നിലവാരമില്ലാത്ത മരുന്നുകളുടെ നിരോധനം രോഗികൾ കഴിച്ചശേഷം
text_fieldsതിരുവനന്തപുരം: നിലവാരമില്ലെന്ന് കണ്ടെത്തി മരുന്നുകൾ നിരോധിക്കുന്നത് പലപ്പോഴും രോഗികൾ കഴിച്ചുതീർത്ത ശേഷം. സാമ്പ്ൾ ശേഖരണത്തിലും പരിശോധനാ ഫലത്തിലും വരുന്ന കാലതാമസമാണ് ഇതിന് പ്രധാനകാരണം. ഡ്രഗ്സ് കൺട്രോൾ വിഭാഗം ജൂൺവരെ ശേഖരിച്ച മരുന്ന് സാമ്പിളുകളിൽ 125 എണ്ണവും നിലവാര പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. പരിശോധനക്കെടുത്തവയിൽ പാരസെറ്റമോൾ, ആസ്പിരിൻ, അമോക്സിലിൻ, ലിവോഫ്ലോക്സാസിൻ തുടങ്ങി നിരവധി മരുന്നുകളും ഉൾപ്പെടുന്നു.
പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ മരുന്നുകളുടെ ഉപയോഗം നിർത്തിവെക്കണമെന്ന് അറിയിച്ചുവന്നപ്പോഴേക്കും തിരിച്ചെടുക്കാൻ ഒരുഗുളികപോലും ശേഷിച്ചില്ല. പരിശോധിക്കാനെടുത്ത 125 എണ്ണത്തിൽ 43 മരുന്നുകളും ഉൽപാദിപ്പിച്ചത് കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ആണെന്നത് ഗൗരവം കൂട്ടുന്നു.
അമോക്സിലിന്റെ 24 സാമ്പിളും മോശം നിലവാരത്തിലുള്ളതായിരുന്നു. കഴിഞ്ഞവർഷം നിലവാരമില്ലെന്ന് കണ്ടെത്തിയ 219 മരുന്നുകളിൽ 27 എണ്ണവും ഉൽപാദിപ്പിച്ചത് ഇതേ സ്ഥാപനം തന്നെ. വൻകിട കമ്പനികൾ നിർമിച്ച് വിതരണം ചെയ്ത മരുന്നുകളും ഗുണനിലവാര പരിശോധന പരാജയപ്പെടുന്നുണ്ട്. ഗോവ ആസ്ഥാനമായ കമ്പനി നിർമിച്ച മൂന്ന് ബാച്ചുകളിലെ പാരസെറ്റാമോൾ ഇങ്ങനെ പരാജയപ്പെട്ടു. ഇതിന്റെ 60 ലക്ഷത്തോളം ഗുളികകളാണ് പിൻവലിക്കാൻ നിർദേശം നൽകിയത്. മൂന്നര ലക്ഷത്തിലധികം ബാച്ച് മരുന്നുകൾ വിൽക്കുന്ന കേരളത്തിൽ ഒരുവർഷം ആകെ പരിശോധി ക്കുന്നത് വെറും 10,000 സാമ്പ്ൾ മാത്രം. കുറഞ്ഞത് മൂന്നുമാസമെങ്കിലും എടുക്കാതെ ഒരു സാമ്പിളിന്റെ പോലും ഫലംകിട്ടില്ല. അതായത് ഏതെങ്കിലും ബാച്ച് മരുന്നിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി പരിശോധന ഫലം വരുമ്പോഴേക്കും രോഗികൾ അത് കഴിച്ച് കഴിഞ്ഞിരിക്കും.
മരുന്ന് ഉപയോഗം എങ്ങനെ: കണക്കുമില്ല പഠനവുമില്ല
തിരുവനന്തപുരം: കേരളത്തിലെ മരുന്ന് ഉപയോഗം സംബന്ധിച്ച് ഒരു പഠനവും കേരളത്തിൽ നടക്കുന്നില്ല. അമിതമായ മരുന്ന് ഉപയോഗം മൂലം സംഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ആരോഗ്യവകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും ഗൗരവമായി ഇടപെടുന്നില്ലെന്ന വാദവും ശക്തമാണ്. പ്രമേഹ, വൃക്ക രോഗികൾ കേരളത്തിൽ വളരെ കൂടുതലാണ്. അമിതമായ മരുന്ന് ഉപയോഗം നടക്കുന്നുണ്ടോ, ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ എത്രത്തോളം മരുന്നുകൾ വിറ്റുപോകുന്നുണ്ട് എന്നതിലൊന്നും സർക്കാറിൽ ഒരു കണക്കുമില്ല. മരുന്ന് പരിശോധനയിലും വലിയ മുന്നേറ്റമില്ല. കേരളത്തിൽ മരുന്ന് പരിശോധന നടക്കുന്നത് തിരുവനന്തപുരം, കാക്കനാട്, തൃശൂർ, കോന്നി ലാബുകളിൽ മാത്രമാണ്. തിരുവനന്തപുരത്തെ ഡ്രഗ് ടെസ്റ്റിങ് ലാബിൽ പരമാവധി 6000, കാക്കനാട് 3000, തൃശൂരിൽ 1000 സാമ്പിളുകളാണ് ഇപ്പോൾ പരിശോധിക്കുന്നത്. ജീവനക്കാരുടെ കുറവും ആധുനിക സംവിധാനങ്ങളുടെ പോരായ്മയും തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.