നഴ്സില്ല, വാഹനമില്ല; കാരശ്ശേരിയിൽ പാലിയേറ്റിവ് ഹോം കെയർ മുടങ്ങിയിട്ട് മാസങ്ങൾ
text_fieldsമുക്കം: ഇരുനൂറിലധികം കിടപ്പു രോഗികൾ ഉൾപ്പെടെ നാനൂറിലേറെ രോഗികൾക്ക് ആശ്രയമായിരുന്ന കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ പിന്നിട്ടു.
കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റിവ് കെയറിന്റെ ഹോം കെയർ നിന്നതോടെ കിടപ്പു രോഗികളും കുടുംബങ്ങളും ഏറെ ദുരിതത്തിലാണ്. സന്നദ്ധ കൂട്ടായ്മയുടെ ആശ്വാസ് പാലിയേറ്റിവ് സൊസൈറ്റി ആഴ്ചയിൽ രണ്ടു ദിവസം നടത്തി വരുന്ന ഹോംകെയറാണ് നേരിയ ആശ്വാസം.
നിലവിലെ നഴ്സ് ജോലിയിൽ നിന്ന് വിരമിക്കുന്നതായി ഏപ്രിൽ ആദ്യത്തിൽ മെഡിക്കൽ ഓഫിസറെ രേഖാമൂലം അറിയിച്ചതാണ്. മേയ് ആദ്യത്തിൽ ഇവർ ജോലി ഒഴിയുകയും ചെയ്തു. പക്ഷേ, പുതിയ നഴ്സിനെ കണ്ടെത്താൻ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചതു തന്നെ ജൂണിലായിരുന്നു. പുതിയ നഴ്സിനെ തീരുമാനിച്ചെങ്കിലും നിയമനം നടത്താൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു.
ജൂലൈയിൽ നഴ്സ് ചുമതലയേറ്റെങ്കിലും അപകടത്തിൽപെട്ട് ദിവസങ്ങൾക്കകം അവർ അവധിയിൽ പ്രവേശിക്കുകയായിരുന്നു. ഇടക്ക് താൽകാലികമായി നഴ്സിന്റെ സേവനം വല്ലപ്പോഴും ലഭിച്ചിരുന്നെങ്കിലും അതും നിന്നു. ഹോം കെയറിന് വാഹനമില്ലാത്തതാണ് താൽകാലം വന്നു കൊണ്ടിരുന്ന നഴ്സ് സേവനമവസാനിപ്പിക്കാൻ കാരണമെന്നറിയുന്നു. ചുരുക്കത്തിൽ മലയോര മേഖലയിലെ പാവപ്പെട്ട കിടപ്പു രോഗികൾക്ക് മൂത്രത്തിന്റെയും ഭക്ഷണത്തിന്റെയും ട്യൂബ് മാറ്റാൻ വരെയുള്ള സംവിധാനം മുടങ്ങിയിട്ട് മൂന്നുമാസം പിന്നിട്ടു. അടുത്ത കാലത്ത് പ്രവർത്തനമാരംഭിച്ച ആശ്വാസ് പാലിയേറ്റിവ് സൊസൈറ്റിയും മുക്കം ഗ്രെയ്സ് പാലിയേറ്റിവ് കെയറും നടത്തി വരുന്ന ഹോം കെയർ സേവനം വൈകുകയോ എത്താതിരിക്കുകയോ ചെയ്താൽ കാരശ്ശേരി പഞ്ചായത്തിലെ കിടപ്പു രോഗികൾ നരകിക്കുക തന്നെ മാർഗം.
നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന കാരശ്ശേരി പഞ്ചായത്ത് പാലിയേറ്റിവിന്റെ പ്രവർത്തനം സ്തംഭിക്കാനും അലങ്കോലമാകാനും കാരണം മെഡിക്കൽ ഓഫിസറും പഞ്ചായത്ത് ഭരണസമിതിയും തമ്മിലുള്ള സ്വരചേർച്ചയില്ലായ്മയാണെന്നും ആക്ഷേപമുണ്ട്.
അതേസമയം നിലവിൽ നഴ്സിന്റെ ഒഴിവ് നികത്തിയെങ്കിലും, ചുമതലയേറ്റയാൾ പരിക്കേറ്റ് ചികിത്സയിലായതാണ് പ്രശ്നമെന്നും ഉടൻ ബദൽ സംവിധാനം ഏർപ്പെടുത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.