ഡബ്ല്യൂ.എച്ച്.ഒ എക്സിക്യൂട്ടിവ് ബോർഡ് പ്രസിഡന്റ് പദവിയിൽ ഖത്തർ
text_fieldsദോഹ: ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടിവ് ബോർഡ് പ്രസിഡന്റായി ഖത്തറിനെ തിരഞ്ഞെടുത്തു. ലോകാരോഗ്യ സംഘടനയുടെ ജനറൽ അസംബ്ലിയുടെ 153ാമത് സെഷനിലാണ് ഖത്തറിനെ എക്സിക്യൂട്ടിവ് ബോർഡ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഒരുവർഷത്തേക്കാണ് ഖത്തറിനെ അധ്യക്ഷ പദവിയിലേക്ക് നിയോഗിച്ചത്.
അന്താരാഷ്ട്ര തലത്തിൽ ആരോഗ്യരംഗത്ത് ഖത്തർ വഹിച്ച വലിയ പങ്കിനുള്ള അംഗരാജ്യങ്ങളുടെ അംഗീകാരവും എല്ലാവരുടെയും ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുകയെന്ന ദൗത്യം നിർവഹിക്കുന്നതിൽ ലോകാരോഗ്യ സംഘടനക്കുള്ള ഖത്തറിന്റെ ശക്തമായ പിന്തുണയുമാണ് തെരഞ്ഞെടുപ്പ്. ജനീവയിൽ മേയ് 21ന് ആരംഭിച്ച് 30ന് അവസാനിച്ച പൊതുസഭയിൽ ഖത്തറും പങ്കെടുത്തു.
മൂന്ന് വർഷത്തേക്ക് ഈസ്റ്റേൺ മെഡിറ്ററേനിയൻ മേഖലയുടെ പ്രതിനിധിയായാണ് ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടിവ് ബോർഡിലേക്ക് ഖത്തർ തെരഞ്ഞെടുക്കപ്പെട്ടത്. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയാണ് ഖത്തർ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകുന്നത്.
എക്സിക്യൂട്ടിവ് ബോർഡിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് ഖത്തറിനെ തെരഞ്ഞെടുക്കുന്നതിൽ അംഗരാജ്യങ്ങൾ പ്രകടിപ്പിച്ച വിശ്വാസത്തിന് ഖത്തറിന്റെ അഭിനന്ദനം അറിയിക്കുകയാണെന്നും സംഘടനയുടെ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനും സാർവത്രിക ആരോഗ്യ പരിരക്ഷ നേടുന്നതിനും ലോകാരോഗ്യ സംഘടനയുടെ വിവിധ ഗവേണിങ് ബോഡികളുമായും അംഗരാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കുമെന്നും ഡോ. ഹനാൻ അൽ കുവാരി പറഞ്ഞു.
ലോകാരോഗ്യ സംഘടന ഹെൽത്ത് അസംബ്ലിയുടെ തീരുമാനങ്ങളും നയങ്ങളും നടപ്പാക്കുക, ഉപദേശം നൽകുക, പ്രവർത്തനങ്ങൾ നടപ്പാക്കുക തുടങ്ങിയവയാണ് എക്സിക്യൂട്ടിവ് ബോർഡിന്റെ പ്രധാന ചുമതലകളും പ്രവർത്തനങ്ങളും. ആരോഗ്യ മേഖലയിൽ സാങ്കേതികമായി യോഗ്യത നേടിയ 34 അംഗരാജ്യങ്ങൾ ചേർന്നതാണ് ബോർഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.