Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Otherschevron_rightപ്രോസ്റ്റേറ്റ്...

പ്രോസ്റ്റേറ്റ് രോഗങ്ങള്‍ ഒഴിവാക്കാം

text_fields
bookmark_border
പ്രോസ്റ്റേറ്റ് രോഗങ്ങള്‍ ഒഴിവാക്കാം
cancel

പുരുഷന്മാരില്‍ കാണപ്പെടുന്ന ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. മൂത്രാശയത്തിന് തൊട്ട് താഴെയുള്ള മൂത്രനാളത്തിന് ചുറ്റുമായാണ് പ്രോസ്റ്റേറ്റിന്‍െറ സ്ഥാനം. കമഴ്ത്തിവെച്ച ഒരു പിരമിഡിന്‍െറ ആകൃതിയില്‍ കൊഴുപ്പ് പാളികള്‍ക്കുള്ളിലാണ് പ്രോസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. കട്ടിയുള്ള പുറന്തോടും സവിശേഷമായ മൃദുപേശികളും പ്രോസ്റ്റേറ്റിനുണ്ട്.

ജനിക്കുമ്പോള്‍ പയറു മണിയോളം മാത്രം വലുപ്പമുള്ള പ്രോസ്റ്റേറ്റ് വളരെ പതുക്കെയാണ് വളര്‍ന്നു തുടങ്ങുന്നത്. 25 വയസ്സാകുമ്പോഴേക്കും പ്രോസ്റ്റേറ്റിന് പുര്‍ണവളര്‍ച്ചയുണ്ടാകും. തുടര്‍ന്ന് പ്രത്യേകിച്ച് മാറ്റമൊന്നുമില്ലാതെ പ്രോസ്റ്റേറ്റ് സൗമ്യമായി പ്രവര്‍ത്തിക്കുന്നു.

മധ്യ വയസ്സ് പിന്നിടുമ്പോള്‍ മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടുകളുമായാണ് പ്രോസ്റ്റേറ്റ് പ്രശ്നക്കാരനാകുന്നത്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍മൂലം ഇപ്പോള്‍ 40 വയസ്സുള്ളവരില്‍പോലും പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ കണ്ടുവരുന്നു. പുരുഷന്മാരില്‍ ഏറ്റവും വ്യാപകമായി കാണുന്ന മൂത്രാശയ പ്രശ്നങ്ങളും പ്രോസ്റ്റേറ്റുമായി ബന്ധപ്പെട്ടതാണ്. ആയുര്‍വേദം ‘വാതവസ്തി’, വാതാഷ്ഠീല’ തുടങ്ങിയ പേരുകളിലാണ് പ്രോസ്റ്റേറ്റ് രോഗങ്ങളെ സൂചിപ്പിക്കുന്നത്.

നിരവധി ചെറുഗ്രന്ഥികളുടെ ഒരു കൂട്ടമാണ് പ്രോസ്റ്റേറ്റ്. മുന്തിരിക്കുലയുടെ ആകൃതിയിലുള്ള ഈ ചെറുഗ്രന്ഥികളിലാണ് പ്രോസ്റ്റേറ്റ് സ്രവങ്ങള്‍ ഉണ്ടാകുന്നത്. ശുക്ളോല്‍പാദനവും, സ്ഖലന നിയന്ത്രണവും പ്രോസ്റ്റേറ്റിന്‍െറ രണ്ട് പ്രധാന ധര്‍മങ്ങളാണ്. കൂടാതെ പുരുഷബീജങ്ങളെ പരിരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതും പ്രോസ്റ്റേറ്റ് ആണ്. പ്രോസ്റ്റേറ്റിലുണ്ടാകുന്ന നിര്‍ദോഷകരമായ വീക്കം, അണുബാധ, അര്‍ബുദം ഇവയാണ് പ്രോസ്റ്റേറ്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രധാന പ്രശ്നങ്ങള്‍.

പ്രോസ്റ്റേറ്റിലുണ്ടാകുന്ന വീക്കം

പ്രായമാകുന്നതിനനുസരിച്ചുള്ള സ്വാഭാവിക മാറ്റമാണ് നിര്‍ദോഷകരമായ പ്രോസ്റ്റേറ്റ് വീക്കം. നിര്‍ദോഷകരമായി വീങ്ങുന്നതിന് പുറമെ അണുബാധ മൂലലോ അര്‍ബുദം മൂലമോ പ്രോസ്റ്റേറ്റിന് വീക്കം വരാം. എന്നാല്‍ ലോകത്ത് ഏറ്റവുമധികം പുരുഷന്മാരെ ബാധിച്ച് കാണുന്നത് നിര്‍ദോഷകരമായ വീക്കം അഥവാ BPH (ബിനൈന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍ പ്ളാസിയ) ആണ്.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങള്‍ പെരുകി ഗ്രന്ഥി വലുതാവുകയോ, വീര്‍ത്ത് ഞെരുങ്ങുകയോ ചെയ്യുന്ന അവസ്ഥയാണിത്. അലസമായ ജീവിതരീതിയും കൊഴുപ്പ് കൂടിയ ഭക്ഷണവും ശീലമാക്കുന്നവരില്‍ മധ്യ വയസ്സെത്തും മുമ്പേ തന്നെ പ്രോസ്റ്റേറ്റിന് വീക്കം ഉണ്ടാകാറുണ്ട്. 50 ശതമാനം പേരില്‍ മാത്രമേ ഗ്രന്ഥി വലുതാകുന്നതിന്‍െറ ലക്ഷണങ്ങള്‍ പ്രകടമാകാറുള്ളൂ. എന്നാല്‍ ദൈനംദിന ജീവിതത്തെപ്പോലും ബാധിക്കുന്ന രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ ചിലരില്‍ കാണാറുണ്ട്.

പ്രോസ്റ്റേറ്റ് പ്രശ്നകാരിയാകുന്നതെങ്ങനെ?

പ്രോസ്റ്റേറ്റില്‍ പ്രധാനമായും മൂന്ന് തരം കോശങ്ങളാണുള്ളത്. സ്രവങ്ങളുണ്ടാക്കുന്ന കോശങ്ങള്‍, പ്രോസ്റ്റേറ്റിലെ മൃദു പേശികളിലെ കോശങ്ങള്‍, നാരു കലകള്‍ എന്നിവയാണവ. ഇവ മൂന്നും പെരുകുന്ന കോശങ്ങളാണ്. പ്രോസ്റ്റേറ്റ് മൂത്രനാളത്തിന് ചുറ്റുമായി സ്ഥിതി ചെയ്യുന്നതിനാല്‍ പ്രോസ്റ്റേറ്റിനെ ബാധിക്കുന്ന കോശങ്ങളുടെ വീക്കവും, പെരുക്കവുമെല്ലാം മൂത്രനാളിയില്‍ സമ്മര്‍ദമുണ്ടാക്കും. പ്രോസ്റ്റേറ്റിന്‍െറ പുറന്തോടിന് കട്ടിയുള്ളതിനാല്‍ പെരുകുന്ന കോശങ്ങള്‍ അതിനുള്ളില്‍തന്നെ തിങ്ങിഞെരുങ്ങുന്നതോടൊപ്പം അതിലൂടെ കടന്നുപോകുന്ന മൂത്രനാളിയെ ഞെരുക്കി മൂത്ര തടസ്സത്തിനിടയാക്കും.

കൂടാതെ ഗ്രന്ഥിക്കകത്തെ പേശീകോശങ്ങള്‍ പെരുകുമ്പോള്‍ പേശികള്‍ വലിഞ്ഞ് മുറുകിയും മൂത്രനാളിയെ സമ്മര്‍ദപ്പെടുത്താം. ഇതും മൂത്ര തടസ്സത്തിനിടയാക്കും. ചെറുതായി വീര്‍ത്ത പ്രോസ്റ്റേറ്റ് പോലും കൂടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നത് ഇങ്ങനെയാണ്.
പെരുകുന്ന പ്രോസ്റ്റേറ്റ് കോശങ്ങള്‍ മൂത്രതടസ്സത്തിന് പുറമെ അണുബാധ, കല്ലുകള്‍ ഇവ മൂത്രാശയത്തില്‍ ഉണ്ടാകാനുള്ള സാധ്യതയെ വര്‍ധിപ്പിക്കാറുണ്ട്. കൂടാതെ മൂത്രാശയത്തിന്‍െറ അടിഭാഗത്തിന് ചരിവ് വരുത്തുന്നതിനാല്‍ മൂത്രം പൂര്‍ണമായും ഒഴിഞ്ഞ് പോകാതിരിക്കാനും അതുവഴി അണുബാധക്കുമിടയാക്കും.

പ്രോസ്റ്റേറ്റ് വീക്കം - തിരിച്ചറിയാം വ്യതിയാനങ്ങള്‍

പ്രോസ്റ്റേറ്റ് വീക്കമുള്ളവരില്‍ മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട് ചില വ്യതിയാനങ്ങള്‍ കാണാറുണ്ട്.
- കൂടുതല്‍ തവണ മൂത്രമൊഴിക്കണമെന്ന് തോന്നുക.
- മൂത്രം വരാന്‍ താമസം
- മൂത്രം പിടിച്ച് നിര്‍ത്താന്‍ കഴിയാതെ വരിക.
- മൂത്രം ഇറ്റ് വീഴുക
- മൂത്രമൊഴിക്കുമ്പോള്‍ ശക്തികുറഞ്ഞ് പോവുക.
- മൂത്രമൊഴിക്കുമ്പോള്‍ അസഹ്യ വേദന
- മൂത്രം പൂര്‍ണമായും ഒഴിയാത്തപോലെ തോന്നുക തുടങ്ങിയവ കാണാറുണ്ട്.

പ്രോസ്റ്റേറ്റും അണുബാധയും

പ്രോസ്റ്റേറ്റ് വീക്കം അണുബാധയത്തെുടര്‍ന്നും ഉണ്ടാകാറുണ്ട്. പ്രോസ്റ്റേറ്റ്, മൂത്രനാളി, മൂത്രസഞ്ചി തുടങ്ങിയവയിലുണ്ടാകുന്ന അണുബാധയത്തെുടര്‍ന്നും, പ്രോസ്റ്റേറ്റ് വീങ്ങും. മൂത്രസഞ്ചിയില്‍നിന്ന് മൂത്രം പൂര്‍ണമായും ഒഴിഞ്ഞ് പോകാത്ത അവസ്ഥയുണ്ടാകുന്നതും അണുബാധക്കിടയാക്കും. കൂടാതെ അമിത വ്യായാമം, മൂത്രസഞ്ചി നിറഞ്ഞിരിക്കുമ്പോള്‍ കുനിഞ്ഞ് ഭാരമെടുക്കല്‍, വളരെക്കൂടുതല്‍ നേരം മൂത്രം പിടിച്ചുനിര്‍ത്തുക, മൂത്രനാളി ചുരുങ്ങുക തുടങ്ങിയവയും അണുബാധക്കിടയാക്കാറുണ്ട്.

പ്രോസ്റ്റേറ്റ് കാന്‍സര്‍

ശ്വാസ കോശാര്‍ബുദം കഴിഞ്ഞാല്‍ പുരുഷന്മാരില്‍ ഏറ്റവുമധികം കണ്ടുവരുന്ന അര്‍ബുദമാണിത്. പ്രോസ്റ്റേറ്റ് കാന്‍സറിന് പാരമ്പര്യവുമായി അടുത്ത ബന്ധമാണുള്ളത്. കൊഴുപ്പ് കൂടിയ ഭക്ഷണശീലങ്ങളും, ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഈ അര്‍ബുദത്തിന് വഴിയൊരുക്കുന്ന മറ്റ് ഘടകങ്ങളാണ്. അര്‍ബുദം പ്രോസ്റ്റേറ്റിനുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മറ്റവയവങ്ങളിലേക്ക് പടര്‍ന്ന് പെരുകുമ്പോള്‍ കൂടുതല്‍ അപകടകാരി ആയി മാറുന്നു.

പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ പരിഹാരങ്ങള്‍

a) ചികിത്സ : പ്രോസ്റ്റേറ്റിന്‍െറ വീക്കം കുറച്ചും മൂത്രതടസ്സം ഒഴിവാക്കിയും ഹോര്‍മോണുകളുടെ അളവ് ക്രമീകരിച്ചും, വേദന അകറ്റിയുമാണ് ആയുര്‍വേദ ഒൗഷധങ്ങള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഒപ്പം അണുബാധ, ചുടിച്ചില്‍ ഇവ ഒഴിവാക്കുകയും ചെയ്യും, ഒൗഷധങ്ങള്‍ കഴിക്കുന്നതോടൊപ്പം സ്നേഹനം, സ്വേദനം, പിചു, ധാര, ഉത്തരവസ്തി, കഷായ വസ്തി തുടങ്ങിയ വിശേഷ ചികിത്സകളും വിവിധ ഘട്ടങ്ങളില്‍ നല്‍കാറുണ്ട്.

ശതാവരി, വിഴാലരി, മുരിങ്ങ വേര്, കറ്റാര്‍വാഴ, തഴുതാമ, കൊത്തമല്ലി, മുരിങ്ങയില, മഞ്ഞള്‍, അശോകം എള്ള് നീര്‍മരുത്, അമുക്കുരം, ഞെരിഞ്ഞില്‍, കൈയ്യോന്നി, നെല്ലിക്ക ഇവ പ്രോസ്റ്റേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഉപയോഗിക്കുന്ന ഒൗഷധികളില്‍ ചിലതാണ്.

b) മദ്യം, പുകയില, വിരുദ്ധാഹാരം, അമിതാഹാരം ഇവ ഒഴിവാക്കുക. ചായ, കാപ്പി, കോള ഇവയുടെ അമിതോപയോഗം ഒഴിവാക്കുക തുടങ്ങിയവയും പ്രോസ്റ്റേറ്റ് പ്രശ്നങ്ങളെ ഒഴിവാക്കാന്‍ അനിവാര്യമാണ്.

c) തവിട് കളയാത്ത ധാന്യങ്ങള്‍, ചെറുപയറ്, കുമ്പളങ്ങ, വെള്ളരി, തഴുതാമ, മുരിങ്ങയില, മുരിങ്ങക്ക, വഴുതനങ്ങ, ചേന, കാച്ചില്‍, മത്തങ്ങ ഇവ നിത്യഭക്ഷണത്തില്‍ മാറി മാറി പെടുത്തുന്നത് പ്രോസ്റ്റേറ്റിന്‍െറ ആരോഗ്യത്തെ മെച്ചപ്പെടുത്തും.

d) തക്കാളി, അകം ചുമന്ന പേരക്ക, മാതളം, ആപ്പിള്‍, തള്ളിമത്തങ്ങ ഇവ പ്രോസ്റ്റേറ്റിന്‍െറ സുഗമമായ പ്രവര്‍ത്തനത്തിന് സഹായകമാകാറുണ്ട്. പ്രത്യേകിച്ച് തക്കാളി ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഉപയോഗിക്കുന്നത് പ്രോസ്റ്റേറ്റ് രോഗങ്ങള്‍ വരാതെ തടയും.

e) ഒന്നര ലിറ്റര്‍ വെള്ളം ദിവസവും കുടിക്കേണ്ടതാണ്. തിളപ്പിച്ചാറിയ വെള്ളത്തിന് പുറമെ ഏലത്തരി ചതച്ചിട്ട കരിക്കിന്‍ വെള്ളം, മോര്, മത്തങ്ങക്കുരുവോട് കൂടി ഇടിച്ച് പിഴിഞ്ഞ നീര് ഇവ പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ക്ക് ഏറെ ഗുണകരമാണ്.

f) നിത്യവും ശീലമാക്കുന്ന വ്യായാമങ്ങള്‍ പ്രോസ്റ്റേറ്റ് രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും. ദിവസവും അരമണിക്കൂര്‍ നടക്കാവുന്നതാണ്.
ഒപ്പം ശലഭാസനം, യോഗമുദ്ര ഇവ പതിവാക്കുന്നത് പ്രോസ്റ്റേറ്റ് രോഗങ്ങളെ പ്രതിരോധിക്കും. കൂടാതെ മൂത്രാശയ പേശികളെ ബലപ്പെടുത്താനായി ലളിതമായ പെല്‍വിക്ഫ്ളോള്‍ വ്യായാമങ്ങളും ശീലമാക്കാവുന്നതാണ്. ഇതിനായി ഭഗപേശികളെ പത്ത് സെക്കന്‍റ് വീതം മുറുക്കുകയും അയക്കുകയും വേണം. ദിവസവും ആവര്‍ത്തിക്കുക.

g) അണുബാധക്കും പെട്ടെന്നുണ്ടാകുന്ന മൂത്ര തടസ്സത്തിനുമിടയാക്കുമെന്നതിനാല്‍ ദീര്‍ഘനേരം മൂത്രം പിടിച്ച് നിര്‍ത്തുന്നത് ഒഴിവാക്കു.

h) ശുചിത്വം കര്‍ശനമായി പാലിക്കണം.

ഡോ. പ്രിയ ദേവദത്ത്
കോട്ടക്കല്‍ ആര്യവൈദ്യശാല
മാന്നാര്‍
drpriyamannar@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prostate CancerProstate Gland
Next Story