നഴ്സിങ് വിദ്യാർഥികളും ഡോക്ടർമാരുടെ സംഘടനയും നേർക്കുനേർ
text_fieldsകാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ നഴ്സിങ് വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതിയായ ഡോ. അഭിലാഷിനെ കേസന്വേഷണ ഘട്ടത്തിൽ ജില്ലയിൽ വീണ്ടും നിയമിച്ചതിനെതിരെ നഴ്സിങ് വിദ്യാർഥികൾ തിങ്കളാഴ്ച ഡി.എം.ഒ ഓഫിസിലേക്ക് മാർച്ച് നടത്താനിരിക്കെ നഴ്സിങ് വിദ്യാർഥി സംഘടനയെ കടന്നാക്രമിച്ച് ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ.
തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. അഭിലാഷിനെ വ്യക്തിഹത്യ ചെയ്യുകയും കുടുംബത്തെ അപമാനിക്കുകയും ചെയ്യുന്ന പ്രവർത്തിയിൽ നിന്നും കേരള ഗവ. നഴ്സിങ് സ്റ്റുഡന്റ്സ് അസോസിയേഷൻ പിന്മാറണമെന്ന് ഐ.എം.എ കാഞ്ഞങ്ങാട് ഘടകം ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം കാഞ്ഞങ്ങാട് നഴ്സിങ് സ്കൂളിലെ ഏതാനും വിദ്യാർഥികളുടെ പരാതിയെ തുടർന്ന് ഡോ. അഭിലാഷിനെ കണ്ണൂർ ജില്ലയിലെ മട്ടന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു സ്ഥലം മാറ്റുകയും, പിന്നീട് ഹൈകോടതി ഉത്തരവിനെ തുടർന്ന് ഡോക്ടറുടെ സ്ഥലം മാറ്റം റദ്ദാക്കുകയും ചെയ്തിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടർ തിരികെ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ നിയമിക്കുകയും ചെയ്തു.
കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോഴും വിദ്യാർഥികളും ചില നഴ്സിങ് ഓഫിസർമാരും ചേർന്ന് പരസ്യമായി വ്യക്തിഹത്യ നടത്തുന്ന രീതിയിൽ ചട്ടവിരുദ്ധമായി ഒരു ജാഥ സംഘടിപ്പിച്ചു. ജാഥയിൽ ഡോ. അഭിലാഷിനെയും കുടുംബത്തെയും അപമാനിക്കുകയും അദ്ദേഹത്തെ തേജോവധം ചെയ്യും വിധം മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
കുറ്റാരോപിതൻ മാത്രമായിട്ടുള്ളൊരു വ്യക്തിയെ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പൊതുസമൂഹത്തിൽ മന:പൂർവം അപമാനിക്കാനും കരിവാരിതേക്കാനും ഒറ്റപ്പെടുത്താനും ശ്രമിക്കുന്നത് ഒരു സംഘടനക്കും ചേർന്നതല്ല. ഇതിനെതിരെയുള്ള പരാതി ഡി.എം.ഒയുടെ പരിഗണനയിലാണ്. വീണ്ടും ഇതേ രീതിയിൽ ജാഥ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് നഴ്സിങ് വിദ്യാർഥി സംഘടന.
ഇപ്പോൾ ഡോ. അഭിലാഷിനെ നഴ്സിങ് വിദ്യാർഥി സംഘടന ആഗ്രഹിക്കുന്ന തരത്തിൽതന്നെ ഡിപാർട്മെന്റ് തല ശിക്ഷണ നടപടികൾ വേണമെന്ന ആവശ്യവുമായി നടത്താനുദ്ദേശിക്കുന്ന മാർച്ച് അങ്ങേയറ്റം പ്രതിഷേധാർഹവും കോടതിയലക്ഷ്യവുമാണ്. ജില്ല ആശുപത്രിയിലെ നിരവധി ഡോക്ടർമാർക്കെതിരെ വ്യാജ പരാതികൾ നൽകി ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന നടപടികളാണ് വിദ്യാർഥികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
അതുകൊണ്ട് ഇവരുടെ ട്രെയിനിങ് സെന്റർ ജില്ല ആശുപത്രിയിൽ നിന്നും മാറ്റണമെന്നും, ഇവർക്കെതിരെയുള്ള പരാതിയിൽ വകുപ്പ് തല അന്വേഷണം ഊർജിതപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇത്തരം പ്രവർത്തികളിൽ നിന്നും കെ.ജി.എസ്.എൻ.എ പിന്മാറിയില്ലെങ്കിൽ ഐ.എം.എയുടെ അംഗങ്ങളായ എല്ല ഡോക്ടർമാരും നഴ്സിങ് വിദ്യാർഥികളെയും നഴ്സിങ് ഓഫിസർമാരുടെയും ട്രെയിനിങ് പ്രോഗ്രാമിൽ നിന്നും വിട്ടുനിൽക്കുമെന്നും ഐ.എം.എ മുന്നറിയിപ്പ് നൽകി.
വ്യക്തിഹത്യ തുടരുന്ന രീതിയിലുള്ള സമര പരിപാടികൾ തുടരുന്ന പക്ഷം സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും ഐ.എം.എയുടെ കാഞ്ഞങ്ങാട് ചേർന്ന അടിയന്തര എക്സിക്യൂട്ടിവ് സമിതി യോഗം തീരുമാനിച്ചു.
എം.എം.എയുടെ പ്രസ്താവനയെ നഴ്സിങ് വിദ്യാർഥികൾ തള്ളി. സമരവുമായി മുന്നോട്ട് പോകുമെന്നും അഭിലാഷിനെ ജില്ലയിലേക്ക് വീണ്ടും മാറ്റി നിയമിച്ചത് അംഗീകരിക്കാനാവില്ലെന്നും നഴ്സിങ് വിദ്യാർഥികൾ സംഘടന നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.