Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Otherschevron_rightഇതര സംസ്​ഥാന...

ഇതര സംസ്​ഥാന തൊഴിലാളികൾ ഉയർത്തുന്ന ആരോഗ്യ പ്രശ്നങ്ങൾ

text_fields
bookmark_border
ഇതര സംസ്​ഥാന തൊഴിലാളികൾ ഉയർത്തുന്ന ആരോഗ്യ പ്രശ്നങ്ങൾ
cancel

കഴിഞ്ഞ കുറെ വർഷങ്ങളായി പശ്ചിമബംഗാൾ, ഒഡിഷ, ബിഹാർ, തമിഴ്നാട് തുടങ്ങിയ ഇതര സംസ്​ഥാനങ്ങളിൽനിന്ന് തൊഴിൽ തേടി കേരളത്തിൽ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണല്ലോ. തെല്ല് ഉത്കണ്ഠയോടും ആശങ്കയോടുമാണ് മലയാളി സമൂഹം ഇതിനെ നോക്കിക്കാണുന്നത്. കേരളീയ സമൂഹത്തിൽ ഇതര സംസ്​ഥാന തൊഴിലാളികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ഗൗരവമായി ചിന്തിക്കേണ്ട സമയം വൈകിയിരിക്കുന്നു. പ്രത്യേകിച്ച് ആരോഗ്യമേഖലയിൽ. കേരളത്തിൽ സ്​ഥിരസാന്നിധ്യമല്ലാതിരുന്ന മലേറിയ പോലുള്ള പല പകർച്ചവ്യാധി രോഗങ്ങളും അടുത്ത കാലത്തായി ഇവിടെ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയതിനെ ഈ പശ്ചാത്തലത്തിൽ വേണം നോക്കി കാണുവാൻ. ഇങ്ങനെ കണ്ടുപിടിക്കപ്പെടുന്ന രോഗങ്ങളേറെയും ബാധിച്ചിരിക്കുന്നത് ഇതരസംസ്​ഥാന തൊഴിലാളികളെയോ മറ്റു സംസ്​ഥാനങ്ങളിൽ പോയി വരുന്നവരെയോ ആണ് എന്നത് യാദൃച്ഛികമല്ല. മന്തുരോഗരഹിത ജില്ലയെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന പത്തനംതിട്ടയിൽ കഴിഞ്ഞ വർഷം സ്​ഥിരീകരിക്കപ്പെട്ട ഒമ്പതോളം രോഗബാധിതർ എല്ലാവരുംതന്നെ ഇതര സംസ്​ഥാന തൊഴിലാളികളായിരുന്നു. ജില്ലയിൽ ഇതര സംസ്​ഥാന തൊഴിലാളികൾക്കിടയിൽ എച്ച്.ഐ.വി ബാധിതരെയും കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ രോഗനിർണയവും ചികിത്സയും നടത്തിയില്ലെങ്കിൽ മരണകാരണമായേക്കാവുന്നതും ഇന്ത്യയുടെ കിഴക്കൻ സംസ്​ഥാനങ്ങളിലും വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിലും മാത്രം കണ്ടുവന്നിരുന്നതുമായ കരിമ്പനി അഥവാ കാലം അസർ പോലും കേരളത്തിൽ തൃശൂർ ജില്ലയിൽനിന്ന് റിപ്പോർട്ടു ചെയ്യപ്പെട്ടു. മെച്ചപ്പെട്ട വേതനം സ്വപ്നം കണ്ട് ഇവിടെ എത്തിക്കൊണ്ടിരിക്കുന്ന ഇതരസംസ്​ഥാന തൊഴിലാളികൾ ഭൂരിപക്ഷത്തിനും തൊഴിൽസ്​ഥലങ്ങളിലും താമസസ്​ഥലങ്ങളിലും അനുഭവിക്കേണ്ടി വരുന്ന യാതനകളും ബുദ്ധിമുട്ടുകളും ഏറെയാണ്. ഭൗതിക സാഹചര്യങ്ങൾ പരിമിതമായ തികച്ചും അനാരോഗ്യകരമായ ചുറ്റുപാടുകളിലാണ് അവർക്ക് ജീവിക്കേണ്ടി വരുന്നത്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കാത്ത മുറികളിൽ തിങ്ങിഞെരുങ്ങി കഴിയേണ്ടി വരുന്നവരിൽ ആർക്കെങ്കിലും പകർച്ചവ്യാധികളുണ്ടായാൽ അവരിൽനിന്ന് സഹപ്രവർത്തകരോ, സ്​ഥലവാസികളോ ആയ തദ്ദേശവാസികളിലേക്കും പകരാനിടയുള്ള സാഹചര്യമാണ് നിലവിലുള്ളത്. ഭാരതത്തിലെവിടെയും ജോലി ചെയ്യുന്നതിനും താമസിക്കുന്നതിനുമുള്ള ഭരണഘടനാപരമായ അധികാരവും അനുമതിയുമുള്ളപ്പോൾ അവിടെ താമസിക്കുന്നതിൽനിന്നോ ജോലി ചെയ്യുന്നതിൽനിന്നോ വിലക്കാനാവില്ല എന്ന വസ്​തുത മുന്നിൽകണ്ടുകൊണ്ട് വേണം ഇതരസംസ്​ഥാന തൊഴിലാളികൾ ഉയർത്തുന്ന സാമൂഹികവും സാംസ്​കാരികവും ക്രമസമാധാനപരവും ആരോഗ്യപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ. ഒരു ഇന്ത്യൻ പൗരന് ഭാരതത്തിലെവിടെയും താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും ഭരണഘടനാനുസൃതമായ അവകാശം നിലനിൽക്കുന്നിടത്തോളം പെർമിറ്റ് കാർഡ് നൽകുക എന്നത് സാങ്കേതികവും നിയമപരവുമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ പ്രസ്​തുത പ്രശ്നങ്ങളെ ഒഴിവാക്കിക്കൊണ്ട് സേഫ് മൈഗ്രൻറ് റെസിഡൻറ് ലേബർ ആൻഡ് ഹെൽത്ത് രജിസ്​ട്രേഷൻ കാർഡ്/സർട്ടിഫിക്കറ്റ് നൽകി കേരളത്തിലെവിടെയും ജീവിക്കാനും ജോലി ചെയ്യാനുമുള്ള സാഹചര്യം ഒരുക്കുക എന്നതാണ് നമ്മെ സംബന്ധിച്ചിടത്തോളം ഇപ്പോൾ സാധ്യമായ മാർഗം. അത്തരമൊരു രജിസ്​ട്രേഷൻ കാർഡ് നൽകുന്നതിനുള്ള അധികാരം ഗ്രാമപഞ്ചായത്ത്,നഗരസഭ, കോർപറേഷൻ എന്നീ തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളിൽ നിക്ഷിപ്തമാക്കുകയും അവർക്ക് കേരളത്തിൽ സ്വതന്ത്രമായി താമസിക്കുവാനും ജോലി ചെയ്യാനുമുള്ള നിയമാനുസൃതമായ അനുമതി ലഭിക്കുന്നതിനുതകുന്ന നയം സംസ്​ഥാനതലത്തിൽ രൂപവത്കരിച്ച് നടപ്പാക്കുകയും ചെയ്താൽ ഇതരസംസ്​ഥാന തൊഴിലാളികൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് ക്രിയാത്മകമായ പരിഹാരം ഉണ്ടാക്കാനാവും. സംസ്​ഥാനതലത്തിൽ നയരൂപവത്കരണം നടപ്പാക്കപ്പെടുന്നതുവരെ ജില്ലാ–കോർപറേഷൻ–നഗരസഭ–ഗ്രാമപഞ്ചായത്ത് തലങ്ങളിൽ ഇത് നടപ്പാക്കാവുന്നതാണ്. എന്നാൽ, ഈ കാർഡുകൾ നൽകുന്നതിനു മുമ്പായി ചില നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. അതിന് ക്രമസമാധാന–തൊഴിൽ–ആരോഗ്യ വകുപ്പുകളുടെ പങ്കാളിത്തം അനിവാര്യവുമാണ്. വ്യക്തിയുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ–മെയിൽ വിലാസം, പരിചയപ്പെടുന്ന/സ്​ഥാപനത്തിെൻറ സ്​ഥാപന ഉടമയുടെ പേര്, വിലാസം, കോൺടാക്ട് നമ്പർ തുടങ്ങിയ വിവരങ്ങളും അപേക്ഷകൻ സ്വന്തം നാട്ടിലോ, മറ്റേതെങ്കിലും സ്​ഥലങ്ങളിലോ പൊലീസ്​ കേസുകളിൽ പെട്ടിട്ടുണ്ടോ, ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ, ഗുരുതരമായ പകർച്ചവ്യാധികളോ, പകർച്ചേതര വ്യാധികളോ ബാധിച്ചിട്ടുണ്ടോ, ചികിത്സിച്ചിട്ടുണ്ടോ, ഇപ്പോഴും ചികിത്സയിലാണോ, രോഗം ഭേദമായോ, മറ്റേതെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടോ, പ്രായം 18 വയസ്സിൽ താഴെയാണോ, അവർ ജോലി ചെയ്യാനുദ്ദേശിക്കുന്ന താമസസ്​ഥലത്തും ജോലിസ്​ഥലത്തും ആരോഗ്യപരമായ സാഹചര്യമാണോ നിലനിൽക്കുന്നത് തുടങ്ങിയ ചോദ്യാവലികൾ ഉൾപ്പെടുന്നതാവണം അപേക്ഷ ഫോറം. ഇവ നേരിട്ടോ, തൊഴിൽ നൽകുന്ന വ്യക്തിയുടെയോ, സ്​ഥാപനത്തിെൻറയോ ഏജൻസിയുടെയോ ശിപാർശയോടു കൂടിയോ പൂരിപ്പിച്ചു തദ്ദേശ സ്വയംഭരണ സ്​ഥാപന മേലധികാരികൾക്ക് നൽകുക എന്നതാണ് സ്വീകരിക്കാവുന്ന ആദ്യ നടപടി. തദ്ദേശ സ്വയംഭരണ സ്​ഥാപന മേലധികാരികൾ പ്രസ്​തുത അപേക്ഷയുടെ പകർപ്പുകൾ ക്രമസമാധാന–തൊഴിൽ –ആരോഗ്യവകുപ്പുകളുടെ പ്രാദേശിക മേലധികാരികൾക്ക് അയച്ചുകൊടുക്കുകയും അവരിൽനിന്ന് ക്രമസമാധാന തൊഴിൽ–ആരോഗ്യ സംബന്ധമായ അന്വേഷണ റിപ്പോർട്ടുകൾ വാങ്ങുക എന്നതുമാണ് സ്വീകരിക്കാവുന്ന അടുത്ത നടപടിക്രമം. ഓരോ ഇതര സംസ്​ഥാന തൊഴിലാളികളുടെയും കുറ്റകൃത്യ പശ്ചാത്തലം, ആരോഗ്യാവസ്​ഥ, അനുവദനീയമായ പ്രായപരിധിയിൽപ്പെട്ടതാണോ എന്ന വസ്​തുത, അവർക്കു ലഭിക്കുന്ന ജോലി അവരുടെ ജീവനും ആരോഗ്യത്തിനും ഹാനികരമായി മാറാനിടയുളളതാണോ തുടങ്ങിയ വളരെ വിലപ്പെട്ട വിവരങ്ങൾ ലഭിക്കുമെന്നതാണ് വിവിധ വകുപ്പുതല അന്വേഷണങ്ങൾകൊണ്ടുള്ള നേട്ടം. തദ്ദേശ സ്വയംഭരണ സ്​ഥാപന മേലധികാരി അധ്യക്ഷനായുള്ള സമിതി ഈ റിപ്പോർട്ടുകൾ വിലയിരുത്തുകയും അതിെൻറ അടിസ്​ഥാനത്തിൽ അനുയോജ്യമെന്ന് ബോധ്യപ്പെട്ടാൽ സേഫ് മൈഗ്രൻറ് രജിസ്​ട്രേഷൻ കാർഡ് നൽകാവുന്നതുമാണ്. ജോലി ചെയ്യുന്നത് എവിടെ ആയിരുന്നാലും ആറുമാസത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്തി ഹെൽത്ത് സർട്ടിഫിക്കറ്റ് പുതുക്കേണ്ടതാണ്. ഒരിക്കൽ നൽകപ്പെടുന്ന രജിസ്​ട്രേഷൻ കാർഡ്/സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കേരളത്തിലെവിടെയും (ജില്ലാ, കോർപറേഷൻ–നഗരസഭ –ഗ്രാമപഞ്ചായത്ത് ഭരണപരിധിക്കുള്ളിൽ എവിടെയും) താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും തടസ്സമില്ലെങ്കിലും തുടർന്നുള്ള അവരുടെ ജീവിതരീതികൾ, ബന്ധങ്ങൾ, നീക്കങ്ങൾ നിരീക്ഷണ വിധേയമാക്കുന്നതിന് ട്രാക്കിങ് സിസ്​റ്റം കൂടി രൂപപ്പെടുത്തിയെടുക്കുന്നത് അവർ ചെന്നുപെടാനിടയുള്ള ഭീഷണികളിൽനിന്നും കെണികളിൽനിന്നും അവരെയും നാടിനെയും സംരക്ഷിക്കുന്നതിനും ഏറെ സഹായകരമായിരിക്കും. ഈ ട്രാക്കിങ് സിസ്​റ്റത്തിെൻറ കണ്ണികളും അറിവു നൽകുന്നവരുമായി, ഇതരസംസ്​ഥാനവാസികളെ, ഇവിടേക്കെത്തിക്കുന്ന വ്യക്തികളെയോ ഏജൻസികളെയോ തൊഴിലിടങ്ങളിലെ സൂപർവൈസർമാരെയോ അതാതുപ്രദേശങ്ങളിലെ ആരോഗ്യപ്രവർത്തകരെയോ ജനപ്രതിനിധികളെയോ അവരിൽ മതിയായ സ്വാധീനം ചെലുത്താൻ കഴിയുന്ന മറ്റു വ്യക്തികളെയോ, സംഘടനകളെയോ പ്രയോജനപ്പെടുത്താവുന്നതാണ്. പ്രസ്​തുത ട്രാക്കിങ് സിസ്​റ്റത്തെ സംസ്​ഥാനാന്തര നെറ്റ്വർക്കിങ് സംവിധാനത്തിെൻറ ഇങ്ങേ കണ്ണിയായി നിലനിർത്തേണ്ടതാണ്. അനുദിനം വന്നെത്തിക്കൊണ്ടിരിക്കുന്ന ഇതരസംസ്​ഥാന തൊഴിലാളികൾ നമ്മുടെ സംസ്​ഥാനത്തിെൻറ ഭൗതിക വളർച്ചയുടെയും കേരളീയ ജീവിതത്തിെൻറ തന്നെയും ഒഴിച്ചുകൂടാനാവാത്ത ഭാഗമായി തീർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അവരുടെ അമിത സാന്നിധ്യത്തെ നമ്മുടെ നാടിെൻറ വികസനത്തിെൻറ അവിഭാജ്യഘടകമാക്കി മാറ്റിയെടുക്കുന്നതിനൊപ്പം തന്നെ നമ്മുടെ നാടിന് വിനയായി മാറാതെ സൂക്ഷിക്കേണ്ടതും ഓരോ കേരളീയെൻറയും ഭരണനേതൃത്വത്തിെൻറയും ഉത്തരവാദിത്തമാണ്. ഇവിടെ താമസിച്ച് ജോലി ചെയ്യുന്നവരിൽ നല്ലൊരു ഭാഗം (തദ്ദേശീയരെ) വിവാഹം ചെയ്ത് ഇവിടെത്തന്നെ കുടുംബമായി ജീവിക്കുന്ന പ്രവണതയും കൂടിക്കൂടിവരുന്നുണ്ട്. ഇത് കേരളത്തിെൻറ സാംസ്​കാരിക പൈതൃകത്തിൽ ഉണ്ടാക്കാനിടയുള്ള മാറ്റങ്ങൾ കാത്തിരുന്നു കാണേണ്ടതാണ്. അടുത്തകാലത്ത് നാടിനെ നടുക്കിയ പല കൊലപാതകങ്ങൾക്കും കവർച്ചാശ്രമങ്ങൾക്കും ആക്രമണങ്ങൾക്കും പിന്നിൽ ഇതരസംസ്​ഥാന തൊഴിലാളികളായിരുന്നു എന്ന ഭീതിതമായ സാഹചര്യത്തെ വളരെ ശ്രദ്ധയോടെയും ജാഗ്രതയോടെയും ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്.

തയാറാക്കിയത്‌: ഡോ. ഷിബു ജയരാജ്, മെഡിക്കൽ ഓഫിസർ, കമ്യൂണിറ്റി ഹെൽത്ത് സെൻറർ, ഇലന്തൂർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health problems
Next Story