൽഹി ആകാശ് ഹെൽത്ത് കെയർ എം.ഡി ഡോക്ടർ ആശിഷ് ചൗധരി പറഞ്ഞു. ഇവിടങ്ങളിൽ രണ്ടോ മൂന്നോ മണിക്കൂറിൽ 100 കണക്കിന് രോഗികളെ പരിശോധിക്കേണ്ടി വരുന്നുണ്ട്.
അഞ്ച് മിനുട്ടിൽ താഴെയുള്ള സമയം കൊണ്ട് രോഗത്തിന്‍റെ വ്യാപ്തി, അസുഖത്തിന്‍റെ ഗൗരവം, വേദന, രോഗിയുടെ മാനസിക മാറ്റങ്ങൾ എന്നിവ പരിശോധിച്ചശേഷം രോഗികളെ ധരിപ്പിക്കാന്‍ കഴിയില്ലെന്നും രോഗത്തിന്‍റെ പൊതു സ്വഭാവം മനസ്സിലാക്കാനും രോഗം കണ്ടെത്താനുമേ കഴിയുവെന്നും ചൗധരി പറഞ്ഞു.
വികസിത രാജ്യങ്ങളിൽ ഒരോ വർഷവും 12 സെക്കന്‍റ് വീതമാണ് പരിശോധന സമയം ഉയർത്തുന്നത്. അമേരിക്കയിൽ 12 സെക്കന്‍റും ഇംഗ്ലണ്ടിൽ ഇത് നാല് സെക്കന്‍റുമാണ് വർധിക്കുന്നത്. എന്നാൽ ഇടത്തരം വരുമാന രാഷ്ട്രങ്ങളിലും വരുമാനത്തിൽ താെഴ നിൽക്കുന്ന ചെറിയ രാജ്യങ്ങളിലും വളരെ കുറഞ്ഞ സമയം മാത്രമേ പരിശോധന നടക്കുന്നുള്ളൂ.
കുറഞ്ഞ സമയത്തിൽ നടക്കുന്ന പരിശോധനകൾ അനാവശ്യമായ നിരവധി മരുന്നുകൾ രോഗികൾക്ക് നിർദേശിക്കുന്നതിനും ആന്‍റി ബയോട്ടിക്കിന്‍റെ അമിത ഉപയോഗത്തിനും ഇടയാക്കുമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്.
നഗര-ഗ്രാമ വ്യത്യാസങ്ങൾ പഠനത്തിൽ പരിഗണിച്ചിട്ടില്ലെന്നും ബ്രട്ടീഷ് ജേർണൽ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.