ആശങ്കകളെ മറക്കാം... ജീവിതം ആസ്വദിക്കാം
text_fieldsപുതുവർഷത്തെ വരവേൽക്കുമ്പോൾ പുത്തൻ പ്രതീക്ഷകളും, പുതുവർഷ പ്രതിജ്ഞകളും സാധാരണയായി നാം ചെയ്ത് പോരുന്ന ചില രീതികളാണ്. എന്നാൽ യാഥാർത്ഥ്യബോധത്തോടെ അല്ലാതെയും, പ്രായോഗീകതയെ കുറിച്ച് അധികമൊന്നും ചിന്തിക്കാതെയും എടുക്കുന്ന പുതുവർഷ പ്രതിജ്ഞകൾ ജനുവരിയിലെ രണ്ടാമത്തെ ആഴ്ച ആകുമ്പോഴേക്കും നമുക്ക് അമിത ഭാരമായി അനുഭവപ്പെടുകയും, ചെയ്യാൻ സാധിക്കാതെ പോകുന്നതുകൊണ്ട് നിരാശപ്പെടുകയും ചെയ്യാറുണ്ട്. എല്ലാവർഷവും തുടർച്ചയായി ഒരേ പ്രതിജ്ഞയോ, തീരുമാനമോ ആവർത്തിച്ച് നടപ്പിലാക്കാൻ ശ്രമിച്ച് പുതുമ നഷ്ടപ്പെടുത്തി വിരസത ഉണ്ടാകുന്നവരും കുറവല്ല.
കാലാനുസൃതവും ക്രിയാത്മകവുമാകട്ടെ തീരുമാനങ്ങൾ
പെരുമാറ്റാസക്തികളെ കുറിച്ചുളള പഠനങ്ങളിൽ സൂചിപ്പിക്കുന്നത് ലോകത്ത് പകുതിയിലധികം ആളുകളും വിവിധ ശീലങ്ങളിൽ നിന്നും വിട്ടുനിൽക്കൽ പ്രതിജ്ഞയെടുക്കാറുണ്ട് എങ്കിലും, വെറും 8% ആളുകൾക്ക് മാത്രമാണ് വിജയകരമായി ഇത് തുടരാൻ സാധിച്ചിരിക്കുന്നത് എന്നാണ്. യാഥാർഥ്യം ഉൾക്കൊളളാതെ തീരുമാനമെടുക്കുന്നതും, തെറ്റായ പ്രത്യാശ ശൈലിയും (FALSE HOPE SYNDROME) ഒക്കെ ഇതിന് കാരണമാണ്.
കോവിഡ് കാലമെന്ന അനിശ്ചിതത്വത്തിലൂടെ കടന്ന് പോകുമ്പോൾ ശീലങ്ങളിലും മനോഭാവങ്ങളിലും സ്വഭാവത്തിലും, പ്രവർത്തികളിലുമെല്ലാം നാമറിയാതെ തന്നെ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട് . പുതിയ ആശയങ്ങൾ-പ്രതിജ്ഞകൾ എന്നിവ നിലനിർത്തി പോകുവാൻ ഇത്തരം മാറ്റങ്ങളെക്കുറിച്ചുളള ഒരു ബോധ്യം നമുക്ക് ആവശ്യമാണ്.
കാലാനുസൃതമായും, ക്രിയാത്മകമായും പുതുവർഷത്തിൽ തീരുമാനങ്ങൾ എടുക്കുകയും, അവ നടപ്പിലാക്കുവാൻ നൂതന ആശയങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നത് വ്യക്തിയുടെ ശാരീരികവും, മാനസീകവുമായ സന്തുലനത്തിനും ഉല്ലാസത്തിനും ഉപകരിക്കും. അത്തരത്തിൽ ആവിഷ്കരിക്കേണ്ട ചില ആശയങ്ങൾ പങ്കുവെക്കുകയാണ് ഇവിടെ
മനോഭാവമല്ലേ ആദ്യം മാറേണ്ടത് !!
രണ്ട് ദിവസം നോക്കി, നടന്നില്ല; ശരിയാകുന്നില്ല; എന്നെ കൊണ്ട് സാധിക്കില്ല; എന്നീ ചിന്തകൾ മാറ്റിവെക്കാം. ‘ജനുവരി മുതൽ മാറ്റണം’ എന്ന ചിന്ത മാറ്റിയിട്ട് “ഇപ്പോൾ മുതൽ ഞാൻ ഇങ്ങനെയാണ് ചെയ്യുവാൻ ഉദ്ദേശിക്കുന്നത്, ഇടക്ക് വീഴ്ച വന്നേക്കാം എങ്കിലും ഞാൻ ഇത് തുടരും” എന്നങ്ങ് ചിന്തിക്കുന്നതല്ലേ നല്ലത്.
ചെറിയ കാര്യങ്ങളിൽ നിന്നും തുടങ്ങാം
നടപ്പിലാക്കാവുന്ന ചെറിയ തീരുമാനങ്ങളിൽ തുടങ്ങുക ( ഉദാ . ദിവസവും ഒരു മണിക്കൂർ വീതം )
ഒരു നേരം ഒരു സ്വഭാവം / ശീലം മാറ്റാം
നീണ്ട ലിസ്റ്റ് തയ്യാറാക്കി നിരാശരാകുന്നതിനേക്കാൾ ഒന്നോ രണ്ടോ കാര്യങ്ങൾ മുൻഗണനാക്രമത്തിൽ കൃത്യമായ സമയ പരിധി നിശ്ചയിച്ച് നടപ്പിലാക്കാം
തുറന്ന് സംസാരിക്കുക
തീരുമാനങ്ങളെ കുറിച്ച് മൂടിവെക്കാതെ മറ്റുളളവരുമായി തുറന്ന് സംസാരിക്കുക. തീരുമാനങ്ങളിൽ തുടരുന്നതിലുളള പ്രായോഗീക ബുദ്ധിമുട്ടും ചർച്ച ചെയ്യുക. ഇത് നമുക്ക് തന്നെ ഓരോ ഓർമ്മപ്പെടുത്തലും ഒപ്പം പുതിയ ആശയങ്ങൾ ലഭിക്കാനുളള മാർഗ്ഗവുമാണ്
പരിപൂർണ്ണത ആഗ്രഹിക്കാതിരിക്കുക
വിചാരിക്കുന്നതുപോലെ നടന്നില്ലെങ്കിൽ പിന്നെ വേണ്ടെന്ന് വെക്കുന്ന പ്രവണത ഒഴിവാക്കി നിരന്തരം പരിശ്രമിക്കുക. PERFECTION വേണ്ട... GOOD ENOGH മതിയെന്നേ...
മാറ്റങ്ങൾക്ക് ‘ SMART ’ പ്ലാൻ തയ്യാറാക്കാം
- വ്യക്തതയുളള (S -SPECIFIC )
- നിയന്ത്രിതമായ (M – MEASURABLE )
- സാധ്യമായ ( A – ACHIEVABLE )
- പ്രായോഗികമായ ( R - REALISTIC)
- സമയബന്ധിതമായ (T – TIME BASED) പ്ലാൻ തയ്യാറാക്കുക
പഴയ തീരുമാനങ്ങൾ വിലയിരുത്താം
കഴിഞ്ഞ വർഷത്തെ തീരുമാനങ്ങളിലെ ജയ-പരാജയങ്ങൾ വിലയിരുത്തുവാൻ മറക്കരുതേ
സ്വയം പ്രോത്സാഹനം വേണം
കഴിഞ്ഞ ഒരു വർഷം കൊണ്ട് സ്വയം വരുത്തിയ മാറ്റങ്ങളിൽ അഭിമാനിക്കുവാൻ മറക്കരുത്
ഇച്ഛാശക്തിയിൽ അഭിമാനിക്കൂ... വൈകാരിക നിയന്ത്രണം ശീലിക്കൂ
ഇച്ഛാശക്തിയും ദൃഢ നിശ്ചയവും കൊണ്ട് സാധ്യമായ കാര്യങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട്. അത്തരം സാഹചര്യങ്ങൾ കണ്ടുപിടിച്ച് അതിൽ അഭിമാനിക്കാം, അവ തുടരാൻ പരിശ്രമിക്കുകയും ചെയ്യുക. വൈകാരിക നിയന്ത്രണം സാധിക്കുന്നിടത്തോളം ശീലമാക്കുക, അതിനായി മാനസീകാരോഗ്യ സഹായം വേണമെന്ന് തോന്നുന്നുവെങ്കിൽ അവ തേടാനും മടിക്കേണ്ട
പ്രാർഥനയിൽ സമർപ്പണം
എല്ലാ ദിവസവും പുതുവർഷ പ്രതിജ്ഞ പ്രാർത്ഥനാ വിഷയമാക്കി മുമ്പോട്ട് പോകുന്നത് ഒരു നല്ല ഓർമ്മപ്പെടുത്തലാണ്
എൻ്റെ മനസ്സ് എൻ്റെ തീരുമാനം
ഇത്തവണത്തെ തീരുമാനങ്ങളിൽ “എൻ്റെ മനസ്സ് എൻ്റെ തീരുമാനം” എന്ന് ഒരു പ്രതിജ്ഞയെടുത്ത് മാനസീകോല്ലാസത്തിന് മുൻഗണന കൊടുക്കാൻ മറക്കാതിരിക്കാം
വ്യക്തതയോടെ ചെയ്യാം
ഓരോ പ്രവർത്തികളും വ്യക്തതയോടെ ചെയ്യാൻ പരിശ്രമിക്കാം. സംസാരിക്കുന്നതും വ്യക്തതയോടെ ആകട്ടെ. അനാവശ്യ കാര്യങ്ങളിൽ നിന്ന് ശ്രദ്ധമാറ്റുമെന്നും തീരുമാനിക്കാം ( STAY FOCUSED )
കൃതജ്ഞത ശീലമാകട്ടെ
നമ്മെ നിലനിർത്തുന്ന എല്ലാത്തിനോടും കൃതജ്ഞത അർപ്പിച്ച് ഓരോ ദിവസവും മുൻപോട്ട് പോകുവാനുളള തീരുമാനം , നമ്മെ കൂടുതൽ എളിമയുള്ളവരാക്കും
അഭിപ്രായം ആലോചിച്ച് മാത്രം
ഒന്നിനേയും വിമർശിക്കില്ല, തീർപ്പ് കൽപ്പിക്കില്ല പകരം മറ്റിതരവശങ്ങൾ കൂടി ആലോചിച്ച് മാത്രം കാര്യങ്ങൾ മനസ്സിലാക്കും എന്ന് ചിന്തിച്ചാൽ വ്യക്തി ബന്ധങ്ങളിൽ വരുന്ന പ്രശ്നങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാം
മിനിമലിസം ജീവിത ശൈലിയാക്കൂ മന:സമാധാനം ഉണ്ടാകും
നിസ്സാരമായി ജീവിക്കുവാൻ, ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുവാനും, സംതൃപ്തിയോടെ ഇരിക്കുവാനും നമുക്ക് സാധിക്കട്ടെ
ദിവസവും ഒരു നല്ല കാര്യം ചെയ്യാം
ദിവസവും ഒരു നല്ല കാര്യം ചെയ്യുമെന്ന് തീരുമാനമെടുക്കുക. സാധിക്കുമെങ്കിൽ അത് കുടുംബവുമായി ചേർന്ന് തീരുമാനിക്കുക. അതേ കുറിച്ച് വീട്ടിൽ ചർച്ച ചെയ്യുക
വ്യായാമം മറക്കല്ലേ
ജീവിതശൈലീ രോഗങ്ങളുടെ എണ്ണം ദിനം പ്രതി കൂടുന്നതിനാൽ നമ്മളെ കൊണ്ട് ആകുന്ന പോലെ വ്യായാമം ശീലമാക്കണേ...
സമയം ക്രിയാത്മകമായി ഉപയോഗിക്കാം
വിനോദങ്ങൾക്കും, വിജ്ഞാനത്തിനുമായി, കുടുംബത്തിനും സമൂഹത്തിനുമൊപ്പം സമയം ചെലവഴിക്കാൻ പഠിക്കുക.
E –TIME കുറയ്ക്കാം
ഇലക്ട്രോണിക് ഉപകരണങ്ങളുമായുളള സമയം (E–TIME) വില്ലനാകാതെ സൂക്ഷിക്കുവാൻ ശ്രമിക്കണം
ജീവിതം ആസ്വദിക്കാം
നിലവിലുളള സാഹചര്യത്തിൽ സാധിക്കുന്നിടത്തോളം ആസ്വദിച്ചും മുഴുകിയും ഇടപെടാൻ ശ്രമിക്കുക. പഴയ പ്രശ്നങ്ങളോ, വരുവാനിരിക്കുന്നതോ ആശങ്കപ്പെടുത്തുമ്പോൾ , നിലവിലെ അവസ്ഥയിലേക്ക് തിരികെപ്പോരുവാൻ പഠിക്കണം. ഒരു വർഷത്തെ കർമ്മ പദ്ധതിയിൽ ഇവയൊക്കെ സാധ്യമാകട്ടെ..
(തയ്യാറാക്കിയത് : ദിവ്യ കെ തോമസ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ആലുവ രാജഗിരി ഹോസ്പിറ്റൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.