ആരോഗ്യ പരിരക്ഷ ആർത്തവ വിരാമത്തിനുശേഷം
text_fieldsഋതുമതിയായ ഏതൊരു സ്ത്രീയും ജീവിതത്തിൻെറ ഒരു ഘട്ടത്തിൽ നേരിടേണ്ടിവരുന്ന തീർത്തും സ്വാഭാവികമായ ഒരു അവസ്ഥയാണ് ആർത്തവ വിരാമം, അഥവാ 'മെനോപോസ്'. ഗർഭാശയത്തിൻെറ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന അണ്ഡാശയങ്ങളിൽനിന്നും അണ്ഡ ഉൽപാദനം നിലക്കുകയും ഒപ്പം സ്ത്രൈണ ഹോർമോണുകളായ ഈസ്ട്രോളിൻെറയും പ്രൊജസ്റ്ററോണിൻെറയും ഉൽപാദനം ഗണ്യമായി കുറയുകയും ചെയ്യുേമ്പാഴാണ് ആർത്തവ വിരാമം സംഭവിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളിൽ ശരാശരി 51 വയസ്സിലാണ് ഇത് സംഭവിക്കുന്നതെങ്കിൽ ഇന്ത്യയിൽ ഇത് പൊതുവെ 45നും 50 നുമിടക്കാണ്. സമീപകാലത്ത് കുറെക്കൂടി നേരത്തേ ആർത്തവവിരാമം സംഭവിക്കുന്നതായി കാണുന്നു.
ആർത്തവവിരാമം സംഭവിക്കുന്നതിനു ചില വർഷങ്ങൾക്കു മുമ്പുതന്നെ ഹോർമോണിൻെറ ഉൽപാദനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിത്തുടങ്ങും. ഇത് പലവിധ ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾക്ക് വഴിതെളിക്കും.
ലക്ഷണങ്ങൾ
ക്രമരഹിതമായ ആർത്തവം, ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ്, ശരീരത്തിന് അമിതമായ ചൂട് തോന്നുക, അകാരണമായി വിയർക്കുക, ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസം അനുഭവപ്പെടുക, തലവേദന, നെഞ്ചിടിപ്പ് കൂടുക മുതലായ ലക്ഷണങ്ങളാണ് െപാതുവെ കാണപ്പെടുന്നത്.
ചിലർക്ക് ആർത്തവവിരാമത്തിന് ചില മാസങ്ങൾ മുേമ്പാ ചിലർക്ക് വർഷങ്ങൾക്കുമുേമ്പാ ഈ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടുതുടങ്ങാം. മറ്റു ചില രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാദൃശ്യമുള്ളതിനാൽ മറ്റു രോഗലക്ഷണങ്ങളല്ല എന്നുറപ്പിക്കേണ്ടതുണ്ട്.
ആർത്തവ വിരാമത്തെ തുടർന്നുള്ള പ്രശ്നങ്ങൾ
ആർത്തവ വിരാമം എന്നത് ശരീരത്തിെൻറ ഒരു സ്വാഭാവിക അവസ്ഥയാണെങ്കിലും സ്ത്രീഹോർമോണുകളുടെ ഉൽപാദനം കുറയുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴിതെളിക്കും. ഈസ്ട്രജൻ എന്നത് പ്രകൃതിയുടെ ഒരു വരദാനമാണ്. അത് സ്ത്രീകൾക്ക് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളിൽനിന്ന് പരിരക്ഷ നൽകുന്നു. എന്നാൽ, ഈസ്ട്രജൻെറ അളവ് കുറയുന്നതോടുകൂടി ഇത്തരം രോഗസാധ്യതകൾ വർധിക്കുന്നു. അതുകൊണ്ടുതന്നെ ഹൃദ്രോഗ സാധ്യത കൂട്ടുന്ന ഘടകങ്ങളായ രക്തസമ്മർദം, കൊഴുപ്പുകളുടെ ആധിക്യം, തൈറോയ്ഡ് രോഗങ്ങൾ മുതലായവ ആരംഭത്തിൽതന്നെ കണ്ടെത്തി ചികിത്സിക്കേണ്ടതുണ്ട്. അസ്ഥികളുടെ ബലക്ഷയമാണ് മറ്റൊരു പ്രധാന ആരോഗ്യപ്രശ്നം. ഈസ്ട്രജൻ കുറയുന്നതോടുകൂടി എല്ലുകളുടെ സാന്ദ്രത കുറയുന്ന 'ഓസ്റ്റിയോ പോറോസിസ്' എന്ന രോഗാവസ്ഥ തലപൊക്കുകയായി. അതിനാലാണ് ആർത്തവവിരാമത്തിനുശേഷം കാത്സ്യം, വിറ്റാമിൻ ഡി മുതലായവ കഴിക്കാൻ പറയുന്നത്.
ഈസ്ട്രജൻെറ കുറവ് യോനീഭാഗം നേർത്തതും വരണ്ടതുമാക്കി മാറ്റുന്നു. ഇത് ചൊറിച്ചിലിനും ലൈംഗിക വേളയിൽ വേദനയുണ്ടാക്കാനും ലൈംഗിക വിരക്തിക്കും കാരണമാകുന്നു. പുരട്ടുന്ന ചില മരുന്നുകളിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകും. ചുരുക്കം ചിലരിൽ ഉറക്കമില്ലായ്മ, ശരീരത്തിലെ ചൂട്, രാത്രികാലങ്ങളിലെ വിയർപ്പ് ഇതെല്ലാം വല്ലാത്ത ശാരീരിക മാനസിക ബുദ്ധിമുട്ടുകൾക്ക് വഴിതെളിയിക്കുന്നു. ജീവിതം തികച്ചും ദുസ്സഹമാകുന്നതിനാൽ കുറഞ്ഞ കാലത്തേക്ക് ചെറിയ അളവിൽ ഹോർമോൺ ചികിത്സ ഇവർക്ക് വേണ്ടിവന്നേക്കാം. വിഷാദം, ഉത്കണ്ഠ ഇവ അധികമായാൽ അതിനും ചിലപ്പോൾ ചികിത്സ വേണ്ടിവന്നേക്കാം.
ഗർഭാശയം, മൂത്രാശയം തുടങ്ങിയവയെ താങ്ങിനിർത്തുന്ന ലിഗ്മെൻറുകൾക്കും പേശികൾക്കും അയവു സംഭവിക്കുന്നതിനാൽ മൂത്രസംബന്ധമായ ചില ബുദ്ധിമുട്ടുകൾ (ഇടയ്ക്കിടക്ക് മൂത്രമൊഴിക്കുക, മൂത്രം പിടിച്ചുനിർത്താൻ കഴിയാതെ വരുക മുതലായവ) നേരിടാം. ചില മരുന്നുകൾകൊണ്ടും ചില വ്യായാമമുറകൾ ശീലിച്ചും ഇവ ഒരു പരിധിവരെ പരിഹരിക്കാം.
മുടികൊഴിച്ചിൽ, ചർമത്തിൻെറ തിളക്കവും ഭംഗിയും കുറയുക, സ്തനങ്ങളുടെ ദൃഢത കുറയുക എന്നിവയും ഹോർമോൺ വ്യതിയാനംമൂലം ഉണ്ടാവുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
•പോഷണം: ആർത്തവ വിരാമത്തിനുശേഷം നല്ല പോഷകാഹാരം നിർബന്ധമാണ്.
ധാരാളം പച്ചക്കറികളും പയറുവർഗങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തണം. കോളിഫ്ലവർ, സോയ, പഴവർഗങ്ങൾ, ചണവിത്ത്, അവകാഡോ തുടങ്ങിയവയിൽ ഈസ്ട്രജൻ പോലുള്ള ഹോർമോണുകളുണ്ട്. കൂടാതെ കാത്സ്യം കൂടുതലുള്ള ആഹാരസാധനങ്ങൾ ഉൾപ്പെടുത്തുന്നതും ദിവസവും കുറച്ചുനേരം വെയിൽകൊള്ളുന്നതും നല്ലതാണ്. കൊഴുപ്പ്, ഷുഗർ ഇവ കുറയ്ക്കുക. പാലും പാലുൽപന്നങ്ങളും ഉൾപ്പെടുത്തുക.
•വ്യായാമം: നിത്യവ്യായാമം ശീലമാക്കുക. ഹൃേദ്രാഗത്തിൽനിന്നും സംരക്ഷണം നേടുന്നതിനൊപ്പം എല്ലുകളുടെ ബലക്ഷയം തടയുന്നതിനും ഇത് ഉപകരിക്കും. ദിനവും 30 മിനിറ്റെങ്കിലും എയ്റോബിക് വ്യായാമമുറകളിൽ ഏർപ്പെടുക. ഒപ്പം ശരീരഭാരം കൂടാതെ നോക്കുകയും ഭാരക്കൂടുതലുണ്ടെങ്കിൽ അവ കുറക്കാനുള്ള മാർഗങ്ങൾ തേടുകയും വേണം. നടത്തം, ജോഗിങ്, നീന്തൽ, സൈക്കിൾ, നൃത്തം തുടങ്ങിയ വ്യായാമ മുറകളിൽ ഇഷ്ടമുള്ളത് സ്വീകരിക്കുക.
•പരിശോധനകൾ: കൃത്യമായി ആേരാഗ്യ പരിശോധനകൾക്ക് വിധേയമാകുക. കൊഴുപ്പ്, പ്രമേഹം, ഹൃദ്രോഗം, തൈറോയ്ഡ് രോഗങ്ങൾ മുതലായവ തുടക്കത്തിൽ തന്നെ കണ്ടെത്താൻ പരിശോധനകൾ സഹായിക്കും.
മാനസിക ഉല്ലാസം നൽകുന്ന ഹോബികളിൽ മുഴുകുക. ആർത്തവ വിരാമത്താലുണ്ടാവുന്ന മാനസിക ബുദ്ധിമുട്ടുകളെ തരണംചെയ്യാൻ കുടുംബത്തിെൻറ പൂർണ പിന്തുണ ആവശ്യമാണ്. പ്രത്യേകിച്ചും പങ്കാളിയിൽനിന്നും.
(ലേഖകൻ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിൽ കൺസൽട്ടന്റ് ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.