ഓർമ വേണം, നോമ്പിന്റെ ആരോഗ്യ മാനങ്ങൾ
text_fieldsനോമ്പ് ആത്മാവിന്റെ സംസ്കരണത്തിനൊപ്പം ശരീരത്തിന്റെ നന്നാക്കൽ ഘട്ടവും കൂടിയാണ്. അതിന്റെ ശാരീരികവും മാനസികവുമായ ഗുണഫലങ്ങൾ നോമ്പ് അവസാനിക്കുമ്പോൾ അനുഭവിച്ചറിയാനാകണം. ആത്മീയതക്കൊപ്പം ആരോഗ്യ പ്രാധാന്യം കൂടി തിരിച്ചറിഞ്ഞു തന്നെയാകണം മതങ്ങൾ ഉപവാസത്തിന് പ്രാധാന്യം കൽപ്പിക്കുന്നത്. ഇസ്ലാമിലെ ഉപവാസം സൂര്യോദയം മുതൽ അസ്തമയം വരെ നീളുന്ന ഒന്നാണ്.
ജീവിത ശൈലീ രോഗങ്ങളെ മറികടക്കാനുള്ള പ്രായോഗിക വഴിയായി ഈ സമയത്തെ ഉപയോഗപ്പെടുത്താം. ഭക്ഷണ പാനീയങ്ങൾ ത്യജിച്ചതു കൊണ്ടു മാത്രമായില്ല. മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കാനുള്ള അവസരത്തെ നാം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതും മുഖ്യമാണ്.
റമദാനിൽ ആഹാര രീതികളിലും ജീവിത ശൈലികളിലും ബോധപൂർവം മാറ്റങ്ങൾക്ക് നാം തയാറാകണം. പകൽനേരത്ത് ആഹാരം ഉപേക്ഷിക്കുന്നു എന്നു കരുതി രാത്രികാലങ്ങളിൽ പരിധി വിടുന്ന പ്രവണതയുണ്ട്. ഇത് ഗുണകരമല്ല.
പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ ഉൾപ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിച്ചു നിർത്താൻ ഉപവാസകാലം സഹായിക്കും. ശരീര ഭാരം കുറക്കാൻ താൽപര്യപ്പെടുക്കുന്നവർക്കും ഇത് മികച്ച അവസരമാണ്.
ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- ഭക്ഷണ രീതിയും ജീവിത ശൈലിയും ബോധപൂർവം ക്രമീകരിക്കുക
- രോഗികൾ മരുന്നുകൾ ഉപേക്ഷിക്കരുത്. ഡോക്ടറുടെ സഹായത്തോടെ മരുന്നുകൾ കഴിക്കേണ്ട സമയം ക്രമീകരിക്കണം.
- പിരിമുറുക്കവും സമ്മർദവും ഉപേക്ഷിക്കുക.
- രാത്രികാല ഭക്ഷണം കുറക്കുക
- പുകവലി ഉപേക്ഷിക്കാനുള്ള നല്ല സമയമാണ് റമദാൻ. രാത്രിയിലും പുകവലിക്കാതിരിക്കുക.
- ഇഫ്താർ പരമാവധി ലളിത സ്വഭാവത്തിലുള്ളതാക്കുക.
- എണ്ണ കലർന്ന ഭക്ഷ്യ വിഭവങ്ങൾ ഒഴിവാക്കുക. മാംസാഹാരം കുറക്കുക.
- രാത്രി പരമാവധി വെള്ളം കുടിക്കണം. ജലാംശം നിറഞ്ഞ വിഭവങ്ങൾക്ക് മുൻതൂക്കം നൽകുക.
- ഉറക്കം അവഗണിക്കരുത്. ശരിയായ ഉറക്കം നഷ്ടപ്പെടുന്നത് ശാരീരിക, മാനസികാരോഗ്യത്തെ ബാധിക്കും.
- സുഹൂർ ഉപേക്ഷിക്കരുത്. ലളിത വിഭവങ്ങൾ കൊണ്ടെങ്കിലും സുഹൂർ നിർബന്ധമാക്കുക.
- സാധ്യമായ അളവിൽ സഹജീവികൾക്ക് തുണയാവുക. ഇത് മാനസിക സംതൃപ്തിയും അതുവഴി രോഗമുക്തിയും നൽകും

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.