ആൻറിബയോട്ടിക്ക്: ഡോക്ടർമാർക്ക് െഎ.എം.എയുടെ മാർഗരേഖ
text_fieldsകൊച്ചി: ആൻറിബയോട്ടിക്കുകൾ രോഗികൾക്ക് കുറിക്കുന്നതുസംബന്ധിച്ച് ഡോക്ടർമാർക്ക് കർശന നിർദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). ആൻറിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ നിയന്ത്രണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ജനുവരിയിൽ പുതിയ നയം നടപ്പാക്കാനിരിക്കെയാണ് െഎ.എം.എ കേരള ഘടകത്തിെൻറ നടപടി.
ഐ.എം.എയുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട 140 ഡോക്ടർമാർക്ക് ഇതുസംബന്ധിച്ച് പരിശീലനം നൽകി. ആൻറി മൈക്രോബിയൽ പോളിസിയുമായി ബന്ധപ്പെട്ട് സമ്മേളനം സംഘടിപ്പിച്ചാണ് പരിശീലനം നൽകിയത്. ഏതൊക്കെ തരം ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കാം, ഏതെല്ലാം സാഹചര്യത്തിൽ ഇവ കുറിക്കണം തുടങ്ങി വിശദമായ മാർഗനിർദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പരിശീലനം ലഭിച്ചവർ വിവിധ കേന്ദ്രങ്ങളിൽ മറ്റ് ഡോക്ടർമാർക്ക് പരിശീലനം നൽകും.
തുടർന്ന് ഇവയുടെ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങളെയും ബോധവത്കരിക്കും. ആൻറിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറക്കുകയാണ് ലക്ഷ്യമെന്ന് ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. എൻ. സുൽഫി ‘മാധ്യമ’ത്തോട് പറഞ്ഞു. തെറ്റിദ്ധാരണ മൂലം പല രോഗികളും ഡോക്ടർമാരെക്കൊണ്ട് നിർബന്ധിച്ച് ആൻറിബയോട്ടിക്കുകൾ കുറിപ്പിക്കുന്ന സാഹചര്യവുമുണ്ട്. ഡോക്ടറുടെ നിർദേശമില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് മരുന്നുവാങ്ങി ഉപയോഗിക്കുന്നവരും ഏറെയാണ്. ഇതോടൊപ്പം ഡോക്ടർമാരും ആൻറിബയോട്ടിക്കുകൾ കൂടുതലായി കുറിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നതിനാലാണ് തീരുമാനം.
ക്ഷയം, മസ്തിഷ്കാണുബാധ പോലുള്ളവക്ക് ആൻറിബയോട്ടിക് ഉപയോഗിക്കുന്നതിലൂടെ പ്രതിരോധശേഷി കുറയുന്നതായി കണ്ടുവരുന്നുണ്ട്. കുറേനാൾ ഉപയോഗിച്ച് കഴിയുമ്പോൾ രോഗാണുവിന് മരുന്നിനെക്കാൾ ശക്തി കൈവരുന്നതാണ് കാരണം. ഒരാഴ്ച കഴിക്കേണ്ട ആൻറിബയോട്ടിക് കുറഞ്ഞദിവസം കൊണ്ട് നിർത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ പറഞ്ഞ് മനസ്സിലാക്കി വേണം മരുന്ന് കുറിക്കാനെന്നും മാർഗരേഖയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.