സാലഡിനെ സ്നേഹിക്കാം, പുകവലി നിർത്താം
text_fieldsവിവിധ പലഹാരങ്ങളാൽ സമ്പുഷ്ടമായ ഇഫ്താർ മേശകളിൽ സാലഡിന് പലരും സ്ഥാനം കൊടുക്കാറില്ല. വറുത്തതും പൊരിച്ചതും ബിരിയാണിയും പൊറോട്ടയും ഇറച്ചിയുമെല്ലാം നിറഞ്ഞ ഇഫ്താർ വിരുന്നുകളിൽ സാലഡുകൾ കാഴ്ചവസ്തുവായി മാറുന്ന അവസ്ഥയുമുണ്ട്. എന്നാൽ വെറുതെ വിടേണ്ട ഒന്നല്ല സാലഡുകൾ. പ്രത്യേകിച്ച് നോമ്പുകാലത്ത്.
നോമ്പുകാലത്ത് ഭൂരിപക്ഷം ആളുകളെയും കഷ്ടപ്പെടുത്തുന്ന മലബന്ധം എന്ന പ്രശ്നത്തിന് വലിയ അളവു വരെ പ്രതിവിധിയാണ് ഇലകളും ജലാംശവും അടങ്ങിയ സാലാഡുകൾ. ഇതിനൊപ്പം പഴവർഗങ്ങൾ കൂടി ചേർത്ത് കഴിച്ചാൽ എറെ ഗുണകരവും ആകും.
ഇഫ്താർ സമയങ്ങളിൽ കൊഴുപ്പുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ദഹനത്തെ കുറക്കുകയും കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യും. പകരം ഇല വർഗങ്ങളും പഴങ്ങളും ധാരാളമായി കഴിക്കാം.
ബീറ്റ്റൂട്ട്, കക്കരി, കാരറ്റ്, ബ്രോക്കോളി എന്നിവ കൂടുതൽ കഴിക്കുകയും മാംസഭക്ഷണം മിതമായി മാത്രം ഉപയോഗിക്കുകയും ചെയ്തു നോക്കൂ. വ്യത്യാസം എളുപ്പത്തിൽ ബോധ്യമാവും.
പുകവലി നിർത്താൻ പറ്റിയ സമയം
നോെമ്പടുക്കുന്നവർക്ക് പകലിൽ പുകവലി അനുവദനീയമല്ല. റമദാൻ മാസത്തിൽ ആളുകൾ ഇത് കൃത്യമായി പാലിക്കുന്നുണ്ട്. അതിനാൽ പുകവലി നിർത്തൽ അസാധ്യമായ ഒന്നല്ല എന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. ഇതിനൊപ്പം നോമ്പുതുറന്ന ശേഷവും പുക വലിക്കില്ലെന്ന് തീരുമാനിച്ചു നോക്കൂ. അല്ലെങ്കിൽ വലിക്കുന്ന എണ്ണം കുറച്ച് അവസാനിപ്പിക്കുന്നതിലേക്ക് ശ്രദ്ധ നൽകി നോക്കൂ. വലിയൊരു വിപത്തിനെ എന്നേക്കുമായി നിങ്ങൾക്ക് പുറത്താക്കാം. നോമ്പുകാലത്തെ പുകവലി നിർത്താനുള്ള അവസരമായി കാണാം. ഇനി പുകവലിക്കുന്നില്ല എന്ന തീരുമാനം കൂടി ഇൗ റമദാനിന്റെ ഫലപ്രാപ്തിയിൽ ഒന്നാവെട്ട.
ഒരാളെ ശാരീരികമായും സാമ്പത്തികമായും സാമൂഹികമായും തളർത്താൻ പുകവലിക്ക് കഴിയും. കുറഞ്ഞ അളവിൽ പോലും പുകവലിക്കുന്നത് ശരീരത്തിന് ദോഷകരമാണ്. മറ്റു പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ചുമ, കാൻസർ, ശ്വാസകോശ അസുഖങ്ങൾ, ഹൃദ്രോഗം, ചർമ്മത്തിലെ ചുളിവ്, പല്ലിലെ നിറവ്യത്യാസം, ആസ്തമ, ക്ഷയരോഗം, ന്യുമോണിയ, സ്ട്രോക്ക് തുടങ്ങിയ അസുഖങ്ങൾക്ക് പുകവലി ഇടയാക്കുമെന്ന് ഓർക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.