അവയവദാനം: ഒമാനിൽ രജിസ്റ്റർ ചെയ്തത് 7092 ആളുകൾ
text_fieldsമസ്കത്ത്: ആരോഗ്യമന്ത്രാലയം 'ഒമാനി അസോസിയേഷൻ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷനുമായി സഹകരിച്ച് ദേശീയ അവയവദാന കാമ്പയിന് തുടക്കമായി. ഒമാനി അവയവദാന ദിനാചരണത്തോട് അനുബന്ധിച്ചാണ് കാമ്പയിൻ നടത്തുന്നത്. ഡിസംബർ 19നാണ് രാജ്യത്ത് അവയവദാന ദിനമായി ആചരിക്കുന്നത്.
മരണശേഷം അവയവങ്ങൾ ദാനംചെയ്യാൻ രജിസ്റ്റർ ചെയ്ത ദാതാക്കളുടെ എണ്ണം 7092 ആണെന്ന് നാഷനൽ പ്രോഗ്രാം ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഡയറക്ടർ അറിയിച്ചു. ഇവരിൽ ഭൂരിഭാഗവും ഈ വർഷം മാർച്ചിൽ ആരംഭിച്ച 'ഷിഫ' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അവയവദാനത്തെ മാനുഷിക പ്രവർത്തനമായി ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി വിശേഷിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് രോഗികളുടെ പുതിയ പ്രതീക്ഷയാണ് അവയവം മാറ്റിവെക്കൽ. 18 വയസ്സും അതിൽ കൂടുതലുമുള്ള ആളുകൾ ശാരീരികവും മാനസികവുമായി ആരോഗ്യമുള്ളവരാണെങ്കിൽ ദാതാക്കളാകാൻ കഴിയും. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ വൃക്ക, കരൾ തകരാർ കൊണ്ടും മറ്റും പ്രയാസം അനുഭവിക്കുന്നുണ്ട്. ഇവരിൽ പലർക്കും അവയവം മാറ്റിവെക്കലിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിക്കും. ഈ സാഹചര്യത്തിലാണ് അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കമ്യൂണിറ്റി അംഗങ്ങളെ ബോധവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ കാമ്പയിൻ നടത്തുന്നത്.
അവയവദാനം മാനുഷിക സന്ദേശത്തെയും മനുഷ്യജീവന്റെ രക്ഷയെയും പ്രതിനിധാനം ചെയ്യുന്നതാണ്. വർഷങ്ങളായി വേദന അനുഭവിക്കുന്ന ഒരു രോഗിയുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കാൻ ദാതാവ് നൽകുന്ന സേവനത്തിലൂടെ സാധിക്കും.
മെഡിസിൻ, നിയമം, ശരീഅത്ത് എന്നിവ നിർണയിക്കുന്ന നിയന്ത്രണങ്ങളും നടപടിക്രമങ്ങളും അനുസരിച്ചാണ് അവയവദാനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.