വേനല്‍ മഴ: കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കുമെന്ന് ആരോഗ്യ വകുപ്പ്
text_fieldsവടകര: ഇത്തവണത്തെ വേനല്‍ മഴ കൊതുകുകള്‍ പെരുകാനും ഡെങ്കിപ്പനിയുള്‍പ്പെടെ പടര്‍ന്നുപിടിക്കാനും ഇടയാക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്. 17 ശതമാനത്തിലധികം വേനൽ മഴയാണ് കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് ലഭിച്ചത്. ഈ സാഹചര്യത്തിൽ, കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയതോതില്‍ ഡെങ്കിപ്പനിയുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ഏറെ ജാഗ്രത പുലർത്തുന്നതിനൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. മുന്‍ വര്‍ഷങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ കൂടുതല്‍ കണ്ടെത്തിയ മലയോര മേഖലയിലുള്ളവര്‍ ആശങ്കയിലാണ്.
വേനല്‍മഴ ലഭിച്ചതിനാല്‍ പതിവായുണ്ടാകുന്ന വരള്‍ച്ചക്ക് അല്‍പം ശമനമുണ്ടെങ്കിലും കൊതുകുകള്‍ പെരുകാനും പകര്‍ച്ചവ്യാധികളുണ്ടാകാനും സാധ്യത ഏറെയാണെന്ന് വെക്ടര്‍ കണ്‍ട്രോള്‍ വിഭാഗം പറയുന്നു. 10 മുതല്‍ 20 ശതമാനം വരെ കൊതുകുകള്‍ വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. നിലവിലെ സാഹചര്യത്തില്‍ റബര്‍ ടാപ്പിങ് നടക്കുന്ന മലയോര മേഖലയില്‍ പതിവിലേറെ കൊതുകുകൾ ഉണ്ടാവും.
കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ െഡങ്കി കേസുകൾ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലാണ്. ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതും കോഴിക്കോട്ടാണ്. 73 ശതമാനത്തിലേറെ അധിക മഴയാണ് ജില്ലയില്‍ ഇതിനകം ലഭിച്ചതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതിനകം െഡങ്കിപ്പനിയെന്ന് സംശയിക്കുന്ന 100ഓളം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. വരും ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവൃത്തികള്‍ക്കും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ജനപങ്കാളിത്തം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.
കഴിഞ്ഞ വര്‍ഷം മഴക്കാലപൂർവ പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ച സര്‍ക്കാറിനെയും ആരോഗ്യ വകുപ്പിനെയും പ്രതിക്കൂട്ടിലാക്കിയിരുന്നു. വേനല്‍മഴ സൃഷ്ടിക്കാനിടയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് കോഴിക്കോട് ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യോഗം വിളിച്ച് നിര്‍ദേശങ്ങൾ നല്‍കിയെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും ഡി.എം.ഒ ബി. ജയശ്രീ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.