കുറഞ്ഞ സമയംകൊണ്ട് കോവിഡ് പരിശോധന; കേരള മാതൃക ഏറ്റെടുത്ത് പ്രതിരോധ വകുപ്പ്
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി കേരളം വികസിപ്പിച്ച മാതൃക ഏറ്റെടുത്ത് പ്രതിരോധ വകുപ്പ്. എറണാകുളം കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ വികസിപ്പിച്ച 'വാക് ഇന്‍ സിമ്പിള്‍ കിയോസ്‌ക് -വിസ്‌ക്' എന്ന സാമ്പിൾ ശേഖരണ മാതൃകയാണ് പ്രതിരോധ വകുപ്പിന് കീഴിലെ ഡിഫെന്‍സ് റിസര്‍ച്ച് ആൻഡ് ഡെവലപ്മെൻറ് ഓര്‍ഗനൈസേഷന്‍ (ഡി.ആർ.ഡി.ഒ) ഏറ്റെടുത്തത്.
വിസ്‌കിന്‍റെ നവീകരിച്ച മാതൃകയാണ് ഡി.ആർ.ഡി.ഒ തയാറാക്കിയിട്ടുള്ളത്. രണ്ട് മിനിറ്റില്‍ താഴെ സമയം കൊണ്ട് സാമ്പിള്‍ ശേഖരണം സുരക്ഷിതമായി പൂര്‍ത്തിയാക്കാം എന്നതാണ് വിസ്‌കിന്‍റെ പ്രധാന സവിശേഷത.
നാവികസേനയിൽ പ്രതിരോധം ഉറപ്പാക്കലാണ് പുതിയ വിസ്‌കിന്‍റെ ആദ്യ ദൗത്യം. കളമശ്ശേരി മെഡിക്കൽ കോളജിലെ ആർ.എം.ഒ ഡോ. ഗണേഷ് മോഹൻ, അഡിഷനൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. വിവേക് കുമാർ, ആർദ്രം ജില്ല അസിസ്റ്റൻറ് നോഡൽ ഓഫിസർ ഡോ. നിഖിലേഷ് മേനോൻ, എ.ആർ.എം.ഒ ഡോ. മനോജ് എന്നിവരുടെ മേൽനോട്ടത്തിലാണ് പുതിയ വിസ്‌കും നിർമിച്ചിട്ടുള്ളത്.
ഹെലികോപ്റ്ററുകളിൽ ഘടിപ്പിക്കാവുന്ന വിസ്‌ക് 2.0 സായുധ സേനയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ട് ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയിൽ പുതിയ വിസ്കിലെ മർദ്ദ ക്രമീകരണങ്ങളും വായു സഞ്ചാരവും ഉൾപ്പടെ പരിശോധിച്ച ശേഷമാണ് അനുമതി നൽകിയിട്ടുള്ളത്.
പരിശോധന സൗകര്യങ്ങൾ വളരെ പരിമിതമായ സ്ഥലങ്ങളിലും വിസ്‌കിന്‍റെ പുതിയ മാതൃക ഉപയോഗിക്കാൻ സാധിക്കും. അഴിച്ചെടുക്കാവുന്നതും മടക്കാവുന്നതുമായ പുതിയ വിസ്‌കിനെ ഹെലികോപ്റ്റർ വഴി ഐ.എൻ.എസ് സഞ്ജീവനിയിൽ എത്തിച്ചു ആദ്യ പരീക്ഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.