റഫറല്‍ സംവിധാനം ആദ്യഘട്ടം തലസ്ഥാന ജില്ലയില്‍
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ കോളജുകളുടെ ഭാരം കുറയ്ക്കാനും രോഗികള്‍ക്ക് തൊട്ടടുത്തുള്ള ആശുപത്രികളില്‍ മികച്ച ചികിത്സ ഉറപ്പാക്കാനുമായുള്ള റഫറല്‍, ബാക്ക് റഫറല്‍ സംവിധാനം ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിൽ.
ഇത് ഫലപ്രദമായി നടപ്പാക്കുന്നതിന് സമഗ്ര പദ്ധതി ആവിഷ്‌കരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഉണ്ടെന്നിരിക്കെ രോഗികളെ അനാവശ്യമായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യാന്‍ പാടില്ലെന്നതാണ് പ്രധാന നിർദേശം.
ഓരോ ആശുപത്രിയിലും റഫറല്‍ രജിസ്റ്റര്‍ ഉണ്ടായിരിക്കും. നല്‍കിയ ചികിത്സയും ഏത് സാഹചര്യത്തിലാണ് റഫര്‍ ചെയ്തതെന്നും അതില്‍ വ്യക്തമാക്കും. ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണം. അനാവശ്യ റഫറന്‍സുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയുണ്ടാകും.
നിലവിലെ റഫറല്‍, ബാക്ക് റഫറല്‍ മാനദണ്ഡങ്ങള്‍ പുതുക്കിയായിരിക്കും പദ്ധതി നടപ്പാക്കുക. ദ്വിതീയതല ആശുപത്രികളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. ഓരോ ആശുപത്രിയിലുമെത്തുന്ന രോഗികള്‍ക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സ ഉറപ്പാക്കിയായിരിക്കും റഫറല്‍, ബാക്ക് റഫറല്‍ സംവിധാനം നടപ്പിലാക്കുക.
ആശുപത്രിയിലുള്ള രോഗിയെ ദൂരെയുള്ള മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യാതെ തൊട്ടടുത്ത് സ്‌പെഷാലിറ്റി സൂപ്പര്‍ സ്‌പെഷാലിറ്റി സൗകര്യമുള്ള ആശുപത്രിയിലേക്കാണ് റഫര്‍ ചേയ്യേണ്ടത്. ഇതിലൂടെ സമയം നഷ്ടപ്പെടാതെ ചികിത്സ ലഭിക്കാനും അധികദൂരം യാത്ര ചെയ്യാതിരിക്കാനും കഴിയും. താലൂക്ക് ആശുപത്രികള്‍ മുതല്‍ സ്‌പെഷാലിറ്റി സേവനങ്ങള്‍ ലഭ്യമാണ്. മാത്രമല്ല തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും മുതല്‍ ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സംവിധാനം വഴി സെഷാലിറ്റി, സൂപ്പര്‍ സ്‌പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാതെ അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യുന്നതിലൂടെ രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇത് മെഡിക്കല്‍ കോളജിനും ബുദ്ധിമുട്ടുണ്ടാക്കും.
റഫറല്‍ സംവിധാനത്തോടൊപ്പം ബാക്ക് റഫറല്‍ സംവിധാനത്തിനും മാറ്റം വരുത്തും. മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികിത്സക്ക് ശേഷമുള്ള തുടര്‍ചികിത്സക്കായി രോഗിയുടെ വീടിന് തൊട്ടടുത്തുള്ള ആശുപത്രികളില്‍ ബാക്ക് റഫര്‍ ചെയ്യുന്നതാണ്. ഇതിലൂടെ രോഗികള്‍ക്ക് വീടിന് തൊട്ടടുത്ത് തുടര്‍ പരിചരണം ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.