വയറുവേദനയുമായി ആശുപത്രിയിലേക്ക് പോയ കെവിൻ മടങ്ങിയത് കൈകാലുകൾ ഇല്ലാതെ
text_fieldsമൂന്ന് കുട്ടികളുടെ അച്ഛനായ കെവിൻ ബ്രീൻ ക്രിസ്മസ് ദിനത്തിൽ വയറു വേദനയാണെന്നു പറഞ്ഞ് തളർന്നുകിടപ്പോൾ ഭാര്യ ജൂലി ബ്രീൻ കരുതിയത് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള തന്ത്രമാണെന്നായിരുന്നു. എന്നാൽ, 44 കാരനായ കെവിൻ ബ്രീനിന് പെെട്ടന്ന് തന്നെ പനി പിടിക്കുകയും അതി ശക്തമായ വയറുവേദന മൂലം തീരെ അവശനാവുകയും ചെയ്തു.
വയറുവേദനക്ക് ചികിത്സ തേടിയ കെവിന് ജീവൻ നിലനിർത്താൻ കൈകാലുകൾ മുറിച്ചു മാറ്റേണ്ടി വന്ന വേദനാജനകമായ അനുഭവമാണ് പങ്കുവെക്കാനുള്ളത്. സ്ട്രെപ് ത്രോട്ട് എന്നുകരുതി ചികിത്സ തുടങ്ങിയിട്ടും ശമനമില്ലാതായതോടെയാണ് അപൂർവ രോഗത്തിന് ഇരയാണ് താനെന്ന് കെവിൻ അറിയുന്നത്. ജീവൻ നഷ്ടമാകാവുന്ന അവസ്ഥയിൽ നിന്നും ജീവിതം തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് കെവിനും ഭാര്യയും.
വയറു വേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ തൊണ്ടയിൽ പഴുപ്പാണെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. മരുന്ന് നൽകി വിട്ടയച്ചെങ്കിലും അസുഖം ശമിച്ചില്ല. വീണ്ടും ആശുപത്രിയിലേക്ക്. പിന്നീടാണ് ഇത് സാധാരണ തൊണ്ട രോഗമല്ലെന്നും അപൂർവമായി മാത്രം കണ്ടുവരുന്ന തൊണ്ട രോഗമാണെന്നും ഡോക്ടർമാർ വിധിയിയെഴുതിയത്. ഇൗ രോഗാണു കെവിൻ ബ്രീനിനെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണ് എന്നറിഞ്ഞ കെവിനും ജൂലിയും ആകെ തളർന്നുപോയി.
അതിവേഗം ശരീരത്തെ ആകമാനം ആക്രമിച്ച് കീഴടക്കുകയായിരുന്നു രോഗാണു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ പോലും സ്തംഭിപ്പിച്ചുകൊണ്ടാണ് കെവിെൻറ വയറ്റിൽ ഒന്നരലിറ്ററോളം ചലം പുറത്തെടുത്തത്. സാധാരണയായി തകരാറുളള അവയവങ്ങൾക്ക് ദ്വാരം വീണിട്ടുണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ വയറിനുള്ളിൽ ചലം കെട്ടിക്കിടക്കാറുള്ളൂ. പക്ഷേ, അവയവങ്ങൾക്കൊന്നും കേട് സംഭവിച്ചതായി കണ്ടെത്താനായതുമില്ല. ഇത്രമാത്രം ചലം എവിടെ നിന്നു വന്നുവെന്നതിന് ഡോക്ടർമാരുടെ പക്കലും മറുപടിയില്ലായിരുന്നു.
ചലം സൂക്ഷ്മ പരിശോധനക്ക് അയച്ച സമയത്തു തന്നെ കെവിെൻറ തൊണ്ടയിൽ ചുവന്നതടിപ്പും ഡോക്ടർമാരുടെ ശ്രദ്ധയിൽപെട്ടു. മൈക്രോബയോജളി പരിശോധനയിൽ നിന്ന് കെവിന് ബാധിച്ചിരിക്കുന്നത് തൊണ്ടരോഗം തന്നെയാണെന്ന് കണ്ടെത്തി. രോഗാണു തൊണ്ടയിൽ നിന്ന് വയറ്റിലേക്ക് സഞ്ചരിക്കുകയും അവിടെ പഴുപ്പ് വന്ന് ചലം നിറയുകയുമായിരുന്നെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. പക്ഷെ രോഗം ചികിത്സിച്ചു ഭേദമാക്കാൻ എന്തു ചെയ്യണമെന്ന് ഡോക്ടർമാർക്കും അറിയില്ലായിരുന്നു. ശസ്ത്രക്രിയ നടത്തിയ എലിസബത്ത് സ്റ്റീൻസ്മയും എന്തു ചെയ്യണമെന്നറിയാതെ കൈമലർത്തി.
തൊണ്ടയിലെ രോഗാണു വയറ്റിലേക്ക് സഞ്ചരിച്ച 32 കേസുകൾ ഇതിന് മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അവയെല്ലാം സ്ത്രീകളിലായിരുന്നു. തൊണ്ടയിലെ പഴുപ്പ് വയറ്റിലെത്തുന്ന കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ പുരുഷനാണ് കെവിൻ ബ്രീൻ.
പിന്നെയും രോഗം മൂർച്ഛിച്ച് കെവിൻ മരണാസന്നനായി. അവയവങ്ങൾ ഒന്നൊന്നായി പ്രവർത്തന രഹിതമായി. രക്തം കട്ടപിടിച്ചു. രക്തസമ്മർദ്ദം വളരെ കുറഞ്ഞു. ഡയാലിസിസ് ചെയ്തുകൊണ്ട് തന്നെ വെൻറിലേറ്ററിൽ കഴിയേണ്ട അവസ്ഥയിലായി. ജീവൻ നിലനിർത്തുന്നത് മരുന്നുകൾ കൊണ്ട് മാത്രമായി. കോശങ്ങൾ നശിച്ച് കൈകാലുകൾ ചലിപ്പിക്കാനാവത്ത അവസ്ഥയിലായി. കഴിഞ്ഞ ആഴ്ച അദ്ദേഹത്തിെൻറ രണ്ടുകാലുകളും ഇടതു കൈയും വലതു കൈയിലെ ചില വിരലുകളും ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി.
രക്ഷപ്പെടില്ലെന്ന് തന്നെ ഡോക്ടർമാരും ഉറപ്പിച്ച ഈ ഘട്ടത്തിലാണ് ഏവരെയും അത്ഭുതപ്പെടുത്തി കെവിൻ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പതുക്കെ പതുക്കെ അവയവങ്ങൾ പ്രവർത്തന നിരതമായി. വൃക്കകൾ പ്രവർത്തിച്ചുതുടങ്ങി. ഡയാലിസിസ് നിർത്തി. ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ കെവിൻ. കെവിെൻറ തിരിച്ചുവരവ് അദ്ഭുതകരമെന്ന് ഡോക്ടർമാർ തന്നെ സമ്മതിക്കുന്നു.
എന്നെ തളർത്താൻ രോഗത്തെ ഒരിക്കലും സമ്മതിക്കില്ല. കൃത്രിമക്കാലുകൾ വെച്ച് നടക്കണം. വീണ്ടും വാട്ടർ സ്കീയിങ്ങ് ചെയ്യണം. കെവിൻ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.