പുംബീജ വിത്തുകോശം വഴി ജനിതക മാറ്റം: ലോകശ്രദ്ധ നേടി മലയാളി ശാസ്ത്രജ്ഞൻ
text_fieldsകൊല്ലം: ഇന്ത്യൻ ഗവേഷകർ പുംബീജ വിത്തുകോശത്തിലൂടെയുള്ള ജീൻ കൈമാറ്റ രീതിയിലൂടെ ലോകത്തിലെ ആദ്യത്തെ ജനിതക മാറ്റം വരുത്തിയ കന്നുകാലി വർഗത്തെ സൃഷ്ടിച്ചു. മലയാളിയായ ഡോ. പ്രമോദ് കുമാറും പശ്ചിമ ബംഗാൾ സ്വദേശി ഡോ. അഭിജിത് മിത്രയും ചേർന്നാണ് ജനിതക മാറ്റം വരുത്തിയ ആടിനെ സൃഷ്ടിച്ചത്. നേരത്തേ ഇൗ രീതിയിലൂടെ എലികളെ സൃഷ്ടിച്ചിരുന്നു. ഇപ്പോഴത്തെ പരീക്ഷണത്തെക്കുറിച്ചുള്ള റിപ്പോർട്ട്, പ്രശസ്ത സയൻസ് ജേണലായ നേച്ചർ സയൻറിഫിക് റിപ്പോർട്ടിെൻറ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. ഉത്തർപ്രദേശിലെ ഇന്ത്യൻ വെറ്ററിനറി റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡോ. അഭിജിത് മിത്രയുടെ കീഴിലാണ് ഇതിനു കാരണമായ പിഎച്ച്.ഡി ഗവേഷണം ഡോ. പ്രമോദ് നടത്തിയത്.
ഇൻസുലിൻ പോലുള്ള പദാർഥങ്ങൾ ഉൽപാദിപ്പിക്കാൻ ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ജനിതക മാറ്റം വരുത്തിയ ആട്, പശു, പന്നി തുടങ്ങിയ മൃഗങ്ങളെ ഉപയോഗിക്കുന്നു. ഉപയോഗപ്രദമായ പദാർഥങ്ങൾ ഉണ്ടാക്കുന്ന ജീനുകളെ അണ്ഡം അല്ലെങ്കിൽ ഭ്രൂണത്തിലൂടെ കടത്തിവിട്ടാണ് ഇപ്പോൾ ജനിതക മാറ്റം വരുത്തിയ മൃഗങ്ങളെ സൃഷ്ടിക്കുന്നത്. ഇൗ പ്രക്രിയ ചെലവ് കൂടിയതും സങ്കീർണവുമാണ്. വൃഷണത്തിലെ പുംബീജ വിത്തു കോശങ്ങളിലൂടെ ജീനുകൾ കടത്തിവിട്ട് ചെലവ് കുറഞ്ഞ രീതിയിൽ കൂടുതൽ എണ്ണം ജനിതക മാറ്റം വരുത്തിയ എലികളെ സൃഷ്ടിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു. പക്ഷേ, ഇൗ രീതിയിൽ ജനിതക മാറ്റം വരുത്തിയ വലിയ മൃഗങ്ങളെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു.
ഒരു തവണ നമുക്ക് ആവശ്യമായ ജീനിനെ വൃഷണത്തിലെ വിത്ത് കോശത്തിെൻറ ജനിതക ഘടനയിൽ ചേർക്കാൻ കഴിഞ്ഞാൽ അതിൽനിന്നുണ്ടാകുന്ന പുംബീജങ്ങളിൽ ആ ജീൻ വരുകയും ബീജസങ്കലനത്തിലൂടെ അടുത്ത തലമുറയിൽ അത് എത്തുകയും ചെയ്യും. ഇൗ വിദ്യ ആടിൽ നടപ്പാക്കാൻ ഡോ. പ്രമോദിന് കഴിഞ്ഞു. പച്ച ഫ്ലൂറസെൻസ് പുറപ്പെടുവിക്കുന്ന ജീൻ (ഗ്രീൻ ഫ്ലൂറസെൻസ് പ്രോട്ടീൻ ജീൻ) പ്രത്യേക അളവിൽ ചെറിയ വൈദ്യുത തരംഗങ്ങളുടെ സഹായത്തോടെ വൃഷണത്തിൽ കുത്തിവെച്ചപ്പോൾ വൃഷണത്തിലെ വിത്തുകോശങ്ങളിൽ പച്ച ഫ്ലൂറസെൻസ് നിറം കണ്ടു. പിന്നീട് ഇൗ ജീനിനെ ആടിെൻറ പുംബീജത്തിലും ബീജ സങ്കലനത്തിലൂടെ ഭ്രൂണത്തിലും കണ്ടെത്തി. ഇങ്ങനെ വൃഷണത്തിൽ ജീൻ കൈമാറ്റം ചെയ്ത ആണാടിനെ പ്രത്യുൽപാദനത്തിനു വേണ്ടി ഉപയോഗിച്ചപ്പോൾ ജനിച്ച ആട്ടിൻകുട്ടിയിലും ഇൗ ജീനിെൻറ സാന്നിധ്യം മനസ്സിലാക്കി. ഇൗ പരീക്ഷണമാണ് സയൻറിഫിക് റിപ്പോർട്ടിൽ വന്നത്.
ഇതേ രീതിയിലൂടെ കുറഞ്ഞ ചെലവിൽ ഭാവിയിൽ മനുഷ്യരുടെ ജീനുകളെ കൈമാറ്റം ചെയ്ത് ജനിതക മാറ്റം വരുത്തിയ കന്നുകാലി വർഗങ്ങളെ ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്ന് ഡോ. പ്രമോദ് പറഞ്ഞു. അങ്ങനെ സൃഷ്ടിക്കുന്ന മൃഗങ്ങളുടെ പാലിൽനിന്നോ മൂത്രത്തിൽനിന്നോ മനുഷ്യ ചികിത്സക്ക് ആവശ്യമായ പദാർഥങ്ങൾ വേർതിരിച്ചെടുത്ത് ഉപയോഗിക്കാനാകും.
ഡോ. അഭിജിത് മിത്ര നാഗാലാൻഡിലെ ഇന്ത്യൻ കൗൺസിൽ ഒാഫ് അഗ്രികൾച്ചറൽ റിസർചിെൻറ സ്ഥാപനമായ നാഷനൽ റിസർച് സെൻറർ ഒാൺ മിഥുെൻറ ഡയറക്ടറാണ്. മണ്ണുത്തി വെറ്ററിനറി കോളജിൽനിന്ന് ബിരുദമെടുത്ത ഡോ. പ്രമോദ് പിഎച്ച്.ഡിക്ക് ശേഷം സൗത്ത് കൊറിയയിലെ സിയോൾ നാഷനൽ യൂനിവേഴ്സിറ്റിയിൽ റിസർച് ചെയ്തു. അവിടെ പുംബീജ വിത്ത് കോശങ്ങളിലൂടെ വംശനാശം സംഭവിക്കുന്ന പക്ഷികളെ സംരക്ഷിക്കാനുള്ള പഠനം നടത്തി. ഡോ. പ്രമോദ് ഇപ്പോൾ കാക്കനാെട്ട സ്മാർട്ട് സിറ്റിയിലെ അഗ്രി ജീനോമം ലാബിലെ ശാസ്ത്രജ്ഞനാണ്. കൊല്ലം മൈനാഗപ്പള്ളി ചെറുകര അയുത്ത് വീട്ടിൽ രവീന്ദ്രൻപിള്ളയുടെയും അജിതകുമാരിയുടെയും മകനാണ്. വെറ്ററിനറി ഡോക്ടറായ അഞ്ജു ഭാര്യയും രണ്ടര വയസ്സുകാരി സാരംഗി മകളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.