Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2015 4:48 PM IST Updated On
date_range 5 Aug 2015 4:48 PM ISTകൊളസ്ട്രോള്‍ നിയന്ത്രിക്കാം
text_fieldsbookmark_border
രക്തത്തിലും കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലുള്ള കൊഴുപ്പാണ് കൊളസ്ട്രോള്‍. ശരീരത്തില്‍ നിരവധി കൊഴുപ്പ് ഘടകങ്ങള്‍ ഉണ്ടെങ്കിലും അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നതില്‍ പ്രധാനി കൊളസ്ട്രോള്‍ ആണ്.
നിരവധി ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൊളസ്ട്രോള്‍ കൂടിയേ തീരൂ. കൊഴുപ്പും പ്രോട്ടീനുമാണ് കൊളസ്ട്രോളിലെ പ്രധാന ഘടകങ്ങള്‍. ചര്‍മത്തില്‍ നിന്ന് അധികജലം ആവിയായി പോകാതിരിക്കാന്‍ സഹായിക്കുന്നത് കൊളസ്ട്രോള്‍ പാളിയാണ്. കോശ ഭിത്തികള്‍ ഉറപ്പോടെ നിലനിര്‍ത്തുന്നതോടൊപ്പം കോശത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതിനും കൊളസ്ട്രോള്‍ ആവശ്യമാണ്. ജീവകം ഡി, സ്ത്രീ ഹോര്‍മോണുകള്‍, പുരുഷ ഹോര്‍മോണുകള്‍, അഡ്രിനല്‍ ഗ്രന്ഥിയില്‍ നിന്നുത്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ തുടങ്ങിയവയുടെ ഉത്പാദനത്തിനും കൊളസ്ട്രോള്‍ അനിവാര്യമാണ്. ആഹാരത്തിലെ കൊഴുപ്പ് ഘടകങ്ങളെയും ജീവകങ്ങളെയും ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതും കൊളസ്ട്രോളാണ്. ശരീര താപനില സന്തുലിതമാക്കുക, അവയവങ്ങള്‍ പരിക്കോ ക്ഷതമോ ഉണ്ടായാല്‍ പ്രോട്ടീന്‍ നിര്‍മാണത്തിലൂടെ പുനര്‍നിര്‍മാണത്തിന് സഹായിക്കുക തുടങ്ങി നിരവധി ധര്‍മങ്ങളാണ് കൊളസ്ട്രോള്‍ ശരീരത്തില്‍ നിര്‍വഹിക്കുക.
കൊളസ്ട്രോള്‍ വര്‍ധന രോഗങ്ങള്‍ക്കിടയാക്കുന്നതെങ്ങനെ?
ശരീരത്തിന് ആവശ്യമുള്ള ആകെ കൊളസ്ട്രോളിന്‍െറ 80 ശതമാനവും കരളാണ് ഉത്പാദിപ്പിക്കുന്നത്. ഭക്ഷണത്തില്‍നിന്ന് 20 ശതമാനം കൊളസ്ട്രോളാണ് നമുക്ക് ലഭ്യമാവുക. ഭക്ഷണത്തിലെ കൊളസ്ട്രോളിന്‍െറ അളവാണ് യഥാര്‍ഥത്തില്‍ കരളിലെ കൊളസ്ട്രോളിന്‍െറ അളവിനെ നിയന്ത്രിക്കുന്നത്. ഭക്ഷണത്തില്‍ പൂരിത കൊഴുപ്പിന്‍െറ അളവ് കൂടുമ്പോള്‍ രക്തത്തിലെ കൊളസ്ട്രോളിന്‍െറ അളവ് കൂടുകയും കരളിലെ ഉദ്പാദനം കുറയുകയും ചെയ്യും. രക്തത്തിലെ കൊളസ്ട്രോളിന്‍െറ അളവ് സാധാരണ നിലയില്‍തന്നെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഈ സംവിധാനം സഹായിക്കും. എന്നാല്‍ പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണത്തിന്‍െറ ഉപയോഗം അനിയന്ത്രിതമാകുന്നതോടെ രക്തത്തിലെ കൊളസ്ട്രോളിന്‍െറ അളവ് ഈ പ്രതിരോധത്തെ മറികടന്ന് വിവിധ രോഗങ്ങള്‍ക്കിടയാക്കും.
ഉയര്‍ന്ന അളവിലുള്ള കൊളസ്ട്രോള്‍ ശരീരത്തില്‍ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം, കാലിലെ ധമനികളെ ബാധിക്കുന്ന പെരിഫറല്‍ വാസ്കുലാര്‍ ഡിസീസ്, രക്താതിമര്‍ദം, വൃക്കരോഗങ്ങള്‍, കരളില്‍ കൊഴുപ്പടിയുക, പിത്താശയക്കല്ലുകള്‍, ലൈംഗികശേഷിക്കുറവ്, സ്തനം, കുടല്‍ ഇവയിലുണ്ടാകുന്ന അര്‍ബുദം തുടങ്ങിയവയാണ് അമിത കൊളസ്ട്രോള്‍ മൂലമുണ്ടാകുന്ന പ്രധാന പ്രശ്നങ്ങള്‍ പ്രമേഹത്തിന് മുന്നോടിയായും അമിത കൊളസ്ട്രോള്‍ എത്താറുണ്ട്.
വിവിധതരം കൊളസ്ട്രോള്‍
സാന്ദ്രതയുടെ അടിസ്ഥാനത്തില്‍ കൊളസ്ട്രോള്‍ മൂന്ന് തരം
1. സാന്ദ്രത കൂടിയ നല്ല കൊളസ്ട്രോള്‍ (HDL)
2. സാന്ദ്രത കുറഞ്ഞ ചീത്ത കൊളസ്ട്രോള്‍ (LDL)
3. സാന്ദ്രത വളരെ കുറഞ്ഞ കൊളസ്ട്രോള്‍ (VLDL)
ഇതിന് പുറമെ ട്രൈഗ്ളിസ¥ൈറഡ് എന്ന മറ്റൊരിനം കൊഴുപ്പും LDL എന്ന ചീത്ത കൊളസ്ട്രോളിന്‍െറ ദോഷ ഫലങ്ങളെ വര്‍ധിപ്പിക്കാറുണ്ട്.
HDL എന്ന നല്ല കൊളസ്ട്രോള്‍
രക്തക്കുഴലുകള്‍ ശുചിയാക്കുക എന്ന ഭാരിച്ച ജോലിയിലൂടെ കൊളസ്ട്രോളിന്‍െറ അളവ് ക്രമീകരിച്ച് നിരവധി രോഗങ്ങളുടെ കടന്ന് വരവിനെ തടയുന്ന നല്ല കൊളസ്ട്രോളാണ് HDL. ഇതിന് പുറമെ രക്തം അനവസരങ്ങളില്‍ കട്ട പിടിക്കുന്നത് ഒഴിവാക്കാനും, രക്തക്കുഴലുകളുടെ വികസനത്തെ സഹായിക്കുന്ന ഘടകങ്ങളുടെ ഉദ്പാദനത്തെ ഉത്തേജിപ്പിക്കാനും HDLന് കഴിയും. കൂടാതെ ചീത്ത കൊളസ്ട്രോള്‍ ഘടകങ്ങള്‍ക്ക് രൂപാന്തരം സംഭവിച്ച് ശരീരത്തിന് ഹാനികരമായി മാറുന്നതിനെ തടയുന്നതും. നല്ല കൊളസ്ട്രോളായ HDL ആണ്. HDLന്‍െറ അളവ് 60mg/dl ഓ അതില്‍ കൂടുതലോ ആകുന്നത് ഏറെ ഗുണകരമാണ്.
LDL അഥവാ ചീത്ത കൊളസ്ട്രോള്‍
കരളില്‍ ഉത്പാദിപ്പിക്കുന്ന കൊളസ്ട്രോളിനെ ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളിലൂള്ള കോശങ്ങളില്‍ എത്തിക്കുന്നത് LDL ആണ്. രക്തക്കുഴലിന്‍െറ ഉള്‍ഭാഗത്ത് കൊഴുപ്പ് അടിഞ്ഞ് കൂടി ധമനീ പ്രതിചയം (atherosclerosis) ഉണ്ടാകുന്നതിന്‍െറ പ്രധാന കാരം LDLന്‍െറ അളവിലുണ്ടാകുന്ന വര്‍ധനവാണ്. തുടര്‍ന്ന് പ്രധാന അവയവങ്ങളിലേക്കുള്ള രക്തസഞ്ചാരം കുറഞ്ഞ് ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്നങ്ങള്‍ക്കിടയാക്കും. LDLന്‍െറ അളവ് 100 mg/dlല്‍ കുറവാകുന്നതാണ് ഏറ്റവും സുരക്ഷിതം.
ചില രാസപ്രക്രിയകളത്തെുടര്‍ന്ന് LDL ഘടകത്തിന് രൂപാന്തരം സംഭവിക്കുകയും രക്തക്കുഴലുകളുടെ ഉള്‍ഭിത്തിയില്‍ മറ്റ് കോശങ്ങളുമായിച്ചേര്‍ന്ന് പറ്റിപ്പിടിച്ച് കൊഴുപ്പ് അടിഞ്ഞ് കൂടാന്‍ ഇടയാകുകയും ചെയ്യുന്നു. ഒപ്പം ധമനികളുടെ ഉള്‍വ്യാസം കുറയുകയും രക്തം കട്ടപിടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുകയും ചെയ്യും. അതിനാല്‍ LDL എന്ന ചീത്ത കൊളസ്ട്രോള്‍ നിയന്ത്രിച്ച് നിര്‍ത്തണം.
സാന്ദ്രത വളരെക്കുറഞ്ഞ VLDL
കൊളസ്ട്രോളിനെ രക്തത്തിലൂടെ സഞ്ചരിക്കാന്‍ സഹായിക്കുന്ന കൊഴുപ്പ് കണികയാണ് VLDL കൊളസ്ട്രോളിന്‍െറ ദോഷഫലങ്ങളെ കൂട്ടുമെന്നതിനാല്‍ VLDLന്‍െറ അളവ് 30mg/dl കൂടാതിരിക്കുന്നതാണുചിതം.
ട്രൈഗ്ളിസറൈഡ്
കോശങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം നല്‍കുന്ന കൊഴുപ്പാണ് ട്രൈഗ്ളിസറൈഡ്. ചീത്ത കൊളസ്ട്രോളായ LDL ധമനികളില്‍ അടിഞ്ഞ്കൂടാന്‍ ട്രൈഗ്ളിസറൈഡ് ഇടയാക്കാറുണ്ട്. കൂടാതെ മറ്റ് പദാര്‍ഥങ്ങളുമായിച്ചേര്‍ന്ന് ഇത് VLDL ആയി മാറും. അതിനാല്‍ ട്രൈഗ്ളിസറൈഡിന്‍െറ തോത് 150mg/dl താഴ്ന്ന് നില്‍ക്കുന്നതാണ് സുരക്ഷിതം.
കൊളസ്ട്രോള്‍ - പരിഹാരങ്ങള്‍
അമിത കൊളസ്ട്രോള്‍ നിയന്ത്രണത്തിന് ഒൗഷധത്തോടൊപ്പം ഭക്ഷണനിയന്ത്രണം, ക്രമമായ വ്യായാമം ഇവ അനിവാര്യമാണ്. ഗുല്‍ഗുലു, നീര്‍മരുത്, കടുക്ക, വെളുത്തുള്ളി, മുതിര, കാട്ടുഴുന്ന്, കാട്ടുപയറ്, നെല്ലിക്ക, താന്നിക്ക, മത്തക്കുരു, ഏഴിലംപാലയരി, ഓരിലവേര്, മുളങ്കൂമ്പ്, തിപ്പലി, പുഷ്കരമൂലം ഇവ കൊളസ്ട്രോള്‍ നിയന്ത്രണത്തിനുപയോഗിക്കുന്ന ഒൗഷധികളില്‍ ചിലതാണ്. വിരേചനം, വസ്തി, ശിരോധാര, ഉദ്വര്‍ത്തനം, സ്വേദനം ഇവയും ചില ഘട്ടങ്ങളില്‍ നല്‍കാറുണ്ട്.
ഭക്ഷണക്രമീകരണം
‘ട്രാന്‍സ്ഫാറ്റുകള്‍’ എന്നറിയപ്പെടുന്ന ഭക്ഷണത്തിലൂടെ ഉള്ളിലത്തെുന്ന അപകടകാരികളായ കൊഴുപ്പുകള്‍ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുന്ന പ്രധാന ഘടകമാണ്. പേസ്ട്രി, കേക്ക്, പഫ്, ചിച്സ്, ഐസിങ്, റെഡി ടു ഈറ്റ് വിഭവങ്ങള്‍ തുടങ്ങിയവയില്‍ സമൃദ്ധമായി ട്രാന്‍സ്ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ചുവന്ന മാംസം, മുട്ടയുടെ മഞ്ഞക്കരു, കൊഴുപ്പടങ്ങിയ പാലും പാലുല്‍പന്നങ്ങളും ഞണ്ട്, കൊഞ്ച്, വനസ്പതി ഇവയും ഗുണകരമല്ല, വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന എണ്ണകളും അത്യന്തം അപകടകാരികളാണ്. എണ്ണകള്‍ മിതമായി ഉപയോഗിക്കാം.
പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പരിപ്പ്, പയര്‍വര്‍ഗങ്ങള്‍, കൊഴുപ്പ് നീക്കിയ പാല്‍, ഇവ ഉള്‍പ്പെട്ട നാടന്‍ ഭക്ഷണമാണ് കൊളസ്ട്രോള്‍ കുറക്കാന്‍ അനുയോജ്യം, തവിടോട് കൂടിയ അരി, ഓട്സ്, ഗോതമ്പ്, റാഗി, കടല, ഉലുവ, ചെറുപയര്‍, വന്‍പയര്‍ ഇവ കൊളസ്ട്രോള്‍ കുറക്കും.
വെളുത്തുള്ളി, മത്തങ്ങ, ബീറ്റ്റൂട്ട്, തക്കാളി, വഴുതനങ്ങ, മുരിങ്ങക്ക, വാഴക്കൂമ്പ, വാഴപ്പിണ്ടി, മധുരക്കിഴങ്ങ്, മുരിങ്ങയില, ചീര ഇവയിലിടങ്ങിയിരിക്കുന്ന നാരുകളും ആന്‍റി ഓക്സിഡന്‍റുകളും കൊളസ്ട്രോള്‍ ആഗിരണത്തെ തടയുന്നതിനാല്‍ ഭക്ഷണത്തില്‍ പെടുത്തേണ്ടതാണ്. നെല്ലിക്ക, പപ്പായ, പേരക്ക, സപ്പോട്ട ഇവയും ഗുണകരമാണ്. നല്ല കൊളസ്ട്രോളിന്‍െറ അളവിനെ കൂട്ടുമെന്നതിനാല്‍ അയല, മത്തി, ചൂര, കിളിമീന്‍ ഇവയും ഭക്ഷണത്തില്‍പെടുത്താം.
വ്യായാമം അനിവാര്യം
ആകെ കൊളസ്ട്രോളിന്‍െറ അളവിനെ കുറക്കാനും നല്ല കൊളസ്ട്രോളിന്‍െറ അളവിനെ കൂട്ടാനും വ്യായാമത്തിനാകും. രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിയുന്നതിനെ വ്യായാമം തടയുന്നതിനാല്‍ ധമനിപ്രതിചവും തടയാനാകും. പ്രായം, ശരീരബലം ഇവക്കനുസരിച്ച് നടത്തം, ജോഗിങ്, യോഗ, ഇരുന്നുള്ള വ്യായാമങ്ങള്‍ ഇവയില്‍ ഉചിതമായത് തെരഞ്ഞെടുക്കാം. കൊളസ്ട്രോള്‍ വര്‍ധനക്കിടയാക്കുന്ന ഘടകങ്ങളിലൊന്നായ മനസംഘര്‍ഷത്തെ കുറക്കാനും വ്യായാമത്തിന് കഴിക്കാറുണ്ട്.
കുട്ടികളെ ബാല്യത്തില്‍തന്നെ വ്യായാമവും കൊഴുപ്പ് കുറഞ്ഞ ഭക്ഷണരീതികളും ശീലിപ്പിക്കുന്നത് ഭാവിയില്‍ കൊളസ്ട്രോള്‍ വര്‍ധിക്കാതിരിക്കാന്‍ സഹായകമാകാറുണ്ട്.
drpriyamannar@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story