ഇത് ചരിത്ര നേട്ടം; മരിച്ചയാളിൽ നിന്ന് സ്വീകരിച്ച ഗർഭപാത്രത്തിൽ ആദ്യ ശിശു പിറന്നു
text_fieldsസാവോപോളോ: ഗർഭാശയ സംബന്ധമായ പ്രശ്നം മൂലം കുഞ്ഞിക്കാല് കാണാനാവാതെ വിഷമിച്ചിരിക്കുന്നവർക്ക് പ്രതീക്ഷക്ക് വക നൽകിക്കൊണ്ട് വൈദ്യലോകത്തു നിന്ന് പുതിയ വാർത്ത. മരിച്ച വ്യക്തിയിൽ നിന്ന് സ്വീകരിച്ച ഗർഭപാത്രത്തിൽ ലോകത്ത് ആദ്യമായി പൂർണ ആരോഗ്യത്തോടെയുള്ള പെൺകുഞ്ഞ് പിറന്നു. ലാൻസറ്റ് മെഡിക്കൽ ജേണലാണ് ഇതു സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചത്. 2017 ഡിസംബറിലാണ് കുഞ്ഞ് പിറന്നതെന്ന് ജേണലിൽ പറയുന്നു.
ബ്രസീലിൽ നിന്നുള്ള 32കാരിക്കാണ് ഇത്തരത്തിൽ കുഞ്ഞിനെ ലഭിച്ചത്. ബ്രസീലിലെ സാവോ പോളോ സർവകലാശാല ആശുപത്രിയാണ് ഇൗ അപൂർവ നേട്ടത്തിന് വേദിയായത്. മരിച്ച വ്യക്തിയിൽ നിന്ന് സ്വീകരിച്ച ഗർഭപാത്രത്തിൽ നിന്ന് ശിശുവിനെ ലഭിക്കാനായി യു.എസിലും ചെക്ക് റിപ്പബ്ലിക്കിലും തുർക്കിയിലുമായി മുമ്പ് നടത്തിയ പത്ത് ശ്രമങ്ങളിലും പരാജയമായിരുന്നു ഫലം.
35 ആഴ്ചകൾക്കും മൂന്ന് ദിവസത്തിനും ശേഷം ശസ്ത്രക്രിയയിലൂടെയാണ് ബ്രസീലുകാരി മാതാവായത്. കുഞ്ഞിന് രണ്ടര കിലോ ഗ്രാം ഭാരമുണ്ട്. നിലവിൽ ജീവിച്ചിരിക്കുന്നവരിൽ നിന്നു മാത്രമാണ് ഗർഭപാത്രം സ്വീകരിച്ചു വരുന്നത്. 2013ൽ സ്വീഡനിലായിരുന്നു ജീവിച്ചിരിക്കുന്ന വ്യക്തിയിൽ നിന്ന് സ്വീകരിച്ച ഗർഭപാത്രത്തിൽ നിന്ന് ആദ്യമായി പൂർണ ആരോഗ്യത്തോടെയുള്ള കുഞ്ഞ് പിറന്നത്. നിലവിൽ 11 പേർക്ക് ഇത്തരത്തിൽ കുഞ്ഞു പിറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.