ആത്മഹത്യ ഒന്നിനും പരിഹാരമല്ല...
text_fieldsകോഴിക്കോട്: മാനസിക സംഘർഷവും വിവിധ പ്രശ്നങ്ങളും അലട്ടുമ്പോൾ ആത്മഹത്യയിലേക്ക് പോകരുതെന്നും അത് ഒന്നിനും പരിഹാരമല്ലെന്നും ഉറക്കെപ്പറഞ്ഞ് ലോക ആത്മഹത്യ പ്രതിരോധ ദിനത്തിലെ പൊതുജന ബോധവത്കരണം. കോഴിക്കോട് തണൽ ആത്മഹത്യ പ്രതിരോധ കേന്ദ്രം, ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി, ഐ.എം.ഒ ഫോർ മെന്റൽ ഹെൽത്ത്, ഐ.എം.എ കോഴിക്കോട് ബ്രാഞ്ച്, കാലിക്കറ്റ് സൈക്യാട്രി ഗിൽഡ്, ചേതന സെന്റർ ഫോർ ന്യൂറോ സൈക്യാട്രി എന്നിവ സംയുക്തമായാണ് വിവിധയിടങ്ങളിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. ബോധവത്കരണത്തിന്റെ ഭാഗമായി 'ശ്രദ്ധ' കോഴിക്കോടിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ്, മൊഫ്യൂസൽ ബസ് സ്റ്റാൻഡ്, കടപ്പുറം എന്നിവിടങ്ങളിൽ 'ദ ബെൽ' തെരുവ് നാടകം അവതരിപ്പിച്ചു. പ്രദീപ് കുമാർ കാവുന്തറ രചനയും എ. രത്നാകരൻ സംവിധാനവും നിർവഹിച്ച നാടകത്തിൽ ശ്രീലേഷ് കുമാർ, ഗംഗാധരൻ ആയാടത്ത്, രാധാകൃഷ്ണൻ ഇളവന, ശിവദ് ബാല, ലളിത, അശ്വന്ത്, പവിത്ര, ആദിദേവ്, അഭിനവ് എന്നിവരാണ് വേഷമിട്ടത്. കുട്ടികൾ ലഹരി വഴികളിലെത്തുന്നതും തുടർന്ന് ആത്മഹത്യയിലേക്ക് പോകുന്നതുമാണ് നാടകത്തിന്റെ ഇതിവൃത്തം.
കടപ്പുറത്ത് നടന്ന ചടങ്ങിൽ എ.കെ. രാഘവൻ എം.പി ബോധവത്കണ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി പ്രസിഡന്റ് ഡോ. ആൽഫ്രഡ് സാമുവൽ അധ്യക്ഷതവഹിച്ചു. ഡോ. പി.എൻ. സുരേഷ് കുമാർ, ഡോ. ദയാൽ നാരായണൻ, ഡോ. എ.കെ. അബ്ദുൽഖാദർ, ഡോ. എം.ജി. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ഡോ. ബി. വേണുഗോപാലൻ സ്വാഗതവും രാജഗോപാലൻ പുതുശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.